Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അടക്കം (കഥ: കാർത്തിക മോഹനൻ)

Picture

കണ്ണുകളടച്ചാണ് കിടന്നിരുന്നതെങ്കിലും ഭർത്താവുറങ്ങിയിരുന്നില്ല, ഉറങ്ങിയില്ലെന്നല്ല.. ചെറുതായൊന്ന് മയങ്ങിയതു പോലുമില്ല. കഴിഞ്ഞ ഒൻപതുമാസത്തെ ഓർമ്മകൾ സ്വയമോ മറ്റാരാലുമോ അഴിച്ചെടുക്കാനാവാത്ത മുഷിഞ്ഞ ഒരു കുരുക്കെന്ന കണക്കെ അയാളുടെ ഹൃദയത്തെയും പ്രജ്ഞയെയും ആഞ്ഞു മുറുക്കിയിരുന്നു, ഇന്നത്തെ ദിവസം ചോദിക്കാതെ നൽകിയ വേദനയും അതിൽനിന്നുണ്ടായ നഷ്ടബോധവും അയാളെ ഭൂമിയിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യനാക്കി മാറ്റി.
 
വീടിനു പടിഞ്ഞാറുവശത്തെ പറമ്പും കാവും പിന്നെയൊരു ചെറിയ കുളവും കടന്നാൽ ഭഗവതീക്ഷേത്രമാണ്, അവിടെനിന്നും മുഴങ്ങിയ വെടിശബ്ദമാണ് അയാളെ ഭാരമേറിയ ചിന്തകളിൽനിന്നും ഉണർത്തിയത്. അയാളെഴുന്നേറ്റിരുന്നു, സമയം മൂന്നു മണിയായിക്കാണും.. പുലർച്ചെ മൂന്നിനാണല്ലോ ക്ഷേത്രം തുറക്കുന്നതും ആദ്യത്തെ വെടി മുഴങ്ങുന്നതും.  ഇരുകൈകളും കൂട്ടിപ്പിടിച്ച് വീങ്ങിയ കണ്ണുകളും മുഖവും അമർത്തിത്തുടച്ചു. കൈകൾ തണുത്തുവിറങ്ങലിച്ചിരുന്നു, മുഖമാകട്ടെ ചുട്ടുപഴുത്തും. പിന്നിലേയ്ക്ക് തിരിഞ്ഞയാൾ ഭാര്യയെ നോക്കി, അവൾ മറുവശത്തേയ്ക്ക് ചരിഞ്ഞു കിടക്കുകയാണ്. ഉറങ്ങുകയാണോ അതല്ലെങ്കിൽ ശബ്ദമില്ലാതെ കരയുകയാണോയെന്നറിയാൻ പതിയെ അവളുടെ ചുമലിൽ തൊട്ടു, അവളനങ്ങിയില്ല. കൈകൾ രണ്ടുംകൊണ്ട് ചുമലിൽ അമർത്തിത്തൊട്ടിട്ടും അവൾ അനങ്ങുകയുണ്ടായില്ല. കഫം കെട്ടിനിന്ന തൊണ്ടക്കുഴിയിൽനിന്നും ഒരു പതിഞ്ഞ ഞരക്കം മാത്രം കേട്ടു. അയാളിൽ നിന്നും  നിശബ്ദമായ ഒരു നെടുവീർപ്പുണ്ടായി, ദുഃഖത്താൽ ഉണങ്ങിയ ഒരു വലിയ മരത്തിൽ പൊടുന്നനെ വിരിഞ്ഞ ആശ്വാസത്തിന്റെ  കൊച്ചുതളിരില കണക്കെ അയാളിൽ ചെറിയ ഒരു തണുപ്പ് പടർന്നു. ശബ്ദമുണ്ടാക്കാതെയയാൾ കട്ടിലിൽ നിന്നെഴുന്നേറ്റു. മുറിയ്ക്കുപുറത്തിറങ്ങുന്നതിനു മുൻപ് ഒന്നുകൂടി അവളെ തിരിഞ്ഞുനോക്കി, പിന്നെ പതിയേ മുറി തുറന്ന് പുറത്തു കടന്നു.
 
