Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗാന്ധിയുടെ തലയുള്ള വിലയില്ലാത്ത കറന്‍സികളും അനുകൂല-പ്രതികൂല വാദമുഖങ്ങളും (ജോസഫ് പടന്നമാക്കല്‍)

Picture

2014 നവംബര്‍ എട്ടാംതീയതി ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേദ്ര മോഡി ഇന്ത്യയുടെ അഞ്ഞൂറും ആയിരവും വിലയുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി രാഷ്ട്രത്തോടായി പ്രഖ്യാപിച്ചത് അഭിനവ ഭാരതത്തിലെ സാമ്പത്തിക പരിവര്‍ത്തനങ്ങളുടെ പുത്തനായ ഒരു വെല്ലുവിളിയായിരുന്നു. നികുതി കൊടുക്കാതെ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ രഹസ്യവിവരങ്ങള്‍ പുറത്തു കൊണ്ടുവരുകയെന്ന ലക്ഷ്യവും നോട്ടുകളുടെ മൂല്യമില്ലാതാക്കാനുള്ള കാരണമായിരുന്നു. സര്‍ക്കാരിന്റെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ രാഷ്ട്രമാകെ പ്രതിഫലിച്ചിരിക്കുന്നതായി കാണാം. സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും സാംസ്ക്കാരിക തലങ്ങളിലും ജനമദ്ധ്യങ്ങളുടെയിടയിലും ഒന്നുപോലെ മോദി സര്‍ക്കാരിന്റെ 'കറന്‍സി അസാധുവാക്കല്‍' സുപ്രധാന സംസാര വിഷയമായി മാറിക്കഴിഞ്ഞതും ഒരു സമകാലിക ചരിത്രം തന്നെ.

ഇന്ത്യയുടെ ചരിത്രത്തില്‍ കറന്‍സികള്‍ അസാധുവാക്കുന്നതു ആദ്യത്തെ സംഭവമല്ല. 1946 ജനുവരിയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 10000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. 1978 ജനുവരി പതിനാറാം തിയതി അര്‍ദ്ധരാത്രിമുതല്‍ മൊറാര്‍ജി ദേശായി ഭരണകൂടം 1000, 5000, 10000 രൂപ നോട്ടുകള്‍ ആസാധുവാക്കികൊണ്ട് തീരുമാനമെടുത്തിരുന്നു. എന്നാല്‍ 1946ല്‍ മാത്രമല്ല 1978ലും നോട്ടുകള്‍ റദ്ദാക്കിയത് സാധാരണക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നില്ല. അന്ന് ഭൂരിപക്ഷം പേരും ആ നോട്ടുകള്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. 1978ല്‍ 1000 രൂപ പോലും വലിയ മൂല്യമുള്ളതായിരുന്നു.

രൂപയുടെ കള്ള നോട്ടുകള്‍ ഗ്രാമങ്ങള്‍ മുതല്‍ ഇന്ത്യയുടെ അതിര്‍ത്തികള്‍ വരെ വ്യാപിച്ചു കിടപ്പുണ്ട്. കള്ളപ്പണം കൊണ്ട് തീവ്രവാദികള്‍ ആയുധങ്ങള്‍ സ്വരൂപിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദുരവസ്ഥയാണ് രാജ്യം മുഴുവന്‍ നേരിടുന്നത്. ചാരവൃത്തി നടത്തുന്നതും കള്ളപ്പണം കൊണ്ടാണ്. മയക്കുമരുന്ന് കച്ചവടക്കാരും അമിത തോതില്‍ കള്ളപ്പണം ഉപയോഗിക്കുന്നു. നിയമവിരുദ്ധമായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന വ്യാജ ചരക്കുകള്‍ക്കും പുതിയ സാമ്പത്തിക പരിഷ്ക്കാരം തടസ്സമിടും. അത്തരുണത്തില്‍ മോദിയുടെ തീരുമാനം സുധീരമായിരുന്നുവെന്നു കണക്കാക്കണം.

