Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പമ്പാതീരത്തുകൂടി നാലുവരിപ്പാത; റാന്നി വികസന കുതിപ്പിലേക്ക്: കേന്ദ്ര-കേരള സർക്കാരിനു പൂച്ചെണ്ടുകൾ (എബി മക്കപ്പുഴ)

Picture

ഡാളസ്: എംസി റോഡിലെ തിരക്ക് കുറയ്ക്കാനും തിരുവനന്തപുരത്തേയ്ക്ക് കിഴക്കൻ മേഖലയിലൂടെ അതിവേഗയാത്രയ്ക്കുമായി സർക്കാർ ഒരുക്കുന്ന സമാന്തര പാത റാന്നിയുടെ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലാ‍കും. കിഴക്കൻ കേരളത്തിലെ കാർഷിക മേഖലകളിലൂടെ കടന്നുപോകുന്ന പുതിയ നാലുവരിപ്പാത പത്തനംതിട്ട ജില്ലയിലെ മലയോര പട്ടണങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.ജില്ലയിലെ ‌പ്രധാന പട്ടണങ്ങളിലെല്ലാം ബൈപ്പാസുകൾ നിർമിച്ച് കടന്നു പോകുന്ന നാലുവരി പാത എരുമേലി, റാന്നി, വടശ്ശേരിക്കര, കോന്നി പത്തനാപുരം, പുനലൂർ വഴിയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്.

ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിൽ പുതിയ വിമാനത്താവളം നി‍ർമിക്കുന്ന സാഹചര്യത്തിൽ ഇവിടെ അലൈൻമെൻ്റിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.കാഞ്ഞിരപ്പള്ളിയും എരുമേലിയും പിന്നിട്ട് എത്തുന്ന പുതിയ പാത പൊന്തൻപുഴ ജംഗ്ഷന്റെ കിഴക്കുഭാഗത്തു കൂടി എത്തി നിലവിലെ പൊൻകുന്നം - റാന്നി റോഡിലേയ്ക്ക് (പുനലൂർ - മൂവാറ്റുപുഴ റോഡ്) ‌പ്രവേശിക്കും. ഇവിടെ നിന്ന് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ, മക്കപ്പുഴ, തുടങ്ങിയ മേഖലകളിലൂടെ ആറു കിലോമീറ്റോളം നിലവിലെ റോഡിൽക്കൂടിയാണ് കടന്നുപോകുന്നത്.ഈ ഭാഗം നാലുവരിയായി വികസിക്കും.റാന്നി പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്ററോളം മുൻപേ ചെത്തോങ്കരയിൽ വച്ച് പുതിയ പാത കിഴക്കോട്ട് തിരിയും. ഇവിടെ നിന്ന് പൂർണമായും പുതിയ നിർമാണമാണ്. ചെത്തോങ്കര, മുക്കാലുമൺ പിന്നിട്ട് തെക്കോട്ടു നീങ്ങുന്ന പാത റാന്നി ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് ഓഫീസിനു സമീപത്തു കൂടിയാണ് കടന്നുപോകുന്നത്.

ഇവിടെ നിന്ന് തെക്കുകിഴക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ചെറുകുളഞ്ഞി വഴി നീങ്ങും. ഇവിടെ നിലവിലുള്ള റോഡിനോടു ചേർന്നാണ് പുതിയ പാതയുടെയും അലൈൻമെൻ്റ്. ഇവിടെ നിന്ന് പമ്പാനദീതീരത്തു കൂടി മുന്നേറുന്ന പാത വടശ്ശേരിക്കരയ്ക്കു മുൻപ് ന്യൂ യുപി സ്കൂളിനു സമീപത്തുവെച്ച് വീണ്ടും വലത്തേയ്ക്ക് തിരിയും. വടശ്ശേരിക്കര ടൗണിൽ പുതിയ ബൈപ്പാസ് നി‍ർമിക്കും, ഇതിനൊപ്പം നദിയ്ക്കു കുറുകെ പുതിയ പാലം ഉണ്ടാവും .തുട‍ർന്ന് കല്ലാ‍ർ പുഴയ്ക്ക് തെക്കുവശത്തുകൂടി സഞ്ചരിക്കുന്ന പാത പെങ്ങാട്ടുകടവ് പിന്നിട്ട് വീണ്ടും തെക്കുപടിഞ്ഞാറോട്ടു തിരിയും.പിന്നീട് മനോരമ മുക്കിനു സമീപം വടശ്ശേരിക്കര മണ്ണാരക്കുളഞ്ഞി റോഡിലേയ്ക്ക് തന്നെ ‌പ്രവേശിക്കും.

