Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭക്തിയും ശക്തിയും (തൊടുപുഴ കെ ശങ്കർ മുംബൈ)

Picture

ഭക്തിയിൽ ഭഗവാനെ വാഴ്ത്തി നാം വണങ്ങുന്ന
ഭക്തിതാൻ ഭഗവാന്റെ ശക്തിയെന്നറിക നാം!
ഭക്തിയെന്നതു സർവ്വ സമ്പൂർണ്ണ സമർപ്പണം
മുക്തി നേടുവാനനുയോജ്യമാം ഉപാധിയും!

ഭക്തിയും പര്യാപ്തമാം ജ്ഞാനവും, വൈരാഗ്യവും
സിദ്ധിക്കിൽ മഹോന്നത ഭാഗ്യമായ്‌ കരുതീടാം!
വൈരാഗ്യം സമ്പാദിപ്പാനെളുതല്ലതികഷ്ടം
കൈവരൂമനായാസം സാധകൻ യത്നിക്കുകിൽ!

ധനവും, പ്രതാപവും പ്രൗഢിയുമുണ്ടെന്നാലും
ധന്യമല്ലതു ഭക്തിയാർജ്ജിപ്പാനപര്യാപ്തം!
ഭക്തനു ജീവിതത്തിൽ വേണ്ടതു നിസ്വാർത്ഥമാം
ഭക്തിയാണതു തന്നെ കാംക്ഷിപ്പു ഭഗവാനും!

ഭഗവാൻ പ്രാർത്ഥിക്കുമ്പോൾ അർജുനൻ "ചോദിച്ചഹോ!
ഭക്തവത്സലനങ്ങു, പ്രാർത്ഥിപ്പതാരെ? ചൊൽക!”
ഭഗവാനുടൻ തന്റെയക്ഷികൾ തുറന്നോതി,
"ഭക്തൻ താൻ മമ ശക്തി, അവനെ പ്രാർത്ഥിപ്പൂ ഞാൻ"!

ഭക്ഷണം തൊട്ടെല്ലാമേ നല്കുമാ ഭഗവാനെ
തൽക്ഷണം വണങ്ങണം കിട്ടിയാലുടൻ തന്നെ!
കിട്ടിയെന്നാകിൽ നന്ദി, വാഴ്ത്തലായ്, പുകഴ്ത്തലായ്
കിട്ടിയില്ലേലോ നിന്ദ, വെറുപ്പായ്, വൈരാഗ്യമായ്‌!

ഓർക്കുവിൻ തന്ത്രത്താലോ സാന്ദ്രമാം മന്ത്രത്താലോ
ഒക്കുകില്ലാർക്കും കൈക്കലാക്കുവാൻ ഭഗവാനെ!
ആകാംക്ഷാഭരിതനായ്, കാത്തിരുന്നീടു മീശൻ
കാംക്ഷിപ്പതോന്നേയുള്ളൂ, ഭക്തിയും, വിശുദ്ധിയും!

ക്ഷേത്രമെന്നാലെന്തെന്നതാദ്യം നാം അറിയണം
ക്ഷേത്രജ്ഞനാരെന്നതുമൊപ്പം നാം ഗ്രഹിക്കണം!
അത്രയെളുപ്പമല്ലെ ന്നാദ്യം നാം നിനയ്ക്കിലും
ഇത്രയേയുള്ളോ? എന്ന് തോന്നിടുമവസാനം!

ജിജ്ഞാസുവായ് നാം സ്വയം, മാറണമെന്നാലല്ലോ
അജ്ഞാനം മറഞ്ഞാത്മ ജ്ഞാനം കൈവരിക്കുള്ളൂ!
ആത്മീയ ജ്ഞാനത്തിന്റെ പുണ്യാർത്ഥ സ്ഫുലിംഗങ്ങൾ
ആളിക്കത്തണം ബോധമണ്ഡലതലങ്ങളിൽ!

ഉത്തമനാകുമൊരു ഭക്തനിലുണ്ടാകണം
ഭക്തിയുമൊപ്പം ജ്ഞാന വൈരാഗ്യ ഗുണങ്ങളും!
വാഗ്മിയാണെന്നാകിലും, വാചാലനാണെന്നാലും
ആത്മീയ മില്ലെങ്കിലോ? മൊത്തമാം വട്ടപ്പൂജ്യം!

പൂജ്യത്തിൽ നിന്നും മെല്ലെയുയർന്നു, സമാരാദ്ധ്യ
പൂജ്യനായ്, പുനർ ജന്മം നേടണം ജീവിക്കവേ!
മോക്ഷണ പ്രദായിയാം മാർഗ്ഗങ്ങൾ നേടീടുവാൻ
മോഹിപ്പൂ സകലരും അറിയൂ, അതേതെല്ലാം?

സാമീപ്യം, സാരൂപ്യവും, സാലോക്യം, സായൂജ്യവും
സാധിക്കുമവിരാമ മിച്ഛപോൽ യത്നിക്കുകിൽ!
നിശ്ചയ ദാർഢ്യത്തോടെയഭ്യസിച്ചീടിൽ നിത്യം
നിശ്ചയമേറും ഭക്തി, ശക്തിയുമൊരു പോലെ!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code