നോട്ടുകളുടെ പിന്‍വലിക്കല്‍ മൂലം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് അനധികൃതമായി 'ബ്‌ളാക്ക് മണി' പൂഴ്ത്തിവെച്ചിരിക്കുന്നവരെയാണ്. അവരുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന പണം നികുതി കൊടുക്കാതെയോ നിയമപരമല്ലാതെയോ അല്ലെങ്കില്‍ കൈക്കൂലി വഴിയോ സമ്പാദിച്ചതാകാം. എത്രമാത്രം ബ്‌ളാക്ക് മണിയുണ്ടെന്ന് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദ്ധരുടെയിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. 2007 ലെ വേള്‍ഡ് ബാങ്കിലെ കണക്കിന്‍ പ്രകാരം ഇന്ത്യയിലെ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ 24 ശതമാനം കള്ളപ്പണമെന്നാണ് അനുമാനിച്ചിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരുപയോഗമാക്കിയത് കള്ളപ്പണം മാറ്റി സ്വര്‍ണ്ണം പോലുള്ള സ്വത്തുക്കള്‍ കൈവശം വെക്കാതിരിക്കാന്‍ വേണ്ടിയും കൂടിയായിരുന്നു.

രാജ്യത്താകമാനമുള്ള സ്വര്‍ണ്ണക്കച്ചവടക്കാര്‍ നവംബര്‍ എട്ടാം തിയതി രാത്രി മുതല്‍ ഒമ്പതാം തിയതി വരെ കറന്‍സി മാറിക്കൊടുത്തുകൊണ്ടു സ്വര്‍ണ്ണം വില്‍ക്കുന്നുണ്ടായിരുന്നു. സ്വര്‍ണ്ണക്കച്ചവടക്കാര്‍ മോദിയുടെ കറന്‍സികള്‍ അസാധുവാക്കിയ തീരുമാനത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നതായി കാണാം. കറന്‍സി നോട്ടുകളേക്കാള്‍ ഇന്ന് ജനത്തിനു വിശ്വാസം സ്വര്‍ണ്ണത്തോടായിയെന്നുള്ളതാണ് വസ്തുത. അതുകൊണ്ടു സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കൂടിയതായും കാണാം. ഇതുമൂലം അരാജകത്വം ആദ്യകാലങ്ങളില്‍ രാജ്യത്തു സംഭവിക്കാം. എങ്കിലും പിന്നീട് കറന്‍സിയുടെ സ്ഥിരത വ്യവസായ വളര്‍ച്ചയെ സഹായിക്കുമെന്നതില്‍ സംശയമില്ല.

അടുത്ത മൂന്നു നാലാഴ്ചകള്‍ക്കുള്ളില്‍ സാമ്പത്തിക തലങ്ങളുടെ ഉന്നമനം കണക്കാക്കി പുതിയ രണ്ടായിരത്തിന്റെയും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ മാര്‍ക്കറ്റില്‍ ഇറക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ബ്‌ളാക്കുപണം കൈവശമുള്ളവര്‍ പുതിയ കറന്‍സികള്‍ മാറാന്‍ ശ്രമിക്കും. അവരുടെ കൈവശമുള്ള നിയമപരമല്ലാത്ത പഴയ പണം ബാങ്കില്‍ വെളുപ്പിച്ച പണമാക്കാന്‍ സാധിക്കില്ല. അനധികൃത പണം കൈവശമുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്ന് ചോദ്യങ്ങള്‍ വരാം. കള്ളപ്പണം കണ്ടെടുക്കുകമൂലം സര്‍ക്കാരിന്റെ വരുമാനവും കൂടുമെന്ന കണക്കുകൂട്ടലുണ്ട്. അക്കൊണ്ടില്‍ പെടാത്ത പണം ബാങ്കില്‍ വന്നാലും കാലക്രമത്തില്‍ നികുതി ചുമത്താന്‍ സാധിക്കും. പണം മാര്‍ക്കറ്റില്‍ ക്രയവിക്രയം നടക്കാത്ത സ്ഥിതിക്ക് പണത്തിന്റെ മൂല്യം കുറയുന്നമൂലം താല്‍ക്കാലികമായി വിലപ്പെരുപ്പവും തടയാന്‍ സാധിക്കും. സാമ്പത്തിക മാന്ദ്യവും അനുഭവപ്പെടാം.

