Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാല്‍ത്തൂസിയന്‍ സിദ്ധാന്തങ്ങളും ജനസംഖ്യാവിസ്‌ഫോടനങ്ങളും (ജോസഫ് പടന്നമാക്കല്‍)

Picture

ക്ലാസ്സിക്കല്‍ ഇക്കണോമിസ്റ്റായ 'തോമസ് മാല്‍ത്തസ്' (Thomas R. Malthus) ജനസംഖ്യയുടെ വര്‍ദ്ധനയും അതിനനുപാതമായ ഭക്ഷ്യവിഭവങ്ങളും ആടിസ്ഥാനപ്പെടുത്തി 1798ല്‍ ജനസാന്ദ്രതയുടെ മൗലിക തത്ത്വങ്ങളെന്ന (Principle of Population) ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തുണ്ടാകുന്ന മഹാദുരന്തങ്ങള്‍ ബന്ധപ്പെടുത്തികൊണ്ടുള്ള തോമസ് മാല്‍ത്തസിന്റെ പ്രബന്ധം സാമ്പത്തിക വിദഗ്ദ്ധരുടെയിടയിലുള്ള ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു. ചിലര്‍ അദ്ദേഹത്തിന്‍റെ ക്ലാസിക്കല്‍ കൃതികളെ കാലഹരണപ്പെട്ടതെന്നു വിശേഷിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ ഇന്നും അദ്ദേഹത്തിന്റെ തത്ത്വങ്ങളെ പ്രകീര്‍ത്തിക്കുന്നതായി കാണാം. മാല്‍ത്തൂസിയന്‍ തത്ത്വങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യപാഠം മുതല്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കു വരെ എക്കാലവും പഠനവിഷയങ്ങളായിരുന്നു. ജനന മരണ നിയന്ത്രണങ്ങളുടെ അടിസ്ഥാന മൂലക്കല്ലും അദ്ദേഹം രചിച്ച പ്രബന്ധം തന്നെയെന്നതിലും സംശയമില്ല.

'തോമസ് മാല്‍ത്തസ്' ബ്രിട്ടനിലെ 'സുറയ്' എന്ന സ്ഥലത്ത് 1766 ഫെബ്രുവരി പതിനാലാം തിയതി ജനിച്ചു. ഒരു ധനിക ബ്രിട്ടീഷ് കുടുംബത്തിലെ ഏഴു മക്കളില്‍ ആറാമനായിരുന്നു. 1791ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കി. 1805ല്‍ കേംബ്രിഡ്ജില്‍ ചരിത്രത്തിലും രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിലും പ്രൊഫസറായി നിയമിതനായി. മരണംവരെ അദ്ധ്യാപക ജോലി തുടര്‍ന്നുകൊണ്ടിരുന്നു. 1819ല്‍ അദ്ദേഹത്തെ ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി (fellow of the Royal Socitey) അംഗമായി തെരഞ്ഞെടുത്തു. രണ്ടു വര്‍ഷം കഴിഞ്ഞു പൊളിറ്റിക്കല്‍ ഇക്കണോമിക്‌സ് ക്ലബിലെ അംഗമായി. ആ ക്ലബില്‍ അക്കാലത്തെ സുപ്രസിദ്ധ ക്ലാസ്സിക്കല്‍ സാമ്പത്തിക വിദഗ്ദ്ധരായ ഡേവിഡ് റിക്കാര്‍ഡോയും ജെയിംസ് മില്ലും അംഗങ്ങളായിരുന്നു. കൂടാതെ അദ്ദേഹം ആംഗ്ലിക്കന്‍ പുരോഹിതനുമായിരുന്നു.

ഇരുനൂറു കൊല്ലം മുമ്പ് ജനസംഖ്യയെപ്പറ്റി എഴുതിയ മാല്‍ത്തസിന്റെ പ്രബന്ധം വിപ്ലവകരമോ, കാലത്തിനനുയോജ്യമോ എന്നത് ഇന്നും വിവാദപരമാണ്. 1798ല്‍ ലോക ജനസംഖ്യ 90 മില്യനായിരുന്നത് ഇന്ന് എട്ടു ബില്യന്‍ അടുത്തായി. അദ്ദേഹത്തിന്‍റെ അധരങ്ങള്‍ തടിച്ചതും മുച്ചുണ്ടോടുകൂടിയ വൈകല്യങ്ങളുമുണ്ടായിരുന്നതിനാല്‍ തന്റെ ഛായാ പടങ്ങള്‍ വരക്കാന്‍ ആരെയും അനുവദിക്കില്ലായിരുന്നു. 1833ല്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് സര്‍ജറി മുഖേന ചുണ്ടു ശരിയാക്കി. അന്നുമുതലുള്ള ജീവിച്ചിരുന്ന കാലത്തെ പടങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ സൂക്ഷിച്ചിട്ടുള്ളൂ.1834 ഡിസംബര്‍ ഇരുപത്തിയൊമ്പതാം തിയതി അറുപത്തിയെട്ടാം വയസില്‍ അദ്ദേഹം മരണമടഞ്ഞു.

