Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നാട്ടിലെ വഴികള്‍ മിക്കതും വളഞ്ഞതെന്തുകൊണ്ട് ??? (ബാബു പാലത്തുംപാട്ട്)

Picture

എന്‍റെ നാട്ടിലെ മിക്ക വഴികളും നേര്‍വഴികല്ല.

ചുരുക്കം ചിലയിടങ്ങളിലൊഴികെ ബാക്കി എല്ലായിടത്തും

വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളാണ് ഞാന്‍ കണ്ടിട്ടുള്ളത്.

അങ്ങനെ ആയതെന്തുകൊണ്ട് എന്ന് ഞാന്‍ പലപ്പോഴും

ആലോചിക്കാറുണ്ട്.

പണ്ട് മുതലേ നാട്ടിലെ വഴികള്‍ മിക്കതും വളഞ്ഞതായിരുന്നു

എന്നതാണ് വാസ്തവം.

വളഞ്ഞു പുളഞ്ഞ ആ വഴികള്‍ക്ക് വീതി കൂടുകയും പെരുവഴികളാകുകയും ആ പെരുവഴികള്‍ ടാറിട്ട റോഡുകളാകുകയും ചെയ്തപ്പോഴും വളവുകള്‍ നിവരാതെ വളഞ്ഞു പുളഞ്ഞു തന്നെ ഇരുന്ന- തെന്തുകൊണ്ടെന്നും ഞാന്‍ ചിന്തിക്കാറുണ്ട്.

വളവുകള്‍ നിവര്‍ക്കാന്‍ ആര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നില്ല എന്നതാണോ അതിനു കാരണം?

അതോ വളവുകള്‍ നേരെയാക്കാന്‍ ആരും സമ്മതിക്കാതിരുന്നതാണോ?

വയലും നെല്‍കൃഷിയും കന്നും കന്നുപൂട്ടും മരമടിയും കൊയ്ത്തും മെതിയും ഏറെയുണ്ടായിരുന്ന എന്‍റെ ചെറുപ്പകാലത്ത് പൊതു വയല്‍വരമ്പുകള്‍ നാട്ടുകാര്‍ നടപ്പാതയായി ഉപയോഗിച്ചിരുന്നു.

അന്ന് നാട്ടിലെ വയലേലകളില്‍ പാടത്തിന്‍റെ ഖണ്ഡങ്ങളെ വേര്‍തിരിക്കുന്ന വരമ്പുകള്‍ നേരെ ആയിരുന്നെങ്കിലും പാടശേഖരത്തിന്‍റെ ""വലിയ വരമ്പ്'' എന്നറിയപ്പെട്ടിരുന്ന പൊതു അതിര്‍ത്തി വരമ്പുകളും വളഞ്ഞുതന്നെ ആയിരുന്നു.

ആ വയല്‍ വരമ്പുകളുടെ വളവു പുളവുകളൊന്നും നാട്ടുകാര്‍ക്ക് പ്രശ്‌നമായിരുന്നില്ല. എന്നു മാത്രമല്ല ആവശ്യമായിരുന്നു താനും. മിക്കവരുടെയും വീട്ടു പടിക്കലെത്താന്‍ ആ വളവുകളാണ് കൂടുതല്‍ സഹായകമായിരുന്നത്. വയല്‍ വരമ്പുകളെപ്പോലെ മറ്റു വഴികള്‍കളുടെ കാര്യത്തിലും ഇത് ബാധക മായിരുന്നു.

എന്തായാലും,

കാലങ്ങള്‍ക്ക് മുന്‍പ് നാട്ടുപ്രമാണിമാര്‍ക്കും ജന്മിമാര്‍ക്കും ഭരണതലത്തില്‍ പിടിപാടുള്ള മറ്റുള്ളവര്‍ ക്കും ഇഷ്ടക്കേടുണ്ടാക്കി അവരുടെ വിരോധത്തിനും ഉപദ്രവത്തിനും ഇരയായിത്തീരുന്നത് ഒഴിവാക്കാന്‍ അത്തരക്കാരുടെ വസ്തുവകയിലൂടെ നടക്കാതിരിക്കാന്‍ അന്ന് നാട്ടുകാര്‍ ശ്രദ്ധിച്ചതായിരിക്കും വഴികള്‍ വളയാനുള്ള പ്രധാന കാരണം എന്ന് ഞാന്‍ കരുതുന്നു. അത്തരം വസ്തുക്കളുടെ സമീപത്തുള്ള, ചോദിക്കാനും പറയാനും ഏറെ ആളില്ലാത്തവരുടെ സ്ഥലങ്ങളിലൂടെ നാട്ടുകാര്‍ ഭയമില്ലാതെ വളഞ്ഞു പുളഞ്ഞു നടന്നു. ആ നടവഴികള്‍ പിന്നീട് പൊതുവഴികളും ടാറിട്ട റോഡുകളും ആയി മാറി

