Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവം ഇല്ലേ? (തോമസ് ഫിലിപ്പ്, റാന്നി)

Picture

ദൈവം ഇല്ലെന്ന് ഒരു കൂട്ടമാളുകള്‍ വാദിക്കുന്നു. ഈശ്വരദത്തമായ സര്‍വനന്മകളും അനുഭവിച്ചുകൊണ്ട് അവനെ അപലപിക്കയാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ദൈവം ഇല്ലെന്നു തെളിയിക്കുവാനോ സ്ഥാപിക്കുവാനോ അവര്‍ക്കു നാളിതു വരേയും കഴിഞ്ഞിട്ടില്ല. ഇരുട്ടില്‍ വസിച്ചുകൊണ്ടു വെളിച്ചമില്ലെന്ന് അട്ടഹസിക്കുകയാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പരിണാമവാദസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായിരുന്ന ചാള്‍സ് ഡാര്‍വിന്‍ 1871ല്‍ എഴുതിയ മനുഷ്യോല്‍പ്പത്തി എന്ന ഗ്രന്ഥത്തില്‍ ‘നമുക്ക് അനുമാനിക്കാം, സങ്കല്‍പ്പിക്കാം’, ‘ഇങ്ങനെയുണ്ടായി’, ‘അങ്ങനെയുണ്ടായി’, എന്നുള്ള അനിശ്ചിതത്വ ദ്യോതകമായ വാക്കുകള്‍ 800ഓളം പ്രാവശ്യം ആവര്‍ത്തിച്ചുപയോഗിച്ചിരിക്കുന്നു. മനുഷ്യന്‍ ചിമ്പാന്‍സിക്കുരങ്ങില്‍ നിന്ന്! ഉണ്ടായതാകാം എന്നാണല്ലോ ഡാര്‍വിന്‍റെ സിദ്ധാന്തം. അങ്ങനെയെങ്കില്‍ ലോകത്തില്‍ ലക്ഷക്കണക്കിനു വിവിധയിനം ജന്തുവര്‍ഗങ്ങളുണ്ട്. ഇവയില്‍ ഒന്നു പോലും മറ്റൊരു വര്‍ഗമായി രൂപന്തരപ്പെടുന്നതായി തെളിയിക്കുവാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ദൈവമില്ലെങ്കില്‍ പിന്നെ ആരാണു ജീവന്‍റെ ആധാരം? ദൈവത്തെ നിഷേധിക്കുന്ന ബുദ്ധിഹീനനായ മനുഷ്യന്‍ അത്ഭുതകരമായും അതിമനോഹരമായും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സ്വന്തം ശരീരത്തിലേക്ക് ഒരു നിരീക്ഷണം നടത്തട്ടെ. ആശ്ചര്യകരമായിട്ടുള്ള മനുഷ്യസൃഷ്ടിയെപ്പറ്റി എബ്രായകവി ഇങ്ങനെ പാടി: 'ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്‌തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു'. ലോകത്തിലെ അത്ഭുതങ്ങളില്‍ ഒന്നാകുന്നു മനുഷ്യന്‍. മനുഷ്യന്‍റെ തലച്ചോറില്‍ കോടിക്കണക്കിനുള്ള കോശങ്ങളുണ്ട്. കണ്ണുകളില്‍ ദര്‍ശനശക്തിക്കു വേണ്ടി കോടിക്കണക്കിനുള്ള ദണ്ഡുകളുണ്ട്. ഇവയെ ലക്ഷക്കണക്കിനുള്ള നാഡീതന്തുക്കള്‍ കൊണ്ടു തലച്ചോറിനോടു ഘടിപ്പിച്ചിരിക്കുന്നു. വളരെ ചെറുതായ ശ്രവണേന്ദ്രിയത്തില്‍ ആയിരക്കണക്കിനുള്ള വൈദ്യുതസര്‍ക്യൂട്ടുകളുണ്ട്. ഹൃദയം ഓരോ ദിവസവും ഒരു ലക്ഷം പ്രാവശ്യം സ്പന്ദിക്കുകയും, തല മുതല്‍ പാദം വരെയുള്ള ഒരു ലക്ഷം കിലോമീറ്റര്‍ നീളത്തിലുള്ള രക്തക്കുഴലുകളിലൂടെ രക്തം പമ്പു ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് എത്ര ആശ്ചര്യകരമാകുന്നു! അങ്ങനെ ഓരോ ശരീരാവയവത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ എത്രയോ അത്ഭുതകരമായിട്ടുള്ളതാകുന്നു!

