Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭരണങ്ങാനത്ത് ക്രിസ്തുശിഷ്യ സ്മരണയില്‍ 72 വൈദികര്‍, അപ്പസ്‌തോല സ്മൃതിയില്‍ 12 വൈദികശ്രേഷ്ഠര്‍

Picture

ഭരണങ്ങാനം: ബാഹ്യ ആഡംബരങ്ങളും ആഘോഷങ്ങളും പൂര്‍ണമായി ഒഴിവാക്കി ആത്മീയതയുടെ നേരനുഭവം സമ്മാനിച്ചു പത്തു ദിനങ്ങളിലായി നടക്കുന്ന അല്‍ഫോന്‍സാ തിരുനാളിനു നാളെ കൊടിയേറും. തിരുനാള്‍ ദിവസങ്ങളില്‍ വിവിധ രൂപതകളില്‍ നിന്നുള്ള 12 ബിഷപ്പുമാര്‍ അല്‍ഫോന്‍സാമ്മയുടെ സവിധത്തില്‍ എത്തിച്ചേരും. സീറോമലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ വൈദിക മേലധ്യക്ഷന്മാര്‍ വിവിധ ദിവസങ്ങളില്‍ എത്തുന്നതോടെ സഭൈക്യത്തിന്റെ അനുഭവമാണ് വിശുദ്ധയുടെ സവിധത്തിലെത്തുന്ന വിശ്വാസ സമൂഹത്തിനു ലഭിക്കുന്നത്. തിരുകര്‍മങ്ങളിലെ 12 ബിഷപ്പുമാരുടെ സാന്നിധ്യത്തിലൂടെ 12 അപ്പസ്‌തോലന്മാരുടെ സ്മരണകള്‍ അനുഭവപ്പെടും. വിവിധ രൂപതകളിലെ വികാരി ജനറാള്‍മാരും സഭാ കേന്ദ്രങ്ങളില്‍ നിന്നുള്ള വൈദികരും മേജര്‍ സെമിനാരി റെക്ടര്‍മാരുമടക്കം 72 വൈദികര്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മികത്വം വഹിക്കാനായി വിശുദ്ധയുടെ സന്നിധിയില്‍ എത്തും. ഇവരുടെ സാന്നിധ്യത്തിലൂടെ ക്രിസ്തുവിന്റെ 72 ശിഷ്യന്മാരുടെ ദീപ്തസ്മണ ഉയരും.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നാളെ കൊടിയേറ്റുന്ന തിരുനാളില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, മാര്‍ ഡൊമിനിക്ക് കോക്കാട്ട്, മാര്‍ ജയിംസ് പഴയാറ്റില്‍, സീറോ മലങ്കരസഭ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോര്‍ജ് ചിറ്റിലപ്പിള്ളി, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ 28-ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരും 27-നു മാര്‍ ജേക്കബ് മുരിക്കനും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും.

തിരുനാള്‍ ദിവസങ്ങളില്‍ 6.30-നും 8.30-നും 11.00 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനക്കൊപ്പം വചനപ്രഘോഷണവും നടക്കും. നാലിനു ആഘോഷമായ സായാഹ്ന പ്രാര്‍ഥനയും വചനസന്ദേശവും. വൈകുന്നേരം ജപമാല പ്രദക്ഷിണവും നടക്കും. ഈ തിരുകര്‍മങ്ങളില്‍ കാര്‍മികത്വം വഹിക്കാനാണ് 72 വൈദികര്‍ എത്തുന്നത്.

തീര്‍ഥാടനകേന്ദ്രത്തില്‍ ഭക്തലക്ഷങ്ങള്‍ക്കായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടന കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലൂടെ കടന്നെത്തുന്നവര്‍ക്കെല്ലാം വിശുദ്ധയുടെ ജീവിതത്തിലേക്കുള്ള നേരനുഭവം കരഗതമാകുംവിധമുളള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നടക്കമുള്ള തീര്‍ഥാടകര്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് മതിയായ സേവനത്തിന് പോലീസ് ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്.

ഭക്തരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി പ്രധാന തിരുനാള്‍ ദിനങ്ങളില്‍ പ്രത്യേക സര്‍വീസ് നടത്തും. ആരോഗ്യ വകുപ്പ്, ഫയര്‍ ഫോഴ്‌സ് എന്നീ വിഭാഗങ്ങളും സ്ഥലത്തെത്തി ക്രമീകരണങ്ങള്‍ വിലിയിരുത്തിയിട്ടുണ്ട്.

(ദീപിക)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code