Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാംസ്‌കാരിക മലയാളി ഉണരണം (സിബി ഡേവിഡ് , ന്യൂയോർക്ക്)

Picture

അമേരിക്കൻ മലയാളികളുടെ സംയുക്ത സാംസ്‌കാരിക കൂട്ടായ്മകളായ ഫൊക്കാനയും ഫോമയും രണ്ടായിരത്തിയിരുപത്തിനാലിലെ കൺവെൻഷനുകൾ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി നടത്തപ്പെടുന്ന പശ്ചാത്തലത്തിൽ തകൃതിയായി നടക്കുന്ന പ്രചരണ കോലാഹലങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ നിറഞ്ഞു കവിയുന്നു. പൊതുതാല്പര്യങ്ങൾ മാത്രം ലക്ഷ്യമാക്കി ഈ സാഹചര്യങ്ങൾ നിരീക്ഷിക്കുമ്പോൾ, ഈ കൺവെൻഷനുകളുടെ പ്രധാന ഹൈലൈറ്റ് അടുത്ത ടേമിലേക്കുള്ള തിരഞ്ഞെടുപ്പ് മാത്രമാണോയെന്ന് സംശയം തോന്നും.

മറ്റേതൊരു കുടിയേറ്റ സമൂഹത്തെയും പോലെ രണ്ടു ഭിന്ന സംസ്കാരങ്ങളിൽ ജീവിക്കേണ്ടി വരുന്ന സ്ഥിതിയും അമേരിക്കൻ മലയാളിക്കുണ്ട്. മലയാളി സംഘടനകളിൽ കാണിക്കുന്ന ഉത്സാഹത്തെക്കാളേറെ മുഖ്യധാരാ അമേരിക്കൻ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ അല്ലെ കുടിയേറ്റ സമൂഹം എന്ന നിലയിൽ നമ്മൾ പ്രവർത്തിക്കേണ്ടത് ? അമേരിക്കയിൽ സാഹചര്യങ്ങൾ മാറുകയാണ്. പത്തു വർഷങ്ങൾക്ക് മുൻപ് ചിന്തിക്കാൻ കഴിയാത്ത തരത്തിൽ അമേരിക്കൻ രാഷ്ട്രീയ രംഗം മാറിക്കഴിഞ്ഞിരിക്കുന്നു.

അനധികൃതകുടിയേറ്റം പോലുള്ള വിഷയങ്ങൾ ഉൾപ്പടെ സാധാരണക്കാരനെപ്പോലും ബാധിക്കുന്ന വിഷയങ്ങൾ ഇന്ന് സർവ്വ തലങ്ങളിലും സംസാരമായിക്കഴിഞ്ഞിരിക്കുന്നു. മൂന്നും നാലും തലമുറയായിക്കഴിഞ്ഞ മലയാളിക്കുടുംബങ്ങൾ ഇപ്പോഴും പള്ളി, ജോലി, പരദൂഷണം എന്നീ മൂന്നോ നാലോ കാര്യങ്ങളിൽ അഭിരമിക്കുകയാണ്. ഭദ്രമായ ഒരു ജോലി എന്നതിനപ്പുറത്തേക്ക് ഇപ്പോഴും ചിന്തിക്കാൻ നമ്മുടെ മനസ്സ് പാകമായിട്ടില്ല. അമേരിക്കൻ ദേശീയതലത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങളുടെ അലകൾ ഉയർന്നുകഴിഞ്ഞു. അവിടവിടങ്ങളിലായി രാഷ്ട്രീയരംഗത്ത് നിരവധി ഭാരതീയരും അതിൽത്തന്നെ ചുരുക്കം മലയാളികളും രംഗപ്രവേശം ചെയ്തുകഴിഞ്ഞു.

