ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ പന്തക്കുസ്താ ദിനമായ 19-ന് എഴുത്തിനിരുത്ത് നടക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരുടെ കാര്‍മികത്വത്തിലാണു എഴുത്തിനിരുത്ത് നടക്കുന്നത്.
19-ന് രാവിലെ 7.30-ന് വിശുദ്ധ കുര്‍ബാന. 8.30-ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ഥന. തുടര്‍ന്ന് എഴുത്തിനിരുത്ത് ആരംഭിക്കും. 9.30-നും 11-നും 12-നും ഉച്ചകഴിഞ്ഞു മൂന്നിനും വിശുദ്ധ കുര്‍ബാന.
ആദ്യാക്ഷരം കുറിക്കാനായി ആയിരക്കണക്കിനു കുരുന്നുകളും അവരുടെ കുടുംബാംഗങ്ങളും ഒരുമിച്ചെത്തുന്ന സാഹചര്യത്തില്‍ വിപുലമായ ക്രമീകരണമാണ് തീര്‍ഥാടന കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
എഴുത്തിനിരുത്താനെത്തുന്ന കുട്ടികളുടെ രജിസ്ട്രേഷന് ആരംഭിച്ചു. തീര്‍ഥാടന കേന്ദ്രത്തില്‍ നേരിട്ടെത്തിയും ഫോണിലും (04822-236244) രജിസ്ട്രേഷന് നടത്താം. അധ്യാപന ജീവിതത്തിലും സന്യാസ ജീവിതത്തിലും വിശുദ്ധ അല്‍ഫോന്‍സാമ്മ കൊച്ചുകുട്ടികളെ ഏറെ സ്നേഹിച്ചിരുന്നുവെന്ന പ്രത്യേകതയിലാണ് വിശുദ്ധ പദവി പ്രഖ്യാപനത്തിനുശേഷം അല്‍ഫോന്‍സാമ്മയുടെ സന്നിധിയിലെത്തി അറിവിന്റെ ലോഏകം തുറക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്. അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തില്‍, ഫാ. തോമസ് കാലാച്ചിറയില്‍, ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. മാത്യു മുണ്ടുവാലയില്‍, ഫാ. തോമസ് കളത്തിപുല്ലാട്ട് എന്നിവരുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
Comments