അറ്റ്ലാന്റാ : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്റെ ഇരുപത്തി ഒന്നാമത് ഭദ്രാസന കോൺഫ്രറൻസ് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്തു. ഭവനങ്ങൾ സാക്ഷ്യത്തിന്റെ ഇടങ്ങൾ ആകണമെന്നും, ദൈവാനുഭവങ്ങൾ പുതിയ തലമുറയുമായി പങ്കുവെച്ച് വിശ്വാസത്തിലും, ക്രിസ്തിയ പാരമ്പര്യത്തിലും പുതിയ തലമുറയെ വാർത്തെടുക്കുവാൻ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്ന് ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് ഉത്ബോധിപ്പിച്ചു.
ഉത്ഘാടന സമ്മേളനത്തിൽ വികാരി ജനറാൾ വെരി റവ.ഡോ.ശ്യാം പി.തോമസ്, റവ. സ്കറിയ വർഗീസ്, റവ. ജേക്കബ് തോമസ്, ജോർജ് പി.ബാബു (ഭദ്രാസന ട്രഷറാർ), റവ. ജോബി ജോൺ( ഭദ്രാസന സേവികാ സംഘം വൈസ് പ്രസിഡന്റ് ), നോബി ബൈജു (ജനറൽ സെക്രട്ടറി), മേഴ്‌സി തോമസ് ( ട്രഷറാർ ), സുമാ ചാക്കോ ( അസംബ്ലി മെമ്പർ ), ബ്ലെസി ഫിലിപ്പ് ( കോൺഫറൻസ് ജനറൽ കൺവീനർ ) എന്നിവർ സംസാരിച്ചു.
ഒക്ടോബർ 3 വ്യാഴാഴ്ച വൈകിട്ട് അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ തുടക്കം കുറിച്ച സമ്മേളനത്തിന് ബാംഗ്ളൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ഡയറക്ടറും, വികാരി ജനറാളും ആയ റവ.ഡോ.ശ്യാം പി. തോമസ് മുഖ്യ നേതൃത്വവും, ഡോ. മാർത്ത മൂർ കെയ്‌ഷ്, ആൻസി റെജി മാത്യൂസ്, സൂസൻ സജി എന്നിവർ വിവിധ സെഷനുകൾക്കും നേതൃത്വം നൽകും.
Live to Leave A Legacy എന്ന മുഖ്യചിന്താ വിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന കോൺഫറൻസിൽ ഭദ്രാസനത്തിലെ വിവിധ ഇടവകളിൽ നിന്ന് ഏകദേശം 550 ൽ പരം സേവികാ സംഘാഗങ്ങളും അനേക വൈദീകരും പങ്കെടുക്കുന്നു. അറ്റ്ലാന്റാ മാർത്തോമ്മാ ഇടവക സേവികാസംഘം ആതിഥേയത്വം വഹിക്കുന്ന ഈ കോൺഫറൻസ് ഒക്ടോബർ 6 ഞായറാഴ്ച ആരാധനയോടും, വിശുദ്ധ കുർബ്ബാന ശുശ്രുഷയോടും കൂടെ സമാപിക്കും.
Comments