Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നസെന്റിനെ സന്ദര്‍ശിച്ചു

Picture

ഇരിങ്ങാലക്കുട:അസുഖത്തെ ത്തുടര്‍ന്ന് വിശ്രമിക്കുന്ന നടന്‍ ഇന്നസെന്റിനെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി നാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു.   
അസുഖം വന്നതുനന്നായി, അല്ലെങ്കില്‍ ഞാന്‍ മരിച്ചതിനുശേഷമാണ് ഈ വീട്ടുമുറ്റത്ത് ആചാരവെടി മുഴക്കി മതമേലധ്യക്ഷന്‍മാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും പൗരപ്രമുഖരുമെല്ലാം എത്തിച്ചേരുക. മരണത്തിനുമുമ്പ് എല്ലാവരും വീട്ടിലെത്തി ഏറെ നേരം സംസാരിച്ചു സമയം ചെലവിടാന്‍ സാധിച്ചത് ഒരു ദൈവനിയോഗമാണ്: തന്നെ കാണാന്‍ വീട്ടിലെത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടും ഇരിങ്ങാ ലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടും നടന്‍ ഇന്നസെന്റ് പറഞ്ഞു.

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കര്‍ദിനാള്‍ ഇന്നസെന്റിനു സമ്മാനമായി നല്കി. പിന്നീടങ്ങോട്ട് ഒന്നര മണിക്കൂറോളം നര്‍മത്തില്‍ ചാലിച്ച സംഭാഷണങ്ങള്‍. രോഗാവസ്ഥയെക്കുറിച്ചു തിരക്കിയപ്പോള്‍, തനിക്ക് ഈ അസുഖം വന്നതു ഭാഗ്യമാണെന്നും അതിനാലാണു തന്റെ ഭാര്യയുടെ രോഗം തുടക്കത്തിലേ കണ്ടുപിടിച്ചു ചികിത്സിക്കാന്‍ സാധിച്ചതെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

താന്‍ സിനിമാരംഗത്തു വൈദികവേഷത്തിലഭിനയിച്ചതും ബിഷപ്പായി അഭിനയിച്ചതും സംബന്ധിച്ച ഇന്നസെന്റിന്റെ വിവരണങ്ങള്‍ ചിരിയുണര്‍ത്തി. വിടപറയുംമുമ്പേ എന്ന സിനിമയില്‍ വൈദികനായി അഭിനയിച്ചപ്പോള്‍ ശബ്ദം ശരിയാവാത്തതിനാല്‍ മറ്റൊരു യഥാര്‍ഥ വൈദികനെ മദ്രാസില്‍ കൊണ്ടുപോയി ഡബ് ചെയ്യുകയായിരുന്നു.

വിശ്രമകാലത്തു പുസ്തകരചനയിലാണു ഏറെ സമയവും ചെലവിടുന്നത്. അസുഖങ്ങള്‍ വരുമ്പോള്‍ എങ്ങനെ നേരിടണം എന്നതാണു പുസ്തകം. പേരക്കുട്ടികളായ അന്നയും ഇന്നസെന്റും സിനിമയില്‍ അഭിനയിച്ച വിശേഷവും ചിരിയില്‍ ചാലിച്ചാണ് ഇന്നസെന്റ് പറഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ചുള്ള ഡോക്യുമെന്ററിയില്‍ അന്ന മാലാഖയായും ടി.എന്‍. പ്രതാപന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ നടക്കുന്ന 'അമ്മയ്‌ക്കൊരു കവിള്‍ കഞ്ഞി' എന്ന പരിപാടിയുടെ ടെലിഫിലിമില്‍ ഇന്നസെന്റ് കൊച്ചുകുട്ടിയായുമാണു വേഷമണിഞ്ഞത്. കൊച്ച് ഇന്നസെന്റ് കഞ്ഞിസിനിമയില്‍ മാത്രം അഭിനയിച്ച് അവസാനിപ്പിക്കുമോ എന്ന അപ്പാപ്പന്റെ ചോദ്യം വന്നതോടെ വീണ്ടും ചിരി.

ലോകത്തെ കീഴ്‌പ്പെടുത്തുന്ന അസുഖത്തെ തന്റെ സ്വതസിദ്ധമായ നര്‍മത്തിലൂടെ കീഴ്‌പ്പെടുത്തിയ വ്യക്തിയാണ് ഇന്നസെന്റെന്നും ആഴത്തിലുള്ള ദൈവവിശ്വാസമാണ് അതിനു കാരണമായതെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റു രോഗികള്‍ തങ്ങളുടെ രോഗത്തെക്കുറിച്ചു നിരാശരാകാതെ എന്നും സന്തോഷത്തോടെയിരിക്കുവാന്‍ ഇന്നസെന്റ് ഒരു മാതൃകയാണ്.

രോഗം വന്നപ്പോള്‍ ആത്മവിശ്വാസത്തോടെ നേരിട്ടതു മറ്റുള്ളവര്‍ക്കു സന്ദേശമാണെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. മരണത്തിനുവേണ്ടി കാത്തിരിക്കുന്നതാണ് ഏറ്റവും വലിയ ജീവിതപരാജയമെന്ന് ഇന്നസെന്റ് പറഞ്ഞു. മരണം എല്ലാവര്‍ക്കുമുണ്ട്. മരണത്തെയും രോഗത്തെയും സന്തോഷത്തോടെ എതിരേല്‍ക്കണം. രോഗികളെ കാണാന്‍ വരുമ്പോള്‍ അവരുടെ ആത്മധൈര്യം ചോര്‍ത്തിക്കളയുന്ന സംസാരം പാടില്ല.

രണ്ടുമാസത്തിനകം സിനിമയില്‍ തിരിച്ചുവരുമെന്ന് ഇന്നസെന്റ് പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാതിരിക്കുന്ന സമയത്ത് അഭിനയം നിര്‍ത്തും.കത്തീഡ്രല്‍ വികാരി ഫാ.ജോബി പൊഴോലിപറമ്പില്‍, സെക്രട്ടറിമാരായ ഫാ.റിജു വെളിയില്‍, ഫാ.ഫെബി പുളിക്കന്‍ എന്നിവരും ഉണ്ടായിരുന്നു. ഇന്നസെന്റിന്റെ ഭാര്യ ആലീസ്, മകന്‍ സോണറ്റ്, മരുമകള്‍ രശ്മി സോണറ്റ്, പേരക്കുട്ടികളായ അന്ന, ഇന്നസെന്റ് എന്നിവര്‍ ചേര്‍ന്നാണ് സന്ദര്‍ശക സംഘത്തെ സ്വീകരിച്ചത്. വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ഥന നടത്തിയാണു കര്‍ദിനാളും സംഘവും മടങ്ങിയത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code