ജീവനു നിദാനമായ വസ്തു ബീജമാകുന്നുവല്ലോ. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും മനുഷ്യനും അതാതിന്‍റെ സ്വഭാവങ്ങളെയും ജീവിതരീതികളേയും രൂപീകരിക്കുന്ന ബീജങ്ങള്‍ ഓരോ സെല്ലിലുമടങ്ങിയിരിക്കുന്നു. ഭൂമിയില്‍ നിലനില്‍ക്കുന്ന ജീവനെ നിയന്ത്രിക്കുന്നത് അവര്‍ണ്ണനീയമാം വിധം ചെറുതായ അണുരൂപത്തിലുള്ള കോടാനുകോടി ബീജങ്ങളാകുന്നു. അത്ഭുതാവഹമായ വിധത്തിലുള്ള ഈ ജീവന്‍റെ പ്രവര്‍ത്തനപ്രക്രിയകള്‍ ഏതു മഹാപ്രതിഭയില്‍ നിന്ന്! ഉരുത്തിരിഞ്ഞു വന്നൂ? പൊട്ടിത്തെറി അഥവാ ബിഗ് ബാങ്ങ് (ആശഴ ആമിഴ) എന്ന വിഡ്ഢിത്തത്തിയറിയില്‍ നിന്ന്! ഉദ്ഭൂതമായിട്ടുള്ളതാണോ ഈ പ്രപഞ്ചം? പഴങ്ങള്‍ക്കു മണവും രുചിയും മധുരവും, പൂക്കള്‍ക്കു ശോഭയും സുഗന്ധവും സൌന്ദര്യവും പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന ജീവന്‍റെ ഉടയവന്‍ ആര്? ഈ പ്രപഞ്ചത്തിന്‍റെ ശില്‍പ്പിയാര്? യുക്തിവാദികള്‍ക്കു പറയാനാകുമോ? അറിവിന്‍റെ മഹാസമുദ്രത്തില്‍ മുട്ടോളം വെള്ളത്തില്‍ ഇറങ്ങി നിന്നിട്ടു കടലു ഞാന്‍ കണ്ടു കഴിഞ്ഞു, ഇനിയും അറിയാനൊന്നുമില്ലെന്നു പറയുന്ന അല്‍പ്പബുദ്ധിക്കു തുല്യരാണ് എല്ലാ യുക്തിവാദികളും.

പ്രപഞ്ചത്തെപ്പറ്റിയുള്ള മനുഷ്യന്‍റെ അറിവ് എത്രയോ പരിമിതമാണ്. പതിനായിരം ജന്മങ്ങള്‍ കിട്ടി ജീവിച്ചിരുന്നാല്‍പ്പോലും അനന്തവും അത്ഭുതകരവുമായ ഈ പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവിന്‍റെ കോടാനുകോടിയില്‍ ഒരംശം പോലും ഗ്രഹിക്കുവാനുള്ള ബുദ്ധിശക്തി 'മണ്ണിലെ മന്ദബുദ്ധി'യായ മനുഷ്യനുണ്ടാകുമോ? ജീവനെക്കുറിച്ചും ഈ പ്രപഞ്ചത്തെക്കുറിച്ചും അതിന്‍റെ ആദിയേയും അന്തത്തേയും കുറിച്ചുമൊക്കെ വസ്തുനിഷ്ഠമായി തങ്ങള്‍ പഠിച്ചു കഴിഞ്ഞു എന്നു തോന്നും ലോകം പോയിട്ട് ഇന്ത്യയുടെ നാലിലൊന്നു ഭാഗം പോലും ശരിക്കു കാണാതെ സര്‍വജ്ഞാനി ചമഞ്ഞു നടക്കുന്ന ഇന്നത്തെ പല യുക്തിവാദികളുടേയും വാദങ്ങളും പ്രസംഗങ്ങളുമൊക്കെ കേട്ടാല്‍! 'മൂഢന്‍' എന്നാകുന്നു ബൈബിള്‍ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യന്‍റെ അല്‍പ്പബുദ്ധിയേയും അജ്ഞതയേയും ഒരു കവി വിലയിരുത്തുന്നതു നോക്കുക:

അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാനൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞൂ!