വസ്തുക്കള്‍ കച്ചവടം നടത്തുന്നവരെയും റീയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരെയും കറന്‍സി പിന്‍വലിച്ചത് ബാധിക്കുന്നു. സ്ഥലങ്ങളോ കെട്ടിടങ്ങളോ മേടിക്കുമ്പോള്‍ പലരും ബാങ്കിലെ അക്കൗണ്ടില്‍ കൂടിയല്ലാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹിതമുള്ള പണം രൊക്കം കൊടുക്കുകയാണ് പതിവ്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആയിരം അഞ്ഞൂറു നോട്ടുകള്‍ നിയമ വിരുദ്ധമായതിനാല്‍ ബാങ്കിലിടാനോ, മാര്‍ക്കറ്റില്‍ പണം ഉപയോഗിക്കാനോ സാധിക്കാതെ വരുന്നു. അതുമൂലം റീയല്‍ എസ്‌റ്റേറ്റിന്റെ വിലയും ഇടിയും. അങ്ങനെയുള്ള സ്ഥിതിവിശേഷത്തില്‍ സാധാരണക്കാര്‍ക്ക് റീയല്‍ എസ്‌റ്റേറ്റ് കൈവശമാക്കാന്‍ എളുപ്പവുമാകുന്നു. പണത്തിന്റെ മൂല്യം സുസ്ഥിരമാകുമ്പോള്‍ കാലക്രമത്തില്‍ റീയല്‍ എസ്‌റ്റേറ്റിന്റെ മാര്‍ക്കറ്റ് കൂടുകയും ചെയ്യും.നിയമപരമല്ലാത്ത കെട്ടിട നിര്‍മ്മാണക്കാരെയും റിയല്‍ എസ്‌റ്റേറ്റ് വികസിപ്പിക്കുന്നവരെയും മോദിയുടെ ഈ തീരുമാനം ബാധിച്ചേക്കാം. വിലപ്പെരുപ്പത്തിനെ തടയിട്ടുകൊണ്ട് സാധനങ്ങള്‍ക്ക് വിലയിടിയുവാനും സാധ്യതയേറുന്നു. നാണ്യ മൂല്യങ്ങളുടെ വിലയും കുറയും. അടുത്ത ആറേഴു മാസങ്ങള്‍ക്കുള്ളില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്കു വില കുറയുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കു കൂട്ടുന്നു.

അടുത്ത കാലത്തെ ഒരു പഠനത്തില്‍ നിന്നും ഇന്ത്യയില്‍ മുപ്പതു ലക്ഷം കോടി രൂപ ബ്‌ളാക്ക് മണിയുണ്ടെന്നു കണക്കായിരിക്കുന്നു. അത് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ (ഏൃീ ൈചമശേീിമഹ ജൃീറൗര)േ ഇരുപതു ശതമാനത്തോളം വരും. സര്‍ക്കാരിന്റെ ഔദ്യോഗികമായ ഈ തീരുമാനത്തില്‍ പണം പൂഴ്ത്തി വെക്കുന്നവര്‍ ഒന്നുകില്‍ പണം ബാങ്കില്‍ നിക്ഷേപിച്ചു വരുമാനമായി കണക്കാക്കണം. അല്ലെങ്കില്‍ വിലയില്ലാത്ത അവരുടെ പണം സ്വന്തം വീട്ടില്‍ തന്നെ ഒളിച്ചു വെക്കണം. ബാങ്കില്‍ നിക്ഷേപിച്ചാല്‍ ആ പണം വരുമാനമായി പരസ്യമാക്കേണ്ടിയും വരും. ബാങ്കില്‍ വന്ന വരുമാനം എങ്ങനെയുണ്ടായിയെന്നും ചോദ്യം വരും. നികുതിയില്‍ ഉള്‍പ്പെടുത്താത്ത പണമാണെങ്കില്‍ മുപ്പതു ശതമാനം നികുതിയ്ക്കു പുറമെ പിഴയും അടക്കേണ്ടി വരും. മൊത്തം വെളിപ്പെടുത്തുന്ന പണത്തിന്റെ അറുപതു ശതമാനം നികുതിയും കൊടുക്കണം. 2002 മുതല്‍ 2011 വരെ ബില്ല്യന്‍ കണക്കിന് അനധികൃത ഫണ്ടുകള്‍ വിദേശത്തുനിന്നും ഇന്ത്യയില്‍ ഒഴുകിയതായി സാമ്പത്തിക വിദഗ്ദ്ധര്‍ അനുമാനിക്കുന്നു. ഇന്ത്യയിലെ ഭീകരര്‍ കൂടുതലായും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് ഉപയോഗിക്കുന്നത്. അതിര്‍ത്തിയിലുള്ള ശത്രുക്കളും ഇന്ത്യയുടെ നാണയമൂല്യം കുറയ്ക്കാന്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്യാറുണ്ട്. വര്‍ഷങ്ങളായി ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ മൊത്തം കറന്‍സികളില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഏകദേശം 86 ശതമാനത്തോളം ക്രയവിക്രയങ്ങള്‍ക്കായി മാര്‍ക്കറ്റിലുണ്ടായിരുന്നു. നോട്ടുകള്‍ അസാധുവാക്കിയതുമൂലം ബാങ്കുകളുടെ ഡിപ്പോസിറ്റ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. നിയമപരമായി സമ്പാദിച്ച പണം ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്യുന്നതിന് ബുദ്ധിമുട്ടു വരുകയില്ല. അതിന്റെ കാലാവധി 2016 ഡിസംബര്‍ മുപ്പത്തിയൊന്നാം തിയതിവരെയായിരിക്കും. ബിസിനസുകാര്‍ക്ക് നിയമപരമായ പണം ധാരാളം കൈവശം കാണും. അങ്ങനെ അസാധാരണമായി ബാങ്കുകളുടെ ഡിപ്പോസിറ്റുകള്‍ വര്‍ദ്ധിക്കുന്നു. അതുമൂലം ബാങ്കുകള്‍ക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കായി പണം വായ്പയായി നല്‍കാനും സാധിക്കുന്നു. എ. റ്റി.എം കാര്‍ഡില്‍ ഒരു പ്രാവിശ്യം രണ്ടായിരം രൂപാ മാത്രം പിന്‍വലിക്കാം. ഒരു ദിവസം പതിനായിരം രൂപയും, ആഴ്ചയില്‍ ഇരുപതിനായിരം രൂപയും പിന്‍വലിക്കാമെന്നുള്ള സംവിധാനമാണ് എ. റ്റി.എമ്മിലുള്ളത്. ചുരുക്കി പറഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയേക്കാള്‍ ജനത്തിനു രൊക്കം പണം കൊടുത്തുകൊണ്ടുള്ള ഇടപാടുകള്‍ ദൈനംദിന ജീവിതത്തില്‍ ആവശ്യമാണ്.