ഹാളിനോട് ചേർന്നുള്ള പൂട്ടിയിട്ടിരുന്ന ചെറിയ മുറിയുടെ വാതിലയാൾ തുറന്നു, അതിനുള്ളിൽ പുറത്തേയ്ക്ക് കടക്കാനാവാതെ തങ്ങിനിന്നിരുന്ന മനം മടുപ്പിക്കുന്ന ഗന്ധം അയാളോടൊന്നും ചോദിക്കാതെതന്നെ ഹാളിലേയ്ക്കിറങ്ങി. ചെറിയ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ അയാൾ മുറിയുടെ വടക്കേ മൂലയിലേയ്ക്ക് നോക്കി.. രണ്ടു ദിവസ്സം മുൻപ് കവലയിലെ അവറാച്ചന്റെ ഫർണീച്ചർ കടയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന മരത്തിൽ പണിതീർത്ത തൊട്ടിലിൽ അതിനെ വെളുത്ത നേർത്ത തുണിയിൽ പൊതിഞ്ഞു കിടത്തിയിരുന്നു. അറിയാതെതന്നെ കാലുകൾ തൊട്ടിലിനു നേർക്ക് നീണ്ടു, അല്പനേരം തൊട്ടിലിന്റെ വശങ്ങളിൽ പിടിച്ചുകൊണ്ട് അയാൾ അതിനെ നോക്കിനിന്നു.. പിന്നെ വിറച്ചു തുടങ്ങിയ കൈകളോടെ ആ തുണിക്കെട്ട് തൊട്ടിലിൽ നിന്നും പൊക്കിയെടുത്തു, രണ്ടാമതൊന്നോർക്കാതെ മുറിയ്ക്ക് പുറത്തേക്ക് നടന്നു, മുൻവശത്തെ വാതിൽ തുറന്ന് വേഗത്തിൽ വീടിനു പുറത്തേക്കും.
 
തെക്കുവശത്തെ ചെറിയ മാവിൻചുവട്ടിൽ വൈകുന്നേരം ആരും കാണാതെ കുഴിച്ചെടുത്ത ആ ചെറിയ കുഴിയുടെയടുത്തെത്തുമ്പോൾ അയാൾ കിതയ്ക്കുകയായിരുന്നു. നെഞ്ചിനോട് ചേർത്തു പിടിച്ചിരുന്ന തുണിക്കെട്ട്  വളരെ സൂക്ഷിച്ച് അയാൾ കുഴിയിലേക്ക് വെച്ചു, കുഴിക്കരികിൽ മുട്ടുകുത്തിയിരുന്ന് അതിനെ നോക്കി... മോനായിരുന്നു.. ചുവന്നു തുടുത്ത മുഖം മാത്രം പുറത്തു കാണാം, തന്റെ ഛായ തന്നെയല്ലേ അവന്??.. അയാൾ കുറേക്കൂടി സൂക്ഷിച്ചു നോക്കി.. കണ്ണുകളും, ചെറിയ മൂക്കും, ഇത്തിരിയില്ലാത്ത ചുണ്ടുകളും തന്റേതു തന്നെയല്ലേ.. അതേ, താൻ തന്നെയാണ് മുൻപിൽ മരവിച്ച് മണ്ണിൽ കിടക്കുന്നത്. 
 
താനൊരു അച്ഛനായതായിരുന്നു, ഒൻപത് മാസം മുൻപേ, ഇവന്റെ അച്ഛനായതായിരുന്നു. ഭാര്യയുടെ ഉദരത്തിൽ ഇവൻ രൂപം കൊണ്ടയന്നു മുതൽ ഈ നിമിഷം വരെയുള്ള സംഭവങ്ങൾ അയാളുടെയുള്ളിൽ തലേന്നു കണ്ടുതീർത്തൊരു ചിത്രത്തിന്റെ ദൃശ്യങ്ങൾ കണക്കേ മിന്നിമറിഞ്ഞു. രൂപമില്ലാത്ത കുഞ്ഞ് ആണെന്നുറപ്പിച്ച് കണ്ണനെന്നു പേരിട്ടത്, അവനു കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങിയത്, ഉറക്കമുണരുന്ന സമയങ്ങളിൽ അവൻ അവന്റെയമ്മയെ ഉള്ളിൽക്കിടന്ന് ചവിട്ടുമ്പോൾ പുറത്ത് വീർത്ത വയറിൽ ചെവിചേർത്തു പിടിച്ച് അവന്റെ ശബ്ദത്തിനായി കാതോർത്തത്, ശേഷം തുരുതുരെ ചുംബിച്ചവനെയുറക്കിയത്, അവളുടെയാഗ്രഹപ്രകാരം നേരത്തേ തന്നെ തൊട്ടിൽ വാങ്ങിക്കൊണ്ടുവന്നത്.. മരിച്ചിട്ടില്ലാത്ത ഓർമ്മകൾ അയാളുടെയുള്ളിലേക്ക് വേലിയേറ്റത്തിലകപ്പെട്ട തിരമാലകളെപ്പോലെ കയറിവന്നു, തുടർന്ന് അവയയാളിൽ വിശ്രമമില്ലാതെ ആഞ്ഞടിച്ചുകൊണ്ടിരുന്നു...
 
