Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജി.എസ്.ടി - ജനങ്ങളുടെ പണം പിഴിഞ്ഞെടുക്കാനുള്ള തന്ത്രമോ? (പി.സി. സിറിയക് ഐ.എ.എസ്)

Picture

ജൂലൈ ഒന്നാം തീയതി ഇന്ത്യയില്‍ ചരക്ക് സേവന നികുതി എന്നറിയപ്പെടുന്ന ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് നിലവില്‍ വന്നിരിക്കുന്നു. ഉത്പന്നങ്ങളുടെ നിര്‍മ്മാണ പ്രക്രിയ (മാനുഫാക്ചറിംഗ്), വിതരണവും വിപണനവും (ഹോള്‍സെയില്‍ & റീട്ടെയ്ല്‍ ഡിസ്ട്രിബ്യൂഷന്‍), വില്‍പന വരെയുള്ള ഓരോ ഘട്ടത്തിലും ഇതുവരെ പ്രത്യേകം നികുതി പിരിച്ചിരുന്നു. മാനുഫാക്ചറിംഗിനുമേല്‍ എക്‌സൈസ് ഡ്യൂട്ടി. മറ്റു ഘട്ടങ്ങളില്‍ വാറ്റ്, സെയില്‍ടാക്‌സ് എന്നിവ. അതിനുപുറമെ വിനോദ നികുതി, ഒക്‌ട്രോയി തുടങ്ങിയുള്ള പ്രാദേശിക നികുതികളും. ഇങ്ങനെ പല ഘട്ടങ്ങളിലായി പിരിച്ചിരുന്ന നികുതികളെല്ലാം റദ്ദ് ചെയ്ത് ഒരേയൊരു ജി.എസ്.ടി. മാത്രം ആക്കിയിരിക്കുന്നു, ഇപ്പോള്‍.
ഇതുവരെ ഓരോ ഘട്ടത്തിലും കൊടുക്കുന്ന നികുതിയും ചേര്‍ത്ത് ഉത്പന്നത്തിന്റെ അടക്ക വില നിര്‍ണ്ണയിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഓരോ ഘട്ടത്തിലുമുള്ള നികുതിത്തുകയും കൂടി ചേര്‍ത്ത് അതിന്മേല്‍ അടുത്ത ഘട്ടത്തില്‍ നികുതി. അങ്ങനെ ഉത്പന്നം ഉപഭോക്താവിലെത്തുമ്പോഴേയ്ക്കും "നികുതിക്കുമേല്‍ നികുതി'' വരികയും, അങ്ങനെ ഉപഭോക്താവ് നല്‍കേണ്ട വില അധികമായിത്തീരുകയും ചെയ്യും. ഓരോ ഘട്ടത്തിലും ഉത്പന്നത്തിന്റെ മൂല്യത്തിലുണ്ടാകുന്ന വര്‍ധനവിന്മേല്‍ മാത്രം നികുതി ചുമത്തുമ്പോള്‍ "നികുതിക്കുമേല്‍ നികുതി' എന്ന പ്രതിഭാസം ഒഴിവാകുന്നു. ഓരോ ഘട്ടത്തിലും കൊടുക്കുന്ന നികുതി നമുക്ക് തിരിച്ചു ലഭിക്കുന്ന സ്ഥിതികൂടി വരുമ്പോള്‍ ന്യായമായ വിലയ്ക്കുതന്നെ ഉത്പന്നം വിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കും. ബിസിനസ് നടത്തല്‍ എളുപ്പമായിത്തീരുകയും ചെയ്യുന്നു. എക്‌സൈസ് ഡ്യൂട്ടി തുടങ്ങിയ നികുതികള്‍ റദ്ദ് ചെയ്ത് ഓരോ ഘട്ടത്തിലും മൂല്യവര്‍ധനവിനു മാത്രം നികുതി പിരിക്കുന്ന സംവിധാനവും. അതുതന്നെ മടക്കിനല്‍കാനുള്ള വ്യവസ്ഥകളും വന്നുകഴിയുമ്പോഴും സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം കുറയാതിരിക്കണമെങ്കില്‍ ഉപഭോക്താവ് നല്‍കേണ്ടിവരുന്ന ജി.എസ്.ടി. നിരക്ക് വരുമാന നഷ്ടം ഉണ്ടാക്കാത്തവിധത്തില്‍ (റവന്യു ന്യൂട്രല്‍ - ഞല്‌ലിൗല ചലൗൃേമഹ ആയി) നിര്‍ണ്ണയിക്കാവുന്നതാണ്.