ജനസംഖ്യ വര്‍ദ്ധനവിന്റെയും അതനുസരിച്ചുള്ള ഭക്ഷ്യ വിതരണശേഷികളുടെയും തത്ത്വങ്ങള്‍ (Essay on the Principle of Population) അടങ്ങിയതാണ് മാല്‍ത്തൂസിയന്‍ പ്രബന്ധം. ജനനനിരക്ക് ഗുണിതങ്ങളായി വര്‍ദ്ധിക്കുമ്പോള്‍ ഭക്ഷണവിഭവങ്ങള്‍ സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യാം. അദ്ദേഹത്തിന്റെ കണ്ടെത്തലുകളില്‍ ഭക്ഷ്യവിഭവങ്ങള്‍ ലോകത്തു വര്‍ദ്ധിക്കുന്നത് ഒരേ നിരയിലുള്ള ഗണിത സംഖ്യകളുടെ ശ്രണിയിലെന്നാണ്. ഉദാഹരണമായി 1 2 3 4 5 ലരേ എന്നീ സംഖ്യകളുടെ തുടര്‍ച്ചയായ അക്കങ്ങള്‍ കണക്കാക്കാം. അതിനെ മാല്‍ത്തസ് 'അരിത്തമറ്റിക്ക് പ്രോഗ്രഷന്‍' (Arithametic Progression) എന്നു വിളിച്ചു. അതേസമയം ഭക്ഷ്യവിളകളോടൊപ്പം ജനസംഖ്യ വര്‍ദ്ധിക്കുന്നത് ഗുണോത്തര ശ്രണികളായിട്ടായിരിക്കും.1, 2, 4, 8, 16 ലരേ എന്നീ തുടര്‍ച്ചയായ ഗുണിത സംഖ്യകള്‍ അഥവാ ജോമട്രിക്കല്‍ പ്രോഗ്രഷന്‍ (Geomterical Progression) നിദര്‍ശനങ്ങളായി കണക്കാക്കാം.

ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും തുല്യ അനുപാതത്തില്‍ വര്‍ദ്ധിച്ചില്ലെങ്കില്‍ ലോകത്തു മഹാദുരുന്തങ്ങളുണ്ടാകുമെന്നു മാല്‍ത്തസ് പ്രവചിക്കുന്നു. ഗുണിത ശ്രണികളില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനൊപ്പം ക്രമാനുസരണമായി ഭക്ഷ്യവിളകള്‍ വര്‍ദ്ധിച്ചില്ലെങ്കില്‍ പഞ്ഞം,പട,വസന്ത, മാരക യുദ്ധങ്ങള്‍, മഹാദുരന്തങ്ങള്‍ മുതലായവകള്‍ സംഭവിക്കുമെന്നും തന്മൂലം ജനസംഖ്യയുടെ വര്‍ദ്ധനവ് കുറയുമെന്നും മാല്‍ത്തസ് അനുമാനിച്ചിരുന്നു. അത്തരം സാഹചര്യങ്ങളില്‍ നിന്നും മനുഷ്യ ഗണങ്ങള്‍ക്ക് സമയാസമയങ്ങളില്‍ പരിരക്ഷയാവശ്യമെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിനായി ഭക്ഷ്യ വിഭവങ്ങളുടെ ഉല്‍പ്പാദനമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം അത്യന്താപേക്ഷിതമെന്നും അദ്ദേഹം കരുതിയിരുന്നു. സന്താനോല്‍പ്പാദനം തടയാനായി സ്വയം നിയന്ത്രണമോ, മറ്റുള്ളവരില്‍നിന്നുമുള്ള പ്രേരണയോ നിയമം മൂലമോ ആവാമെന്നും മാല്‍ത്തസ് വിശ്വസിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനസംഖ്യാ വര്‍ദ്ധനവിന്റെ ഒരു മഹാ വിസ്‌പോടനത്തെ മാല്‍ത്തസ് പ്രവചിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞ പ്രവചനങ്ങളൊന്നും ശരിയായി ഭവിച്ചില്ല. 1820 നു ശേഷം ജനസംഖ്യ അനേകമിരട്ടികള്‍ വര്‍ദ്ധിച്ചെങ്കിലും ജനങ്ങളുടെ ജീവിതനിലവാരം പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണുണ്ടായത്. നിയമമോ പ്രേരണയോയില്ലാതെ ഓരോ കുടുംബങ്ങളുടെയും അംഗസംഖ്യ ഗണ്യമായി കുറഞ്ഞിരുന്നു. എങ്കിലും ആധുനിക മാല്‍ത്തൂസിന്‍ ചിന്താഗതിക്കാര്‍ ജനസംഖ്യയുടെ വര്‍ദ്ധനമൂലം വരുന്ന മഹാദുരന്തത്തെ ഭാവിയില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതായും കാണുന്നു.