കറന്‍സികള്‍ അസാധുവാക്കിയതുമൂലം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് കുഴല്‍പ്പണം, ബ്ലേഡ് പലിശക്കാര്‍, നിയമവിധേയമല്ലാത്ത ബാങ്കുകള്‍ നടത്തുന്നവര്‍,ഹവാല മാഫിയക്കാര്‍,റീയല്‍ എസ്‌റ്റേറ്റ് മാഫിയാക്കാര്‍ എന്നിവരെയാണ്. അഴിമതിക്കാരെയും കപട ചൂഷകരായ രാഷ്ട്രീയക്കാരെയും കള്ളപ്പണം ക്രയവിക്രയം നടത്തുന്നവരെയും സര്‍ക്കാരിന്റെ ഈ തീരുമാനം കുഴപ്പത്തിലാക്കും. സഹകരണബാങ്കുകള്‍, നികുതി വെട്ടിച്ച കള്ളപ്പണക്കാര്‍ എന്നിവരും രക്ഷപെടാനുളള പഴുതുകള്‍ തേടിക്കൊണ്ടിരിക്കുന്നു. അധോ ലോകത്തിന്റെയും ഭീകരവാദികളുടെയും പണത്തിന്റെ സ്രോതസുകള്‍ക്കു പാളീച്ചകള്‍ സംഭവിക്കാം.