അമേരിക്കൻ മുഖ്യധാരാരഷ്ട്രീയത്തിലേക്കും സാമൂഹ്യ പ്രവർത്തനങ്ങളിലേക്കും കൈപിടിച്ചുയർത്തേണ്ട ചുമതലകൂടി ഈ സാംസ്‌കാരിക സംഘടനകൾക്കുണ്ട്. സത്യസന്ധമായി പറയട്ടെ, വ്യക്തിപരമായ ഒരു അവലോകനം ചെയ്യാതെ ഒരു പാനലിന്റെ പേരിൽ ആളുകളെ ഉത്തരവാദിത്വപ്പെട്ട സംഘടനാപദവികളിൽ തിരഞ്ഞെടുത്താൽ പൊതുസമൂഹത്തിൽ പ്രേത്യകിച്ചു് ഒരു ഗുണവും ഉണ്ടാകില്ല. മാത്രമല്ല അത് ദോഷവും വരുത്തി വയ്ക്കും. അമേരിക്കൻ മലയാളികളുടെ സംഘടനാപ്രവർത്തനമെന്നാൽ സർക്കാരുദ്യോഗം പോലെയോ മറ്റു സേവന സ്ഥാപനങ്ങൾ പോലെയോ അധികാരമോ പ്രസക്തിയോ ഇല്ല. പ്രധാനമായും സാമൂഹ്യ - സാംസ്‌കാരിക ഇടപെടലുകൾ മാത്രമാണ്.

ഓരോ പാനലും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ആഹ്വനം ചെയ്തുകൊണ്ട് പ്രചാരണം നടത്തുമ്പോൾ പറയാതെ പറയുന്ന ഒരു സംഗതിയുണ്ട്. 'സ്ഥാനാർത്ഥിയുടെ പൂർവ്വകാല പ്രവർത്തി പരിചയമോ, പരിചയം ഇല്ലായ്മയോ നിങ്ങൾ കാര്യമാക്കണ്ട, ഞങ്ങളുടെ ടീമിലായതുകൊണ്ട് നിങ്ങൾ അവരെ കണ്ണുമടച്ച് വിശ്വസിച്ച് വിജയിപ്പിക്കണം' എന്ന്. ഒരാൾ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു പിന്തുണ ആവശ്യപ്പെടുമ്പോൾ, അയാൾ അതിന് യോഗ്യനാണോ എന്ന് പരിശോധിക്കാൻ വോട്ട് ചെയ്യുന്നയാൾക്ക് അവകാശമുണ്ട്, അഥവാ ഉത്തരവാദിത്വമുണ്ട്. ന്യായമായും സ്വാതന്ത്രബുദ്ധിയിൽ ചിന്തിക്കുന്നയൊരാളുടെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഉയരും. ഈ വ്യക്തി ഈ പദവി കൈകാര്യം ചെയ്യാൻ യോഗ്യനാണോ ? പൊതു സമൂഹത്തിൽ ഈ വ്യക്തിയുടെ സംഭാവന എന്താണ് ? എല്ലാവരെയും യോജിപ്പിച്ചു പ്രവർത്തിക്കാൻ ഈ വ്യക്തി പ്രാപ്തനാണോ ? ഇത്തരം പൊതുപ്രവർത്തനത്തിന് സമയവും പണവും കണ്ടെത്താൻ ഈ വ്യക്തിക്ക് സാഹചര്യം ഉണ്ടോ ? അതിലേറെ ആ വ്യക്തിയുടെ മനോഭാവം പൊതുസമൂഹത്തിന് നന്മക്കുതകുന്നതാണോ? ഈ വ്യക്തിക്ക് നല്ല കമ്മ്യൂണിക്കേഷൻ പ്രാപ്തിയുണ്ടോ? ഇങ്ങനെ വിശദമായ ഒരു അവലോകനം അനിവാര്യമാണ്.

പ്രചരണാർത്ഥം സ്ഥാനാർത്ഥി കാണിക്കുന്ന പല പ്രഹസനകളും കണക്കാക്കേണ്ടതില്ല. പകരം അവരുടെ കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷക്കാലത്തെ പ്രവർത്തികൾ നോക്കിയാൽ മതി. അവർ ഇടപെട്ട തലങ്ങളിലെ, സമൂഹങ്ങളിലെ അവരുടെ സംഭാവന, അത് എത്രമാത്രമുണ്ടായിരുന്നു എന്ന്. ഒരു കാര്യമുണ്ടെങ്കിൽ ഒരു കാരണവുമുണ്ടാകുമല്ലോ.