ഇതാണു സത്യം. ദൈവത്തിന്‍റെ വിധികളും വിചാരങ്ങളും മനുഷ്യന് എത്ര അഗോചരം! ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ ഇങ്ങനെ പറഞ്ഞു: 'ആകാശവിതാനത്തിന്‍റെ ശില്‍പ്പകലാചാതുര്യം എന്താണെന്നു മനസ്സിലാക്കാതെയും, ഭൂമുഖത്തു ദൈവകരം എഴുതിയിട്ടുള്ള മഹാപുരാണം എന്താണെന്ന് ഒന്നു നോക്കുവാന്‍ പോലും കഴിയാതെയും മനുഷ്യര്‍ കടന്നു പോകുന്നു'. ദൈവത്തിന്‍റെ ദാനമായ ജീവിതത്തിലെ ധനത്തിലും സുഖത്തിലും യശസ്സിലും ആരോഗ്യത്തിലും സൌന്ദര്യത്തിലും ബുദ്ധിശക്തിയിലുമൊക്കെ അഹങ്കരിച്ചു ജീവിക്കുന്ന മനുഷ്യനെക്കുറിച്ചു ദൈവവചനം പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുക: 'യഹോവയുടെ കൈ ഇത് പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന ഇവയെല്ലാം കൊണ്ടു ഗ്രഹിക്കാത്തവനാര്‍? സകലജീവജന്തുക്കളുടേയും പ്രാണനും സകല മനുഷ്യവര്‍ഗത്തിന്‍റേയും ശ്വാസവും അവന്‍റെ കൈയില്‍ ഇരിക്കുന്നു' (ഇയ്യോബ് 12:910).

മനുഷ്യന് ഒരുടയവനില്ലേ? പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവും ഭരണാധികാരിയുമില്ലേ? ഞങ്ങള്‍ എന്തുകൊണ്ടു ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് ഒരു വലിയ വിഭാഗം ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവിച്ചിട്ടുള്ള പ്രപഞ്ചസത്യങ്ങളില്‍ ചുരുക്കം ചിലതു മാത്രം ഞാനിവിടെ ഉദ്ധരിക്കട്ടെ. ഭൂമി മണിക്കൂറില്‍ 1000 മൈല്‍ വേഗത്തില്‍ അതിന്‍റെ അച്ചുതണ്ടില്‍ തിരിയുന്നു. എന്നാല്‍ ഈ ഭ്രമണം മണിക്കൂറില്‍ 100 മൈല്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത്തെ രാത്രിയും പകലും പത്തിരട്ടി ദൈര്‍ഘ്യമുള്ളതാകുമായിരുന്നു. സൂര്യന്‍റെ അതികഠിനമായ ചൂടില്‍ ഭൂമിയിലെ സസ്യങ്ങളൊക്കെ കരിഞ്ഞുപോയേനേ. ജീവനു നിദാനമായ സൂര്യന്‍റെ ഉപരിതലത്തിന് 12000 ഡിഗ്രി ചൂടുണ്ട്. ആവശ്യത്തിലധികം ചൂടുണ്ടാകാതെ ഭൂമി സൂര്യനില്‍ നിന്നു വേണ്ടത്ര അകലത്തില്‍ സ്ഥിതി ചെയ്യുന്നു. സൂര്യന്‍ ഇപ്പോഴത്തെ നിലയില്‍ നിന്നു വളരെ ദൂരത്തായിരുന്നെങ്കില്‍ ഭൂനിവാസികള്‍ മുഴുവനും തണുത്തുറഞ്ഞു പോകുമായിരുന്നു. സൂര്യനില്‍ നിന്നുള്ള ചൂട് ഇരട്ടിയായിരുന്നെങ്കില്‍ ജീവജാലങ്ങള്‍ മുഴുവനും കരിഞ്ഞു ചാമ്പലാകുമായിരുന്നു. ചന്ദ്രന്‍ ഇന്നത്തെ നിലയില്‍ നിന്നു കുറേക്കൂടി താഴെയായിരുന്നെങ്കില്‍ ഭൂഖണ്ഡങ്ങളെ സമുദ്രവെള്ളത്തില്‍ മുക്കിയേനെ. അന്തരീക്ഷത്തിനു ലാഘവം വര്‍ദ്ധിച്ചിരുന്നെങ്കില്‍ ദിനം തോറും ലക്ഷക്കണക്കിന് എരിഞ്ഞു വീഴുന്ന നക്ഷത്രങ്ങള്‍ ഭൂമി മുഴുവനും അഗ്‌നിപ്രളയം സൃഷ്ടിക്കുമായിരുന്നു.

