Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന് കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെത്തുന്നു

Picture

അമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ "ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക'യുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന് കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ പ്രമുഖ നിരയെത്തുന്നു. വാര്‍ത്തകളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും അളന്നുകുറിച്ചുള്ള ചോദ്യ ശരങ്ങളിലൂടെയുമൊക്കെ മലയാളികള്‍ നിത്യവും കണ്ടും കേട്ടു പരിചിതരായ ഉണ്ണി ബാലകൃഷ്ണന്‍ (മാതൃഭൂമി ന്യൂസ്), ഷാനി പ്രഭാകര്‍ (മനോരമ ന്യൂസ്), അളകനന്ദ (ഏഷ്യനെറ്റ് ന്യൂസ്), എം രാജീവ് (കൈരളി ടി.വി) എന്നിവരാണ് കോണ്‍ഫറന്‍സിനെ സജീവമാക്കാനും തങ്ങളുടേതായ മാധ്യമ വിചാരങ്ങള്‍ പങ്കുവയ്ക്കാനുമായി കോണ്‍ഫറന്‍സിനെത്തുന്നതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ട്രഷറാര്‍ ജോസ് കാടാപുറം എന്നിവര്‍ പറഞ്ഞു. വരുന്ന ഓഗസ്റ്റ് 24 മുതല്‍ 26വരെ ചിക്കാഗോയിലെ ഇറ്റാസ്കയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലിലാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സ് നടക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ചാനല്‍ വാര്‍ത്താ ആഭിമുഖ്യത്തെ സമ്പന്നമാക്കുന്ന ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസ് ചാനലിനെ നയിക്കുന്ന വളരെ ഉത്തരവാദിത്തമുള്ള കര്‍ത്തവ്യത്തിലേര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ്. ചാനലിനെ സംബന്ധിക്കുന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. 2010ല്‍ ഏഷ്യാനെറ്റിലെ രാഷ്ട്രീയ സാമൂഹിക വിശകലന പരിപാടിയായ "പോയിന്റ് ബ്ലാങ്ക്' തുടങ്ങിവച്ചത് ഉണ്ണി ബാലകൃഷ്ണനാണ്. ഇപ്പോള്‍ മാതൃഭൂമി ന്യൂസിന്റെ പൂര്‍ണ ചുമതല വഹിക്കുന്നതിനോടൊപ്പം "ചോദ്യം ഉത്തരം...' എന്ന ശ്രദ്ധേയമായ അഭിമുഖ സംഭാഷണ പരിപാടിയും കൈകാര്യം ചെയ്തു വരുന്നു. റിപ്പോര്‍ട്ടര്‍ ടി.വി, മനോരമ ന്യൂസ് എന്നീ ചാനലുകളില്‍ തിളങ്ങി ഇപ്പോള്‍ മാതൃഭൂമി ന്യൂസിന്റെ അവിഭാജ്യ ഘടകമായ വേണു ബാലകൃഷ്ണന്റെ ജ്യേഷ്ഠനാണ് ഉണ്ണി ബാലകൃഷ്മന്‍. ഉണ്ണിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തിലാണ് മാതൃഭൂമി ന്യൂസ് സംപ്രേഷണം ആരംഭിക്കുന്നത്. ആനുകാലിക വിഷയങ്ങളിലിടപെട്ട് ശരിയുടെ പക്ഷം പിടിക്കുന്ന ഈ ജനകീയ മാധ്യമ പ്രവര്‍ത്തകനാണിദ്ദേഹം.

ആധുനിക മലയാള മാധ്യമ സംസ്കാരത്തിന്റെ ചാനല്‍ മുറിയിലിരുന്ന് വ്യക്തവും കൃത്യവുമായ നിരീക്ഷണ ബോധത്തോടെ സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടു സംസാരിക്കുന്ന വ്യക്തിയാണ് ഷാനി പ്രഭാകര്‍. വാക്കുകള്‍ ചാട്ടുളി പോലെ ലക്ഷ്യങ്ങള്‍ ഭേദിക്കുമ്പോള്‍ എതിര്‍വശത്തിരിക്കുന്നവര്‍ പലപ്പോഴും വിയര്‍ക്കുന്നത് കാണാം. ആനുകാലിക വിഷയങ്ങളോട് പക്ഷപാതിത്വമില്ലാതെ സംസാരിച്ച്, ചര്‍ച്ച ചെയ്ത്, വിശകലനം നടത്തി കൃത്യമായ ഉത്തരങ്ങളിലേക്ക് എത്തിക്കുന്ന തിരുത്തല്‍ ശക്തിയായി കൃത്യനിര്‍വഹണം നടത്തുന്ന ഷാനി പ്രഭാകര്‍ മാന്യമായായ മാധ്യമ സംസ്കാരത്തിന്റെ ശക്തയായ വക്താവാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ മുതിര്‍ന്ന വാര്‍ത്താ അവതാരകയായ അളകനന്ദ ഈ രംഗത്തെ സൗമ്യ ശബ്ദത്തിന്റെയും ദീപ്തമായ മുഖത്തിന്റെയും ഉടമയാണ്. വാര്‍ത്താ അവതരണത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതോടൊപ്പം തന്റെ വിശകലന പാടവവും തെളിയിക്കുന്നു. "ലോകജാലകം' എന്ന പരിപാടിയിലൂടെ ലോകത്ത് നടക്കുന്ന വിസ്മയങ്ങളും വിശേഷങ്ങളും ലോക മലയാളികളുടെ വിരല്‍ തുമ്പിലെത്തിക്കുന്നു.

യുവത്വത്തിന്റെ ശബ്ദമായ എം രാജീവ് 2000ല്‍ കൈരളി ടി.വിയില്‍ ട്രെയിനിയായി ജേര്‍ണലിസം കരിയര്‍ ആരംഭിച്ചു. ഇപ്പോള്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. സമകാലികം, ഇടപെടല്‍, ക്രൈം സ്റ്റോറി, ലോകവല തുടങ്ങി നിരവധി പരിപാടികളുടെ അവതാരകനായും സംവിധായകനായും മികവ് തെളിയിച്ചു. 2006ല്‍ മലയാളത്തിലെ ആദ്യ സ്റ്റിംഗ് ഓപ്പറേഷന്‍റെ ഭാഗമായും പ്രവര്‍ത്തിച്ചു. കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെ.ബി ജംഗ്ഷന്റെ ഷോ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു..

അമേരിക്കന്‍ മലയാളി മാധ്യമങ്ങള്‍ക്കെന്നും ദിശാബോധം നല്‍കുന്നവരാണ് കേരളത്തിലെ മാധ്യമ കുലപതികള്‍. മുന്‍ കാല കോണ്‍ഫറന്‍സുകളില്‍ അവരുടെയൊക്കെ സാന്നിധ്യം അമേരിക്കയിലുണ്ടായിട്ടുണ്ട്. വാര്‍ത്തകള്‍ക്ക് വിരാമമില്ലാത്ത കാലത്ത്...വേദനകള്‍ പടര്‍ത്തുമ്പോള്‍...വിശേഷങ്ങള്‍ തളിര്‍ക്കുമ്പോള്‍...ചിന്തകള്‍ ചൈതന്യവത്താകുമ്പോള്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന ഈടുറ്റ സംഘടനയുടെ ഏഴാമത്തെ കണ്‍വന്‍ഷന് ഭാവുകങ്ങള്‍ നേരുകയാണിവര്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code