നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 നവംബര്‍ എട്ടാം തിയതി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മൂല്യങ്ങളില്ലാതാക്കിയത് ഇന്ത്യന്‍ സാമ്പത്തിക മേഖലകളിലെ സുപ്രധാനമായ ഒരു നയവും ചരിത്രമുഹൂര്‍ത്തവുമായിരുന്നു. പണം പൂഴ്ത്തി വെപ്പുകാരും പണം കൈവശം വെച്ചിരിക്കുന്ന ഭീകരരും രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്നവരും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയില്ല. അഴിമതികള്‍ നിറഞ്ഞ ഇന്ത്യയുടെ കറുത്ത അദ്ധ്യായങ്ങളെ ശുദ്ധീകരിക്കാനുള്ള ധീരമായ ഒരു നീക്കം കൂടിയായിരുന്നു ഈ തീരുമാനം. നികുതി കൊടുക്കാതെ ബ്‌ളാക്ക് പണം സംഭരിച്ചുവെച്ചിരുന്നവര്‍ക്കെതിരായ ഒരു പ്രഹരവും. ഇന്ത്യയിലെ 86 ശതമാനം ജനങ്ങളും ക്രയവിക്രയം ചെയ്തിരുന്നത് പിന്‍വലിച്ച ആയിരം, അഞ്ഞൂറ് നോട്ടുകള്‍ മുഖേനയായിരുന്നു. കറന്‍സികളുടെ മൂല്യം ഇല്ലാതാക്കിയ മോദിയുടെ നടപടികള്‍ക്കെതിരെ ലോകമാകമാനമുള്ള മീഡിയാകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ തന്നെ ഇന്ന് പരസ്പ്പരം രണ്ടു ചേരികളിലായി നിന്നുകൊണ്ട് വാക്‌യുദ്ധങ്ങള്‍ നടത്തുന്നത് നിത്യ സംഭവങ്ങളായും മാറി.
ഇന്ത്യയിലെ ഇന്നുള്ള ചര്‍ച്ചകളില്‍ ഏറ്റവും അതിപ്രധാനമായ വിഷയം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒരു സുപ്രഭാതത്തില്‍ വിലയില്ലാതായിയെന്നുള്ളതാണ്. പക്ഷെ പലരും കറന്‍സി പിന്‍വലിക്കലിന്റെ പ്രയോജനം മനസിലാക്കാതെയാണ് സംസാരിക്കുന്നത്. ചിലര്‍ ഇത് മുതലാക്കി രാഷ്ട്രീയ കൊയ്ത്തുകളും കൊയ്യാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ വോട്ടു ബാങ്ക് ക്ലിപ്തപ്പെടുത്താമെന്നും കരുതുന്നു. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള വ്യവസ്ഥിതിയെയും കുറ്റപ്പെടുത്തുന്നു. എങ്കിലും ഒന്നറിയുക. ഇന്ത്യയ്ക്ക് സുദൃഢമായ ഒരു ഭരണവ്യവസ്ഥിതിയുണ്ട്. ഇവിടം സിറിയായിലും ഇറാക്കിലും പോലുള്ള വ്യവസ്ഥിതിയല്ല നിലവിലുള്ളതെന്നതിലും സന്തോഷിക്കുക.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയത് ആസൂത്രിതവും കൊള്ളയുമായിരുന്നുവെന്നു മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യസഭയില്‍ ഭരണകക്ഷിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടു പ്രസ്താവിച്ചിരുന്നു. മൃദുവായി സംസാരിക്കുന്ന മന്‍മോഹന്‍സിംഗ് രാജ്യസഭയില്‍ എന്നും നിശബ്ദത പാലിക്കുകയായിരുന്നു പതിവ്. മന്‍മോഹന്‍ സിംഗിനെപ്പോലുള്ള ലോകപ്രസിദ്ധനായ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായം കോണ്‍ഗ്രസിനും പ്രതിപക്ഷങ്ങള്‍ക്കും ഒരു നേട്ടമായിരുന്നു. 'കറന്‍സികള്‍ റദ്ദാക്കിയ നയം സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ സ്മാരകവും പരാജവുമായി കണക്കാക്കാമെന്നും' മന്‍മോഹന്‍ സിംഗ് പറഞ്ഞപ്പോള്‍ പ്രതിപക്ഷങ്ങള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ ഒന്നായി അണിനിരന്നു.