ചില ആളുകൾക്ക് ഒരു അലങ്കാരമായോ പൊങ്ങച്ചമായോ കൊണ്ടുനടക്കാൻ വേണ്ടി മാത്രം ഒരു പൊസിഷൻ. പലരും ക്രിയാത്മകമായി ഇടപെടാതെ വെറും ഉപരിപ്ലവമായ പ്രഹസനങ്ങളിൽ മാത്രം അഭിരമിക്കുന്നവരാണ്. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ പ്രഖ്യാപനങ്ങൾ നടത്തും. ചിലരെങ്കിലും ഓർക്കുന്നുണ്ടാകും, സ്വന്തമായി ആസ്ഥാനം പണിയുമെന്നോ വാങ്ങുമെന്നോ എന്നൊക്കെ പ്രചരിപ്പിച്ചിരുന്നത്. എവിടെ വാഗ്ദാനം ചെയ്ത ആ കമ്മ്യൂണിറ്റി സെന്റർ ?

അക്കൗണ്ടബിലിറ്റി, റിലയബിലിറ്റി, ഡിലിജൻസ് എന്നീ ഗുണങ്ങൾ ആയിരിക്കണം ഒരു ലീഡറുടെ മുഖ്യയോഗ്യതകൾ. പൊതുവിന് വേണ്ടി പ്രവർത്തിക്കുകയും പ്രവർത്തിച്ച തലങ്ങളിൽ മികവ് തെളിയിക്കുകയും ചെയ്തവരാണ് സാമൂഹ്യസേവനരംഗത്ത് വരേണ്ടത്. ഇവിടെ ഒരു സംഘടനകളിലും ഒരിക്കലും പ്രവർത്തിക്കാത്തവർ പിന്നീട് രക്ഷകരായി വേഷം കെട്ടുന്നത് കണ്ടിട്ടുണ്ട്.

ഫൊക്കാനയും ഫോമയും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രണ്ടു സംഘടനകൾ. രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന കൺവെൻഷനുകൾ ആണ് പ്രധാന പരിപാടികൾ. കൂടാതെ ഇടവർഷങ്ങളിൽ കേരളത്തിലും കൺവെൻഷൻ നടത്തുന്നു. ആവശ്യഘട്ടങ്ങളിൽ കേരളത്തിൽ ചില സാമൂഹ്യ സേവനങ്ങൾ നടത്തുന്നു. മറ്റു ചില പരിപാടികൾ നാമമാത്രമായെങ്കിലും നടത്തുന്നു. പിന്നെ, കേരളത്തിലെ മന്ത്രിമാരുടെ ആത്മാവ് കേറിയെന്നു തോന്നിപ്പിക്കുംപോലെ കുറെ പാഴ് വാഗ്ദാനങ്ങളും.

അമേരിക്കൻ മലയാളി സംഘടനകളൊ അതിലെ സ്ഥാനങ്ങളൊ ഒരു സർക്കാരോ മന്ത്രിസ്ഥാനമോ അല്ലെങ്കിലും സാമൂഹ്യ തലത്തിൽ പ്രസക്തമാണ്. വിഷുവിനും, ഈസ്റ്ററിനും, ഓണത്തിനും ചെണ്ടകൊട്ടും സാംസ്കാരികപരിപാടികളും നടത്തുക എന്ന രീതികളെക്കാൾ സാഹചര്യങ്ങൾ ഏറെ മാറി. ഇവിടെ പതിറ്റാണ്ടുകൾക്കു മുൻപ് കുടിയേറിവർ മാത്രമല്ല ജീവിക്കുന്നത്. ഇന്ന് ഇവിടെയെത്തുന്നവരിൽ വിവിധ തരത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരുണ്ട്. ഇവിടെയെത്താൻ വിസ കിട്ടിയിട്ടും പല കാരണങ്ങളാൽ വർക്ക് ചെയ്യാൻ അനുവാദമില്ലാത്തവർ, അടിയന്തര സാഹചര്യങ്ങളിൽ കോൺസുലേറ്റ് തലത്തിൽ സഹായം വേണ്ടവർ, അപകടങ്ങളിൽ പെട്ടവർ, അവരുടെ കുടുംബങ്ങൾ, വിദേശ രാജ്യങ്ങളിൽ സാങ്കേതികകാരണത്താൽ കുടുങ്ങിപ്പോയവർ, ഗാർഹിക വിഷയങ്ങൾ ഉൾപ്പടെ അടിയന്തര സാഹചര്യങ്ങളിൽ വിവിധ തലങ്ങളിലുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനുള്ള പ്ലാറ്റ് ഫോമുകളാണ് ഈ സംഘടനകൾ.

