Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോണ്‍ കുന്നത്തിന്റെ സ്വര്‍ഗരാജ്യവീക്ഷണം (ഡി ബാബുപോള്‍ ഐ.എ.എസ്)

Picture

ശ്രീയേശു വിശ്വാസികള്‍ക്ക് അഭിഷിക്തനും ദൈവവും ദൈവപുത്രനും വിമോചകനും രക്ഷകനും എല്ലാമാണ്. അവിശ്വാസികള്‍ക്കു പലതാണു പരിപ്രേക്ഷ്യങ്ങള്‍. സദ്ഗുരു, പ്രവാചകന്‍, വിപ്‌ളവകാരി, സമുദായത്തിലെ ‘പ്രതിപക്ഷനേതാ’ക്കളിലൊരാള്‍, മാജിക്കുകാരന്‍, ഫ്‌റോഡ്, ആരുടേയൊക്കെയോ കല്പനയില്‍ തെളിഞ്ഞൊരു കഥാപാത്രം ഇത്യാദി. എന്റെ അഭിപ്രായത്തില്‍ ഇപ്പറഞ്ഞ രണ്ടു ധ്രുവങ്ങളേക്കാള്‍ പ്രധാനം യേശു എനിയ്ക്ക് ആരാണ് എന്നതാണ്. പൊതുവായൊരു പ്രസ്താവനയിലൂടെ ഒഴിഞ്ഞുമാറാനല്ല, പി ഏ പൗലോസ് കോറെപ്പിസ്‌കോപ്പയുടേയും മേരി പോളിന്റേയും മകന്‍ ഡി ബാബുപോളിനു യേശു ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടാനാണു ഞാന്‍ ശ്രമിയ്‌ക്കേണ്ടത്.

അപ്പോള്‍ ആദിപാപവും ആദാമ്യപാപവും ഒരുപോലെ അപ്രസക്തമാവും. ജാനാമിധര്‍മ്മം നചമേ പ്രവൃത്തി, ജാനാമ്യധര്‍മ്മം നചമേ നിവൃത്തി എന്നു യക്ഷസംവാദത്തില്‍ പറയുന്നതും പൗലോസ് റോമാ ലേഖനത്തില്‍ (7:15) പറയുന്നതും വിശദീകരിയ്ക്കാനുള്ള പരിശ്രമമായി അതു കാണേണ്ടി വന്നു എന്നും വരാം. അങ്ങനെ വരുമ്പോള്‍ വിമോചകരക്ഷകഭാവങ്ങള്‍ അപ്രസക്തമാവും.

വായനയുടേയും മനനത്തിന്റേയും ധ്യാനത്തിന്റേയും അര്‍ദ്ധശതകത്തിന്റെ അന്ത്യത്തില്‍ ശ്രീയേശു എനിയ്ക്കു സുഹൃത്താണ്. മനുഷ്യാവതാരം ചെയ്ത ദൈവം എന്ന സങ്കല്പത്തോട് എനിയ്ക്ക് ഒത്തുപോകാം. എന്നാലതൊരു ഗതകാലയാഥാര്‍ത്ഥ്യമാണ്. അവതാരലക്ഷ്യം പൂര്‍ത്തിയായി പൂര്‍വസ്ഥിതിയിലേയ്ക്കു മടങ്ങിയ ദൈവം പുത്രപദവി ഉപേക്ഷിച്ചിരിയ്ക്കുന്നു. ക്രിസ്തുവചനപ്രകാരം തന്നെ നമ്മെ നയിയ്ക്കുന്നതു പരിശുദ്ധാത്മാവ് എന്ന ഭാവമാണ്. അതു ദൈവത്തിന്റെ മനുഷ്യചക്ഷുസ്സിനു ലക്ഷീഭവിയ്ക്കുന്ന ഭാവം എന്നല്ലാതെ മറ്റൊരു ദൈവമല്ല. അതുകൊണ്ടാണു ത്രിയേകദൈവം എന്ന സാമാന്യബുദ്ധിയ്ക്കു വിശദീകരിയ്ക്കാനാവാത്ത സങ്കല്പം സഭ പ്രഖ്യാപിയ്ക്കുന്നത്.

