ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടുന്ന ‘ഇന്ത്യ ഫെസ്റ്റ് 2016’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ 29 ന് ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി 9 വരെ നീളുന്ന ഇന്ത്യാ ഫെസ്റ്റ് ആഘോഷങ്ങള്‍ സ്റ്റാഫോഡിലുളള ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ദേവാലയത്തിന്റെ പരിസരത്തു വച്ചാണ് നടക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികള്‍ ഇന്ത്യ ഫെസ്റ്റിനു മികവ് നല്‍കും.
ഇന്ത്യയിലെ വിവിധ രുചിഭേദങ്ങളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഫെസ്റ്റിന്റെ പ്രത്യേക രുചിയാണെന്നു സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണിലെ പ്രമുഖ കലാപ്രതിഭകള്‍ ആകര്‍ഷകമായ കലാപരിപാടികളുമായി വേദി കീഴടക്കുമ്പോള്‍ ടെക്സാസിലെ പ്രശസ്ത മ്യൂസിക് ട്രൂപ്പായ വോയിസ് ആന്റ് ബീറ്റ്സിന്റെ ഗാനമേള വൈകിട്ട് 7 മുതല്‍ ഇന്ത്യ ഫെസ്റ്റിനെ സംഗീത സാന്ദ്രമാക്കും.
ഈ മേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇടവകയുടെ ബില്‍ഡിങ് ഫണ്ടിനും ജീവകാരുണ്യ പദ്ധതികള്‍ക്കുമായി ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണിലെ എല്ലാ പ്രവാസി മലയാളികളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ കണ്‍വീനര്‍ സബാന് സാം അറിയിച്ചു.
Comments