അടുത്തിടെ ന്യൂ യോർക്കിലെ ബ്രൂക്കിലിനിൽ ഒരു മരണം നടന്നു. ജഡം അനാഥമായി അപ്പാർട്മെന്ടിൽ കിടക്കുന്നു. ആരും സഹായിക്കാനില്ല. ന്യൂ യോർക്കിൽ ഉള്ള ഒരു പൊതുപ്രവർത്തകന് കേരളത്തിൽ നിന്നും ഒരു ടെലിഫോൺ കാൾ വരുന്നു. ഇവിടെ ആരും ബന്ധുക്കളായില്ല. ആരെയും പരിചയവുമില്ല. പിന്നെ എങ്ങനെയോ കിട്ടിയ നമ്പരിൽ ആണ് ന്യൂ യോർക്കിൽ ഉള്ള ഈ കമ്യൂണിറ്റി നേതാവിനെ വിളിച്ചത്. ആ വ്യക്തി ഉടൻ കേന്ദ്ര സംഘടനയുടെ നേതാക്കളെ വിളിച്ചു. ഒരു സഹായവും കിട്ടിയില്ല. മറ്റൊരു പോംവഴിയും ഇല്ലാതെ ഉടൻ തന്നെ കോൺസുലേറ്റുമായി ബന്ധപ്പെട്ട് സ്വയം രംഗത്തിറിങ്ങി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു. ഇങ്ങനെ എത്രയോ സാഹചര്യങ്ങളിൽ സാധാരണക്കാരന് സഹായം വേണ്ടി വരും.

കാര്യങ്ങളിൽ സ്വമേധയാ ഇടപെടാനും ഇടപെടലുകൾ നടത്തി ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാനും കഴിവുള്ളവരാണ് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടത്. ഇത് പൂർണമായും ഒരു പ്രതിഫലവും കൂടാതെയാണ്. ഇതിന് പലപ്പോഴും സ്വന്തം പോക്കറ്റിൽ നിന്നും സാമ്പത്തികമായി ചെലവാക്കേണ്ടി വരും.

ഇതിനും പുറമെയാണ് കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഏകോപനവും നടത്തിപ്പും പോലുള്ള കാര്യങ്ങൾ. പ്രേത്യകിച്ചു മേഖല തലത്തിൽ സ്ഥാനങ്ങൾ എടുക്കുന്നവർ, മറ്റു സംഘടനകളെയും അതിലെ പ്രവർത്തകരെയും ഉൾപ്പെടുത്തി പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം. പ്രചാരണസമയത്ത് കാണിക്കുന്ന കോലാഹലങ്ങൾ കണ്ടാൽ ചിലർ മന്ത്രിയോ മറ്റോ ആകാൻവേണ്ടിയാണോ മത്സരിക്കുന്നതെന്ന് തോന്നിപ്പോകും.

