ചെറുതോണി: പിതാവിന്റെ കരള്‍ മുറിച്ചുനല്കിയിട്ടും ഡെല്‍ന മാലാഖമാരുടെ ലോകത്തേക്കു പറന്നു. ഇടുക്കി കീരിത്തോട് പുന്നയാര്‍ കാവുങ്കല്‍ ബിനോയിയുടെ മകള്‍ ഡെല്‍നയാണ് (അഞ്ച്) ഇന്നലെ എറണാകുളം അമൃത ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്.
കഴിഞ്ഞമാസം 28നു സ്കൂള്‍വിട്ടു വീട്ടിലെത്തി ഭക്ഷണവും കഴിച്ചു ഡെല്‍നയുടെ അധ്യാപികയും അയല്‍വാസിയുമായ കോട്ടക്കല്‍ അഖിലയുടെ അടുത്ത് ട്യൂഷനു പോയി. അവിടെവച്ചു കുട്ടി ഛര്‍ദിച്ചു. ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമെന്നു മനസിലാക്കിയ ഡോക്ടര്‍മാര്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിട്ടു.
31ന് അമൃത ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കരളിന്റെ പ്രവര്‍ത്തനം നിലച്ചതായി കണെ്ടത്തി. അടിയന്തര ശസ്ത്രക്രിയ നടത്തി കരള്‍ മാറ്റിവയ്ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തില്‍ കൂലിപ്പണിക്കാരനായ ബിനോയി പകച്ചുനിന്നു. കീരിത്തോട് നിത്യസഹായമാതാ പള്ളി വികാരി ഫാ. ജോബി ചക്കാങ്കലിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ടാക്സി തൊഴിലാളികളും ചേര്‍ന്ന് പിരിച്ചെടുത്ത പണമുപയോഗിച്ചു പിതാവിന്റെ കരള്‍ പകുത്ത് ഡെല്നയ്ക്കു നല്കി. ഈമാസം രണ്ടിന് രാത്രിയിലായിരുന്നു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.
ശസ്ത്രക്രിയ വിജയിക്കുകയും കുട്ടി സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്തെങ്കിലും കഴിഞ്ഞ രാത്രി ഹൃദയസ്തംഭനമുണ്ടായതാണ് മരണകാരണം. കരള്‍ നല്കിയ ബിനോയിയെ ഇതിനോടകം ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജും ചെയ്തിരുന്നു. ഡെല്‍നയുടെ മൃതദേഹം ഇന്നു രാവിലെ 10.30ന് കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ സംസ്കരിക്കും. മാതാവ്: സിജി. ആറുമാസം പ്രായമുള്ള ഡെല്വിന് ഏകസഹോദരനാണ്.
(ദീപിക)
Comments