Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെള്ളപ്പൊക്കം: ചങ്ങനാശേരി അതിരൂപത ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നു

Picture

ചങ്ങനാശേരി: കഴിഞ്ഞമാസം വടക്കേ ഇന്ത്യയിലും കേരളത്തിലും ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ കനത്ത നാശനഷ്ടങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ചങ്ങനാശേരി അതിരൂപത ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നു. ഈമാസം 14 ഞായറാഴ്ച വിശുദ്ധ കുര്‍ബാനമധ്യേ പ്രത്യേക സ്‌തോത്രകാഴ്ച നടത്തി സഹായധനം സമാഹരിക്കണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

മഴയും വെള്ളപ്പൊക്കവും മൂലം കുട്ടനാട്ടിലും മറ്റു താഴ്ന്ന പ്രദേശങ്ങളിലും വളരെയധികംപേര്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ഭവനം നഷ്ടപ്പെട്ടവര്‍, കൃഷി നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ വളരെപ്പേര്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കത്തെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളും ഗൗരവമായി കാണേണ്ടതുണ്ട്. ഇടവകകളും സംഘടനകളും ഇതിനകം തന്നെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും നേതൃത്വം കൊടുക്കുകയും എല്ലാവരും സഹകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

രാജ്യത്തെ നടുക്കിയ ഭീകരമായ പ്രകൃതി ദുരന്തമാണു ഹിമാലയത്തോടു ചേര്‍ന്നുകിടക്കുന്ന ഉത്തരാഖണ്ഡ് സംസ്ഥാനത്തുണ്ടായത്. അവിടെയുണ്ടായ നഷ്ടം ഇനിയും കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. ആയിരങ്ങള്‍ മരണമടയുകയും അനേകം റോഡുകളും ഗ്രാമങ്ങളും ഒലിച്ചുപോകുകയും ചെയ്തു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യന്‍ സൈന്യം നടത്തിയ ഏറ്റവും ശ്രദ്ധേയമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഈ കഴിഞ്ഞ ആഴ്ചകളില്‍ അവിടെ നടന്നത്. ഇപ്പോഴും പലരും ദുരന്തത്തിന്റെ പിടിയിലാണ്. രാജ്യമൊന്നാകെ ഈ ദുരന്തത്തില്‍ ദുഃഖിക്കുകയും ദുരിതത്തിന് ഇരയായവരെ ആവുംവിധം സഹായിക്കാന്‍ സന്നദ്ധമാവുകയും ചെയ്തിരിക്കുന്നുവെന്നത് ആശ്വാസകരമാണ്.

ഭാരതകത്തോലിക്കാസഭയുടെ ജീവകാരുണ്യസംവിധാനമായ 'കാരിത്താസ് ഇന്ത്യ' കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനസര്‍ക്കാരിനോടും ചേര്‍ന്നു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. ദുരന്തബാധിതപ്രദേശങ്ങള്‍ ബിജ്‌നോര്‍ സീറോമലബാര്‍ രൂപത അതിര്‍ത്തിക്കുള്ളില്‍പ്പെടുന്നു. രൂപതാസംവിധാനവും സാധ്യമായ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ദുരിതബാധിതരെ സഹായിക്കാനും പ്രദേശങ്ങളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും എല്ലാവര്‍ക്കും കടപ്പാടുണ്ട്. കഴിവതും വേഗം സംഭാവനകള്‍ സ്വരൂപിച്ചു സഹായം എത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code