പൗലോസും പിറകെ വന്നവരും പഠിപ്പിച്ചുറപ്പിച്ചിട്ടുള്ളതു പോലെ സ്വജീവന്‍ നല്‍കി നമ്മെ രക്ഷിയ്ക്കുവാനാണു ശ്രീയേശു വന്നതെന്ന് അംഗീകരിച്ചാലും ഇപ്പോഴും ആ പരുവത്തില്‍ തുടരുകയാണ്; പിതാവിന്റെ വലതുഭാഗത്തു മറ്റൊരു കസേര വലിച്ചിട്ട് ഇരിയ്ക്കുകയാണ് എന്നൊക്കെപ്പറഞ്ഞാല്‍ ത്രിത്വം അങ്ങനെ തുടരേണ്ടി വരും. അപ്പോള്‍ ഏകത്വം അന്യമാകുകയും ചെയ്യും.

അതിരിയ്ക്കട്ടെ. എം എം തോമസ്സിനെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ മോഹമുണ്ടെനിയ്ക്ക്. അതു സാദ്ധ്യമായാല്‍ എന്റെ ദൈവദര്‍ശനം അവിടെ ചര്‍ച്ചചെയ്തുകൊള്ളാം. ഇവിടെ പറയാന്‍ വന്നത് ഇത്തരം മുടിനാരേഴായി കീറീട്ട് അതിലൊരു നാരൊരു പാലമാക്കി അതിലൂടെ നടക്കാനൊന്നും ശ്രമിയ്ക്കാതെ തന്നെ ശ്രീയേശുവിനേയും അവിടുത്തെ ഉപദേശസാരാംശത്തേയും സമീപിയ്ക്കുവാന്‍ കഴിയും എന്നു തെളിയിയ്ക്കുന്നൊരു കൃതിയാണു ശ്രീ ജോണ്‍ കുന്നത്ത് രചിച്ചിട്ടുള്ളത് എന്നു പറയാനാണ്.

ശ്രീയേശു പഠിപ്പിയ്ക്കാന്‍ ശ്രമിച്ച നവലോകസങ്കല്പമാണ് സ്വര്‍ഗരാജ്യം എന്ന ആശയം. ഇതു സ്ഥലകാലബദ്ധമാണെന്നു പറയുന്നത് ശ്രീയേശു ദൈവപുത്രനല്ല എന്നു പറയുമ്പോലെയാവും. യേശു ഭാരതീയനായിരുന്നെങ്കില്‍, അബ്രഹാമിനും അയ്യായിരം വര്‍ഷം മുമ്പു ജനിച്ച ചിഞ്ചോറാ ഗോത്രജനായിരുന്നുവെങ്കില്‍, സോക്രട്ടീസിന്റെ ഗുരുവായിരുന്നുവെങ്കില്‍, കണ്‍ഫ്യൂഷ്യസ്സിന്റെ സഹപ്രവര്‍ത്തകനായിരുന്നുവെങ്കില്‍ എന്നൊക്കെ സങ്കല്പനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഭാഷയും ശൈലിയും അവതരണവുമല്ലാതെ, ആശയം അവിടെയൊന്നും ഭേദപ്പെടുമായിരുന്നില്ല. അല്ലെങ്കില്‍ യേശു ദൈവമല്ല എന്നു സമ്മതിയ്‌ക്കേണ്ടി വരും.

അതായത്, ശ്രീയേശുവിന്റെ മൗലികാശയങ്ങള്‍ സ്ഥലകാലപരിമിതികളെ ഉല്ലംഘിയ്ക്കുന്നവയാണ്. കാലാതീതമാണ് അവിടുന്നു പറഞ്ഞ സത്യം. അതിനെ കാലാനുസൃതമായി പ്രകാശിപ്പിയ്ക്കുകയാണു സഭയുടെ ദൗത്യം.

ഈ ചുമതല അംഗീകരിച്ചുകൊണ്ടാണ് ഈ പുസ്തകം രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. നാഗരികതയെന്ന അടിസ്ഥാനാശയത്തിന്റെ അതിരുകള്‍ക്കുള്ളിലാണു ഗ്രന്ഥകര്‍ത്താവ് ശ്രീയേശുവിന്റെ ദിവ്യബോധനത്തെ അടയാളപ്പെടുത്താന്‍ ശ്രമിയ്ക്കുന്നത്. പൗലോസ് ഗ്രിഗോറിയോസും എം എം തോമസ്സും ഉദ്ദേശിച്ചതു വ്യക്തമാകാന്‍ സംസ്കൃതിയെന്ന പദമാവും ഇന്നത്തെ മലയാളത്തില്‍ നാഗരികത എന്നതിനേക്കാള്‍ അനുയോജ്യം എന്നതിരിയ്ക്കട്ടെ. കാലാതീതസത്യത്തിന്റെ കാലാനുസൃതപ്രസാരണത്തിന് അങ്ങനെയൊരു അടിത്തറ കൂടാതെ വയ്യല്ലോ.

