Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നൂറ്റാണ്ടിന്റെ ചരിത്രവുമായി ആദ്യ സമാജിക റോസമ്മ പുന്നൂസ്

Picture

പത്തനംതിട്ട: ചരിത്രത്തോടൊപ്പം നടന്നു ചരിത്രം കുറിച്ച റോസമ്മ പുന്നൂസിന് ഇന്നു നൂറ്റാണ്ടിന്റെ ചരിത്രമെഴുതാം. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ വനിത നിയമസഭാ സാമാജിക, ആദ്യ പ്രോട്ടെം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പു വിജയി, കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍ ... എന്നിങ്ങനെ ചരിത്രമേറെയുള്ള റോസമ്മ പുന്നൂസിന് ഇന്നു നൂറു വയസ്.

15 വര്‍ഷം മുമ്പു സജീവ പൊതുപ്രവര്‍ത്തനരംഗത്തുനിന്നു സ്വയം പിന്‍മാറുന്നതുവരെ കേരളത്തിന്റെ ജ്വലിക്കുന്ന നക്ഷത്രമായിരുന്നു റോസമ്മ പുന്നൂസ്. നൂറാം വയസിലും പൊതുജീവിതത്തെ മനസില്‍ താലോലിച്ചു നാട്ടിലെ സംഭവവികാസങ്ങള്‍ കൃത്യമായി മനസിലാക്കിവരുന്ന റോസമ്മ പുന്നൂസിന്റെ റിക്കാര്‍ഡുകള്‍ പലതും ആരാലും തകര്‍ക്കപ്പെടാന്‍ കഴിയാത്തതാണ്. സ്വാതന്ത്ര്യസമരകാലത്ത് ആരംഭിച്ച പൊതുപ്രവര്‍ത്തനജീവിതം, ജനാധിപത്യ ഭരണക്രമത്തില്‍ ആദ്യ കേരള നിയമസഭ രൂപീകരിക്കപ്പെടുമ്പോള്‍ അതിലെ അംഗമായതു മുതല്‍ 1998ല്‍ കേരള വനിതാ കമ്മീഷനിലെ അംഗത്വം ഒഴിയുന്നതുവരെ നീളുന്നു. തിരുവല്ലയിലെ കുന്നന്താനത്തിനടുത്തു പാമലയിലെ പുളിമൂട്ടില്‍ വീട്ടില്‍ നൂറാം പിറന്നാളിന്റെ ആശംസകളുമായി പലരുമെത്തുമ്പോള്‍ റോസമ്മയുടെ മനസിലൂടെ ഓടിയണയുന്നതു പഴയകാല സ്മരണകള്‍ തന്നെ.

സഹോദരി അക്കാമ്മ ചെറിയാനോടൊപ്പം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് എത്തി. അവിടെനിന്നിങ്ങോട്ടു പോരാട്ടവീര്യത്തിന് ഒട്ടും കുറവുണ്ടായില്ല. രാഷ്ട്രീയത്തില്‍ അക്കാമ്മ ചെറിയാനും റോസമ്മ പുന്നൂസും രണ്ടു ചേരിയിലായെങ്കിലും രാഷ്ട്രീയ മാതൃകയായി സഹോദരിയെ അവര്‍ കണ്ടു.