എന്താണ് ഈ പ്രപഞ്ചത്തില്‍ അത്ഭുതകരമല്ലാത്തത്? വെള്ളം അത്ഭുതമല്ലേ? അഗ്‌നി അത്ഭുതമല്ലേ? കാറ്റ് അത്ഭുതമല്ലേ? സമുദ്രം അത്ഭുതമല്ലേ? സമുദ്രം അത്ഭുതമല്ലേ? ഗര്‍ഭിണിയുടെ ഉദരത്തില്‍ മനുഷ്യശിശു ഉരുവായി വരുന്നത് അത്ഭുതമല്ലേ? ഓരോ ചതുരശ്രഅടിയിലും അത്ഭുതം മുറ്റി നില്‍ക്കുന്നില്ലേ? 'ജ്ഞാനത്താല്‍ ഭൂമിക്കടിസ്ഥാനമിട്ട, വിവേകത്താല്‍ ആകാശത്തെ ഉറപ്പിച്ച' സര്‍വശക്തനായ ദൈവം ഇയ്യോബിനോടു ചോദിച്ചു, 'ആഴിയുടെ ആഴത്തില്‍ നീ സഞ്ചരിച്ചിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിനു ഭൂമിമേലുള്ള സ്വാധീനം നിര്‍ണ്ണയിക്കാമോ? അന്തരംഗത്തില്‍ ജ്ഞാനത്തെ വെച്ചവനാര്? മനസ്സിന് വിവേകം കൊടുത്തവനാര്? കുതിരയ്ക്കു നീയോ ശക്തി കൊടുത്തത്? വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴിയേത്? ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു?’ എന്നിങ്ങനെ പലതും.

വെറും പേരിനും പ്രശസ്തിക്കും വേണ്ടി ദൈവമില്ലെന്ന്! അട്ടഹസിച്ചു നടക്കുന്ന യുക്തിവാദികള്‍ക്കു സ്രഷ്ടാവായ ദൈവത്തെ ആത്മാര്‍ത്ഥമായും കാണാനാഗ്രഹമുണ്ടെങ്കില്‍ അവര്‍ ഇരുട്ടുള്ള രാവുകളില്‍ നക്ഷത്രനിബിഡമായ നീലാകാശത്തേക്ക് അല്‍പ്പനേരം കണ്ണു തുറന്നൊന്നു നോക്കട്ടെ. സമുദ്രത്തിലെ മണല്‍ത്തരികള്‍ പോലെ എണ്ണിക്കൂടാത്തവണ്ണം ആകാശവിതാനത്തില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളില്‍ അവര്‍ക്കവന്‍റെ അത്ഭുതമുഖത്തെ കാണാം. അതുമല്ലെങ്കില്‍ വിശാലമായ മയാമി ബീച്ചിലോ മരീനാ ബീച്ചിലോ ഒന്നു പോയി 15 മിനിറ്റു നേരം അനന്തമായ ആഴിയിലേക്കൊന്നു നോക്കിയാലും അതിന്‍റെ സ്രഷ്ടാവായ ദൈവത്തെ അവര്‍ക്കു ദര്‍ശിക്കാം. അതിന് ഇവയേക്കാളൊക്കെ വലിയവനാകുന്നു താന്‍ എന്ന ഭാവം ഉപേക്ഷിച്ചേ മതിയാകൂ. പ്രപഞ്ചത്തില്‍ എവിടെയാണ് ഈശ്വരസാന്നിദ്ധ്യമില്ലാത്തത്? ഇയ്യോബ് പറഞ്ഞു, 'അവന്‍ എന്‍റെ അരികെ കൂടെ കടക്കുന്നു. ഞാന്‍ അവനെ കാണുന്നില്ല' എന്ന്. ഇതല്ലേ സത്യം? ദൈവം നിന്‍റെ അന്തരംഗത്തിലുണ്ട്. പക്ഷേ, നീ അവനെ അംഗീകരിക്കുന്നില്ല. ഭഗവദ്ഗീത പറയുന്നു:

പിതാമഹസ്യ ജഗതോ
മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോങ്കാര
ഋക്‌സാമ യജുരേവ ച

ഈ പ്രപഞ്ചത്തിന്‍റെ പിതാവും മാതാവും പിതാമഹനും കര്‍മ്മഫലദാതാവും പരിശുദ്ധവസ്തുവും ഓംകാരവും വേദങ്ങളുമൊക്കെ ഞാന്‍ (ഭഗവാന്‍) തന്നെയാകുന്നു എന്ന്. ബൈബിള്‍ എന്തു പറയുന്നു എന്നു നോക്കാം: 'ഞാന്‍ അല്ഫയും ഒമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവുമാകുന്നു' (വെളി 22:13). എന്താണു സ്‌നേഹം? എവിടെയാണ് അതിന്‍റെ ഉല്‍പ്പത്തി? സമാധാനം എന്ത്? അത് എവിടെ നിന്നു കിട്ടും?

വായനക്കാരാ, ദൈവം ഇല്ലേ? പിന്നെ ആരാണു നിന്‍റെ ജീവന്‍റെ ആധാരം? പ്രസിദ്ധമായ പരിണാമവാദസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ പോലും തന്‍റെ ജീവിതാന്ത്യത്തില്‍ ബൈബിള്‍ എടുത്തു വായിച്ചു ദൈവത്തെ കണ്ടെത്തി അവനെ മഹത്വപ്പെടുത്തിയാണു മരിച്ചതെന്നുള്ള സത്യം ഇന്നത്തെ യുക്തിവാദികള്‍ക്കറിയാമോ? താന്‍ ചില അനുമാനങ്ങള്‍, അഭിപ്രായങ്ങള്‍, ആശയങ്ങളൊക്കെ എഴുതി. അതു കാട്ടുതീ പോലെ പടരുന്നതു കണ്ടു ഞാന്‍ അന്ധാളിച്ചു എന്നും ഒടുവില്‍ മനുഷ്യര്‍ അവയെക്കൊണ്ട് ഒരു മതമുണ്ടാക്കി എന്നും ഡാര്‍വിന്‍ തന്‍റെ അന്ത്യനാളുകളില്‍ വിലപിച്ചു. മാത്രമല്ല, കാറല്‍മാര്‍ക്‌സ് തന്‍റെ പ്രസിദ്ധമായ 'മൂലധനം' (ഉമ െഗമുശമേഹ) എന്ന ഗ്രന്ഥം ഡാര്‍വിനു സമര്‍പ്പിക്കുവാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ അതു നിരസിച്ചുകൊണ്ടു നിരീശ്വരവാദത്തെ ശക്തമായി വെറുക്കുകയാണു ഡാര്‍വിന്‍ ചെയ്തത്. 'ദൈവം ഇല്ല എന്നു മൂഢന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു' (സങ്കീ. 53.1).

അത്ഭുതകരമായ ഈ പ്രപഞ്ചത്തെപ്പറ്റിയും അദൃശ്യമായ അതിന്‍റെ സൃഷ്ടിരഹസ്യങ്ങളെപ്പറ്റിയും അംശമായിട്ടുള്ള ഒരറിവു മാത്രമേ ആധുനികശാസ്ത്രത്തിനു പോലും ലഭിച്ചിട്ടുള്ളൂ എന്നുള്ളതല്ലേ സത്യം? 'ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്‍റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താല്‍ അറിയുന്നു' എന്നാണു ബൈബിള്‍ ഇതേപ്പറ്റി പറയുന്നത്.

