Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലത്തീന്‍ കത്തോലിക്കരോടുള്ള അവഗണന അവസാനിപ്പിക്കണം: ആര്‍ച്ച്ബിഷപ് സൂസപാക്യം

Picture

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കാ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നടത്തിയ സംസ്ഥാന ജാഥയുടെ സമാപന സമ്മേളനം ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലത്തീന്‍ സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനു ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു നടപടികള്‍ ഉണ്ടാകുന്നില്ല. ഏതെങ്കിലും മുന്നണിയെ അനുകൂലിച്ചോ പ്രതികൂലിച്ചോ അല്ല ലത്തീന്‍ സമുദായം പ്രവര്‍ത്തിക്കുന്നത്. ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കണം. മറ്റു സമുദായങ്ങളില്‍നിന്നു വ്യത്യസ്തമായി എല്ലാ ജാതിയില്‍നിന്നും മതത്തില്‍ നിന്നുമുള്ളവര്‍ ലത്തീന്‍ സമുദായാംഗങ്ങളായുണ്ട്.

രാഷ്ട്രീയരംഗത്തു വന്‍ അഴിമതി നടമാടുകയാണ്. അഴിമതിപ്പണം മാത്രമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നു. അവശവിഭാഗങ്ങള്‍ എപ്പോഴും പിന്നോക്കം കിടക്കുന്ന സ്ഥിതിയാണ്. കൈയൂക്കുള്ളവര്‍ കാര്യക്കാര്‍ എന്ന അവസ്ഥയ്ക്കു മാറ്റം വരണം. പാവങ്ങളുടെ പക്ഷംചേരുക എന്നതാണു സഭയുടെ നിലപാട്. നിലനില്പിനായുള്ള സംഘടിക്കലാണിത്.

ലത്തീന്‍ സമുദായത്തിന്റെ അവശതകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിദനയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും മുമ്പു സന്ദര്‍ശിച്ചതാണ്. അവരുടെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടാണ് ഉണ്ടായത്. സമുദായ നേതാക്കള്‍ ജനപ്രതിനിധികളുടെ സ്ഥാനം ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കരുത്. ആരു ഭരിക്കണം എന്നു തീരുമാനിക്കുന്നതു ജനങ്ങളും ജനപ്രതിനിധികളുമാകണം. ലത്തീന്‍ സമുദായം സങ്കുചിത സ്വഭാവത്തോടെ ചിന്തിക്കില്ലെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ ദുര്‍ബല വിഭാഗങ്ങളെ പുരോഗതിയിലേക്കു നയിക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന മേഖലകളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താറുണ്ട്. കെഎല്‍സിഎ ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ശിവകുമാര്‍ അറിയിച്ചു.

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.എല്‍സിഎ ജനറല്‍ സെക്രട്ടറി ജെ.സഹായദാസ്, കെഎല്‍സിഎ ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍. ഡോ.അലക്‌സ് വടക്കുംതല, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെപിസിസി സെക്രട്ടറി എം. വിന്‍സെന്റ്, ജാഥാ കണ്‍വീനര്‍ ജോയ് സി. കമ്പക്കാരന്‍, അല്മായ ശുശ്രൂഷാ ഡയറക്ടര്‍ എം. ആര്‍ക്കാഞ്ചലോ, ബി. ജസ്റ്റസ്, ആന്റണി ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഏപ്രില്‍ 27ന് കാസര്‍ഗോഡുനിന്നാണു ജാഥ ആരംഭിച്ചത്. ലത്തീന്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുക, കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുക തുടങ്ങിയ 22 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ജാഥ. ഷാജി ജോര്‍ജ് ക്യാപ്റ്റനായ ജാഥയില്‍ ജെ. സഹായദാസ്, റോബര്‍ട്ട് മാര്‍ട്ടിന്‍ എന്നിവരായിരുന്നു വൈസ് ക്യാപ്റ്റന്‍മാര്‍. ആന്റണി നൊറോണ, കെ.എ. എഡ്വേര്‍ഡ്, പി.ജെ. തോമസ്, അഡ്വ. വി.എ. ജെറോം, ടി.എ. ഡാല്‍ഫിന്‍, എം.എ. കുട്ടപ്പന്‍, ഷിബു ജോസഫ്, ജോസഫ് തോമസ്, ആന്റണി ആല്‍ബര്‍ട്ട്, സോണി പവേലില്‍ എന്നിവരാണ് അംഗങ്ങളായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code