മന്‍മോഹന്‍ സിംഗ് ഇതിനു മുമ്പുള്ള സര്‍ക്കാരുകളുടെ കാലങ്ങളില്‍ നടന്ന കറന്‍സികള്‍ റദ്ദാക്കിയ കഥകള്‍ വിസ്മരിച്ചിരിക്കുന്നു. ഇന്ത്യയില്‍ കറന്‍സികള്‍ റദ്ദാക്കിയ ചരിത്രം ആദ്യത്തേതല്ല. 1938ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പതിനായിരത്തിന്റെ നോട്ട് 1946ല്‍ പിന്‍വലിച്ചു. പിന്നീട് 1954ലും ആയിരത്തിന്റെ കറന്‍സി പുറത്തിറക്കുകയും അത് 1978ല്‍ ജനതാ സര്‍ക്കാര്‍ റദ്ദാക്കുകയുമുണ്ടായി. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി 'അവരുടെ അവസരവാദ സേവകനായി 'സിംഗ്' സംസാരിക്കുകയായിരുന്നുവെന്നു പ്രസിദ്ധ നിയമജ്ഞനായ 'രാം ജെത്മലാനി' സിംഗിനെതിരെ പ്രതികരിച്ചുകൊണ്ടു പറയുകയുണ്ടായി. അമ്പത് ദിവസത്തെ കാത്തിരിപ്പിനുശേഷം പ്രശ്‌നങ്ങള്‍ നേരെയാകുമെന്ന മോദിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടു 'ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം നാമെല്ലാം അന്ന് ജീവിച്ചിരിക്കില്ലെന്നും' മന്‍മോഹന്‍ പറഞ്ഞു. ബ്രിട്ടീഷ് സാമ്പത്തിക ചിന്തകനായ 'കെയിന്‍സിന്റെ' ഗ്രന്ഥത്തില്‍നിന്നുള്ള ' ഉദ്ധരണി' പ്രസംഗമദ്ധ്യേ മന്‍മോഹന്‍സിംഗ് ആവര്‍ത്തിക്കുകയായിരുന്നു. ഭാവിയിലെ കണക്കുകൂട്ടല്‍ തെറ്റിയതുകൊണ്ടായിരിക്കാം മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജൈത്രയാത്രയിലും പരാജയം സംഭവിച്ചതെന്ന് വിമര്‍ശനവുമുണ്ടായിരുന്നു.
എന്തിനാണ് കറന്‍സി പിന്‍വലിച്ചെതെന്നുള്ള ചോദ്യങ്ങളാണ് നാടിന്റെ നാനാഭാഗത്തുനിന്നും കേള്‍ക്കുന്നത്. ഇന്ത്യയിലെ ഭീകരരുടെയിടയില്‍ കുന്നുകൂടിയ നോട്ടുകള്‍ ഉണ്ടെന്നും രാജ്യസുരക്ഷയ്ക്കുവേണ്ടിയാണ് അത്തരം ഒരു തീരുമാനമെടുത്തതെന്നും ഇന്ത്യന്‍ ധനകാര്യ വകുപ്പില്‍നിന്നുള്ള ഒരു പ്രസ്താവനയില്‍ പറയുന്നുണ്ട്. കൂടാതെ നാടിന്റെ നാനാഭാഗത്തും കള്ളപ്പണവും വ്യാജകറന്‍സികളും അഴിമതിപ്പണവും കെട്ടുകളായി സൂക്ഷിച്ചു വെച്ചിരിക്കുന്നു. രഹസ്യയറകളില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും രൂപത്തില്‍ ഒളിച്ചുവെച്ചിരിക്കുന്ന ഈ കറന്‍സികള്‍ക്ക് നികുതിയും കൊടുക്കുന്നില്ല. ഇന്ത്യയിലെ സാമ്പത്തികത്തിന്റെ കറപുരണ്ട ദുഷിച്ച പ്രവണതകളെ നിയന്ത്രിക്കാനും ഇതുകൊണ്ട് ഉപകരിക്കുന്നു. വിലപ്പെരുപ്പം മൂലം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം പരിതാപക സ്ഥിതിയിലാണ്. കറന്‍സികളുടെ പ്രവാഹം കുറയുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. നോട്ടു പിന്‍വലിച്ചതോടെ അതിന്റെ മെച്ചങ്ങള്‍ ഇന്ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ദൃശ്യമാണ്. വിലപ്പെരുപ്പം ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത് ദരിദ്രരരായവരെയായിരുന്നു. പൂഴ്ത്തിവെപ്പുമൂലം സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന ഭീമമായ നികുതിയും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കൂടാതെ പണംകൊണ്ടുള്ള ക്രയവിക്രയങ്ങളും കുറയും. എല്ലാ അഴിമതിക്കാരും പിന്‍വാതിക്കല്‍ക്കൂടി കറന്‍സികള്‍ രൊക്കം മേടിച്ചു ആവശ്യക്കാര്‍ക്ക് കാര്യങ്ങള്‍ സാധിച്ചുകൊടുത്തിരുന്നു. ശതകോടിക്കണക്കിനു അഴിമതിപ്പണം മന്ത്രിമാരുള്‍പ്പടെയുള്ളവരുടെ രഹസ്യസങ്കേതങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. കള്ളപ്പണക്കാരുടെ പ്രവാഹത്തില്‍ എല്ലാ ജാതി മത രാഷ്ട്രീയ വിഭാഗങ്ങളിലുള്ളവരുണ്ട്. പെട്ടികളുമായി പണം കൊടുത്തുള്ള അഴിമതികളും സര്‍ക്കാര്‍ കോണ്‍ട്രാക്റ്റര്‍മാരുടെ കള്ളക്കളികളും ഉദ്യോഗസ്ഥ പ്രഭൃതികളുടെ കൈക്കൂലി മേടിച്ചുള്ള നിയമലംഘനങ്ങളും രാഷ്ട്രീയ നേതാക്കന്മാരുടെ പണക്കൊഴുപ്പും ഇനിയുള്ള കാലങ്ങളില്‍ ബുദ്ധിമുട്ടായി തീരും. സര്‍ക്കാര്‍ തുടങ്ങി വെച്ച ഈ യത്‌നംമൂലം ഒളിഞ്ഞിരിക്കുന്നവരായ പലരുടെയും വരുമാനം പുറത്തെടുക്കാനും സാധിക്കും. വരവില്‍ കൂടുതല്‍ പണം സൂക്ഷിച്ചവര്‍ അതനുസരിച്ചു സര്‍ക്കാരിന് കൃത്യമായി നികുതിയടക്കേണ്ടതായും വരും. ഇന്ത്യയിലെ ജനങ്ങളില്‍ ഇന്ന് ഒരു ശതമാനം ജനങ്ങള്‍ മാത്രമേ നികുതി കൊടുക്കുന്നുള്ളൂവെന്നു സ്ഥിതിവിവരക്കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
ഭാരതത്തിന്റെ സാമ്പത്തികഘടനകള്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കറന്‍സി പിന്‍വലിക്കേണ്ട ഒരു അവസ്ഥ വന്നാല്‍ ഭൂരിഭാഗം ജനങ്ങളെയും അത് ബാധിക്കില്ല. കാരണം ജനങ്ങളിലധികവും ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ അറിവുകള്‍ ഭൂരിഭാഗം ജനതയ്ക്കുമുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവര്‍ വിരളമായേ കാണുകയുള്ളൂ. എന്നാല്‍ ഇന്ത്യയിലെ കഥകള്‍ തികച്ചും വ്യത്യസ്തമാണ്. ദാരിദ്ര്യത്തില്‍ കഴിയുന്ന ഇന്ത്യയിലെ നല്ലൊരു ജനവിഭാഗത്തിന് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നു പറയുന്നത് ആഡംബരമായിട്ടാണ് കണക്കാക്കുന്നത്. ഇന്നുള്ള സര്‍ക്കാര്‍ ജനങ്ങളുടെ സാമ്പത്തികയിടപാടുകള്‍ വളരെ ലളിതമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ കറന്‍സികളും നാണയത്തുട്ടുകളും മാത്രമേ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉപയോഗിക്കുള്ളൂ. ഡിജിറ്റല്‍ ലോകം ഭൂരിഭാഗം ജനതയ്ക്കും അജ്ഞാതമാണ്. ഇന്ത്യയില്‍ 85 ശതമാനം ജനങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി ക്രയവിക്രയങ്ങള്‍ നടത്തുന്നത് രൊക്കം പണം കൊടുത്തുകൊണ്ടാണ്. സാധാരണക്കാരുടെ ദൈനദിന ജീവിതത്തിനു എന്നും കൈവശം പണം കൂടിയേ തീരൂ.
