Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്ലാറ്റിനം ജൂബിലി നിറവില്‍ മേരിമക്കള്‍ സമൂഹം

Picture

ഈ ലോകത്തു നമുക്കു ചെയ്യാവുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായ കര്‍മം മനുഷ്യഹൃദയങ്ങളെ ദൈവത്തിങ്കലേയ്ക്കു നയിക്കുക എന്നതാണ്. മേരിമക്കള്‍ സമൂഹത്തിന്റെ സ്ഥാപകര്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലിലും മദര്‍ മേരി കല്ലറയ്ക്കലും പകര്‍ന്നു നല്‍കിയ ഈ ദര്‍ശനം ആധാരമാക്കിയാണ് കഴിഞ്ഞ 75 വര്‍ഷങ്ങളായി മേരി മക്കള്‍ സമൂഹം സേവനനിരതരായി വിശ്വാസയാത്ര തുടരുന്നത്.   

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ആരംഭകനും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ അധ്യക്ഷനും ദൈവദാസനുമായ മാര്‍ ഈവാനിയോസിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് കുഴിഞ്ഞാലില്‍ തിരുവനന്തപുരം അതിരൂപതയില്‍ മാര്‍ത്താണ്ഡം കേന്ദ്രമാക്കി 1938 മേയ് എട്ടിന് സ്ഥാപിച്ച മിഷണറി സമൂഹമാണ് മേരി മക്കള്‍ സന്യാസിനി സമൂഹം. കേരളത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി സന്യാസിനി സമൂഹവും മലങ്കര കത്തോലിക്ക സഭയില്‍ ആരംഭിച്ച പ്രഥമ സന്യാസിനി സമൂഹവും മേരി മക്കള്‍ സമൂഹമാണ്. സഹസ്ഥാപക മദര്‍ മേരി കല്ലറയ്ക്കല്‍, സിസ്റ്റര്‍ ആഗ്നസ് വടക്കന്‍, സിസ്റ്റര്‍ തെരേസ കൊച്ചുകാലായില്‍ എന്നിവരായിരുന്നു സമൂഹത്തിലെ ആദ്യാംഗങ്ങള്‍.

ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ആരംഭിച്ച മേരിമക്കള്‍ സമൂഹം ഫ്രാന്‍സിസ്‌കന്‍ ജീവിതശൈലിയിലൂടെ നന്മയുടെ സുവിശേഷകരായി നിലകൊള്ളുന്നു. മൂന്ന് അംഗങ്ങളുമായി പഴയ തെക്കന്‍ തിരുവിതാംകൂറില്‍ പിറവിയെടുത്ത ഈ സര്‍വസംഗ പരിത്യാഗ സമൂഹം നാലു ഭൂഖണ്ഡങ്ങളില്‍ സേവനത്തിന്റെ പ്രതീകങ്ങളായി മാറിക്കഴിഞ്ഞു. തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് സമൂഹത്തിന്റെ ജനറലേറ്റ് ഭവനം. സെന്റ് ജോസഫ്, സെന്റ് മേരീസ്, നിര്‍മല, ക്രിസ്തുരാജ, മേരി മാത, അമല എന്നീ ആറു പ്രോവിന്‍സുകള്‍ ഉണ്ട്.

മാര്‍ത്താണ്ഡത്തെ മാതൃഭവനത്തില്‍ ഇന്നു രാവിലെ ചേരുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷനായിരിക്കും. ഭവനപദ്ധതിയുടെ താക്കോല്‍ദാന കര്‍മവും അദ്ദേഹം നിര്‍വഹിക്കും. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, കന്യാകുമാരി ജില്ല സിഎസ്‌ഐ ബിഷപ്പ് റവ. ദേവകടാക്ഷം, സുപ്പീരിയര്‍ ജനറാള്‍ ഡോ. മരിയദാസ് ഒഐസി, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ വി. തടത്തില്‍, മൂവാറ്റുപുഴ ലിസ്യൂ സെന്റര്‍ ഡയറക്ടര്‍ ഡോ. അഗസ്റ്റിന്‍ വാലുമേല്‍ ഒസിഡി, ഇടുക്കി രൂപതയിലെ ഫാ. ചാള്‍സ് കുഴിഞ്ഞാലില്‍, അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ലിറ്റില്‍ തെരേസ എസ്‌ഐസി, മാര്‍ത്താണ്ഡം ക്രിസ്തുരാജ കത്തീഡ്രല്‍ ട്രസ്റ്റി ദേവദാസ്, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് ഡോ. തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ പ്രസംഗിക്കും.   

പ്ലാറ്റിനം ജൂബിലി സുവനീര്‍, സിഡി എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. മേരി മക്കള്‍ സമൂഹം സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ റോസ്‌ലിന്‍ ഡിഎം സ്വാഗതവും സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് ഫ്രാന്‍സിസ് ഡിഎം നന്ദിയും പറയും.

(ദീപിക)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code