സ്വന്തം കൈയ്യിൽ നിന്ന് അഞ്ചു പൈസ മുടക്കി പൊതുകാര്യത്തിന് എന്തെങ്കിലും സഹായം ചെയ്യാത്തവർ. ഒരു മീറ്റിങിനും ആതിഥേയത്വം നല്കാത്തവർ. മറ്റു വ്യക്തികൾക്കെതിരെ പരദൂഷണം എന്ന കലയിൽ മിടുക്കരായവർ. നന്നായി പ്രവർത്തിക്കുന്ന സംഘടനകളെ ഛിദ്രമാക്കാൻ പ്രേത്യക കഴിവ് കാണിക്കുന്നവർ. കാര്യമായി പ്രവർത്തിക്കാതെ എവിടെയും മുൻപന്തിയിൽ ഇടിച്ചുകയറുന്നവർ. സമൂഹത്തിൽ തരംതിരിവുകൾ നടത്തി ഭിന്നിപ്പിച്ചു മുതലെടുക്കുന്നവർ. നല്ല കമ്മ്യൂണിക്കേഷൻ പ്രാപ്തിയില്ലാത്തവർ. സ്വന്തം കുടുംബത്തെ ശരിയാംവണ്ണം പരിരക്ഷിക്കാത്തവർ. ഇത്തരക്കാരെ തിരഞ്ഞെടുത്താൽ അവർ സമൂഹത്തിന് ബാധ്യതയായി വരും. ഫൊക്കാന / ഫോമാ സംഘടനകളുടെ നേതൃത്വങ്ങളോട് ഒരു അപേക്ഷ.

അമേരിക്കയിൽ അഞ്ചോ ആറോ ലക്ഷം മലയാളികൾ ഉണ്ട്. ഇവരിൽ ചെറിയൊരു വിഭാഗം എഴുപതുകളിലും എൺപതുകളിലും ഇവിടേക്ക് കുടിയേറിയവരാണ്. ഇക്കൂട്ടർ മിക്കവാറും എല്ലാവരും റിട്ടയർമെന്റ് പ്രായം കടന്നവരാണ്. എല്ലാവരുംതന്നെ പൊതുവെ പറയുന്നതുപോലെ സാമ്പത്തികമായി ഉന്നതശ്രേണിയിൽ അല്ല. പല നഗരങ്ങളിലായി കഴിയുന്ന ചിലരെങ്കിലും വൈധവ്യം അനുഭവിക്കുന്നവരാണ്. ജീവിതത്തിന്റെ അവസാനപാദം ജീവിച്ചുതീർക്കുകയാണവർ.

1. പ്രായമുള്ളവർക്കായി അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്ന ഓൺ ലൈൻ പരിശീലന പരിപാടി പ്രയോജനം ചെയ്യും. എക്സൽ, വേർഡ് തുടങ്ങിയ ടൂൾസ് ഉപയോഗിക്കാൻ പഠിപ്പിക്കാം. സെർച്ച് എൻജിൻ ഉപയോഗം എങ്ങനെ സമർത്ഥമായി ഉപയോഗിക്കാം. യൂട്യൂബ്, ഗൂഗിൾ തുടങ്ങിയ ഓൺ ലൈൻ സംവിധാനങ്ങൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം. ഓൺ ലൈൻ കെണികളിൽ പെടാതെ സൂക്ഷിക്കാൻ ഉതകുന്ന കമ്പ്യൂട്ടർ പരിശീലനം. പാസ്സ്‌വേർഡ് എങ്ങനെ സുരക്ഷിതമായി ക്രിയേറ്റ് ചെയ്യാം / സൂക്ഷിക്കാം / ഉപയോഗിക്കാം.

2. യുവ തലമുറയെ കലാ - സാംസ്കാരികമായി ഏകീകരിക്കുന്ന പദ്ധതി. കായികരംഗത്ത് പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ.

3. അതാത് കോൺസുലേറ്റുകളുമായി ചേർന്ന് പാസ്പോര്ട്ട്, വിസ തുടങ്ങി വിവിധ തരത്തിലുള്ള സേവനങ്ങൾ കോർഡിനേറ്റ് ചെയ്യാം.

