ഫിലാഡല്‍ഫിയ: ചിക്കാഗൊ രൂപതാമെത്രാന്മാരുടെയും, ഫിലാഡല്‍ഫിയ അതിരൂപതാമെത്രാന്റെയും, കൂരിയാ വൈദികരുടെയുംപങ്കാളിത്തം, എസ്. എം. സി. സി. നാഷണല്‍ നേതൃനിരയുടെ സാന്നിദ്ധ്യം, പുതുപ്പള്ളി എം. എല്‍. എ ചാണ്ടി ഉമ്മന്റെ ആശംസകള്‍, വിവിധ മീഡിയാപ്രതിനിധികളുടെ തല്‍സമയ റിപ്പോര്‍ട്ടിങ്ങ്, കൃത്യമായ ടൈം മാനേജ്‌മെന്റ്, ആത്മീയാഘോഷങ്ങള്‍ക്കൊപ്പം ആധുനികടെക്‌നോളജിയുടെ സഹായത്താല്‍ ഹൃദ്യമായി അവതരിപ്പിക്കപ്പെട്ട കലാപരിപാടികള്‍, ഈടുറ്റ ചര്‍ച്ചാസമ്മേളനങ്ങള്‍, ന്യൂജേഴ്‌സി ലെജിസ്ലേറ്റീവ് മെംബര്‍ സ്റ്റെര്‍ലി സ്റ്റാന്‍ലി യുടെ സാന്നിദ്ധ്യത്തില്‍ നടന്ന ബിസിനസ് സമ്മിറ്റ്, സ്വാദിഷ്ടമായ ഭക്ഷണം എന്നിവയാല്‍ സമ്പന്നമായസീറോമലബാര്‍ നാഷണല്‍ കുടുംബസംഗമം ഞായറാഴ്ച്ച ഫിലാഡല്‍ഫിയയില്‍ സമാപിക്കുമ്പോള്‍ അതിന്റെ ബാക്കിപത്രമായി വിശ്വാസവളര്‍ച്ചയും, സൗഹൃദം പുതുക്കലും, പങ്കുവക്കലും, കുടുംബനവീകരണവും എടുത്തുപറയാം.
ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതയിലെ പ്രമുഖ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ രൂപതയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടത്തപ്പെട്ട ത്രിദിന ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചപ്പോള്‍ പങ്കെടുത്തവര്‍ക്ക് പലതുകൊണ്ടും സമാശ്വസിക്കാനുണ്ട്.
മൂന്നുദിവസങ്ങളിലായി നടന്ന ആത്മീയ ശുശ്രൂഷകള്‍ക്ക് ചിക്കാഗൊ സീറോമലബാര്‍ രൂപതാ മെത്രാന്മാരായ മാര്‍ ജോയ് ആലപ്പാട്ട്, എമരിത്തൂസ് ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫിലാഡല്‍ഫിയ അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ എഫ്രേണ്‍ എസ്മില്ല, ചിക്കാഗൊ രൂപതാ വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, എസ്. എം. സി. സി. നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍, രൂപതാ ചാന്‍സലറും, ഫിലാഡല്‍ഫിയ ഇടവകവികാരിയുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സഹവികാരി റവ. ഫാ. റിനേഴ്‌സ് കോയിക്കലോട്ട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. സമീപ ഇടവകകളിലെ വൈദികര്‍, സി. എം. സി. സിസ്റ്റേഴ്‌സ് എന്നിവരുടെ സാന്നിധ്യവും ശുശ്രൂഷകളെ സമ്പുഷ്ടമാക്കി.