ആധുനിക രീതികളിലുള്ള കൃഷിമൂലം ഭക്ഷ്യവിളകളുടെ ഉത്ഭാദനം പതിന്മടങ്ങു വര്‍ദ്ധിക്കുകയും പടിഞ്ഞാറുള്ള ജനതയുടെ വിശപ്പിനെ വിസ്മയകരമാം വിധം ഇല്ലാതാക്കുകയും ചെയ്തു. ഫോസ്സിലുകളില്‍നിന്നും പുതിയതരം ഊര്‍ജവും കണ്ടുപിടിച്ചു. ട്രാക്റ്ററുകളും കൃഷിയിടങ്ങളിലിറക്കി. ഊര്‍ജത്തിന്റെ സഹായത്താല്‍ ഉല്‍പ്പാദന മേഖലകളിലെല്ലാം അത്യന്തമായ പുരോഗതികളുണ്ടായി. ഭൂമിയും പരിസ്ഥിതികളും കൂടുതല്‍ പഠന വിഷയങ്ങളാക്കി. മാല്‍ത്തൂസിന്‍റെ കണക്കനുസരിച്ചുള്ള ജനസംഖ്യാ വര്‍ദ്ധനയ്ക്ക് തുല്യമായ ഭക്ഷ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. അദ്ദേഹം കണക്കുകൂട്ടിയതുപോലുള്ള ക്രമാധീതമായി ദുരന്തങ്ങള്‍ നിറഞ്ഞ മാറ്റങ്ങളൊന്നും സമൂഹത്തിനുണ്ടായില്ല. എന്നാല്‍ ജനസംഖ്യയനുസരിച്ചു ആധുനിക ടെക്കനോളജിയുടെ സഹായത്തോടെ വിഭവങ്ങള്‍ കണക്കില്ലാതെ വര്‍ദ്ധിക്കുകയും ചെയ്തു.

വരുമാനമനുസരിച്ചുള്ള ജീവിതം ബൗദ്ധികതലങ്ങളിലുള്ള ഭൂരിഭാഗം ജനതയും തെരഞ്ഞെടുത്തു. അതനുസരിച്ചു ഓരോ കുടുംബത്തിലും കുഞ്ഞുങ്ങളുടെ എണ്ണവും ക്ലിപ്തപ്പെടുത്തി. വ്യവസായികമായ ഒരു സമൂഹത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്നതും വളരെ ചെലവുള്ളതായി തീര്‍ന്നു. അത് 'ചെറിയ കുടുംബം സന്തുഷ്ട കുടുംബ'മെന്ന ആശയം പ്രബലമാകാനും കാരണമായി. പുരോഗമിച്ച രാഷ്ട്രങ്ങള്‍ അഭിവൃദ്ധി നേടിയതുമൂലം അവിടുത്തെ ജനങ്ങള്‍ക്കാവശ്യമുള്ള വിഭവങ്ങളും ഉത്ഭാദനങ്ങളും വര്‍ദ്ധിച്ചു. തന്മൂലം രാജ്യങ്ങളുടെയും അവിടെയുള്ള ജനതയുടെയും ജീവിത നിലവാരം ഉയരുകയുണ്ടായി. സുരക്ഷിതമായ ആരോഗ്യപരിപാലനം മൂലം ശിശു മരണനിരക്കും കുറഞ്ഞു. കുഞ്ഞുങ്ങളെ വളര്‍ത്താനും അവരുടെ ചെലവുകള്‍ക്കുമായി കൂടുതല്‍ അവസരങ്ങള്‍ വന്നുകൊണ്ടുമിരുന്നു. ഒരു കാലത്ത് ഒരു കുടുംബം നിലനിര്‍ത്താന്‍ ബാലവേലകള്‍ ആവശ്യമായിരുന്നു. ആധുനികതയുടെ നേട്ടങ്ങളോടെ പരിഷ്കൃത രാജ്യങ്ങളിലെല്ലാം ബാലവേലകള്‍ നിയമവിരുദ്ധമാക്കി. കുട്ടികളെ വളര്‍ത്തുക പ്രയാസമായതുകൊണ്ടും അവരുടെ ചെലവുകള്‍ അധികമായതുകൊണ്ടും മാതാപിതാക്കള്‍ക്ക് സാമ്പത്തിക അവസരങ്ങളും കുറഞ്ഞു വന്നു. അതും ചെറിയ കുടുംബം ലക്ഷ്യമിട്ടുകൊണ്ടുള്ള സന്താന നിയന്ത്രണങ്ങള്‍ക്കു കാരണവുമായി. ഒരു ചെറിയ വിഭാഗം മക്കള്‍ മാതാപിതാക്കളെ വയസു കാലത്തു നോക്കിയിരുന്നു. എങ്കിലും അഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളില്‍ ക്ഷേമ നിധികളും സാമൂഹിക സുരക്ഷിതത്വവും നല്കുന്നതുകൊണ്ട് ആരോഗ്യ പരിപാലനവും ആയുസിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു.