പച്ചക്കറിക്കടക്കാരും ഗ്രാമത്തിലുള്ള ഗ്രോസറിക്കടക്കാരും പാലും പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നവരും കറന്‍സികളുടെ അഭാവം മൂലം നിത്യോപയോഗ സാധനങ്ങള്‍ ചെലവാക്കാന്‍ ബുദ്ധിമുട്ടുന്നു. അത്തരം ബിസിനസുകാര്‍ക്ക് അഞ്ഞൂറ് രൂപയും ആയിരം നോട്ടുകളും നിരസിക്കുക ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ ഹോസ്പിറ്റലുകള്‍ ഈ നോട്ടുകള്‍ വാങ്ങുമെങ്കിലും മരുന്നുകള്‍ പുറത്തുനിന്നു വാങ്ങേണ്ടി വരും. അത്തരം ക്രയവിക്രയങ്ങള്‍ അസാധ്യവുമാകുന്നു. എണ്‍പതു ശതമാനം ഹോസ്പിറ്റലുകളും െ്രെപവറ്റ് മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. നേഴ്‌സിങ് ഹോമുകളും സ്വകാര്യ മേഖലകളുടെ നിയന്ത്രണത്തിലാണ്. െ്രെപവറ്റ് ഹോസ്പിറ്റലുകളില്‍ തീവ്ര പരിചരണത്തിലുള്ളവരും സര്‍ജറി പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി മനുഷ്യ ജീവനെ രക്ഷിക്കുന്നവരും കറന്‍സികളുടെ അപര്യാക്തതമൂലം പണമെങ്ങനെ കൊടുക്കുമെന്നതും പ്രശ്‌നമാകും. ഇന്ത്യയില്‍ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെയും കറന്‍സികളുടെ അസാധു ബുദ്ധിമുട്ടിലാക്കും. അവരെങ്ങനെ ബാങ്കില്‍നിന്ന് പണം മേടിക്കുന്നതെന്ന കാര്യവും സര്‍ക്കാര്‍ ഭാഗത്തുനിന്നും കേട്ടില്ല. രൂപാ കിട്ടാന്‍ എല്ലാ യാത്രക്കാര്‍ക്കും ബാങ്കുകളുടെ മുമ്പില്‍ മണിക്കൂറോളം ലൈന്‍ നില്‍ക്കണം.

ഇന്ത്യയില്‍ പത്തു ശതമാനം ജനതയ്ക്കു മാത്രമേ ഏ.റ്റി.എം ഉപയോഗിക്കാന്‍ അറിയുള്ളൂ. അതുകൊണ്ടു ബാങ്കിന്റെ മുമ്പില്‍ എന്നും നീണ്ട ലൈന്‍ തന്നെ കാണും. ചില ബിസിനസ്സ് സ്ഥാപനങ്ങളില്‍ കടത്തില്‍ കച്ചവടങ്ങള്‍ നടത്താറുണ്ട്. കടമായി സാധനങ്ങള്‍ മേടിച്ചവര്‍ക്കു കറന്‍സിയുടെ അഭാവം മൂലം പണം മടക്കി കൊടുക്കാനും ബുദ്ധിമുട്ടാവുന്നു. ചില പിതാക്കന്മാര്‍ക്ക് ഒഴിച്ചു കൂടാനാവാത്തവിധം അടിയന്തിരമായി പെണ്മക്കളുടെ കല്യാണാവശ്യത്തിനു പണം പിന്‍വലിക്കേണ്ടതായി വരും. സ്ത്രീധനം നിയമവിരുദ്ധമായതുകൊണ്ട് അക്കൗണ്ടില്‍ക്കൂടി കൊടുക്കാന്‍ സാധിക്കുകയുമില്ല. അതുമൂലം നിശ്ചയിച്ചിരിക്കുന്ന കല്യാണങ്ങള്‍ വരെ മുടങ്ങാനും സാധ്യതകളുണ്ട്.

ബാങ്കുകളില്‍ പണം ഒഴുകുന്നതോടെ വായ്പ്പക്കാര്‍ക്കുള്ള പലിശ നിരക്ക് കുറയും. വിലപ്പെരുപ്പം തടയുന്നതുകൊണ്ടു സമ്പദ് വ്യവസ്ഥയും വര്‍ദ്ധിക്കും. ബാങ്കുകളിലേക്കുള്ള പണമൊഴുക്ക്, പണം നിക്ഷേപിക്കുന്നവരെ സംബന്ധിച്ചടത്തോളം അനുകൂലമായിരിക്കില്ല. ബാങ്കുകളില്‍ പലിശ കുറയും. അതുമൂലം കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കില്‍ പണം നിക്ഷേപിക്കേണ്ടി വരും.

കള്ളപ്പണത്തെ നേരിടാനുള്ള മോദി സര്‍ക്കാറിന്റെ ഈ നീക്കം സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. അവരുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചുവെന്നുള്ളതാണ് വാസ്തവം. കള്ളപ്പണത്തില്‍ മുഴുകിയിരിക്കുന്നവര്‍ കൂടുതലും പണമിടപാടുകള്‍ വിദേശ ബാങ്കുകള്‍ വഴിയാണ് നടത്തുന്നത്. വിദേശത്തു നടക്കുന്ന ബാങ്കിംഗ് ഇടപാടുകളില്‍ സര്‍ക്കാരിന് കാര്യമായിയൊന്നും നടപടികളെടുക്കാനും സാധിക്കില്ല.

പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നതുമൂലം പുതിയതു വരുന്നവരെ പണത്തിന്റെ ക്രയവിക്രയങ്ങള്‍ കുറയും. ആഡംബര സാധനങ്ങള്‍ മേടിക്കാനും പ്രയാസം വരും. ടെക്കനോളജിയുടെ അറിവുകേടുമൂലം ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഉപയോഗിക്കാറില്ല. രാജ്യത്തു കൂടുതലും രൊക്കം പണം കൊടുത്തുള്ള ബിസിനസുകളാണ് നടക്കാറുള്ളത്. ക്രെഡിറ്റ് കാര്‍ഡുകള്‍ രാജ്യമാകമാനം വ്യാപകമായി പ്രചരിച്ചിട്ടുമില്ല. ഇന്ത്യയിലെ ജനങ്ങളില്‍ 86 ശതമാനവും കൈവശമുള്ള പണം കൊടുത്താണ് സാധാരണ ഇടപാടുകള്‍ നടത്താറുള്ളത്.

വില കൂടിയ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടു അതെ വിലയുള്ള നോട്ടുകള്‍ പുറത്തിറക്കുന്നത് സാമ്പത്തിക അരാജകത്വങ്ങള്‍ക്ക് പരിഹാരമാണെന്നാണ് വെപ്പ്. എന്നാല്‍ ഇത് ഗ്രാമീണ ജനതയുടെ നിത്യ ജീവിതത്തെ ബാധിക്കുന്നു. ഇന്‍ഡ്യ മൊത്തമായി ഏകദേശം പത്തു ലക്ഷം ബാങ്കുകള്‍ ഉണ്ട്. ലക്ഷകണക്കിന് ഗ്രാമങ്ങളുള്ള ഇന്ത്യയിലെ ഭൂരിപക്ഷം ഗ്രാമങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിനകാര്യങ്ങളില്‍ കറന്‍സി ക്രയവിക്രയങ്ങള്‍ അനേക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഗ്രാമീണ വാസികള്‍ക്ക് ബാങ്കിങ്ങ് എന്നത് എന്തെന്നുപോലും അറിയില്ല. അങ്ങനെയുള്ള വിദ്യാഹീനരായ ജനങ്ങള്‍ക്ക് കറന്‍സി പിന്‍വലിക്കല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളായിരുന്നു. ടെക്കനോളജി ക്രയവിക്രയങ്ങളില്‍ക്കൂടി ഇന്ത്യ മുഴുവന്‍ പണം കൈമാറ്റ പ്രക്രിയകള്‍ നടപ്പാക്കാന്‍ ഇനിയും കാലങ്ങളെടുത്തേക്കാം. ചുരുക്കത്തില്‍ ഗ്രാമത്തില്‍ വസിക്കുന്നവരുടെ കൈവശമുള്ള 500, 1000 നോട്ടുകള്‍ മാറാന്‍, കൂടാതെ അവരുടെ വരുമാന സ്രോതസുകള്‍ ബോധ്യപ്പെടുത്താന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വരും.ഇന്ത്യ മുഴുവനും ബാങ്കുകളുടെ പ്രവര്‍ത്തന ശൃങ്കലകളുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ വളരെ വിരളമായേ ബാങ്കിങ്ങ് സൗകര്യങ്ങളുള്ളൂ. പഴയ നോട്ടുകള്‍ മാറാനുള്ള സൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍ കുറവാണ്. ഇന്ത്യയിലെ 27 ശതമാനം ഗ്രാമങ്ങളില്‍ മാത്രമേ അഞ്ചു കിലോമീറ്ററിനുള്ളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളുള്ളൂ.

