Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. ഡോ. ജോസഫ് കൊല്ലംപറമ്പില്‍ ജഗദല്‍പുര്‍ ബിഷപ്

Picture

കൊച്ചി: ഛത്തീസ്ഗഢിലെ സീറോ മലബാര്‍ രൂപതയായ ജഗദല്‍പുരിലെ പുതിയ മെത്രാനായി സിഎംഐ സഭാഗം റവ. ഡോ. ജോസഫ് കൊല്ലംപറമ്പില്‍ നിയമിതനായി. പാലാ രൂപതയിലെ ചേര്‍പ്പുങ്കല്‍ ഇടവകാംഗവും മുത്തോലി സ്വദേശിയുമായ ഫാ. ജോസഫ് കൊല്ലംപറമ്പില്‍ ഭോപ്പാലിലെ സമന്വയ ദൈവശാസ്ത്ര പഠനകേന്ദ്രം റെക്ടറാണ്. മെത്രാ ഭിഷേകം പിന്നീട്.

പുതിയ മെത്രാനെ നിയമിച്ചുകൊണ്ട് ഇന്നലെ വത്തിക്കാനില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3.30-നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപനം നടത്തി. ഇതേസമയം സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയിലും ജഗദല്‍പുര്‍ ബിഷപ്‌സ് ഹൗസിലും നിയമനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായി. ബിഷപ് മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്രയുടെ പിന്‍ഗാമിയായാണു നിയമനം.

മുത്തോലി കൊല്ലംപറമ്പില്‍ തൊമ്മന്‍ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും നാലു മക്കളില്‍ മൂന്നാമനായി 1958 ഏപ്രില്‍ 18നു നിയുക്ത മെത്രാന്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സിഎംഐ സഭയുടെ മുത്തോലിയിലുള്ള മേരി ക്യൂന്‍സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. സേക്രഡ് ഹാര്‍ട്ട് നൊവിഷ്യേറ്റ് ഹൗസ്, ബാംഗളൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രം, പൂന ജ്ഞാനദീപ വിദ്യാപീഠം എന്നിവിടങ്ങളില്‍ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1979 ജൂണ്‍ മൂന്നിനു പ്രഥമ വ്രതസ്വീകരണവും 1984 മാര്‍ച്ച് 19നു നിത്യവ്രത സ്വീകരണവും നടത്തി. 1985 മേയ് ആറിനു പൗരോഹിത്യം സ്വീകരിച്ചു.

തുടര്‍ന്നു ധര്‍മാരാമില്‍നിന്നു മാസ്റ്റര്‍ ഓഫ് തിയോളജി പഠനം പൂര്‍ത്തിയാക്കി. റോമിലെ സെന്റ് തോമസ് അക്വിനാസ് സര്‍വകലാശാലയില്‍(ആഞ്ചലിക്കം)നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1996 മുതല്‍ ബസ്തര്‍ മേഖലയിലെ ജഗദല്‍പുരിലാണു ശുശ്രൂഷകള്‍. സിഎംഐ സഭയുടെ നേതൃത്വത്തിലുള്ള സ്‌കൂളിന്റെ മാനേജര്‍, ദുഗോളിയിലെ മൈനര്‍ സെമിനാരി റെക്ടര്‍, സുമന്‍ ആശ്രമത്തില്‍ പ്രഫസര്‍, റെക്ടര്‍, സിഎംഐ നിര്‍മല്‍ പ്രോവിന്‍സിന്റെ ഫിനാന്‍സ് സെക്രട്ടറി, സമന്വയ ദൈവശാസ്ത്ര പഠനകേന്ദ്രത്തില്‍ പ്രഫസര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. ജഗദല്‍പുര്‍ രൂപതയുടെ ചാന്‍സലറും മതബോധനകേന്ദ്രം കണ്‍വീനറുമായിരുന്നു. 2008 മുതല്‍ 2011 വരെ സിഎംഐ നിര്‍മല്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനം ചെയ്തു. തുടര്‍ന്നു ഭോപ്പാലിലെ സമന്വയ ദൈവശാസ്ത്രപഠനകേന്ദ്രത്തിന്റെ റെക്ടറായി സേവനം ചെയ്തുവരുകയായിരുന്നു.

1977ല്‍ സ്ഥാപിതമായ ജഗദല്‍പുര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനാണു റവ. ഡോ. ജോസഫ് കൊല്ലംപറമ്പില്‍. ബിഷപ് മാര്‍ പൗളിനോസ് ജീരകത്ത് ആയിരുന്നു പ്രഥമ മെത്രാന്‍. 20 വര്‍ഷത്തെ ഇടയശുശ്രൂഷയ്ക്കു ശേഷമാണു ബിഷപ് മാര്‍ സൈമണ്‍ സ്റ്റോക് പാലാത്ര വിരമിക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code