ദൈവത്തിന്‍റെ ശക്തിയും മഹത്വവും എത്ര അപ്രമേയമാകുന്നു! 'ആകാശം ദൈവത്തിന്‍റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു. ആകാശവിതാനം അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നു' എന്നു സങ്കീര്‍ത്തനക്കാരന്‍ പാടി. ആകാശം ദൈവത്തിന്‍റെ മഹത്വത്തെ വര്‍ണ്ണിക്കുന്നുവോ? ആകാശഗോളങ്ങള്‍ അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നുണ്ടോ എന്നു വളരെ പരിമിതമായ അളവിലെങ്കിലും നമുക്കൊന്നു പരിശോധിക്കാം. സൂര്യന്‍ എത്രയോ വലിപ്പമുള്ളൊരു ഗോളമാകുന്നു. ഭൂമിയെപ്പോലുള്ള പത്തുലക്ഷം ഗോളങ്ങളുടെ വലിപ്പം സൂര്യനുണ്ട്. എങ്കിലും ചില നക്ഷത്രങ്ങളുടെ വലിപ്പവുമായി താരതമ്യപ്പെടുത്തിയാല്‍ സൂര്യന്‍ വളരെ, വളരെ ചെറുതായ ഒരു ഗോളമാണെന്നു കാണാം. സൂര്യന്‍റെ വലിപ്പമുള്ള 50 കോടി ഗോളങ്ങളെ അതിന്‍റെയുള്ളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമാറ് അത്രയ്ക്കു വലിപ്പമുള്ള കോടിക്കണക്കിനു നക്ഷത്രങ്ങള്‍ ക്ഷീരപഥത്തില്‍ അഥവാ മില്‍ക്കീവേയില്‍ ഉണ്ടെന്നു ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ക്ഷീരപഥത്തിനും അപ്പുറത്ത് ഇനിയും കണ്ടുപിടിക്കാന്‍ സാധിക്കാത്തതും അറിയപ്പെടാത്തതുമായ സംഖ്യാതീതങ്ങളായ നക്ഷത്രക്കൂട്ടങ്ങള്‍ അനന്തമായ ആകാശവിതാനത്തില്‍ സ്ഥിതി ചെയ്യുന്നുണ്ടെന്ന്! അവര്‍ പ്രഖ്യാപിക്കുന്നു. ഇതു വല്ലതും മനസ്സിലാക്കുവാനോ ചിന്തിക്കുവാനോ ഉള്ള ബുദ്ധി യുക്തിവാദികള്‍ക്ക് ഇന്നുണ്ടോ? 'നിന്‍റെ വിരലുകളുടെ പണിയായ ആകാശത്തേയും നീ ഉണ്ടാക്കിയ ചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കുമ്പോള്‍ മര്‍ത്ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്?' എന്നു സങ്കീര്‍ത്തനക്കാരന്‍ ചോദിക്കുന്നു. ഇവിടെ 'മണ്ണിലെ കൃമിയായ, മന്ദബുദ്ധിയായ' മനുഷ്യന്‍ എത്ര നിസ്സാരന്‍! എത്ര നിസ്സഹായന്‍! ഈ അത്ഭുതപ്രപഞ്ചത്തേയും സകല ജന്തുവര്‍ഗങ്ങളേയും മനുഷ്യരാശിയേയും സൃഷ്ടിച്ചു കാത്തുപരിപാലിക്കുന്ന സ്‌നേഹനിധിയായ ദൈവത്തിനു നന്ദിയും മഹത്വവും കരേറ്റി ജീവിക്കുവാന്‍ കഴിയാത്ത മനുഷ്യന്‍ ബുദ്ധിഹീനനാകുന്നു.