അല്ലെങ്കിലും ""എളിയിടത്ത് വാതം കോച്ചാനും'', പാവപ്പെട്ടവന്‍റെ നെഞ്ചിലൂടെ കയറി ഇറങ്ങാനും മലയാളിക്ക് (പൊതുവേ ഇന്ത്യാക്കാര്‍ക്ക് ) അന്നും ഇന്നും മിടുക്ക് കൂടുതലുണ്ട്.

അതുകൊണ്ടായിരിക്കണം പുരാതന കാലം ആധുനിക കാലത്തിലേക്ക് നീങ്ങിയപ്പോഴും വഴികളുടെ വളവുകള്‍ ആരും നേരെയാക്കാന്‍ ശ്രമിക്കാതിരുന്നത്, ആര്‍ക്കും നേരെയാക്കാനാവാഞ്ഞതും.

പകരം

മിക്കവരും വളഞ്ഞ വഴികള്‍ ജീവിതത്തിന്‍റെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ് ചെയ്തത്.

ഇന്ന്

ഭൂരിഭാഗം വയലുകളും കരകളാകുകയും വയല്‍വരമ്പുകള്‍ അപ്രത്യക്ഷമാകുകയും ആ സ്ഥലങ്ങളില്‍ വീടുകളും മതിലുകളും ഉയരുകയും ചെയ്തുകഴിഞ്ഞു.

മിക്കയിടത്തും കുന്നുകള്‍ കുന്നുകളല്ലാതാകുകയും പുഴകള്‍ പുഴകളല്ലാതാകുകയും ചെയ്തു വീടുകളും മതിലുകളും പെരുകുകയും ചെയ്തു.

പക്ഷേ,

വഴികള്‍ മിക്കയിടത്തും വളഞ്ഞു തന്നെയിരിക്കുന്നു.

വഴികളും വയലുകളും നേരെയാക്കാന്‍ മാത്രമല്ല വയറുകളും നേരെയാക്കാനാവാതെ നിസ്സഹായരായി നാട്ടുകാര്‍.

""എല്ലാം ശരിയാക്കാം'' എന്ന് വാഗ്ദാനം ചെയ്യുന്ന എല്ലാവനെയും വിശ്വസിക്കാനും, നിത്യജീവിത- ത്തില്‍ മുന്നോട്ടു പോകാന്‍ വളഞ്ഞ വഴികളെ മാത്രം ആശ്രയിക്കാനും വിധിക്കപ്പെട്ടിരിക്കുന്നു നാട്ടുകാര്‍ !

അധര്‍മ്മികളെ ഇല്ലാതാക്കാന്‍ വരുന്ന പത്താമത്തെ അവതാരത്തിനെ കാത്തിരിക്കുന്നവര്‍!

രക്ഷകന്‍റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നവര്‍!

32 കന്യകകള്‍ കാത്തിരിക്കുന്ന പറുദീസയ്ക്കായി കാത്തിരിക്കുന്നവര്‍

എല്ലാവരും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ വളഞ്ഞ വഴികളിലൂടെ നടന്നു നട്ടെല്ലുകള്‍ വളക്കുന്നു.

മോഹന്‍ ലാലിന്‍റെ വളഞ്ഞ നടത്തം കണ്ടു കൈയ്യടിക്കുന്നു.

സ്വന്തം നടത്തങ്ങളുടെ വളവുകള്‍ നിവര്‍ക്കാന്‍ പാട് പെടുന്നു..

വളഞ്ഞ വഴികളിലൂടെ നടന്ന് സ്വയം കുഴിക്കുന്ന കുഴിയില്‍ വീണു ജീവിക്കുന്നു

സ്വയം കുഴിക്കാത്ത കുഴിയില്‍ മരിച്ചു വീഴുന്നു.

സ്വയം വാങ്ങിയ കട്ടിലില്‍ വളഞ്ഞു കിടക്കുന്നു.

