സിയാറ്റില്‍: മഹാത്മാഗാന്ധിയുടെ പ്രതിമ സിയാറ്റില്‍ സെന്ററില്‍ അനാച്ഛാദനം ചെയ്തതായി സിയാറ്റിലിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ. ‘ഗാന്ധി പ്രതിമ സിയാറ്റില്‍ സെന്ററിനെ അലങ്കരിക്കുന്നുവെന്നും മഹാത്മാഗാന്ധിയുടെ ആദ്യ പ്രതിമ ഇന്ന് സിയാറ്റിലില്‍ അനാച്ഛാദനം ചെയ്തുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു.
ഗാന്ധിജിയുടെ ജീവിതവും സന്ദേശവും ഇപ്പോള്‍ യുഎസ് പസഫിക് നോര്‍ത്ത് വെസ്റ്റില്‍ പ്രതിധ്വനിക്കുന്നുവെന്നും, ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക ഭൂപ്രകൃതിക്ക് പേരുകേട്ട സിയാറ്റില്‍ നഗരത്തില്‍ സവിശേഷമായ ഒരു കൂട്ടിച്ചേര്‍ക്കലായെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്സിലെ പോസ്റ്റില്‍ പറഞ്ഞു. ചിഹുലി ഗാര്‍ഡനും ഗ്ലാസ് മ്യൂസിയത്തിനും സമീപമാണ് പ്രതിമ സ്ഥാപിച്ചത്.
അനാച്ഛാദന ചടങ്ങില്‍ സിയാറ്റില്‍ മേയര്‍ ബ്രൂസ് ഹാരെല്‍, കോണ്‍ഗ്രസ് അംഗം ആദം സ്മിത്ത്, കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍, പസഫിക് നോര്‍ത്ത് വെസ്റ്റിലെ യുഎസ് ഫസ്റ്റ് കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ സേവ്യര്‍ ബ്രണ്‍സണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ചെയര്‍ എഡ്ഡി റൈ, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പ്രകാശ് ഗുപ്ത എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഗാന്ധി ജയന്തി ദിനത്തില്‍ ആദരമര്‍പ്പിച്ച് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Comments