Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രണങ്ങാനം ഒരുങ്ങി; അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19-ന് കൊടിയേറും

Picture

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടി തിരുനാളിനെത്തുന്നവരെ വരവേല്‍ക്കാന്‍ ഭരണങ്ങാനം ഒരുങ്ങി. 19-നാണ് കൊടിയേറ്റ്. തിരുനാളിനു മുന്നോടിയായി വിവിധ ഭക്തസംഘടനകളുടെയും ഇടവകകളുടേയും നേതൃത്വത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലേക്കു നടക്കുന്ന തീര്‍ഥാടന യാത്രകള്‍ സമ്മാനിക്കുന്നത് ഭക്തിയുടെ നേരനുഭവം. വിശുദ്ധ പദവി പ്രഖ്യാപനത്തിനുശേഷമുള്ള അഞ്ചാമത്തെ തിരുനാളാണിത്. അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന വേളയിലുള്ള തിരുനാളെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

19 മുതല്‍ 28 വരെ തീയതികളിലാണ് തിരുനാള്‍. തിരുനാള്‍ ദിവസങ്ങളിലെല്ലാം രാവിലെ 11-ന് ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും തിരുകര്‍മങ്ങളും നടക്കും. 8.30-നുള്ള വിശുദ്ധ കുര്‍ബാന വിവിധ രൂപതകളിലെ വികാരി ജനറാള്‍മാരുടേയും സഭാകേന്ദ്രങ്ങളില്‍ നിന്നുള്ള വൈദികരുടേയും മേജര്‍ സെമിനാരി റെക്ടര്‍മാരുടേയും കാര്‍മികത്വത്തിലാണ്. എല്ലാ ദിവസങ്ങളിലും രാവിലെ

5.30-നും 6.30-നും 8.30-നും 11-നും അഞ്ചിനും വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവുമുണ്ടാവും. വൈകുന്നേരം നാലിന് ആഘോഷമായ സായാഹ്നപ്രാര്‍ഥനയും വചനസന്ദേശവും 6.30ന് ജപമാല മെഴുകുതിരി പ്രദക്ഷിണം.

19-ന് രാവിലെ 10.45ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റും. 11-ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, മാര്‍ ഡൊമിനിക്ക് കോക്കാട്ട്, മാര്‍ ജയിംസ് പഴയാറ്റില്‍, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോര്‍ജ് ചിറ്റിലപ്പിള്ളി, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും.   

പ്രധാന തിരുനാള്‍ ദിവസമായ 28-ന് രാവിലെ അഞ്ചിനു തീര്‍ഥാടന കേന്ദ്രം മാനേജിംഗ് ബോര്‍ഡ് അംഗം ഫാ. ഫ്രാന്‍സിസ് വടക്കേല്‍, ആറിനു തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

5.30-ന് ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന. ഏഴിനു മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കും. 7.15-ന് ഇടവക ദേവാലയത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 8.30-ന് ഫാ. മാത്യു മുണ്ടുവാലയില്‍, 9.15-ന് ഫാ. തോമസ് കളത്തിപ്പുല്ലാട്ട് എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10-ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ റാസ. ഫാ. ജയിംസ് വെണ്ണായിപ്പിള്ളി, ഫാ. ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികരാവും. 12-ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. ഫാ. തോമസ് ഓലിക്കല്‍, ഫാ. ജോസഫ് തെങ്ങുംപള്ളില്‍, ഫാ. മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ കാര്‍മിത്വം വഹിക്കും. 2.30-ന് ഫാ. ജോര്‍ജ് കൂടത്തില്‍, 3.30-ന് ഫാ. അഗസ്റ്റിന്‍ പെരുമറ്റം, 4.30-ന് ഫാ. അലക്‌സാണ്ടര്‍ മൂലക്കുന്നേല്‍, 5.30-ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

28ന് രാവിലെ 7.30 മുതല്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ എത്തുന്ന എല്ലാവര്‍ക്കും നേര്‍ച്ചയപ്പം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. തിരുനാള്‍ ദിവസങ്ങളില്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള ലഘുചലച്ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും നടക്കും.

തിരുനാള്‍ ദിവസങ്ങളിലെ ജപമാല, മെഴുകുതിരി പ്രദക്ഷിണങ്ങളുടെ സഹപ്രസുദേന്തിമാരാകാന്‍ അവസരമുള്ളതായി തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍ അറിയിച്ചു. തിരുനാള്‍ ദിവസങ്ങളില്‍ സമര്‍പ്പണം, കുമ്പസാരം, വിളക്കുനേര്‍ച്ച, തൊട്ടില്‍ നേര്‍ച്ച എന്നിവയ്ക്ക് പ്രത്യേക ക്രമീകരണങ്ങളുണ്ട്. 28-ന് രാവിലെ മുതല്‍ അല്‍ഫോന്‍സാ തീര്‍ഥാടന ദൈവാലയത്തില്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയുണ്ടാകും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code