അപ്രതീക്ഷിതമായ സര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ തീരുമാനം രാജ്യം മുഴുവന്‍ വിസ്മയകരമാക്കിയെങ്കിലും മോദി സര്‍ക്കാര്‍ അധികാരം ലഭിച്ച നാളുകള്‍ മുതല്‍ ബ്‌ളാക്ക് പണം ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. അഴിമതിക്കാര്‍ നിയമത്തിന്റെ പഴുതുകളില്‍ക്കൂടി രക്ഷപെടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഭരണഘടന പരിഷ്ക്കാരങ്ങളില്‍ക്കൂടി സര്‍ക്കാര്‍ നടത്തുന്നുണ്ട്. കള്ളപ്പണക്കാരെ നിരീക്ഷിക്കാനായി ഒരു സ്‌പെഷ്യല്‍ അന്വേഷണ കമ്മീഷനെ 2012ല്‍ നിയമിച്ചിരുന്നു. 2016 ഡിസംബര്‍ മുപ്പതുവരെയാണ് കറന്‍സി മാറാനും ബാങ്കില്‍ ഡിപ്പോസിറ്റു ചെയ്യാനും പോസ്‌റ്റോഫീസുവഴി പണം മാറാനുമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ ദുരിതങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരു യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ ധ്വരിത നടപടികളും സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പുരോഗമനത്തിനുവേണ്ടി സാമ്പത്തിക പരിഷ്ക്കാരം ലക്ഷ്യം വെച്ചുകൊ ണ്ടുള്ള സര്‍ക്കാരിന്റെ ഈ തീരുമാനം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് ഗൗരവപൂര്‍വം സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. കറന്‍സികള്‍ പിന്‍വലിച്ചതുകൊണ്ടുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കാരണം വമ്പിച്ച ലഹളകള്‍ക്കു വരെ ഭീഷണികള്‍ മുഴങ്ങുന്നുണ്ട്. ദരിദ്രരായവരെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. അന്നന്നുള്ള അപ്പം കൊണ്ട് ജീവിക്കുന്ന അവര്‍ക്ക് ബാങ്ക് അക്കൗണ്ട് കാണില്ല. കൈകളില്‍ നിക്ഷേപിച്ചിരിക്കുന്ന നോട്ടുകള്‍ മാറാന്‍ മണിക്കൂറോളം ബാങ്കുകളുടെ മുമ്പില്‍ ലൈന്‍ നില്‍ക്കണം. ജീവിതകാലം മുഴുവന്‍ പണിയെടുത്തു മിച്ചം വെച്ച അവരുടെ കൈകളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയില്ല. എങ്കിലും ഇന്നത്തെ വെല്ലുവിളികള്‍ നേരിടാന്‍ കൂടുതല്‍ ഡിജിറ്റല്‍ ബാങ്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷോപ്പുകളിലും സൗകര്യപ്രദമായ കടകളിലും ജനങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ എ.ടി. എം മെഷീനുകള്‍ സ്ഥാപിച്ചു. റോഡ് സൈഡുകളിലും ഡിജിറ്റല്‍ സംവിധാനങ്ങളോടെയുള്ള അത്തരം സ്റ്റാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കറന്‍സി പിന്‍വലിച്ചതിനുശേഷം പണം കൈവശം സൂക്ഷിച്ചിരിക്കുന്നവരുടെയും ബാങ്കില്‍ നിക്ഷേപമുള്ളവരുടെയും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി അനേക ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ വഴി സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്. അഹമ്മദ് ബാദിനു അറുപതു മൈല്‍ ദൂരമുള്ള 'അകോദര' എന്ന ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ പ്രദേശമായി തെരഞ്ഞെടുത്തു. അവിടെയുള്ള മുഴുവന്‍ ജനങ്ങളും പണം