ക്യാപിറ്റലിസം അഥവാ മുതലാളിത്ത തത്ത്വങ്ങളിലുള്ള ഒരു വ്യവസ്ഥിതി ഉല്‍പ്പാദന മേഖലകളെ കൂടുതല്‍ ഉല്‍പ്പാദനങ്ങള്‍ക്കായി പരിപോഷിപ്പിക്കാറുണ്ട്. മാല്‍ത്തൂസിന്‍ കാഴ്ചപ്പാടില്‍ ഒരു മനുഷ്യന്റെ ആവശ്യത്തിനുള്ള വിഭവങ്ങള്‍ വളരെ ക്ലിപ്തമാണ്. ഭൂമിയും അതിന്റെ ഊര്‍ജവും വിഭവങ്ങളും ഭൂമിയിലേക്ക് വരുന്ന ഓരോ മനുഷ്യനും ജീവിക്കാനാവശ്യമാണ്. എന്നാല്‍ മനുഷ്യന്റെ വിനിമയപരമായ മൂല്യങ്ങള്‍ക്ക് സദാ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതനുസരിച്ചു സാമ്പത്തിക കഴിവുകളും വരുമാനങ്ങളും ഉണ്ടാകണം. ഓരോ കുട്ടി ജനിക്കുമ്പോഴും ഉല്പന്നങ്ങള്‍ക്കും വിഭവങ്ങള്‍ക്കും ആവശ്യകത വരുകയും വാങ്ങാനുള്ളവര്‍ കൂടുകയും ചെയ്യുന്നു. ഓരോരുത്തര്‍ക്കും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പുതിയതായ ഒരു കാഴ്ചപ്പാട് ഉണ്ടാവുകയും ചെയ്യുന്നു.

നമ്മുടെ ജീവിത നിലവാരം ഉയരുന്നതുമൂലം ഇന്നു നിലവിലുള്ള വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതായുമുണ്ട്. ടെക്കനോളജിയുടെ സഹായത്തോടെ നാം നിത്യേന ഉപയോഗിക്കുന്നതായ വിഭവങ്ങള്‍ കാര്യക്ഷമമായി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയും ഉണ്ടാകുന്നു. അത്തരം ഉല്‍പ്പാദനങ്ങള്‍ക്കായി കൂടുതല്‍ പാടവത്തോടെ അതിനുള്ള മാര്‍ഗങ്ങളും മനുഷ്യര്‍ കണ്ടെത്തുന്നു. സ്വതന്ത്രമായ ഒരു സമൂഹത്തില്‍ക്കൂടി മൂലധനം വര്‍ദ്ധിക്കുന്നതുകൊണ്ടാണ് മാറ്റങ്ങളുടെതായ പുതിയ ലോകം എന്നും കാണപ്പെടുന്നത്. വ്യവസായികള്‍ക്ക് ഉല്‍പ്പന്നം മെച്ചമാക്കാന്‍ വേണ്ടത്ര അറിവും ലഭിക്കുന്നു. മനുഷ്യന്റെ ജീവിത നിലവാരം അതുമൂലം ഉയരുകയും സാമ്പത്തികം മെച്ചപ്പെടുകയും ചെയ്യും. അവിടെയെല്ലാം മാല്‍ത്തൂസിയന്‍ തത്ത്വങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

മാല്‍ത്തൂസിന്‍ തത്ത്വങ്ങളില്‍ ചില അനുകൂല ചിന്താഗതികളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഈ തത്ത്വങ്ങള്‍ മൃഗങ്ങള്‍ക്ക് ബാധകമെന്നു ചാള്‍സ് ഡാര്‍വിന്‍ വിശ്വസിച്ചിരുന്നു. കാരണം, മൃഗങ്ങള്‍ക്ക് സ്വയം സന്താന നിയന്ത്രണം നടത്താന്‍ സാധിക്കില്ല. അവരുടെ ഉല്‍പ്പാദനം സ്വന്തം ശരീരഘടനയനുസരിച്ചായിരിക്കും. പരിസ്ഥിതി അനുകൂലമല്ലെങ്കില്‍ മൃഗങ്ങളുടെ ഉല്‍പ്പാദനം സാധ്യമല്ല. വനനശീകരണവും മൃഗങ്ങള്‍ക്കായുള്ള ഭക്ഷ്യവിഭവങ്ങളുടെ അപര്യാപ്തതയും മനുഷ്യന്റെ വേട്ടയാടലും തുടര്‍ന്നാല്‍ മൃഗങ്ങളുടെ എണ്ണം കുറയുകയും മൃഗസംരക്ഷണം പ്രയാസമുള്ളതായി തീരുകയും ചെയ്യും. ഡാര്‍വിനുമായി സഹകരിച്ചുകൊണ്ട് മാല്‍ത്തസ് പ്രകൃതിയേയും ജീവജാലങ്ങളെയും വിലയിരുത്തി പഠിച്ചതു കാരണം 'ഡാര്‍വിന്‍റെ പരിണാമ തത്ത്വങ്ങളും' അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യ വര്‍ദ്ധനവിനെപ്പറ്റിയും ഗവേഷണങ്ങള്‍ നടത്തിയിരുന്നു. മാല്‍ത്തസിനെ ഇക്കണോമിസ്റ്റുകള്‍ പലപ്പോഴും തെറ്റായ വിധത്തില്‍ വിമര്‍ശിച്ചിരുന്നു. എങ്കിലും ഇരുപതാംനൂറ്റാണ്ടില്‍ സാമ്പത്തിക ശാസ്ത്രത്തിലെ 'കെയിനിസം തത്ത്വങ്ങളുടെ 'ആവിര്‍ഭാവത്തോടെ മാല്‍ത്തൂസിന്റെ കാഴ്ചപ്പാടുകള്‍ വീണ്ടും പ്രശസ്തങ്ങളായിത്തീര്‍ന്നു.