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ കുടുംബത്തില്‍ 1913 മേയ് 13ന് ചെറിയാന്‍ - അന്നമ്മ ദമ്പതികളുടെ മകളായി ജനനം. 1957ല്‍ കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ദേവികുളം ദ്വയാംഗ മണ്ഡലത്തില്‍നിന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച റോസമ്മ പുന്നൂസ് ചരിത്രത്തിലേക്കു നടന്നു കയറുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഭര്‍ത്താവ് പി.ടി. പുന്നൂസ് ആലപ്പുഴയില്‍നിന്നു മത്സരിച്ചു ലോക്‌സഭയിലെത്തി. ഒരേസമയം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ജയിച്ചുകയറിയ ദമ്പതികള്‍ എന്ന റിക്കാര്‍ഡും ഇവര്‍ക്കു സ്വന്തം. നിയമസഭയില്‍ 1957 ഏപ്രില്‍ 10ന് ആദ്യ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടെം സ്പീക്കര്‍ പദവിയും റോസമ്മ പുന്നൂസിനു ലഭിച്ചു. നിയമസഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത വനിതാ പ്രതിനിധിയും ഇവരായി. കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടമായപ്പോഴും റോസമ്മ പുന്നൂസിനുമേല്‍ മറ്റൊരു ചരിത്രം എഴുതി. 1958ല്‍ കേരളത്തിലെ ആദ്യ നിയമസഭ ഉപതെരഞ്ഞെടുപ്പ് ദേവികുളത്തു വന്നപ്പോള്‍ റോസമ്മ വീണ്ടും സ്ഥാനാര്‍ഥി. 1958 മേയ് 16നു നടന്ന തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ചപ്പോള്‍ ആദ്യ ഉപതെരഞ്ഞെടുപ്പു വിജയിയെന്ന ബഹുമതിയും ലഭിച്ചു. മാര്‍ക്കിംഗ് സിസ്റ്റത്തിലൂടെ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇത്തരത്തിലുള്ള റിക്കാര്‍ഡുകള്‍ നിയമസഭയുടെ ചരിത്രത്തില്‍ എക്കാലവും റോസമ്മ പുന്നൂസിനു സ്വന്തമായിരിക്കും.

ഇന്നു നൂറാം പിറന്നാളിന്റെ മധുരം പങ്കുവയ്ക്കുമ്പോള്‍ നിയമസഭയുടെ ആദരവ് സമര്‍പ്പിക്കാന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കുന്നന്താനത്തെ വീട്ടില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

1960നുശേഷം റോസമ്മ പുന്നൂസ് മത്സരിക്കുന്നത് 1987ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ്. ആലപ്പുഴയില്‍നിന്ന് അന്നു നിയമസഭയിലെത്തി. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കും അങ്ങനെ റോസമ്മ പുന്നൂസ് സഹപ്രവര്‍ത്തകയായി. ഇന്നലെ ഉച്ചകഴിഞ്ഞ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല റോസമ്മ പുന്നൂസിനെ സന്ദര്‍ശിച്ച് അനുമോദനങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ പുതുതലമുറ രാഷ്ട്രീയക്കാരുമായുള്ള സൗഹൃദം ആ മുഖത്തു പ്രകടമായിരുന്നു. മുന്‍ എംഎല്‍എ ജോസഫ് എം.പുതുശേരി, ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ചെന്നിത്തല കുന്നന്താനത്തെത്തിയത്.

നൂറാം വയസിലും പത്രപാരായണത്തില്‍ താത്പര്യം കാട്ടുകയും ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ വായിച്ചു മനസിലാക്കുകയും ചെയ്യുന്ന റോസമ്മ പുന്നൂസിനു പുതുതലമുറ നേതാക്കളെ മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാകുന്നില്ല. മകന്‍ ഡോ. തോമസ് പുന്നൂസ് സലാലയിലും മകള്‍ ഡോ. ഗീത അബുദാബിയിലുമാണ്. ആഘോഷങ്ങളില്‍ താത്പര്യമില്ലാത്തതിനാല്‍ നൂറാം ജന്മദിനത്തില്‍ രാവിലെ കുടുംബാംഗങ്ങള്‍ കേക്കു മുറിച്ചു ചെറിയൊരു ചടങ്ങു മാത്രം വീട്ടില്‍ നടത്തും. മകന്‍ ഡോ.തോമസ് പുന്നൂസ് നാട്ടിലെത്തിയിട്ടുണ്ട്. സലാലയിലായിരുന്ന റോസമ്മ പുന്നൂസ് ആറു മാസംമുമ്പ് മരുമകള്‍ക്കൊപ്പം ചെന്നൈയിലെത്തിയതാണ്. ഇതിനിടെയാണ് നൂറാം ജന്മദിനം കടന്നുവന്നത്. ഇതു നാട്ടിലാകട്ടെയെന്നു കരുതിയാണ് കുന്നന്താനത്തെ കുടുംബവീട്ടിലെത്തിയത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code