കുമ്പളാംപൊയ്ക കവലയ്ക്ക് തൊട്ടുമുൻപായി പാത വീണ്ടും കിഴക്കോട്ടു തിരിയും.തുട‍ർന്ന് തലച്ചിറ, ചെങ്ങറ മേഖലകളിലൂടെ നിലവിലുള്ള റോഡിനു സമാന്തരമായാണ് പുതിയ റോഡും നീങ്ങുന്നത്.ഇവിടെ നിന്ന് തെക്കോട്ടു നീങ്ങി കൊന്നപ്പാറയും പയ്യാനമണും പിന്നിട്ട് കോന്നി പെരിഞ്ഞോട്ടക്കൽ സിഎഫ്ടികെയ്ക്ക് പടിഞ്ഞാറുഭാഗത്തു കൂടിയാണ് പാത കടന്നുപോകുന്നത്. ഇവിടെ നിന്ന് കോന്നി മെഡിക്കൽ കോളേജ് റോഡ് മുറിച്ചുകടന്ന് ആനകുത്തി ജുമാ മസ്ജിദ് പിന്നിട്ട് നാലുവരിപ്പാത അച്ചൻകോവിലാ‍ർ മുറിച്ചു കടക്കും. ഇവിടെ പുതിയ പാലവും നിർമിക്കും. വെൺമേലിപ്പടി ജംഗ്ഷന്റെ കിഴക്കുഭാഗത്തു കൂടി എത്തുന്ന പുതിയ പാത കോന്നി - അച്ചൻകോവിലാ‍ർ റോഡിനു സമാന്തരമായി തെക്കോട്ടു പോകും. കൊല്ലൻപടിയ്ക്ക് സമീപം വീണ്ടും പുനലൂ‍ർ - മൂവാറ്റുപുഴ റോഡിൽ ‌പ്രവേശിക്കും.ഇവിടെ നിന്ന് മുറിഞ്ഞകൽ, കൂടൽ, ഇഞ്ചപ്പാറ, മേഖലകളിലൂടെ നിലവിലെ റോഡ് തന്നെയാണ് വികസിപ്പിക്കുക. കൂടലിൽ നിന്ന് വീണ്ടും റോഡ് വലത്തേയ്ക്ക് തിരിഞ്ഞ് നിലവിലെ പാതയ്ക്ക് സമാന്തരമായി സഞ്ചരിക്കും.

കലഞ്ഞൂരിനു മുൻപായി വീണ്ടും പുനലൂ‍ർ - മൂവാറ്റുപുഴ റോഡിലേയ്ക്ക് കയറുന്ന നാലുവരിപ്പാത എടത്തറ സെൻ്റ് ജോ‍ർജ് മലങ്കര പള്ളിയ്ക്ക് സമീപത്തു നിന്ന് ഇടത്തേയ്ക്ക് തിരിയും. ഇവിടെ നിന്ന് നിലവിലെ പാതയുടെ കിഴക്കുവശത്തുകൂടി സഞ്ചരിച്ച് പത്തനാപുരം ടൗൺ ഒഴിവാക്കിയായിരിക്കും പാത കടന്നുപോകുക. ഒട്ടേറെ പട്ടണങ്ങൾ പിന്നിട്ട് കടന്നുപോകുന്ന നിലവിലെ എംസി റോഡിൽ ഗതാഗതക്കുരുക്കും വലിയ വളവുകളുമാണ് ഭീഷണി. ഈ സാഹചര്യത്തിലാണ് ദേശീയപാതാ അതോരിറ്റിയുടെ ഗ്രീൻഫീൽഡ് പദ്ധതി. ശബരിമല, പുതുതായി വിഭാവനം ചെയ്യുന്ന ചെറുവള്ളി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേയ്ക്ക് എളുപ്പവഴിയാകും ഇത്. കൂടാതെ കൊച്ചി തിരുവനനന്തപുരം നഗരങ്ങളും നെടുമ്പാശ്ശരി വിമാനത്താവളവും റാന്നിയിൽ നിന്നും ഒന്നര മണിക്കൂറിന്റെ മാത്രം അകലെയാകും എന്ന ‌പ്രത്യേകതയുമുണ്ട്. തിരുവനന്തപുരത്തെ വിഴിഞ്ഞം – നാവായിക്കുളം ഔട്ടർറിങ് റോഡിന്റെ ഭാഗമായ പുളിമാത്ത് നിന്നും ആരംഭിച്ച് കല്ലറ, കടയ്ക്കൽ, അഞ്ചൽ,വെഞ്ചേമ്പ് (പുനലൂർ), പത്തനാപുരം, കോന്നി, തണ്ണിത്തോട്, ചെത്തോങ്കര(റാന്നി),മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, രാമപുരം, മുവാറ്റുപുഴ, കോതമംഗലം, കോടനാട്, മലയാറ്റൂർ, മഞ്ഞ‌പ്ര, കാലടി എന്നീ സ്ഥലങ്ങൾ പിന്നിട്ട് അങ്കമാലിയിൽ പാത അവസാനിക്കും. നാലുവരി എക്സ്‌പ്രസ് ഹൈവേയായിട്ടാണ് പുതിയ ഗ്രീൻഫീൽഡ് പാതയുടെ നിർമാണം. ഏകദേശം 240 കിലോമീറ്റർ നീളമുള്ള പാതയ്ക്കായി നിലവിൽ ആകാശസർവേയാണ് പൂർത്തിയായിട്ടുള്ളതെങ്കിലും അന്തിമസർവേയിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ അഞ്ച് ജില്ലകളിലായി 79ഓളം വില്ലേജുകളിൽ നിന്ന് ആയിരം ഹെക്ടറോളം ഭൂമിയാണ് പുതിയ ദേശീയപാതയ്ക്കായി റ്റെടുക്കേണ്ടി വരിക.ഭോപ്പാൽ ആസ്ഥാനമായ ഹൈവേ എൻജിനീയറിങ് കൺസൾട്ടൻ്റ്സ് ആണ് പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code