കോട്ടയം: മിഷനറി സമൂഹത്തിന്റെ കേരളത്തിലേക്കുള്ള ആഗമനത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സിഎസ്ഐ സഭ ഏര്‍പ്പെടുത്തിയ ബഞ്ചമിന് ബെയ്ലി പുരസ്കാരം ആര്‍ച്ച് കോര്‍ എപ്പിസ്കോപ്പ ഡോ. കുര്യന് കണിയാംപറമ്പിലിന്. സിഎസ്ഐ ആസ്ഥാനത്ത് മധ്യകേരള മഹായിടവ ബിഷപ് റവ. ഡോ. തോമസ് കെ. ഉമ്മനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒന്നിനു ചേരുന്ന ദ്വിശതാബ്ദി സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
സമ്മേളനത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് സിഎംഎസ് പ്രസില്‍ സാഹിത്യ ചരിത്ര പഠന സെമിനാര്‍ സംഘടിപ്പിക്കും. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. റവ.ഡോ. തോമസ് കെ. ഉമ്മന്‍ അധ്യക്ഷത വഹിക്കും. 11-ന് നടക്കുന്ന സെമിനാറില്‍ മംഗളം സീനിയര്‍ എഡിറ്റര്‍ ജി. വേണുഗോപാല്‍ മോഡറേറ്ററായിരിക്കും. ഡോ. സ്കറിയ സക്കറിയ പ്രബന്ധം അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. റവ.ഡോ. തോമസ് കെ. ഉമ്മന്‍ അധ്യക്ഷത വഹിക്കും. ബെയ്ലി ഡോക്യുമെന്ററി പ്രകാശനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. ബഞ്ചമിന് ബെയ്ലി സ്മാരക അവാര്‍ഡ് സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് നല്‍കും.
ജോസ് കെ. മാണി എംപി, തോമസ് ഐസക് എംഎല്‍എ, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കേരള റസിഡന്റ് എഡിറ്റര്‍ വിനോദ് മാത്യു, റവ. പി.യു. പൗലോസ്, റവ. വിജു വര്‍ക്കി ജോര്‍ജ്, പ്രഫ. ജോര്‍ജ് ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ബെയ്ലിയുടെ ആദ്യപ്രസ്, ലോഹത്തകിടില്‍ കൊത്തിയെടുത്ത ആദ്യത്തെ അക്ഷരങ്ങള്‍, 1848ല്‍ പ്രസിദ്ധീകരിച്ച ജ്ഞാനനിക്ഷേപത്തിന്റെ ആദ്യപ്രതി, ബെയ്ലി പരിഭാഷപ്പെടുത്തിയ മലയാളം വേദപുസ്തകം തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ടാകും.
Comments