സീറോമലബാര്‍ വിശ്വാസ പാരമ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ലിറ്റര്‍ജിക്കല്‍ ആഘോഷങ്ങളോടൊപ്പം, കണ്ണിനും, കാതിനും, മനസിനും ഒന്നുപോലെ കുളിര്‍മ്മയേകിയ വിവിധരസക്കൂട്ടുകലാപരിപാടികളും ത്രിദിനകുടുംബ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിക്കുന്നു. വെള്ളിയാഴ്ച്ച വ്യത്യസ്ത രുചിഭേദത്തിന്റെ സ്വരരാഗസംഗീതമസാലക്കൂട്ടുകളുമായി പ്രശസ്തസംഗീത ബാന്‍ഡായ 'മസാലകോഫി'യുടെ അത്യുഗ്രപ്രകടനം, പാടും പാതിരി റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സി. എം. ഐ; ഗായകരായ ബ്രിസ്റ്റോ സേവ്യര്‍, സുഷമ പ്രവീണ്‍ എന്നിവര്‍ നയിച്ച സായാഹ്ന്ന സംഗീതം, മാര്‍ഗംകളി, വില്ലുപാട്ട്, വിജ്ഞാനപ്രദമായ ചര്‍ച്ചാസമ്മേളനങ്ങള്‍, വിവിധ സീറോമലബാര്‍ ദേവാലയ ഗായകസംഘങ്ങള്‍ അവതരിപ്പിച്ച ക്വയര്‍ഫെസ്റ്റ്, കാണികളുടെ നിരന്തര കയ്യടി കരസ്ഥമാക്കിയ ഫണ്‍ റാമ്പ് വാക്ക്, കുട്ടികളുടെ പ്രെയര്‍ ഡാന്‍സ്, സീറോമലബാര്‍ പയനിയേഴ്‌സിന്റെ മുതിര്‍ന്ന മക്കളുടെ ഡാന്‍സ്, മാതാ ഡാന്‍സ് അക്കാഡമി കുട്ടികളുടെ സംഘനൃത്തം, നസ്രാണിതനിമയിലുള്ള ഘോഷയാത്ര എന്നിവ കാണികളൂടെ മനം കവരുന്നതായിരുന്നു.
ചിക്കാഗോ രൂപതാ മെത്രാന്മാനും, കൂരിയാ വൈദികരും കാര്‍മ്മികരായ ഞായറാഴ്ച്ചയിലെ ആഘോഷമായ ദിവ്യബലിയെതുടര്‍ന്ന് വിവാഹജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിട്ട തോമസ് തോമസ് പാലത്ര/ ഡെയ്‌സി (സ്റ്റാറ്റന്‍ ഐലന്‍ഡ്), സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ബെന്നി അവനാപുരത്ത്/മിനിമോള്‍ (ലോങ്ങ് ഐലന്‍ഡ്), ജയിംസ് കുരുവിള/റോസമ്മ (ഫിലാഡല്‍ഫിയ), തോമസ് ചാക്കോ/ആഷ (ഫിലാഡല്‍ഫിയ) ജൂബിലി ദമ്പതിമാരെ ബൊക്കെ നല്‍കി പിതാക്കന്മാര്‍ ആശീര്‍വദിച്ചനുഗ്രഹിച്ചത് അവരുടെ ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കാനുള്ളധന്യമുഹൂര്‍ത്തമായിരുന്നു.
'ജൂബിലി മംഗളഗാനം പാടാം, എസ്. എം. സി. സി. യില്‍ അണിചേരാം' എന്നു തുടങ്ങുന്ന ശ്രുതിമധുരമായ അവതരണഗാനം സീറോമലബാര്‍ കുടുംബസംഗമത്തിനു മിഴിവേകി. മൂന്നുദിവസങ്ങളിലായി കൃത്യമായ ക്വാളിറ്റി പ്രോഗ്രാമുകളുമായി സമയബന്ധിതമായി നടത്തപ്പെട്ട ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാവരും ആതിഥേയരായ ഫിലാഡല്ഫിയാ ഇടവകയെ അഭിനന്ദനങ്ങള്‍ അറിയിച്ച് സന്തുഷ്ടരായി മടങ്ങി.
ഫോട്ടോ: ജോസ് തോമസ്
Comments