കട്ടപ്പന: മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേല്പിച്ച സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റുചെയ്തു. ഇരുപതേക്കര്‍ പുത്തന്‍പുരയ്ക്കല്‍ രാജേഷ്, ഭാര്യ നീതു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരുടെ ഇളയമകന് അശ്വിനാണ് പൊള്ളലേറ്റത്. കുട്ടിയുടെ കഴുത്തിലും താടിയിലും ചൂടുപാലൊഴിച്ച് പൊള്ളലേല്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുടംബവഴക്കാണ് കാരണം.
ഇന്നലെ രാവിലെ ഇരുപതേക്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിയുടെ ചികിത്സയ്ക്കായി രാജേഷും നീതും എത്തിയിരുന്നു. കുട്ടിയുടെ ദേഹത്ത് കുപ്പിപാല് വീണതിനെത്തുടര്‍ന്നു പൊള്ളലേറ്റുവെന്നാണ് ഡോക്ടറോടു പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി പരിശോധന നടത്തിയ ശേഷം വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്കേറ്റ പൊള്ളല്‍ സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒക്ടോബറില്‍ മാതാവ് ഈ കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച സംഭവമുണ്ടായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് കുഞ്ഞിനെ രാജാക്കാട് കരുണഭവനില് ഏല്പിച്ചു. കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ അപേക്ഷ നല്‍കിയതോടെ ഇവരെ കൗണ്‍സിലിംഗിനു വിധേയരാക്കിയശേഷം അശ്വിനെ വിട്ടുനല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാജേഷിനെയും നീതുവിനെയും റിമാന്‍ഡുചെയ്തു. പൊള്ളലേറ്റ കുഞ്ഞിനെയും മൂത്ത കുട്ടിയേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.
Comments