സര്‍ക്കാരിന് ലഭിക്കുന്ന നികുതിവരുമാനം കുറയാതെതന്നെ ഉപഭോക്താവിന് സാധനങ്ങള്‍ വിലകുറച്ചു ലഭ്യമാക്കാനുള്ള "മാജിക്ക്' ആണ് ഇതിലടങ്ങിയിരിക്കുന്നത്. നിരക്ക്, റവന്യു ന്യൂട്രല്‍ ആയ വിധത്തില്‍ കണക്കുകൂട്ടി നിര്‍ണ്ണയിച്ചാല്‍ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വരുമാനം വളരെ കൂടുതലായി ലഭിക്കും. കാരണം, ഓരോ ഘട്ടത്തിലും കൊടുക്കുന്ന നികുതി തിരിച്ചു ലഭിക്കണമെങ്കില്‍ ആ ഇടപാട് (വ്യാപാരം) കണക്കില്‍ കാണിച്ചിരിക്കണം. മുന്‍ഘട്ടത്തില്‍ കൊടുത്ത നികുതിപ്പണം തിരിച്ചു കിട്ടണമെങ്കില്‍ രേഖകള്‍ ഉണ്ടായിരിക്കണം എന്നര്‍ത്ഥം. അപ്പോള്‍ നികുതി വെട്ടിപ്പ് തടയപ്പെടും. ഇന്ത്യയില്‍ ഭീമമായ തോതില്‍ നടക്കുന്ന നികുതിവെട്ടിപ്പ് കുറേയെങ്കിലും നിയന്ത്രിക്കപ്പെടുന്നതോടു കൂടി നികുതി നിരക്ക് റവന്യു ന്യൂട്രലാണെങ്കില്‍പോലും നികുതി വരുമാനം വളരെയധികം ഉയരും.