ജനസംഖ്യ നിയന്ത്രിക്കുന്നതിനായി മാല്‍ത്തസ് ചില കാര്യങ്ങള്‍ അവലോകനം ചെയ്തിരുന്നു. ധര്‍മ്മാനുരൂപമായ സ്വയം നിയന്ത്രണം അതിലൊന്നായിരുന്നു. സ്ത്രീയെ കാണുമ്പോഴുള്ള വികാരാവേശത്തില്‍ നിന്നും ആദ്യം മുതല്‍ മനുഷ്യന്‍ ആത്മനിയന്ത്രണം പാലിച്ചു ഒഴിഞ്ഞു നില്‍ക്കണം. അതായത് ഒരു കുടുംബം നോക്കാന്‍ കഴിവുണ്ടാകുന്ന പക്ഷം വിവാഹിതരാകുക എന്ന തീരുമാനം പുരുഷനും സ്ത്രീയും കൈക്കൊള്ളണം. സന്താന നിയന്ത്രണങ്ങള്‍ വരുത്തി ചെറിയ കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി കഴിയണം. മാല്‍ത്തസ് വൈവാഹിക ജീവിതത്തിലെ ജനന നിയന്ത്രണത്തെ എതിര്‍ത്തിരുന്നു. വിവാഹത്തിനുശേഷം ഉണ്ടാകുന്ന കുഞ്ഞുങ്ങളെ തടയാന്‍ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടില്ല. വിവാഹം കഴിക്കാന്‍ ദീര്‍ഘിക്കുംതോറും നിയമാനുസൃതമല്ലാത്ത കുഞ്ഞുങ്ങളും പെരുകുമെന്ന കാര്യവും മാല്‍ത്തസ് ചിന്തിച്ചിരുന്നു. എന്നാല്‍ നിയന്ത്രണാധീതമായ ജനസംഖ്യയെ കണക്കാക്കുമ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍ അപ്രധാനമെന്നും കണക്കു കൂട്ടിയിരുന്നു.

മനുഷ്യന്റെ ആയുസു കുറയുന്ന ഘട്ടങ്ങളിലും ജനസംഖ്യ കുറയുമെന്നും അദ്ദേഹം കണ്ടു. ദരിദ്രമായ അവസ്ഥയിലുള്ള ജീവിതവും ജോലിയുടെ സാഹചര്യങ്ങളും സുഖക്കേടിനെ നിയന്ത്രിക്കാനുള്ള കഴിവുകേടുകളും രോഗങ്ങളും യുദ്ധവും ക്ഷാമവും അതിനു കാരണങ്ങളാണ്. പിന്നീടുള്ള ചിന്തകരായ എഴുത്തുകാര്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഒരുവന്റെ ജീവിതത്തിലെ താമസിച്ചുള്ള വിവാഹങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഇടപെടലുകള്‍ ആവശ്യമെന്നും ചിലര്‍ വാദിച്ചു. വിവാഹത്തിനുശേഷവും സന്താന നിയന്ത്രണം വേണമെന്നുള്ള നിഗമനത്തില്‍ അനുകൂലികളും പ്രതികൂല ചിന്താഗതിക്കാരുമുണ്ടായിരുന്നു. മാല്‍ത്തസിന്റെ അനുയായികളില്‍ 'മാല്‍ത്തൂസിന്‍ ലീഗെന്ന' (Malthusian League) പ്രവര്‍ത്തകര്‍ കൃത്രിമമായ ജനന നിയന്ത്രണത്തിനായി ശക്തിയായി വാദിക്കുന്നു. ഇത് മാല്‍ത്തസ് പറഞ്ഞ തത്ത്വങ്ങള്‍ക്കും എതിരായിരുന്നു.

