Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പിത്യദിന ഓര്‍മ്മകള്‍ (ലാലി ജോസഫ്)

Picture

സ്വന്തം പിതാവിനെ അപ്പച്ചന്‍, ചാച്ചന്‍, അപ്പന്‍ ഇങ്ങിനെ പല പേരിലും വിളിക്കാറുണ്ട് ഏതു പേരില്‍ വിളിച്ചാലും നമ്മുടെ ഉള്ളിലുള്ള സ്നേേഹത്തിന്റെ വികാരം ഒന്നായിരിക്കും. ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്ന ഈ അവസരത്തില്‍ പിതാക്കമാരെ കുറിച്ച് എന്തെങ്കിലും എഴുതണമെന്നു തോന്നിയത് തികച്ചും സ്വാഭാവികം.

ഒരു പിതാവിനെ സംബന്ധിച്ച് പറയുമ്പോള്‍ പ്രസവവേദനയേക്കാള്‍ വലിയ മാനസിക വേദനയാണ് കുഞ്ഞിനെ കൈയ്യില്‍ എടുക്കുന്നതു വരെയുള്ള നാളുകള്‍. ഒരു നീയോനേറ്റല്‍ നേഴസ് ആയ ഞാന്‍ പിതാക്കമ്മാരുടെ മാനസികാവസ്ഥ നന്നായി തൊട്ടറിഞ്ഞിട്ടുണ്ട്.

കുഞ്ഞിന്റെ ഹ്യദയമിടിപ്പ് അറിയുവാന്‍ ഘടിപ്പിച്ചിരിക്കുന്ന മോണിറ്റര്‍ ചില നിസാര കാര്യങ്ങളില്‍ അലാറം മുഴങ്ങിയാല്‍ അപ്പന്റെ ഹ്യദയത്തിന്റെ താളം തെറ്റുന്നത് അവരുടെ മുഖത്ത് അപ്പോള്‍ തന്നെ പ്രകടമാകുന്നത് കാണാം.

ഒരിക്കല്‍ ഒരു കുഞ്ഞിന്റെ അപ്പന്‍ ഐ.സി.യു വിലേക്ക് ഓടി വന്നിട്ട് കുഞ്ഞിനെ നോക്കുന്നതിനു പകരം ആ പിതാവിന്റെ കണ്ണുകള്‍ കുഞ്ഞിനെ ബന്ധിച്ചിരിക്കുന്ന സംവിധാനത്തിലേക്കായിരുന്നു. അദ്ദേഹം എപ്പോള്‍ വന്നാലും മോണിറ്ററില്‍ നോക്കി ടെന്‍ഷന്‍ അടിക്കുന്നത് കാണാമായിരുന്നു. ഇതുകണ്ട് മടുത്ത ഡോക്ടര്‍ ആ പിതാവിനോട് പറയുന്നത് കേട്ടു. ദയവു ചെയ്ത് നിങ്ങള്‍ കുഞ്ഞിനെ മാത്രം നോക്കുക. കുഞ്ഞിനെ ഘടിപ്പിച്ചിരിക്കുന്ന യന്ത്രനമ്പരുകള്‍ നേഴ്‌സുമാള്‍ നോക്കികൊള്ളും. കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിച്ചിരിക്കുന്ന വയര്‍ അല്പം സ്ഥാനം തെറ്റിയാലും മിഷ്യന്‍ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കും പക്ഷെ ഇതൊന്നും ആ പാവം അപ്പന്‍ അറിഞ്ഞിട്ടുണ്ടാവുകയില്ല. ഒരു അപ്പന്റെ കുഞ്ഞിനോടുള്ള നിഷ്‌കളങ്കമായ സ്നേേഹത്തിന് ഒരു ഉത്തമ ഉദ്ദാഹരണമാണ് ഇത്.

ഇനി ഈ കുഞ്ഞ് വളര്‍ന്നു വരുന്ന ഓരോ കാലഘട്ടങ്ങളിലും മറ്റ് എല്ലാംവരേക്കാട്ടിലും പരിചരണവും ഉത്തരവാദിത്വവും ഒരു അപ്പനില്‍ തന്നെയാണ്. ശൈശവം, സ്‌ക്കൂള്‍ കാലഘട്ടം. കോളേജ് കാലഘട്ടം. പിന്നെ അവരുടെ വിവാഹം അങ്ങിനെ ഒരു അപ്പനില്‍ കൂടി കടന്നു പോകുന്ന വിഷമസന്ധികള്‍ എണ്ണിയാല്‍ തീരുകയില്ല. സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ ''അച്ചനെയാണെനിക്കിഷ്ടം''ഞാനൊന്നു കരയുമ്പോളറിയാതെ 'ഉരുകുമെന്‍ അച്ചനെയാണെനിക്കിഷ്ടം.'. ഈ പാട്ട് രചിച്ച കൈതപ്രം സാറിന് ഒരു വലിയ സല്യൂട്ട്.

അച്ചനോളം തണലേകാന്‍ പറ്റുന്ന മരം വേറെയില്ല അതുപോലെ തന്നെ ഏറ്റവും സുരക്ഷിതമായ ഒന്നാണ് അച്ചന്റെ കൈകള്‍. ആ കൈകള്‍ ഇല്ലാതായാലെ അതിന്റെ വില അറിയുകയുള്ളു. ധാര്‍മിക മൂല്യങ്ങള്‍ക്ക് അടിസ്ഥാനമുള്ള പിതാവിന്റെ മക്കള്‍ സമൂഹത്തിലെ അടിസ്ഥാന മൂല്യമുള്ള പൗരന്മാരായി വളരുന്നു എന്നതും ഒരു വലിയ സത്യം തന്നെയാണ്.

ഗിരിഷ് പുത്തഞ്ചേരിയുടെ വരികളും ഈ അവസരത്തില്‍ ഓര്‍ക്കാതെയിരിക്കാന്‍ പറ്റുകയില്ല. ആ പാട്ടിന്റെ ഒരോ വരിയിലും അച്ചന്‍ ജീവിച്ചിരിക്കുന്നു. ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു''കുഞ്ഞികാലടിയോരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെ വന്നു ജീവിതപാതകളില്‍ ഇനി എന്നിനി കാണും ഞാന്‍''മറ്റൊരു ജന്മം കൂടെ നടക്കാന്‍ പുണ്യം പുലര്‍ന്നീടുമോ''പുണ്യം പുലര്‍ന്നീടുമോ

ജനനം പോലെ തന്നെ ഒരു സത്യമാണ് മരണവും. അച്ചന്‍ ഇല്ലാത്ത ഓരോ മക്കളും കണ്ണുനനയാതെ ഈ വരികളില്‍ കൂടി കടന്നു പോകാതിരിക്കാന്‍ പറ്റുകയില്ല. എന്റെ കണ്ണുകളും നിറഞ്ഞൊഴുന്നു കാരണം എന്റെ അപ്പച്ചനും ഇന്ന് മറ്റൊരു ലോകത്താണ്. കണ്ണു നിറഞ്ഞിരിക്കുന്നതു കൊണ്ട് അക്ഷരങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ എഴുതുവാന്‍ സാധിക്കുന്നില്ല.

Happy Father’s Day

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code