Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാലായ്ക്കു പുണ്യമായി മാലാഖമാരുടെ സംഗമം

Picture

പാലാ: പാലാ കത്തീഡ്രലില്‍ ഇന്നലെ സ്വര്‍ഗം താണിറങ്ങിയ പ്രതീതിയായിരുന്നു. മുഖത്ത് വിശുദ്ധിയുടെ നിറപുഞ്ചിരിയുമായി ഈ വര്‍ഷം ദിവ്യകാരുണ്യനാഥനെ ഹൃദയത്തിലേറ്റുവാങ്ങിയ അയ്യായിരത്തിലധികം കുരുന്നുകളാണ് കത്തീഡ്രലില്‍ അണിനിരന്നത്. നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഹൃദയപുഷ്പങ്ങളുമായെത്തിയ കുരുന്നുകളുടെ ചുണ്ടില്‍നിന്നുതിര്‍ന്ന സ്തുതിഗീതങ്ങള്‍ ആത്മീയനാഥനെ പ്രകീര്‍ത്തിക്കുന്നതായിരുന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ദിവ്യബലി. രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറാള്‍മാരായ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് മേനാച്ചേരി, ഫാ.ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശം നല്‍കി.

ഉച്ചകഴിഞ്ഞു രണ്ടിനാണു വിശുദ്ധ കുര്‍ബാന ആരംഭിച്ചത്. ഉച്ചയ്ക്ക് ഒന്നു മുതല്‍ തന്നെ രൂപതയുടെ വിവിധ ഇടവകകളില്‍നിന്നായി കത്തീഡ്രലിലേക്കു കുരുന്നുകള്‍ ഒഴുകിയെത്തി. കത്തീഡ്രല്‍ ദേവാലയം നിറഞ്ഞുകവിഞ്ഞ കുട്ടികള്‍ ദേവാലയാങ്കണത്തില്‍ മൂന്നു വശങ്ങളിലുമായി പ്രത്യേകം തയാറാക്കിയ പന്തല്‍ നിറഞ്ഞുനിന്നപ്പോള്‍ സംഗമത്തിനു സാക്ഷികളാകാനെത്തിയ മുതിര്‍ന്ന തലമുറ സ്വര്‍ഗീയ അനുഭൂതിയിലായി. വിശ്വാസജീവിതത്തിന്റെ ഉത്തരവാദിത്വപ്പെട്ട പടവുകളിലേക്കു കടന്ന കുട്ടികള്‍ക്കു രൂപത നല്‍കിയ ആദരവും വിശ്വാസ ഐക്യ ബോധ്യവും കൂടിയായി സംഗമം. മാതാപിതാക്കളോടും തങ്ങളെ ആദ്യകുര്‍ബാനസ്വീകരണത്തിന് ഒരുക്കിയ അധ്യാപകരോടും വിശ്വാസപരിശീലകരോടുമൊപ്പമാണ് ഇടവകവികാരിമാരുടെ നേതൃത്വത്തില്‍ കുരുന്നുകള്‍ സംഗമത്തിനെത്തിയത്. സംഗമത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കു മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജേക്കബ് മുരിക്കനും ബൈബിള്‍ സമ്മാനിച്ചു. സ്‌നേഹവിരുന്നോടെയാണു സംഗമം സമാപിച്ചത്.

കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, രൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് മേനാച്ചേരി, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ഫാ. മാര്‍ട്ടിന്‍ കുറ്റിയാനിക്കല്‍, കത്തീഡ്രല്‍ ഇടവകയിലെ ട്രസ്റ്റിമാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code