സ്വയം നിയന്ത്രണത്തിലൂടെ സന്താന നിയന്ത്രണമെന്ന മാല്‍ത്തസിന്റെ കുടുംബാസൂത്രണം ക്രിസ്ത്യന്‍ സഭകള്‍ അംഗീകരിച്ചിട്ടുള്ളതാണ്. മനുഷ്യന്റെ പ്രജനന ശേഷിയെ മനഃപൂര്‍വം നിയന്ത്രിക്കുന്നത് സഭ എക്കാലവും എതിര്‍ത്തിരുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ലോകാരോഗ്യ സംഘടനകളുടെ നേതൃത്വത്തെയും കുടുംബാസൂത്രണം പോലുള്ള രാഷ്ട്രത്തിന്റെ തീരുമാനങ്ങളെയും സഭയ്‌ക്കൊരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഇന്നും വത്തിക്കാന്‍ ഭരിക്കുന്നതും തീരുമാനങ്ങള്‍ എടുക്കുന്നതും യാഥാസ്ഥിതികരായ വത്തിക്കാന്റെ ഹൈറാര്‍ക്കിയാണ്. ഗര്‍ഭച്ഛിദ്രം, കൃത്രിമ ഗര്‍ഭനിരോധക ഉപാധികള്‍ മുതാലായ ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ സഭയ്ക്കുള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ല. അത്തരം സന്താന നിയന്ത്രണങ്ങളെല്ലാം സഭയുടെ ദൃഷ്ടിയില്‍ പാപമാണ്. ഇവിടെ സഭയും മാല്‍ത്തസിന്റെ വീക്ഷണങ്ങളിലുണ്ടായിരുന്ന പ്രകൃതിനിയമങ്ങളില്‍ വിശ്വസിക്കുന്നു.

മാല്‍ത്തൂസിന്‍ തത്ത്വങ്ങളെ ഏറ്റവുമധികം പ്രാവര്‍ത്തികമാക്കിയ രാജ്യം ചൈനയാണ്. ഭാരതവും ജനത്തെ നിയന്ത്രിക്കാനായി ഭീമമായ തുകകള്‍ ചെലവാക്കുന്നുണ്ട്. നാം രണ്ടെന്നുള്ള രണ്ടില്‍ തുടങ്ങി ഭാരത കുടുംബാസൂത്രണത്തില്‍ നാം ഒന്നെന്നുള്ള തീരുമാനങ്ങള്‍ വരെയായി. ഇപ്പോള്‍ നാം ഒന്ന് പിന്നെ മറ്റൊന്ന് എന്തിനെന്നും ചോദിക്കുന്ന സ്വാര്‍ഥമതികളുടെ ലോകം വരെയായി, സന്താന നിയന്ത്രണത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. 'അരിത്തമറ്റിക്ക് പ്രോഗ്രഷനും' 'ജോമട്രിക്ക് പ്രോഗ്രഷനും' പ്രകാരം ജനസംഖ്യ കൂടുകയും ഭൂമിയുടെ വിഭവങ്ങള്‍ കുറയുകയും ചെയ്യുമെന്ന് ചൈനയും ഇന്ത്യയും പോലുള്ള ജനപ്പെരുപ്പമുള്ള രാജ്യങ്ങള്‍ ഭയപ്പെട്ടിരുന്നു. വിഭവങ്ങള്‍ ഇല്ലാതെ എണ്ണം കൂടിയാല്‍ ഭക്ഷ്യദൗര്‍ലഭ്യം മൂലം മനുഷ്യര്‍ കൂട്ടത്തോടെ ചാകും. പഞ്ഞം, പട, വസന്ത, യുദ്ധം മുതലായ മഹാദുരന്തങ്ങള്‍ സംഭവിക്കുമെന്ന മാല്‍ത്തസിന്റെ ഭയാനക തത്ത്വങ്ങളും ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചു.

മാല്‍ത്തൂസിയന്‍ തത്ത്വങ്ങള്‍ തെറ്റെന്ന് ഇക്കണോമിസ്റ്റുകള്‍ വിവിധ കാഴ്ചപ്പാടുകളിലൂടെ തെളിയിക്കാന്‍ ശ്രമിക്കുന്നു. അമേരിക്കയില്‍ അമിത ഭക്ഷണം മൂലം എഴുപതു ശതമാനം ജനങ്ങളും തടിച്ചു കൊഴുത്തിരിക്കുന്നു. ചൈനയില്‍ പന്ത്രണ്ടു ശതമാനം ജനങ്ങളും അമിത ഭാരമുള്ള ശരീരം വഹിച്ചുകൊണ്ട് നടക്കുന്നവരാണ്. ഇന്ത്യയില്‍ പത്തു ശതമാനം ജനങ്ങള്‍ ഭക്ഷണത്തിന്റെ ക്രമീകരണമില്ലാത്തതിനാല്‍ പ്രമേഹ രോഗികളായി കാണപ്പെടുന്നു. ആരോഗ്യപരമല്ലാത്തതും അമിത ഭക്ഷണവും കഴിക്കുന്നതു കാരണം വിചിത്രങ്ങളായ രോഗങ്ങളും സാധാരണമാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ തെരുവുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കൂമ്പാരം തന്നെ കാണാം. വര്‍ദ്ധിച്ചു വരുന്ന ജനതയെക്കാള്‍ ഭക്ഷണ വിഭവങ്ങള്‍ ഇന്ന് ലോകത്തുണ്ട്. ജനസംഖ്യ കുറയ്ക്കുന്ന പദ്ധതികളുമായി രാജ്യങ്ങള്‍ മുമ്പോട്ടു പോകുന്നുവെങ്കില്‍ അമിതമായി കുന്നുകൂടിയിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ഇല്ലാതാകും. മാല്‍ത്തസിന്റെ തത്ത്വങ്ങള്‍ നാം തെറ്റാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും അമിത ഭക്ഷണംമൂലം സംഭവിക്കുന്ന 'ഡയബെറ്റിസ്', 'ഹൈപ്പര്‍ ടെന്‍ഷന്‍' മുതലായ രോഗങ്ങള്‍ മരണനിരക്ക് കൂട്ടുകയും അദ്ദേഹത്തിന്‍റെ ചിന്തകള്‍ ബലവത്താകുകയും ചെയ്യുന്നു. മാല്‍ത്തസിന്റെ തത്ത്വങ്ങള്‍ക്കെതിരായ പ്രകൃതിവിരുദ്ധമായ ഭക്ഷ്യയുല്‍പ്പാദനങ്ങളാണ് അതിനു കാരണമെന്നുള്ളതും ഇവിടെ വ്യക്തമാണ്.