പക്ഷേ, ഇവിടെ റവന്യു ന്യൂട്രല്‍ എന്ന പേരില്‍ വളരെ ഉയര്‍ന്ന ജി.എസ്.ടി നിരക്കുകളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു നിശ്ചയിച്ച് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ""സ്വതന്ത്ര ഇന്ത്യയില്‍ ഇതിനുമുമ്പ് നടന്നിട്ടില്ലാത്ത വന്‍ നികുതി പരിഷ്കാരം'' എന്ന് "ഹൈപ്പ്' (വന്‍ പ്രചരണം ഉണ്ടാക്കുന്ന ആഹ്ലാദം) സൃഷ്ടിച്ച് അതിന്റെ മറവില്‍ ഭരണവര്‍ഗ്ഗക്കാര്‍ എല്ലാവരും കൂടി ഒന്നിട്ടുനിന്ന് ജനങ്ങള്‍ അറിയാതെ നിശ്ശബ്ദമായി അവരുടെ പോക്കറ്റ് അടിക്കുന്നു.
ഒന്‍പതാം ഫൈനാന്‍സ് കമ്മിഷന്റെ അധ്യക്ഷനായിരുന്ന സാമ്പത്തിക വിദഗ്ധന്‍ കേല്‍ക്കര്‍, റവന്യു ന്യൂട്രല്‍ ആയി നിര്‍ദ്ദേശിച്ച ജി.എസ്.ടി. നിരക്ക് 12ശതമാനം ആയിരുന്നു. ""ഒരു രാജ്യം, ഒരു നികുതി, ഒരു നിരക്ക്'' എന്ന് പേരിലായിരുന്നു ജി.എസ്.ടിയെ അന്ന് കേല്‍ക്കറും മറ്റു സാമ്പത്തിക വിദഗ്ധന്മാരും അവതരിപ്പിച്ചത്. ഇന്ന് 12 ശതമാനം 18 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നു. കൂടാതെ ഒരു നിരക്കിനു പകരം പല നിരക്കുകള്‍. 0% (കാര്‍ഷിക ഉത്പന്നങ്ങള്‍), 5%, 12%, 18%, 28% എന്നിങ്ങനെ. ഇതിനു പുറമെ, പെട്രോളിയം ഉത്പന്നങ്ങള്‍ (പെട്രോള്‍, ഡീസല്‍, വിമാനഇന്ധനം,), വിദേശമദ്യം, വൈദ്യുതി ഉത്പാദനം ഇവയ്ക്ക് ജി.എസ്.ടി.ക്ക് പുറത്ത് ഓരോ സംസ്ഥാനത്തിനും യുക്തമായ ഉയര്‍ന്ന നിരക്കുകള്‍! റവന്യു ന്യൂട്രല്‍ എന്നു പറഞ്ഞ് ഉയര്‍ന്ന നിരക്കുകള്‍ നിര്‍ണ്ണയിച്ചതിനു പുറമേയാണ്, പ്രെട്രോളിനും, ഡീസലിനും, മദ്യത്തിനും വളരെ ഉയര്‍ന്ന നിരക്കുകള്‍ ചുമത്തുന്നത്. ചുരുക്കത്തില്‍ "ജി.എസ്.ടി'യുടെ പേരില്‍, "രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ നികുതിപരിഷ്കരണം' എന്ന പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഭരണത്തിലിരിക്കുന്നവര്‍ കൂടുതല്‍ നികുതി പിരിച്ചെടുക്കാനുള്ള തന്ത്രമായി മാറിപ്പോയിരിക്കുന്നു നമ്മുടെ ജി.എസ്.ടി.
ഏതു നികുതിനിര്‍ദ്ദേശത്തേയും മറികടക്കാനും നികുതി വെട്ടിപ്പ് നടത്താനും മിടുമിടുക്കന്മാരായ ഇന്ത്യന്‍ വ്യാപാരി വര്‍ഗം ഈ പുതിയ ജി.എസ്.ടി. സമ്പ്രദായത്തിന്റെ കീഴില്‍ എന്തൊക്കെ തന്ത്രങ്ങള്‍ മെനയുമെന്നും എത്രമാത്രം നികുതി വെട്ടിച്ചെടുക്കുമെന്നും ഇനി കണ്ടുവേണം അറിയാന്‍.

നമ്മുടെ കേന്ദ്ര-സംസ്ഥാന ഭരണസംവിധാനങ്ങള്‍ ഉന്നതമായ സുതാര്യ മാനദണ്ഡങ്ങള്‍ പുലര്‍ത്തി ജനതാല്പര്യം മാത്രം മുന്‍നിറുത്തി ഭരണം നടത്തിയിരുന്നെങ്കില്‍ സാരമില്ലായിരുന്നു. പക്ഷെ, ഇവിടെ അഴിമതിയും ധനാപഹരണവും സ്ഥാപിത താല്പര്യക്കാരെ സഹായിക്കുന്ന നയങ്ങളും പൊതുതാല്പര്യത്തേക്കാള്‍ സ്വര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന സമീപനവുമായി ഭരണം നടത്തുന്ന നമ്മുടെ സര്‍ക്കാരുകള്‍ക്ക് ജനം കഷ്ടപ്പെട്ട് മുണ്ട് വരിഞ്ഞുമുറുക്കി അധിക നികുതി കൊടുക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കുമോ?
പണ്ട് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എഴുതി, "ഈ ലോകത്തില്‍ മരണവും നികുതിയുമൊഴിച്ച് മറ്റൊന്നിനും ഒരു നിശ്ചയവുമില്ല എന്ന്.' അപ്പോള്‍ ഇതുവരെ ഇല്ലാത്ത നികുതിപരിഷ്കാരമെന്നു പറഞ്ഞ് ആഹ്ലാദാരവങ്ങള്‍ മുഴക്കാന്‍ ധൃതികൂട്ടരുത്. ചരക്കുകളെയും സേവനങ്ങളെയും കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് കൊണ്ടുവന്നിരിക്കുന്ന ഈ ജി.എസ്.ടി. എങ്ങനെ നടപ്പാക്കപ്പെടുന്നു എന്നു സശ്രദ്ധം നിരീക്ഷിക്കുക; അത് കഴിഞ്ഞിട്ടാകാം ആഘോഷങ്ങള്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code