Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യാത്രാമൊഴി (കവിത: ചേറുശ്ശേരി അനിയന്‍ വാര്യര്‍)

Picture

ഒന്നരവര്‍ഷം കഴിഞ്ഞശേഷം
ഒന്നരമാസത്തെ ലീവുകിട്ടി ;
ഒന്നരനാളുകള്‍ യാത്രചെയ്ത്
ഒന്നരയായപ്പോള്‍ വീട്ടിലെത്തി .

നാട്ടിലെത്തിയതും കുട്ടികളെ
കാണുവാന്‍പോലും ലഭിക്കണില്ല ;
മുത്തനും മുത്തിയും കുട്ടികളും
മുത്താരംകുന്നിനരങ്ങുകൂട്ടി .


നാല്പതുനാളുകള്‍ ഓണമുണ്ട്
നാട്ടീന്നിറങ്ങുവാന്‍ നോക്കിടുമ്പോള്‍
കുട്ടിക്കു 'ഉഷ്ണം' കലശലായി :
" പൊള്ളുന്ന കുഞ്ഞുമായ് യാത്രവേണോ ? "

" പോയില്ലയെങ്കിലെന്‍ ജോലിപോകും ,
മാര്‍വാഡി കര്‍ക്കശക്കാരനാണ് ;
യാത്രചെയ്യുന്നതു മാറ്റിവെച്ചാല്‍
ടിക്കറ്റു കിട്ടുവാനെന്തു ചെയ്യും ? "


" കാണാമിനിയും അടുത്തവര്‍ഷം "
യാത്രക്കു കണ്ണുകളീറനായി .
ഞങ്ങളുണ്ടാകുമോ എന്നകാര്യം
മോളിലിരിപ്പവന്‍ നിര്‍ണയിക്കും .

"കുഞ്ഞിന്‍റെ 'ഉഷ്ണം' അധികമായാല്‍
വണ്ടീലിരുന്നു നീ എന്തുചെയ്യും ? "
' തക്ക മരുന്നുകള്‍ കൈയിലുണ്ട് ;
അഛനു , മമ്മയും വിശ്വസിച്ചോ ! '

ഒന്നരനാളു കഴിഞ്ഞുവേണം
വണ്ടിയിറങ്ങുവാന്‍ ... കാത്തിടേണേ
അത്രയുംനേരം പിടിച്ചുനില്‍ക്കാന്‍
ഞങ്ങടെ മോനെ ... അനുഗ്രഹിക്കൂ

മോനും കളത്രവും കുട്ടികളും
ദു:ഖമടക്കി ; കുനിഞ്ഞിറങ്ങി .
ഇല്ലാസ്ഥലത്ത് തുണിവിരിച്ചു ;
കുട്ടികള്‍ രണ്ടുമുറക്കമായി .

പൊള്ളുന്നദേഹമൊരുവനെങ്കില്‍
ശാന്തനായ് വാഴ്വൂ മറുകിടാവ്
അല്പംകഴിഞ്ഞു ഞാന്‍ തൊട്ടിടുമ്പോള്‍
ഉഷ്ണംകുറഞ്ഞു ; തണുപ്പുവന്നു .

മെല്ലെയിളകും മകന്നരികില്‍
ഒട്ടുമനങ്ങാ 'പനി'ക്കിടാവ് !
കൂര്‍ക്കംവലിയുടെ ഒച്ചപോലും
ഇല്ലാത്തുറക്കമോ ... എന്തിതാവോ ?

ഉള്ളിന്‍റെയുള്ളിലെ നൊമ്പരത്താല്‍
വിങ്ങും മനസ്സിനെ ശാന്തമാക്കി
കുഞ്ഞിന്‍റെ ദേഹമുഴിഞ്ഞിടുമ്പോള്‍
ഐസിനെവെല്ലും തണുപ്പുതോന്നി .

മറ്റുള്ള യാത്രികര്‍ തൊട്ടുനോക്കി

എല്ലാരും സത്യം സ്ഥിരീകരിച്ചു .
കാര്യമറിഞ്ഞതും അഛനമ്മ
പൊട്ടിക്കരഞ്ഞു ... ബഹളമായി


സംഗതി അല്പം കടുത്തതാണ്
യാത്രികര്‍ മെല്ലെ പിറുപിറുത്തു :
തീവണ്ടി ബോഗിയില്‍ ചത്തദേഹം
കൊണ്ടുപോകാനോ .... വകുപ്പുമില്ല .

സ്‌റ്റേഷന്‍വരുമ്പോളിറങ്ങി നിങ്ങള്‍
വീട്ടില്‍ തിരികെ ഗമിച്ചിടുക .
പറ്റില്ലെനിക്കിനി ലീവുമില്ല
ചെന്നില്ലയെങ്കിലോ ജോലിപോകും .