ആധുനിക നരവംശ ശാസ്ത്രത്തിന്റെ നിഗമനപ്രകാരം മനുഷ്യവംശത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും കഴിഞ്ഞ കാലത്തുണ്ടായ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. പ്രപഞ്ച വിധേയമായ വിവിധതരം പ്രകൃതിനിയമങ്ങള്‍ നാം പലപ്പോഴും ലംഘിച്ചിട്ടുണ്ട്. കാര്‍ഷികസംസ്കൃതി രൂപം കൊള്ളുന്നത് തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതിനിഷേധത്തിലൂടെയായിരുന്നു. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പുംവില്ലും കണ്ടുപിടിച്ചതോടെ അദൃശ്യനായ ഒരു വേട്ടക്കാരനായി മാറി. കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന അവന്റെ ആക്രമണശേഷിക്ക് മുന്നില്‍ ഒരു ജീവിക്കും പിടിച്ചു നില്‍ക്കാനാവുമായിരുന്നില്ല. അതിന്റെ ഫലമായി പ്രാകൃത മനുഷ്യര്‍ വേട്ടയാടി ജീവിച്ചിരുന്നു. കാറ്റും മഴയും പ്രകൃതിയുമായി മല്ലിട്ടു ജീവിച്ചിരുന്ന ഗുഹായുഗ മനുഷ്യന്‍ അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടാനും പഠിച്ചു. നിത്യേന മാംസഭുക്കായ മനുഷ്യന് കാട്ടിലെ മൃഗങ്ങള്‍ പോരാതെ വന്നു. മൃഗങ്ങളുടെ എണ്ണത്തിലും സാരമായ കുറവുകള്‍ സംഭവിക്കാനും തുടങ്ങി. ഇരകള്‍ക്ക് ക്ഷാമം വന്നപ്പോള്‍ ആഹാരത്തിന്റെ കുറവ് കാരണം മനുഷ്യരുടെ എണ്ണവും കുറയാന്‍ തുടങ്ങി. ശിശുമരണവും കാരണമായിരുന്നു. ഇങ്ങനെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം തിട്ടപ്പെടുത്തുന്നതും പ്രകൃതിനിയമം ആയിരുന്നു. മാല്‍തസിന്റെ കണക്കുകൂട്ടലും ഈ പ്രകൃതി നിയമം അനുസരിച്ചായിരുന്നു. പക്ഷെ മനുഷ്യനെന്നും ബുദ്ധി ശക്തിയാലും ചിന്താശക്തിയാലും ജീവിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിരുന്നു. വിശന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ ഭക്ഷ്യ വിഭവങ്ങള്‍ തേടിയുള്ള ജൈത്രയാത്ര അവന്‍ ആരംഭിച്ചു. വനങ്ങള്‍ വെട്ടിത്തെളിച്ചും കൃഷിയിടങ്ങള്‍ ഉണ്ടാക്കിയും അവന്‍ ഭക്ഷണത്തിനായുള്ള കൃഷി തുടങ്ങി. പച്ചക്കറികളും ധാന്യങ്ങളും പഴവര്‍ഗങ്ങളും നട്ടു വളര്‍ത്തി. വേട്ടക്കാരനായ മനുഷ്യന്‍ ഇരകളുടെ എണ്ണമനുസരിച്ചു തൃപ്തിയാവാതെ കൂടുതല്‍ ജനതയ്ക്കായുള്ള ഭക്ഷണ വിഭവങ്ങളും കണ്ടെത്താന്‍ തുടങ്ങി. അവിടെയവന്‍ മാല്‍ത്തസിന്റെ തത്ത്വമായ പ്രകൃതി നിയമം ലംഘിക്കുകയായിരുന്നു. ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും മാല്‍ത്തസിന്റ ഗുണിതങ്ങളും സമതുലിതങ്ങളുമല്ലെന്നു തെളിയിച്ചതോടുകൂടി അദ്ദേഹത്തിന്‍റെ തത്ത്വങ്ങള്‍ ശരിയായ കണക്കുകൂട്ടലുകളോടെയല്ലെന്നും വ്യക്തമായി. പ്രകൃതി നിയമത്തിനു വിരുദ്ധമായി കാര്‍ഷിക സംസ്ക്കാരത്തിന്റെ നവോദ്ധാന ചിന്തകളും അവിടെനിന്നു രൂപം പ്രാപിച്ചു.