സ്വയം വാങ്ങാത്ത പെട്ടിയില്‍ നിവര്‍ന്നു കിടക്കുന്നു.

മോഹന്‍ലാലോ മോഹമില്ലാത്ത ലാലോ ആകാതെ.

നാടിനെയറിയാതെ.......

നാട്ടിലെ വഴികളറിയാതെ...

നാട്ടുകാരുടെ വഴികള്‍ ജന്മനാട്ടില്‍ വളഞ്ഞുതന്നെ തുടരുന്നു

സ്വന്തം വഴികള്‍പോലും നേരെയാക്കാനറിയാതെ ...

വളഞ്ഞ വഴികള്‍ മാത്രം മനസ്സിലാക്കാന്‍ വിധിക്കപ്പെട്ട് .....

മെത്രാനും മുള്ളയും സന്യാസിമാരും പഠിപ്പിക്കുന്ന വളഞ്ഞ വഴികളിലൂടെ ....

ഉടൂപ്പ്(ഡഉഎ) ലടുപ്പ്(ഘഉഎ) ഭജന(ആഖജ) ക്കാരിലെ രാഷ്ട്രീയ നപുംസകങ്ങള്‍ കാണിച്ചുകൊടുക്കുന്ന വളഞ്ഞ വഴികളിലൂടെ ...

വളഞ്ഞ വഴികളിലൂടെ മാത്രം പോകാന്‍ വിധിക്കപ്പെട്ട്............

ഹൃദയത്തില്‍ കേരളം ഒരു ഭ്രാന്താലയം എന്ന മുഴക്കവുമായി

എങ്ങോട്ടെന്നറിയാതെ..........

രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും പൊതുജനത്തിന്‍റെ വഴികള്‍ കൂടുതല്‍ വളക്കുന്നു.

തങ്ങളുടെ മൂട് താങ്ങാത്തവരുടെ വഴികളുടെ വളവുകളില്‍ ചതിക്കുഴികള്‍ തീര്‍ക്കുന്നു.

മതനേതാക്കള്‍ പൊതുജനത്തിന്‍റെ വഴികളില്‍ കൂടുതല്‍ വളവുകള്‍ സൃഷ്ടിക്കുന്നു.

എന്‍റെ നാട്ടുകാരുടെ മിക്ക വഴികളും ഇന്നും വളഞ്ഞുതന്നെ.

അങ്ങനെ ആയതെന്തുകൊണ്ട് എന്ന് ഇപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്.

വളഞ്ഞു പുളഞ്ഞ പഴയ വഴികള്‍ക്ക് വീതി കൂടുകയും പൊതു വഴികള്‍ ആകുകയും ചെയ്തപ്പോഴും വളവുകള്‍ നിവരാതെ വളഞ്ഞു പുളഞ്ഞുതന്നെ ഇരിക്കുന്നതെന്തുകൊണ്ടെന്നും ഞാന്‍ ചിന്തിക്കാറുണ്ട്.

വളവുകള്‍ നേരെയാക്കാന്‍ ആഗ്രഹമുള്ളവര്‍ ഇന്ന് ഏറെയുണ്ട്.

പക്ഷേ,

വളവുകള്‍ നേരെയാക്കാന്‍ അവരെ ഇന്നും ആരും അനുവദിക്കുന്നില്ല.

പണക്കാരെയും രാഷ്ട്രീയക്കാരെയും മതനേതാക്കളെയും മറ്റു മാഫിയകളെയും ഭയന്ന് അതിനു തുനിഞ്ഞിറങ്ങാന്‍ മിക്കവരും മടിക്കുകായും ചെയ്യുന്നു

ജന്മിമാര്‍ക്കും നാട്ടില്‍ പിടിപാടുള്ള മറ്റുള്ളവര്‍ക്കും ഇഷ്ടക്കേടുണ്ടാക്കി അവരുടെ വിരോധത്തിനും ഉപദ്രവത്തിനും ഇരയായിത്തീരുന്നത് ഒഴിവാക്കി, നാട്ടുകാര്‍ ഇന്നും വളഞ്ഞ വഴികളിലൂടെ വളഞ്ഞ നട്ടെല്ലുകളുമായി നടക്കുന്നു.

വളഞ്ഞ വഴികളിലൂടെയുള്ള നീണ്ട നടത്തങ്ങളുടെ അവസാനം നേരെ കിടക്കുന്നു - നടക്കാനാവാതെ!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code