Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യായാധിപന്മാര്‍ സമൂഹത്തെ ക്രമപ്പെടുത്തുന്നവര്‍: മാര്‍ ആലഞ്ചേരി

Picture

കൊച്ചി: സമൂഹത്തെ ക്രമപ്പെടുത്തുകയും അതിലൂടെ സാമൂഹ്യജീവിതം സ്വര്‍ഗസമാനമാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരാണു ന്യായാധിപന്മാരെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് കുര്യന്‍ ജോസഫിനു കൊച്ചിയില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏതു നിയോഗവും ദൈവഹിതപ്രകാരം നിര്‍വഹിച്ചു പൂര്‍ത്തീകരിക്കുന്നുവെങ്കില്‍ അതു മഹത്തരമാണ്. ആദര്‍ശങ്ങളെ കൈവിട്ടു ജീവിക്കുന്ന തലമുറയ്ക്കു മുമ്പില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ ആദര്‍ശോന്മുഖവും നിഷ്‌കളങ്കവുമായ ജീവിതം സമൂഹത്തിനു മുഴുവന്‍ നല്ല മാതൃകയാണ്. ശരീരവും മനസും ആത്മാവും ക്രൈസ്തവ വിശ്വാസത്തിന്റെ ശൈലിയില്‍ ക്രമപ്പെടുത്തിയ പൂര്‍ണവ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. എറണാകുളം-അങ്കമാലി അതിരൂപതയുടെയും കൊച്ചിയുടെയും അഭിമാനമാണ് ജസ്റ്റീസ് കുര്യന്‍ ജോസഫെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റീസ് കുര്യന്‍ ജോസഫിനു കൊച്ചി പൗരാവലിയുടെ ഉപഹാരം കര്‍ദിനാള്‍ കൈമാറി.

മന്ത്രി കെ. ബാബു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജഡ്ജിമാരില്‍ അനുകരണീയമായ സൗമ്യഭാവമാണ് ജസ്റ്റീസ് കുര്യന്‍ ജോസഫിനെ വ്യത്യസ്തനാക്കുന്നതെന്നു മന്ത്രി പറഞ്ഞു. വളര്‍ന്നുവന്ന വഴികള്‍ മറക്കാതെ നിസ്വാര്‍ഥവും നിഷ്പക്ഷവുമായി ന്യായാധിപ ജീവിതം നയിക്കുന്ന അദ്ദേഹം കേരളീയര്‍ക്കു മുഴുവന്‍ അഭിമാനമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്ത്യന്‍ ഭരണഘടന ഗ്രന്ഥം ജസ്റ്റീസ് കുര്യന്‍ ജോസഫിനു കൈമാറി.

ന്യായാധിപന്‍ സമൂഹത്തില്‍ രൂപപ്പെടുത്തുന്ന സൗഹൃദവും ബന്ധങ്ങളും തന്റെ നീതിബോധത്തെയോ നീതിനിര്‍വഹണത്തെയോ പ്രതികൂലമായി സ്വാധീനിക്കില്ലെന്നു ജസ്റ്റീസ് കുര്യന്‍ ജോസഫ് മറുപടിപ്രസംഗത്തില്‍ പറഞ്ഞു. വിവിധ ഹൈക്കോടതികളില്‍ ജഡ്ജിയായും ചീഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചപ്പോഴൊന്നും സൗഹൃദങ്ങള്‍ തന്റെ നീതിനിര്‍വഹണത്തെ അല്പം പോലും സ്വാധീനിച്ചിട്ടില്ല. ഏറെക്കാലം വ്യാപരിച്ച പൊതുപ്രവര്‍ത്തനത്തിലൂടെ ലഭിച്ച വെളിച്ചവും തെളിച്ചവും ന്യായാധിപജീവിതത്തില്‍ സഹായകമായിട്ടുണ്ട്. പൊതുനന്മയ്ക്കായുള്ള നിയമങ്ങളെ സ്‌നേഹിക്കുകയും മാനിക്കുകയും ചെയ്യുന്ന സംസ്‌കാരം നാം രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, അഡീഷല്‍ സൊളിസിറ്റര്‍ ജനറല്‍ അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍, പ്രഫ. എം.കെ സാനു, സ്വീകരണ സമിതി കണ്‍വീനര്‍മാരായ അഡ്വ. എം.വി. പോള്‍, റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code