കൈകാര്യം ചെയ്യുന്നത് ഡിജിറ്റല്‍ സമ്പ്രദായത്തില്‍ക്കൂടിയാണ്. അകോദരായിലെ 1200 ഗ്രാമവാസികളും ഗോതമ്പ് പൊടി, പൊട്ടറ്റോ ചിപ്‌സുമുതല്‍ മൊബയില്‍ ബാങ്കില്‍ കൂടി പണം കൈകൈകാര്യം ചെയ്യുന്നു. നോട്ടുകളുടെ മൂല്യം ഇല്ലാതെയായതില്‍ അവിടുത്തെ ഗ്രാമവാസികള്‍ ശ്രദ്ധിക്കുന്നേയില്ല. കാരണം, അവര്‍ക്ക് പേപ്പര്‍ കറന്‍സിയുടെ ആവശ്യമധികമില്ല. ജനങ്ങളെ ഇന്റര്‍നെറ്റും മൊബയിലും ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്കും പ്രോത്സാഹിപ്പിക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ കറന്‍സികള്‍ കൈകളില്‍ സൂക്ഷിക്കുകയോ ബാങ്കില്‍ 'ലൈന്‍' നില്‍ക്കേണ്ട ആവശ്യമോ ഉണ്ടാവുകയില്ല. പണത്തിന്റെ പേരിലുള്ള മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടിയും വരില്ല. പണത്തിന്റെ മൂല്യമില്ലാതാക്കി പുതിയ കറന്‍സി സംവിധാനം ആരംഭിച്ചപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഒരു തിരിച്ചടിയായിരുന്നുവെന്നത് ശരിതന്നെ. അതുമൂലം ഇന്ത്യയ്ക്ക് പുതിയ ഒരു സാമ്പത്തിക വ്യവസ്ഥയുടെ മാറ്റം തന്നെ വന്നു. ഇന്ത്യ മൊത്തമുള്ള ജനങ്ങളെ ഡിജിറ്റല്‍ സംവിധാനത്തിന്റെ ആവശ്യകതയെ ബോധവാന്മാരാക്കി. ഡിജിറ്റല്‍ വഴി പണം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ജനങ്ങള്‍ തയാറാകുന്നു. കറന്‍സികള്‍ ഇല്ലാതെ ഇന്ത്യ മുഴുവന്‍ പരിപൂര്‍ണ്ണമായി ഡിജിറ്റല്‍ ലോകമാക്കണമെന്നാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യവും. അങ്ങനെ ബാങ്കുകളുടെ മുമ്പില്‍ സമയം കളയാതെ ഡിജിറ്റലിന്റ ഗുണങ്ങള്‍ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കും പ്രാപ്യമാകും.
പഴയവീടുകള്‍ നാം പുതുക്കി പണിയുന്നുവെന്നു വിചാരിക്കുക. വീട് പുനരുദ്ധരിക്കുമ്പോള്‍ നിത്യം നാം ഉറങ്ങിക്കൊണ്ടിരുന്ന മുറിയില്‍ നിന്നും സൗകര്യങ്ങളില്ലാത്ത മറ്റൊരു മുറിയില്‍ ശയനം ചെയ്യേണ്ടി വന്നേക്കാം. പരുപരുത്ത തറകളില്‍ ദിവസങ്ങളോളം കിടക്കേണ്ടി വന്നേക്കാം. സ്വന്തം ഭവനം നവീകരിക്കുമ്പോള്‍ ഇത്തരം ഒരു അസൗകര്യം ഉണ്ടായാല്‍ ക്ഷമയോടെ സഹിക്കാനുള്ള കഴിവുകള്‍ നമുക്കുണ്ട്. തന്റെ സഹോദരന്റെ വീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്, തനിക്കെന്തുകൊണ്ട് ഇല്ലായെന്ന് അപ്പോളാരും ആവലാതിപ്പെടാറില്ല. സഹോദരന്റെ വീടും ഒരിക്കല്‍ പുതുക്കി പണിയേണ്ടി വരുമെന്നും നമുക്കറിയാം. ഏതാണ്ട് അതേ സ്ഥിതിവിശേഷമാണ് നമ്മുടെ നാടിനുള്ളത്. അഴിമതിയും കരിഞ്ചന്തയും കള്ളപ്പണവും കാരണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥിതി കുത്തഴിഞ്ഞതായിരുന്നു. അതിനെ പുതുക്കി പണിയാന്‍ ഒരു അടിയന്തര സാഹചര്യത്തോടെ സര്‍ക്കാര്‍ മെനകെട്ടിട്ടുണ്ടെങ്കില്‍ രാജ്യനന്മയെ കരുതി സഹനം സഹിക്കാന്‍ ഓരോ പൗരനും കടമയുണ്ട്. കുബേര ദരിദ്ര, വര്‍ഗ വര്‍ണ്ണ വ്യത്യാസം കൂടാതെ അഭിപ്രായങ്ങള്‍ പറയാനും സ്വാതന്ത്ര്യമുണ്ട്. അത്തരം അഭിപ്രായങ്ങള്‍ സ്വീകരിക്കുകയോ സ്വീകരിക്കാതെയിരിക്കുകയോ ചെയ്യാം.