വിസ്താരഭയത്താല്‍ ഇതിവിടെ ചുരുക്കട്ടെ. ദൈവമില്ലേ? ബൈബിള്‍ പ്രസ്താവനകള്‍ നൂറു ശതമാനവും സത്യമാകുന്നു എന്നു ശാസ്ത്രം തല കുലുക്കി സമ്മതിക്കുന്നു. സര്‍വങ്കഷമായ ദൈവവചനം മനുഷ്യനേയും ലോകത്തേയും ഭരിച്ചുകൊണ്ടിരിക്കുന്നു. ആക്ഷരികവും അത്ഭുതകരവുമായ രീതിയില്‍ ബൈബിളിലെ എല്ലാ പ്രവചനങ്ങളും നിറവേറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ പ്രഷ്യയിലെ നിരീശ്വരനായിരുന്ന ഫ്രെഡറിക്ക് ചക്രവര്‍ത്തി അദ്ദേഹത്തിന്‍റെ സര്‍വസൈന്യാധിപന്‍ വോണ്‍ സയിഥനോട് 'നിങ്ങള്‍ക്കു കഴിയുമെങ്കില്‍ ഒരൊറ്റ വാക്കില്‍ നിങ്ങള്‍ വിശ്വസിക്കുന്ന മാര്‍ഗം ശരിയാണെന്നു സ്ഥാപിക്കുക' എന്നു പറഞ്ഞു. അതിന് ആ ജനറല്‍ കൊടുത്ത മറുപടി 'യിസ്രായേല്‍' എന്നായിരുന്നു. ഈ മറുപടി കേട്ട ചക്രവര്‍ത്തി തന്‍റെ ജനറലിന്‍റെ ദൈവത്തെ മാനിക്കുവാനും വിശ്വസിക്കുവാനും തീരുമാനിച്ചു. ഇസ്രായേല്‍ രാഷ്ട്രം ഇന്നു മുഴുലോകത്തിന്‍റേയും ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. അത്രയ്‌ക്കൊരത്ഭുതപ്രതിഭാസമാകുന്നു, ലോകത്തില്‍ ഇന്ന് ഇസ്രായേല്‍.

ആസന്നഭാവിയില്‍ യെഹസ്‌ക്കേല്‍ പ്രവചനം 38ആം അദ്ധ്യായത്തിലൂടെയും സെഖര്യാ പ്രവചനം 12ആം അദ്ധ്യായത്തിലൂടെയും ബൈബിലെ മറ്റു പല പ്രവചനപുസ്തകങ്ങളിലൂടെയും പ്രവചിച്ചിരിക്കുന്നതു പോലെ വള്ളിക്കും പുള്ളിക്കും മാറ്റം വരാത്ത വിധത്തില്‍ ഭൂമിയിലെ സകല ജാതികളും ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും യെരൂശലേമിനും യിസ്രായെളിനും വിരോധമായിക്കൂടി വരാന്‍ പോകുന്നു. അങ്ങനെ യിസ്രായേലിന് എതിരായിട്ടുള്ള ആ അന്ത്യലോകമഹായുദ്ധ മനുഷ്യമഹാസംഹാരത്തിന്‍റേയും മണിമുഴക്കം മദ്ധ്യപൌരസ്ത്യദേശത്തു നിന്ന് ഇന്നത്തെ തലമുറ അഥവാ ഈ യുഗത്തില്‍ ജീവിക്കുന്ന മനുഷ്യരാശി കേള്‍ക്കും, സംശയം വേണ്ട. ദൈവപുത്രനായ ക്രിസ്തുവിന്‍റെ പുനരാഗമനത്തിന്‍റെ ഏറ്റവും വലിയ തെളിവും ഇതാകുന്നു എന്നു ബൈബിള്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. ദൈവമുണ്ടെന്നു വിശ്വസിക്കുവാന്‍ നിരീശ്വരവാദികള്‍ക്ക് ഇതിനേക്കാള്‍ വലിയ മറ്റെന്തു തെളിവുകളാണ് ഇനിയും വേണ്ടത്? ദൈവം ജീവനോടു വെച്ചിരിക്കുന്നു എന്നുള്ളതല്ലാതെ മറ്റെന്താകുന്നു ഇവരുടെ വലിയ മിടുക്കും സിദ്ധിയും? ബുദ്ധിമാന്മാരേ, ദൈവത്തെ വിളിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുക. God Bless You.

(ബൈബിളിനോടും ശാസ്ത്രീയസത്യങ്ങളോടും കടപ്പാട്.)

Picture2



Comments


Man can never understand GOD.
by alexnder mathews, california on 2017-02-24 16:12:03 pm
Bible never answer the question if there is GOD, but it stands on the WORD that God created everything. . "In the Beginning God Created Heavens and Earth". When the time humans began to fully understand GOD and his origin, then God is not God at all. Man can never ever in his human wisdom cannot understand GOD even if he lives for million years, that is why God came as a man to show how GOD is. An ant can never ever fully understand an elephant, unless elephant become an ant and revel himself to it. the atheists are like ants finding to understand an elephant.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code