മുമ്പുണ്ടായിരുന്ന കാലങ്ങളില്‍ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ധനികരെയും, കള്ളക്കടത്തുകാരെയും മാത്രം ബാധിച്ചിരുന്നു. എന്നാല്‍ ഇന്ന് 500 / 1000 നോട്ടുകള്‍ പിന്‍വലിച്ച വഴി ഇന്ത്യയിലുള്ള എല്ലാ ജനങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങള്‍ ചെലുത്തുകയും ചെയ്തു. ഗ്രോസറി സ്‌റ്റോര്‍ നടത്തുന്നവരെയും ചായ വാലാക്കാരെയും തൊഴിലാളികളെയും മൊത്തം ബാധിച്ചിരിക്കുന്നു. പലരും ബിസിനസ്സ് തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലുമാണ്. ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ മണിക്കൂറുകളോളം ലൈനില്‍ നിന്നു കഷ്ടപ്പെടണം. നികുതി വെട്ടിപ്പുകാരെയും വിദേശത്തു പണം നിക്ഷേപിച്ചവരെയും പിടികൂടാന്‍ എളുപ്പവുമല്ല. 'ബ്‌ളാക്ക് പണ'ത്തിന്റെ വലിയ ഒരു പങ്ക് സ്വര്‍ണ്ണമായും വിദേശപ്പണമായും പൂഴ്ത്തി വെച്ചിരിക്കുന്നു. സ്വിസ് ബാങ്കിലും പനാമ ബാങ്കിലും നിക്ഷേപിച്ചിരിക്കുന്ന പണം വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കില്ല. പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ നിയമപരമല്ലാത്ത തെരഞ്ഞെടുപ്പ് ഫണ്ടുകളും പ്രശ്‌നങ്ങളാണ്.

റിസേര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന 'രഘു റാം രാജന്‍' പറഞ്ഞത് "സര്‍ക്കാര്‍ ബ്‌ളാക്ക് പണം കണ്ടെത്താന്‍ അതീവ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അങ്ങനെയുള്ള ഭീക്ഷണികള്‍ നേരിടുന്നുവെങ്കില്‍ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഒരു നടപടി മാത്രം ഗുണപ്രദമാവില്ല. നാണയത്തിന്റെ മൂല്യം കുറയ്ക്കാനും നാണയമില്ലാതാക്കാനും മറ്റു മാര്‍ഗങ്ങളുണ്ട്. ഒരു ദിവസംകൊണ്ടു ബ്‌ളാക്ക് പണം ഇല്ലാതാക്കാന്‍ സാധ്യമല്ല. സ്വര്‍ണ്ണം പൂഴ്ത്തി വെക്കുന്നവരെ കണ്ടുപിടിക്കാനും എളുപ്പമല്ല." ആധുനിക ടെക്കനോളജിയുടെ സഹായത്തോടെ വരുമാനമുള്ളവരെ കണ്ടെത്തുകയെന്നതാണ് പ്രധാനമായുള്ളത്. അവര്‍ നികുതി കൊടുക്കുന്ന കാര്യം മാത്രം അന്വേഷിച്ചാല്‍ പോരാ. പണം എവിടെയെല്ലാം നിക്ഷേപിച്ചിട്ടുണ്ടെന്നറിയാന്‍ ടെക്കനോളജിയുടെ സഹായത്തോടെ നികുതി പിരിക്കുന്ന പുതിയ സംവിധാനമാണ് ഏര്‍പ്പെടുത്തേണ്ടത്. രൊക്കം പണം നല്‍കി ക്രയവിക്രയങ്ങള്‍ നടത്തുന്നതിനേക്കാളുപരി രാജ്യം മുഴുവന്‍ പണപരമായ ഇടപാടുകള്‍ക്കായി ഇലക്ട്രോ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. 'ബ്‌ളാക്ക് മണിയെ' ചൊല്ലിയാണ് മിക്ക രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിലും വിവാദങ്ങള്‍ സൃഷ്ട്ടിക്കാറുള്ളത്. 'പണം പൂഴ്ത്തി വെയ്പ്പല്‍' ഇല്ലാതാക്കുമെന്ന് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പു കാലങ്ങളിലുള്ള അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം.

സര്‍ക്കാരിന്റെ കറന്‍സി അസാധുവാക്കിയ ഈ സാഹചര്യങ്ങളില്‍ മറ്റൊരു പുതിയ തീരുമാനമാകുംവരെ പൊതുജനങ്ങള്‍ തിരക്ക് കൂട്ടാതിരിക്കുകയായിരിക്കും നല്ലത്. 2016 ഡിസംബര്‍ മുപ്പതു വരെ രൂപാ മാറ്റാനോ ഡിപ്പോസിറ്റ് ചെയ്യാനോ സാവകാശമുണ്ട്. 2017 മാര്‍ച്ചു വരെ പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ മാറ്റാനും സാധിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷനും ഇതിനിടയില്‍ പുറപ്പെടുവിക്കാതിരിക്കില്ല. അതുകൊണ്ടു കുറച്ചു ദിവസങ്ങള്‍കൂടി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും നല്ലത്. നീണ്ട ലൈനുകളുടെ തിരക്കുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. ബാങ്കിലെ പണമിടപാടുകള്‍ സുഗമമാവുകയും ചെയ്യും.