നാം വസിക്കുന്ന ഈ ഭൂമി സസ്യങ്ങളുടെ ഭൂയിഷ്ഠതയ്ക്കായി ജൈവവളങ്ങള്‍ നിറഞ്ഞതാണ്. രാസവളങ്ങളൊന്നും മാല്‍ത്തൂസിന്റെ കാലത്തു കണ്ടുപിടിച്ചിരുന്നില്ല. ജൈവ വളങ്ങളുടെ വീര്യം കുറയുമ്പോള്‍ ഭക്ഷ്യവിളകള്‍ താനേ കുറയുമെന്ന ഒരു ധാരണയുമുണ്ടായിരുന്നു. ജനങ്ങളുടെ എണ്ണം അനുസരിച്ചു ഭക്ഷ്യവിളകള്‍ കുറയുമെന്നും അതുമൂലം രൂക്ഷമായ ക്ഷാമം ഉണ്ടാകുമെന്നും മാല്‍ത്തസിന്റെ കണക്കുകൂട്ടലുകള്‍ അന്നത്തെ സമൂഹവും വിശ്വസിച്ചിരുന്നു. വാസ്തവത്തില്‍ മാല്‍ത്തസ് പറഞ്ഞത് ഒരു പ്രകൃതി നിയമമായിരുന്നു. പക്ഷെ അദ്ദേഹം പ്രവചിച്ചത് സംഭവിച്ചില്ല. പ്രകൃതി നിശ്ചയം പോലെ നടന്നിരുന്നെങ്കില്‍ മാല്‍ത്തസിന്റെ തത്ത്വങ്ങള്‍ ശരിയാകുമായിരുന്നു. വളര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യന്റെ കഴിവുകളെയും ബുദ്ധിവൈഭവത്തെയും മാല്‍ത്തസിനു ചിന്തിക്കാന്‍ സാധിച്ചില്ല. മനുഷ്യന്‍ മണ്ണിനാവശ്യമായ പുതിയ രാസവളങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരുന്നു. പത്തും പതിനഞ്ചും മേനി വിളയുന്ന 'വിത്ത്' വിളകളും കൃഷിസ്ഥലങ്ങളിലിറക്കി. ഹരിതക വിപ്ലവങ്ങളും ധവളവിപ്ലവങ്ങളും മാല്‍ത്തസ്സിന്റെ പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടിരുന്നു. ജനസംഖ്യയുടെ അനുമാനത്തേക്കാള്‍ ഇരട്ടിയും പത്തിരട്ടിയും ഭക്ഷ്യവിളകളും നാണ്യവിളകളും മനുഷ്യനു നേടാന്‍ സാധിച്ചു. അവിടെ മാല്‍ത്തസിന്റെ തത്ത്വങ്ങള്‍ അര്‍ത്ഥമില്ലാതെയായി.

മാല്‍ത്തസിനെ കൂടാതെ ഇതുപോലെ അദ്ദേഹത്തെ അനുകരിച്ച മറ്റനേക ചിന്തകരും സാമ്പത്തിക ശാസ്ത്രങ്ങളുടെ ചുരുളകള്‍ അഴിക്കുകയും അഭിപ്രായങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടാകുമ്പോഴേയ്ക്കും ലോകം ഭക്ഷ്യക്ഷാമത്തില്‍ മുങ്ങിക്കുളിക്കുമെന്നും മൃഗങ്ങള്‍ ചത്തൊടുങ്ങുമെന്നും ഭൂമിയുടെ ഭൂരിഭാഗവും വരള്‍ച്ചയനുഭവപ്പെടുമെന്നും മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം കുറയുമെന്നും ജനങ്ങള്‍ മരിച്ചുവീഴുമെന്നും ജനസംഖ്യ കുറയുമെന്നൊക്കെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ലന്നുള്ളതാണ് സത്യം. മനുഷ്യന്റെ ബുദ്ധിവൈഭവത്താലും കഠിന പ്രയത്‌നങ്ങള്‍കൊണ്ടും ആ പ്രവചനങ്ങളെയെല്ലാം നിഷ്ക്രിയങ്ങളാക്കി . ലോകരാഷ്ട്രങ്ങളില്‍ പൊതുവേ ജനസംഖ്യക്കനുപാതമായി ഭക്ഷ്യോത്ഭാദനം അനേക മടങ്ങുകള്‍ വര്‍ദ്ധിച്ചു. ഇന്‍ഡ്യ ഇന്ന് ഒന്നേകാല്‍ ബില്യന്‍ ജനങ്ങളെ തീറ്റിപോറ്റിയശേഷം രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന ധാന്യവിളകള്‍ വലിയ തോതില്‍ പുറംലോകത്തേയ്ക്ക് കയറ്റുമതിയും ചെയ്യുന്നു. അവിടെയെല്ലാം മാല്‍ത്തസിന്റെ തത്ത്വങ്ങള്‍ക്ക് പ്രസക്തിയില്ലാതെയാവുകയായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code