തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെ വിദഗ്ധ പരിശോധനയ്ക്കായി ബാംഗ്ലൂര്‍ക്ക് കൊണ്ടുപോകും. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രത്യേക വിമാനത്തിലാവും അദ്ദേഹത്തെ കൊണ്ടുപോകുക. നാരായണ ഹൃദയാലയിലാണ് പരിശോധന.
നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14 വര്‍ഷം മുമ്പ് ബൈപ്പാസ് സര്‍ജറി കഴിഞ്ഞിരുന്നു. ഹൃദയത്തില്‍ വീണ്ടും ഒരു തടസ്സമുണ്ടായതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്തു. വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ.ജോര്‍ജ് കോശിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിച്ചു.
ഞായറാഴ്ച മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.എസ്.ശിവകുമാറും സുധീരനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ബാംഗ്ലൂര്‍ക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഹൃദയപേശിയുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള പരിശോധനയാണ് ബാംഗ്ലൂര്‍ നാരായണ ഹൃദയാലയയില്‍ ഡോ.ദേവീഷെട്ടിയുടെ നേതൃത്വത്തില്‍ നടത്തുക.
Comments