അവനുണ്ടായിരുന്നു, അവളുടെ വയറ്റിലവാനുണ്ടായിരുന്നു, ഇന്ന് രാവിലെ വരെ അച്ഛന്റെ പ്രതിച്ഛായയായി ആ മകനുണ്ടായിരുന്നു. പുലർച്ചെ അവൾക്ക് വയറ്റിൽ ചെറിയ ഒരു വേദന.. ചെറുതെങ്കിലും കാത്തു നിന്നില്ല, വൈകാതെ തന്നെ ആശുപത്രിയിൽ പോയി. തലേന്ന് മുതൽ അവന്റെ പതിവ് അനക്കമില്ലാത്തതെന്തെന്നുള്ള അവളുടെ ആധി താനാണ് ഡോക്ടറോട് പറഞ്ഞത്. അവളെ ലേബർ റൂമിലേയ്‌ക്ക് കയറ്റുമ്പോൾ പുറത്തുനിന്ന തന്റെ മനസ്സുരുകുകയായിരുന്നു, കുഞ്ഞിനെയും അമ്മയെയും അപകടമൊന്നും കൂടാതെ തന്നിൽ ചേർത്തുവെയ്ക്കാൻ ഭഗവതിയോട് പ്രാർത്ഥിക്കുകയായിരുന്നു.. അവന്റെ അച്ഛനാകാൻ അത്ര മാത്രം തയ്യാറെടുത്തിരുന്നു, അമ്മയാവാൻ അവളും.. കൊതിച്ചിരുന്നു ഏറെ. ഏകദേശം രണ്ടു മണിക്കൂർ, അവൻ ഇന്നലെതന്നെ തങ്ങളെയെല്ലാം വിട്ടുപോയിരുന്നുവെന്ന് താഴ്ന്ന മുഖവുമായി ഡോക്ടർ വന്നു പറയുമ്പോൾ ജീവിതത്തിലാദ്യമായി താൻ പതറി. എല്ലാവരുടെയും വെറുപ്പു സമ്പാദിച്ച് അവളുടെ കൈ പിടിച്ച് നാടും വീടും വിട്ടു പോന്നപ്പോൾ പോലും പതറാത്ത താൻ ഇനിയെന്തെന്നറിയാതെ തരിച്ചു നിന്നു. വൈകുന്നേരം അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോൾ അവളുടെ തേങ്ങലിൽ തന്റെ മനസ്സിടറിയിരുന്നു.. എന്നിട്ടും പിടിച്ചു നിന്നു, ഇതുവരെ.. അവളുറങ്ങാൻ കാത്തതായിരുന്നു, ഇവനെ അടക്കാൻ. അവൾക്കത് താങ്ങാനുള്ള ശേഷിയുണ്ടാവില്ല, കരഞ്ഞു തളർന്നുറങ്ങിയതാണ് പാവം.. വേണ്ട, അവളിവനെ കാണണ്ട, എന്നെയും ഈ അവസ്ഥയിൽ കാണണ്ട. അയാൾ കുനിഞ്ഞ് അവന്റെ നിറുകയിൽ ചുംബിച്ചു, അവസാനത്തെ ചുംബനം... അവനൊന്നനങ്ങിയോ?? 
ഇല്ല, തോന്നിയതാണ്. 
ഒരു നിമിഷം കൂടി കാത്തു നിന്നു അയാൾ, ഇല്ല.. അവനിനിയില്ല.. 
ഈ ഭൂമിപ്രപഞ്ചത്തിലെങ്ങുമില്ല, ഇനിയൊട്ടുണ്ടാവുകയുമില്ല.. 
അയാളുടെ കൈയിൽ നിന്നും ആദ്യ പിടി മണ്ണ് അവന്റെ മുഖത്തുവീണു, കൂടെ തീച്ചൂടുള്ള ഒരുതുള്ളി കണ്ണുനീരും.. 
മരിച്ച കുഞ്ഞിന്റെ ജനിക്കാത്ത അച്ഛൻ കരയുകയായിരുന്നു, 
തന്റെ ബീജത്തിൽ നിന്നും രൂപംകൊണ്ട ജീവന്റെ നിശ്ചലത കാണേണ്ടി വന്ന നിർഭാഗ്യവാനായ പുരുഷൻ അതുവരെ പിടിച്ചു നിർത്തിയ സങ്കടമപ്പാടെ കണ്ണുകളിലൂടെ ഒഴുക്കിക്കളയുകയായിരുന്നു...
ഒന്നുമറിയാതെ അയാൽക്കുമുൻപിലാ  കുഞ്ഞ് കിടന്നു, അയാളെയൊന്നു നോക്കുകപോലും ചെയ്യാതെ മണ്ണിരയ്ക്കും പുഴുക്കൾക്കുമിടയിലത് മരവിച്ചു കിടന്നു..

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code