4. ഫൊക്കാനയും ഫോമയും ഒരേ വർഷം കൺവെൻഷനുകൾ നടത്താതെ ഒന്നിടവിട്ട വർഷങ്ങളിൽ അവരുടെ കൺവൻഷനുകൾ നടത്തുകയാണെങ്കിൽ കൂടുതൽ പേർക്ക് ഈ രണ്ട് കൺവെൻഷനുകളിലും ഒരു വെക്കേഷനായി പങ്കെടുക്കാൻ സാധിക്കും. ഇതിൽ ഒരു സംഘടന രണ്ടായിരത്തിയിരുപത്തിയഞ്ചിൽ അമേരിക്കയിൽ കൺവെൻഷൻ നടത്തുകയും രണ്ടായിരത്തിയിരുപത്തിയാറിൽ കേരളത്തിൽ പരിപാടി നടത്തുകയും ചെയ്താൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ സാധിക്കും. രണ്ടു കൺവെൻഷനുകളും ഒരേ വർഷം വരുന്നതുകൊണ്ട് രണ്ടിലും പങ്കെടുക്കാൻ ആഗ്രഹമുള്ള എല്ലാവര്ക്കും സാധിക്കില്ല. പ്രേത്യകിച്ചു വെക്കേഷൻ പ്ലാൻ ചെയ്യാൻ ഇത് സഹായിക്കും. ഇത് പങ്കാളിത്തം വർദ്ധിപ്പിക്കും.

5. കേരളത്തിന്റെയും ഭാരതത്തിന്റെയും സംസ്കാരങ്ങളുടെ ആത്മാവ് കണ്ടറിയാൻ പഠിപ്പിക്കുന്ന സമ്മർ ഹെറിറ്റേജ് അവധിക്കാല യാത്രകൾ എല്ലാ വർഷവും സംഘടിപ്പിക്കാം.

നിലവിൽ കണ്ടുവരുന്ന ഒരു വിഷയം ഈ സംഘടകനളൊക്കെ ഏതാനും സാംസ്‌കാരിക പദ്ധതികൾ കാലാകാലങ്ങളായി നടത്തിയിട്ടുണ്ട്. എന്നാൽ ഈ പരിപാടികളുടെയൊക്കെ കണ്ടിന്യൂയിറ്റി ഇല്ലായ്മ തത്വത്തിൽ തക്കതായ ഫലം കൊണ്ടുവരില്ല. ഓരോ ടീമും വരുമ്പോൾ ആരംഭശൂരത്ത പദ്ധതികൾ കൊണ്ടുവരും അതൊക്കെ വന്നതുപോലെ കാറ്റത്ത് പറന്നുപോകയും ചെയ്യുന്നു.

ദർശനം ഉള്ളവരുടെ അഭാവം വെറും ജനാധിപത്യ പ്രഹസനങ്ങൾ ആയി സംഘടനകൾ മാറാൻ കാരണമാകുന്നു. സംഘടനയുടെ ഉയർച്ച ലക്ഷ്യമാക്കി ദീർഘകാല പദ്ധതികൾ വിഭാവനം ചെയ്യാൻ നേതാക്കൾക്ക് കഴിയണം. അതിനു കഴിവുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഏറ്റെടുക്കുന്ന സ്ഥാനങ്ങളുടെ മഹിമയറിയാതെ കളങ്കിതമായ പെരുമാറ്റം സംഘടനയുടെതന്നെ നാശത്തിന് കാരണമാകുന്നു.

'കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം'

എന്തുകൊണ്ട് കഴിവും പ്രാപ്തിയും ഉള്ളവർ സംഘടനാതലത്തിൽ മുന്നോട്ട് വരുന്നില്ല എന്നൊരു ചോദ്യം നില നിലവിലുണ്ട്. ആ ചോദ്യം നമ്മുടെ സംഘടനകളിൽ മാത്രമല്ല, അമേരിക്കൻ രാഷ്ട്രീയത്തിലും ഇന്ത്യൻ രഷ്ട്രീയത്തിലും പ്രസക്തമാണ്.