കറന്‍സികള്‍ പിന്‍വലിക്കല്‍ ഇന്നല്ലെങ്കില്‍ മറ്റൊരു ദിനം രാജ്യത്തിനു അത്യാവശ്യമായി നടപ്പാക്കേണ്ട ഒന്നായിരുന്നു. അക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ മെച്ചമായി മറ്റാര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇത്തരം രാജ്യ താല്പര്യത്തിനായുള്ള കാര്യങ്ങള്‍ പരമരഹസ്യമായി തന്നെ ചെയ്യേണ്ടതാണ്. രാജ്യത്തിലെ ഉന്നതര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും, ധനികര്‍ക്കും അമ്പാനിമാര്‍ക്കും കറന്‍സി വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന ആരോപണങ്ങള്‍ക്കൊന്നും തെളിവുകളില്ല. അതുകൊണ്ടു അത്തരമുള്ള കുറ്റാരോപണങ്ങള്‍ അപ്രസക്തങ്ങളുമാണ്. അങ്ങനെയുള്ള കാര്യങ്ങള്‍ സത്യമെങ്കില്‍ തന്നെയും ഒരു മഹാരാജ്യത്തെ സംബന്ധിച്ചു തല്‍ക്കാലം ഗൗനിക്കാതിരിക്കുകയായിരിക്കും നല്ലത്. മറ്റുള്ളവരെ ചിന്തിക്കുന്നതിനു പകരം സ്വയം സുരക്ഷിതരെന്ന് നോക്കുക. സമയാ സമയങ്ങളില്‍ നാം നികുതി കൊടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിയമത്തിന്റെ മുമ്പില്‍ സുരക്ഷിതരാണ്. അടുത്ത വീട്ടിലെ നമ്മുടെ സഹോദരന്റെ ആഡംബര വീടിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല. ആരെങ്കിലും നികുതി വെട്ടിച്ചു രക്ഷപെടുന്നുണ്ടെങ്കില്‍ അവരെപ്പറ്റി നാം പ്രയാസപ്പെടേണ്ട കാര്യമില്ല. മോദിയുടെ പ്രയത്‌നങ്ങള്‍ വിജയകരമായാല്‍ ഒരിക്കല്‍ അവരും പണത്തിന്റെ സ്രോതസ് എവിടെയെന്നു ബോധ്യപ്പെടുത്തേണ്ടി വരും.
സര്‍ക്കാരിന്റെ ഈ തീരുമാനം ഒരു ദിവസംകൊണ്ടുണ്ടായതല്ല. 'ജന്‍ ധന്‍ യോജന' (ഖമി ഉവമി ഥീഷിമ) പദ്ധതി പ്രകാരം എല്ലാ വിഭാഗം ജനങ്ങളും ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സര്‍ക്കാരില്‍നിന്നും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ അക്കൗണ്ട് തുടങ്ങിയവര്‍ക്കെല്ലാം നിര്‍ണ്ണായകമായ കറന്‍സി പിന്‍വലിക്കകൊണ്ട് കാര്യമായി ബുദ്ധിമുട്ടുകള്‍ ബാധിച്ചിട്ടില്ല. 2014 ആഗസ്റ്റ് എട്ടാംതീയതി ഒരു കുടുംബത്തില്‍ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും വേണമെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ പദ്ധതിയാണ് ജന്‍ ധന്‍ യോജന. ആദ്യ ദിവസത്തില്‍ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകള്‍ പുതുതായി തുറന്നിരുന്നു.