ഇന്‍ഡ്യയാകമാനം കള്ളപ്പണത്തിന്റെ പ്രവാഹം തടയാന്‍ സാധിക്കാത്ത വിധം അസാധ്യമായതുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനത്തിന് മുതിര്‍ന്നത്. കോടികള്‍ ചെലവാക്കി ബോളിവുഡ് സിനിമകള്‍ നിര്‍മ്മിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു. ആഡംബര വിവാഹാഘോഷങ്ങള്‍, വില്ലാകള്‍, മത വര്‍ഗീയ രാഷ്ട്രീയ നേതാക്കന്മാരുടെ കണക്കില്ലാത്ത ആസ്തികള്‍ മുതലായവകള്‍ സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയായി കരുതുന്നു. സത്യത്തില്‍ ഇതൊന്നും രാജ്യപുരോഗതിയായി കണക്കാക്കാന്‍ സാധിക്കില്ല. ഭൂരിഭാഗം ജനങ്ങളും അസമാധാനത്തോടെ കഴിയുമ്പോള്‍ കള്ളപ്പണക്കാരും അഴിമതിക്കാരും സുഭിക്ഷിതമായി കഴിയുന്നതും സമാധാനത്തിനു തന്നെ തടസമാണ്. ഇന്ത്യ മൊത്തമായി അഴിമതിയില്‍ കുളിച്ചിരുന്ന കാര്യങ്ങള്‍ സാധാരണക്കാരില്‍ ഭൂരിഭാഗവും ജനങ്ങള്‍ അറിഞ്ഞിരുന്നുമില്ല. മോദിയുടെ കറന്‍സി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം രാഷ്ട്രത്തെ മൊത്തമായി അമ്പരപ്പിക്കുകയും ചെയ്തു.

ഭാരതത്തിന്റെ കറുത്തു കൊഴുത്ത സാമ്പത്തിക ശാസ്ത്രത്തില്‍ നിന്നും മോചനം നേടി വെളുത്ത സാമ്പത്തിക മേഖലകളിലേക്കുള്ള ഈ കുതിച്ചുചാട്ടം സ്വാതന്ത്ര്യത്തിനു ശേഷമുള്ള സുപ്രധാനമായ ഒരു തീരുമാനമായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യാ വിട്ടതില്‍ പിന്നീട് സാമ്പത്തിക തലങ്ങളില്‍ കാര്യമായ പ്രരിവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. അഴിമതികള്‍ നിറഞ്ഞ ഭരണകൂടങ്ങള്‍ മാറി മാറി വന്നു. ഏകാധിപത്യ വ്യവസ്ഥയിലുള്ള ഒരു ധനതത്ത്വ ശാസ്ത്രത്തില്‍ രാഷ്ട്രത്തിന്റെ സ്വത്തുക്കളില്‍ ഏറിയ പങ്കും ഒരു വിഭാഗം ജനങ്ങളില്‍ മാത്രം നിഷിപ്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുധീരമായ ഈ തീരുമാനത്തെ രാഷ്ട്രം ഒന്നടങ്കം അനുമോദിക്കുന്നുണ്ട്. വിലപ്പെരുപ്പം തടയാനും ബാങ്കുകളുടെ മൂലധനം വര്‍ദ്ധിക്കാനും പലിശ നിരക്ക് കുറയ്ക്കാനും തരളിതമായ ഒരു സാമ്പത്തിക പുഷ്പീകരണത്തിനും മോദിജിയുടെ ഈ തീരുമാനം സഹായകമാണ്. രാജ്യത്തിലെ മൂന്നു ശതമാനം ജനങ്ങളാണ് ഇന്ന് നികുതി കൊടുക്കുന്നത്. രൂപായുടെ മൂല്യം കുറച്ചുള്ള ഈ പദ്ധതി വിജയിച്ചാല്‍ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ മുഖച്ഛായക്കു തന്നെ മാറ്റം വരുമെന്നതില്‍ സംശയമില്ല.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code