നേതൃത്വത്തിലുള്ളവർ, ധാർഷ്ട്യം, സ്വാർത്ഥത, സ്വജനപക്ഷപാതം, അലസത, കൃത്യതയില്ലായ്മ എന്നിവ ഉള്ളവരാകരുത്. പണവും മറ്റ് പ്രമാണിത്തവും അല്ല ലീഡർഷിപ്പിന്റെ യോഗ്യത. നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ കഴിഞ്ഞ കുറെ കാലങ്ങളായി അത്തരം ദുഷിച്ച ചില രീതികൾ നിലനിന്നിരുന്നു. അഥവാ നിലനിൽക്കുന്നുണ്ട്.

അതിനേക്കാൾ ഗുരുതരമാണ് ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിലുള്ള സംഘം ചേരൽ. സാംസ്കാരികമായി ഒത്തുകൂടുമ്പോൾ കേരളീയൻ എന്ന ഒരു വികാരമായിരിക്കണം ഓരോ മലയാളിയെയും നയിക്കേണ്ടത്. ആവശ്യത്തിലേറെ മത സമുദായ സംഘടനകൾ നിലവിലുള്ളപ്പോഴാണ് സാംസ്കാരിക സംഘടനകൾക്കുള്ളിലും ഈ വിഷം കലർത്തി കളങ്കിതമാക്കുന്നത്. ഒരു മരം അത് നന്മയുടേതാണോ അതോ പാഴാണോ എന്ന് തിരിച്ചറിയേണ്ടത് പ്രവർത്തിയിലൂടെയാണ്.

തൊണ്ണൂറ്റിയെട്ടിൽ ഏഴായിരത്തിലധികം മലയാളികൾ പങ്കെടുത്ത, റോചെസ്റ്ററിൽ നടന്ന ഫൊക്കാന സമ്മേളനം ഹൃദ്യമായി ഓർക്കുന്നു. ഇന്ന് ഏറിയാൽ ആയിരം അല്ലെങ്കിൽ ആയിരത്തിയഞ്ഞൂറ് ആളുകൾ കൺവെൻഷനുകൾക്കെത്തിയാൽ ഭാഗ്യം. പങ്കാളിത്തംകൊണ്ട് കണക്കാക്കിനോക്കിയാൽ ആറ് ലക്ഷം മലയാളികളുടെ എത്ര ശതമാനം ആളുകൾ ഈ കേന്ദ്രസംഘടനയുടെ കൺവെൻഷനുകളിലോ അല്ലെങ്കിൽ അസ്സോസ്സിയേഷൻ സംഘടനാപ്രവർത്തനങ്ങളിലോ പങ്കെടുക്കുന്നുണ്ട് ? ഏറിയാൽ .33 ശതമാനം മാത്രം (അര ശതമാനത്തിൽ താഴെ). എന്നുവച്ചാൽ മൊത്തം അമേരിക്കൻ മലയാളി ജനസംഖ്യയുടെ ഒരു ശതമാനം പോലും പങ്കെടുക്കുന്നില്ല. എന്നാൽ മതസ്ഥാപനങ്ങളുടെ ദേശിയ കൺവെൻഷനുകളിൽ പതിനായിരം പേര് പങ്കെടുക്കുന്നത് സാധാരണം. ഇന്നും ഭൂരിപക്ഷം മലയാളികളും ആരാധനാലയങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. 'എന്തുകൊണ്ട്' എന്നൊരു ചോദ്യം എന്നെയും നിങ്ങളെയും തുറിച്ചു നോക്കിക്കൊണ്ട് മുന്നിൽ നിൽക്കുന്നുണ്ട്, അതിനുള്ള ഉത്തരവും. ഉത്തരം കണ്ടെത്തി ഒരു തിരുത്തൽപ്രക്രിയയിലൂടെ മലയാളിസംഘടനകൾ വളരട്ടെ. സാംസ്‌കാരിക മലയാളി ഉണരണം.

(സിബി ഡേവിഡ് , ന്യൂയോർക്ക്)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code