സ്ഥാവര ജംഗമ സ്വത്തുക്കളുള്ളവര്‍ ആ വിവരങ്ങള്‍ ടാക്‌സധികാരികള്‍ക്ക് പ്രത്യേക ഒരു ഫോം (എീൃാ)വഴി വെളിപ്പെടുത്താനും സര്‍ക്കാരിന്റെ ഉത്തരവുണ്ടായിരുന്നു. ഭൂരിഭാഗം ജനങ്ങളും അത് കാര്യമായി എടുത്തില്ല. സര്‍ക്കാര്‍ സ്വീകരിച്ച അടുത്ത നടപടി അത്തരക്കാരുടെ പണമിടപാടുകളെ വെളിച്ചത്തു കൊണ്ടുവരുകയെന്നതായിരുന്നു. അതിനായി ജനങ്ങള്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സര്‍ക്കാരിനു പിന്‍വലിക്കേണ്ടിയും വന്നു. സര്‍ക്കാരിന്റെ കറന്‍സി പരിഷ്കാര നടപടികളില്‍ സാധാരണക്കാര്‍ സന്തോഷിക്കുകയാണ് വേണ്ടത്. ആത്മഹത്യയും മരണവുമെല്ലാം നോട്ടു പ്രശ്‌നമായി ബന്ധപ്പെട്ടതല്ല. അതെല്ലാം വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് എഴുതും. അടിയന്തിരമായ ഈ സാഹചര്യങ്ങളില്‍ വികാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാതെ സ്വയം ചിന്താശക്തിയെ പരിപോഷിപ്പിക്കുകയാണ് മെച്ചമായുള്ളത്. നോട്ടുപിന്‍വലിക്കല്‍ വഴി സാധാരണ ജനം സഹിക്കുന്നുണ്ടെന്ന വസ്തുത ശരിയാണ്. എന്നാല്‍ എത്രകാലം അഴിമതിയില്‍ കുളിച്ചിരിക്കുന്ന സ്വന്തം രാജ്യത്തിന്റെ നിജസ്ഥിതി കണ്ടു രാജ്യസ്‌നേഹമുള്ള ഒരു പൗരന്‍ നിശ്ശബ്ദനായിരിക്കും! ചൂഷകരെ സ്വന്തം കണ്ണുവെട്ടത്തു കണ്ടില്ലെന്നു നടിക്കാന്‍ എത്രകാലം അവനു സാധിക്കും? രാജ്യത്തിലെ ജനങ്ങള്‍ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ ഇതൊരു അടിയന്തിരാവസ്ഥപോലെ സര്‍ക്കാരിനോട് സഹകരിക്കുകയാണ് വേണ്ടത്.
ഹോസ്പിറ്റലുകള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗര്‍ഭിണികളും വൃദ്ധ ജനങ്ങളും അംഗഭംഗം വന്നവരും ബാങ്കുകളുടെ മുമ്പില്‍ മണിക്കൂറുകളോളം ലൈന്‍ നിന്ന് കഷ്ടപ്പെടുന്നുവെന്നാണ് പരാതി. രാജ്യം അഭിമുഖീകരിക്കുന്ന നല്ലയൊരു കാര്യത്തെ സഹായിക്കാന്‍ ഉദാരമതികളായ വോളന്റീയേഴ്‌സ് രംഗത്തു വരേണ്ടതും അവരെ സഹായിക്കേണ്ടതും ആവശ്യമാണ്. രാജ്യനന്മയെ കരുതി ഇടയ്ക്കിടെ അവര്‍ക്ക് ഭക്ഷണവും കുടിക്കാനും കൊടുത്ത് ആശ്വസിപ്പിക്കാമായിരുന്നു. അത്തരക്കാര്‍ക്ക് ലൈന്‍ നില്‍ക്കാതെ ബാങ്കിങ്ങ് ഇടപാടുകള്‍ നടത്താന്‍ മുന്‍ഗണനയുണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിച്ചത്.
മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നോട്ടുകള്‍ റദ്ദുചെയ്തത് ഔദ്യോഗികമായി രാഷ്ട്രം നടപ്പിലാക്കി കഴിഞ്ഞു. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചേ മതിയാവൂ. ഇനി നമുക്ക് മറ്റൊരു നിവൃത്തിയില്ല. ആ സാഹചര്യത്തില്‍ സര്‍ക്കാരിനോട് സഹകരിക്കുകയായിരിക്കും ഉത്തമം.
നിര്‍ണ്ണായകമായ സമയങ്ങളില്‍ പരിഷ്ക്കരിച്ച രാജ്യങ്ങളിലെ ജനങ്ങള്‍ പൊതു നന്മയെ കരുതി ഒന്നായി സര്‍ക്കാരിനൊപ്പം നില്‍ക്കും. സര്‍ക്കാരിന്റെ നിയമങ്ങളെ പാലിക്കും. നമുക്കനുവദിച്ചിരിക്കുന്ന സ്വതന്ത്രമായ അഭിപ്രായങ്ങള്‍ ദുരുപയോഗപ്പെടുത്താനുള്ളതല്ല. മാര്‍ക്കറ്റില്‍ ഇന്ന് അനധികൃതമായ കള്ളപ്പണത്തിന്റെ പ്രവാഹമാണ്. ബ്‌ളാക് പണവും കള്ളപ്പണവും നമ്മുടെ സാമ്പത്തിക ശാസ്ത്രത്തെ തകര്‍ക്കും. പ്രധാനമന്ത്രിയുടെ നയം മൂലം അത്തരക്കാരുടെ വീട്ടിലും രഹസ്യസ്ഥലങ്ങളിലും സൂക്ഷിച്ച പണത്തിനു ഒരു വിലയുമില്ലാതായി. അതുകൊണ്ടു സര്‍ക്കാരിനും രാജ്യത്തിനും ഗുണമുണ്ട്. സൂക്ഷിച്ചിരിക്കുന്ന വിലയില്ലാത്ത പണത്തിനു പകരമായി പുതിയ കറന്‍സികള്‍ അച്ചടിക്കേണ്ടതായില്ല. സാമ്പത്തികം മെച്ചപ്പെടുന്നതുകൊണ്ടു നേട്ടങ്ങളേയുള്ളൂ. നഷ്ട്ടങ്ങളുടെ കണക്കു കുറവായിരിക്കും. സാധാരണക്കാര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. നികുതി കൊടുക്കാതെ പണം സൂക്ഷിച്ചുവെച്ചവര്‍ മാത്രം മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിച്ചാല്‍ മതിയാകും.
ദേശീയ വരുമാനത്തിന്റെ മുപ്പതു ശതമാനം ബ്‌ളാക്ക് മണിയെന്നാണ് വെപ്പ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദു ചെയ്തതില്‍ പിന്നീട് ബാങ്കില്‍ ഡിപ്പോസിറ്റുകള്‍ നിറഞ്ഞിരിക്കുന്നു. അതുമൂലം സര്‍ക്കാരിന് കൂടുതല്‍ നികുതി വരുമാനം കിട്ടും. നിക്ഷേപകര്‍ക്ക് പലിശ കുറയുമെങ്കിലും ബാങ്കുകള്‍ക്ക് കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പണം കടം കൊടുക്കാന്‍ സാധിക്കും. ഉല്‍പ്പാദന മേഖലയില്‍ ആദ്യകാലങ്ങളില്‍ ക്ഷീണം സംഭവിക്കുമെങ്കില്‍ ഭാവിയില്‍ അനുകൂലമായ സാഹചര്യങ്ങളുണ്ടാകുമെന്നും അങ്ങനെ ജി.ഡി.പി (Gross Domestic Product ) കുതിച്ചുപൊങ്ങുമെന്നും കണക്കുകൂട്ടലുകളുണ്ട്. രണ്ടു ശതമാനം ജി.ഡി.പി. കുറയുമെന്ന് മന്‍മോഹന്‍ പറഞ്ഞെങ്കിലും അതെല്ലാം താല്‍ക്കാലികമെന്നു മാത്രമാണ് മറ്റു സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. അനധികൃതമായ 'കറുത്ത പണം' തടയാന്‍ സാധിച്ചാല്‍ അത് മോദി സര്‍ക്കാരിന്റെ ചരിത്രപരമായ നേട്ടവുമായിരിക്കും.
Comments