കുട്ടിയെ ഞങ്ങള്‍ പൊതിഞ്ഞുവെക്കാം
ആരുമറിയുവാന്‍ പോകുന്നില്ല .
പറ്റില്ലതിനു നിയമമില്ല ;
നേരെ പറഞ്ഞൊരു രാജ്യഭക്തന്‍ !

വയറ്റത്തടിക്കല്ലേ , കൂട്ടുകാരേ ;
സീറ്റിന്നടിയിലൊളിച്ചുവെക്കാം ...
വയറ്റുപിഴപ്പിന്‍റെ കാര്യമാണ്
കണ്ണൊന്നടക്കൂ ; ഞാന്‍കാല്‍പിടിക്കാം
............................. ............................

വണ്ടിമുറിയിലെ ഗര്‍ഭമൗനം
ഭേദിച്ചുടയ്ക്കുവാനെന്നപോലെ
' അല്പംകഴിഞ്ഞാല്‍ പുഴവരുന്നു '
കോന്തനൊരുത്തന്‍ പിറുപിറുത്തു .

എല്ലാരും 'ഓനെ' തുറിച്ചുനോക്കി ;
ഓനൊരു കൂസലും കാട്ടിയില്ല .
' പാലംകടക്കുവാന്‍ വേണ്ടിമാത്രം
മൂന്നിലധികം മിനട്ടുവേണം '

' ആരെടാ ആസാമി ' എന്നപോലെ
എല്ലാരും ഓനെ ശപിച്ചുപോയി .
അല്പംകഴിഞ്ഞു ... സമവായമായി :
മറ്റൊരു മാര്‍ഗവും ഇല്ല മുന്നില്‍ !

പോയവര്‍ പോയി ; അടുത്ത ഘട്ടം
നിശ്ചയിക്കാതെ നിവൃത്തിയില്ല .
ഒന്നുകില്‍ വണ്ടീന്നിറങ്ങിടേണം ...
അല്ലെങ്കില്‍ ... മൌനം ... മുഴങ്ങിടുന്നു .

അഛനുമമ്മയും സ്തബ്ധരായി
ദീനതയോടെ തുറിച്ചുനോക്കി .
യാത്രികരേവരും ഒറ്റക്കെട്ടായ്
' തീര്‍പ്പ് ' അറിയുവാന്‍ കാത്തുനിന്നു

ചത്തു ജീര്‍ണ്ണിച്ച മനസ്സുമായി
അഛനുമമ്മയും സമ്മതിച്ചു !
കാണുവാന്‍ വയ്യ ; പറഞ്ഞുതേങ്ങി
എല്ലാര്‍ക്കും സ്വീകാര്യമായിരുന്നു .

പാലമടുത്തതും ബോഗിയിലെ
ബള്‍ബുകളെല്ലാം മിഴിയടച്ചു ;
പൊട്ടിക്കരഞ്ഞവര്‍ മുത്തമിട്ടു
കുഞ്ഞിനെ അഛനെടുത്തുനീങ്ങി...
............................. ......

കൈയില്‍നിന്നൂറവെ കുഞ്ഞുമേനി

' ടാറ്റാ ' പറഞ്ഞുവോ കൈകളാട്ടി ?
എല്ലാം മനസ്സിന്‍ വികൃതിയാകാം
ആശ്വസിക്കാതിനി എന്തുചെയ്യാന്‍ !

ബോഗിയില്‍ ബള്‍ബുകള്‍ കണ്‍തുറന്നു
യാത്രക്കാരേവരും ആശ്വസിച്ചു
അഛനുമമ്മയും ഒറ്റമോനെ
വാരിപ്പുണര്‍ന്നു ... പുറംതലോടി

കുഞ്ഞു കരയുവാന്‍ ഭാവമില്ല
പാവം അറിയുവാന്‍ പോകുന്നില്ല :
അഛന്‍ നടത്തിയ ക്രൂരകര്‍മ്മം
അമ്മയുംകൂടി അറിഞ്ഞ കൃത്യം .

തട്ടിയും മുട്ടിയും കൊട്ടിനോക്കി
കുഞ്ഞിന് ഇല്ലാ അനക്കമൊട്ടും .
അഛന്‍റെ കണ്ണിലിരുട്ടുകേറി
അമ്മയോ .. ചൊല്ലാന്‍ .. എനിക്കുവയ്യ .

C . S . Sankara Warrier, Anubhuti Cherussery
Thaikkattussery-Ollur, Thrissur Kerala 680306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code