ഈ പശ്ചാത്തലത്തില്‍ സ്വര്‍ഗരാജ്യം എന്ന ആശയം പരിശോധിയ്ക്കുകയാണു ഗ്രന്ഥകാരന്‍. കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ എന്താണു സ്വര്‍ഗരാജ്യമെന്നു നിര്‍വചിച്ചിട്ടുണ്ട്. ദൈവത്തിന്റെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകുമ്പോഴാണു സ്വര്‍ഗരാജ്യം സംസൃഷ്ടമാകുന്നത്. ക്രിസ്തീയം എന്നു വിവരിയ്ക്കപ്പെടുന്നൊരു രാജ്യത്തിലും ഇങ്ങനെയൊരവസ്ഥ ഉണ്ടായിരുന്നില്ലെന്നതിനു കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ലോകചരിത്രമാണു തെളിവ്. കോണ്‍സ്റ്റന്റൈന്‍ ക്രിസ്ത്യാനി ആയതുകൊണ്ടു കുരിശിനു മാന്യത കിട്ടി, ഡിസംബര്‍ 25 എന്നൊരു തീയതി ക്രിസ്തുമസ്സിനെ തറയ്ക്കാനുള്ള ആണിയായി, മെത്രാന്മാരുടെ കശപിശകളുടെ ഭാവം സാര്‍വത്രികമാണെന്നു നാട്ടുകാരൊക്കെ അറിഞ്ഞു എന്നല്ലാതെ റോമാസാമ്രാജ്യം സ്വര്‍ഗരാജ്യമായില്ല. ഭാരതത്തിലെ ‘വിഗ്രഹാരാധകരെ’സ്വര്‍ഗരാജ്യത്തിലേയ്ക്കു നയിയ്ക്കാന്‍ ഇറങ്ങിത്തിരിയ്ക്കുന്ന സായിപ്പിന്റെ അമേരിക്കന്‍ ഐക്യനാടുകള്‍ ശ്രീയേശുവിന്റെ സ്വര്‍ഗരാജ്യം ആണെന്ന് ആരും പറയുകയില്ല. എന്തിന്, ലോകത്തിലെ ഏറ്റവും ചെറിയ ‘ക്രിസ്തീയരാഷ്ട്രം’ ആയ വത്തിക്കാനില്‍ സ്വര്‍ഗരാജ്യമാണു നടപ്പ് എന്നു പറഞ്ഞാല്‍ ചുരുങ്ങിയത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെങ്കിലും അതു നിഷേധിയ്ക്കാതിരിയ്ക്കയില്ല.

അതായത്, സ്വര്‍ഗരാജ്യം ഇന്നും ആകാശകുസുമം തന്നെയാണ്. മാത്രവുമല്ല, മാര്‍പ്പാപ്പ ഭരിയ്ക്കുന്ന നൂറേക്കറില്‍പ്പോലും അതു നടപ്പിലാവുന്ന ലക്ഷണവുമില്ല. ക്രിസ്ത്യാനികളായ നാം വിനയപൂര്‍വം അംഗീകരിയ്‌ക്കേണ്ടൊരു സത്യത്തിലേയ്ക്കാണ് ഈ വസ്തുത വിരല്‍ ചൂണ്ടുന്നത്. സ്വര്‍ഗരാജ്യം ക്രിസ്ത്യാനികളുടെ സ്വന്തമല്ല. അതിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ മാത്രമല്ല താനും.

ദൈവത്തിനു മതമില്ലെന്നു ഞാന്‍ ആവര്‍ത്തിയ്ക്കാറുണ്ട്. ദൈവം ക്രിസ്ത്യാനിയല്ലെന്ന് ആര്‍ച്ച്ബിഷപ്പ് ടുട്ടു എഴുതിയിട്ടുണ്ട്. മനുഷ്യനേക്കാള്‍ പ്രായം കുറവാണു മതങ്ങള്‍ക്ക്. പീ ഏ പൗലോസ് കോറെപ്പിസ്‌കോപ്പാ പറയുമായിരുന്നു, തന്റെ പല മക്കള്‍ക്കായി ജനിച്ച പേരക്കുട്ടികള്‍ ഓരോരുത്തരും അവനവന്റെ കളിപ്പാട്ടത്തില്‍ മാത്രം ശ്രദ്ധിച്ചും, അതു മാത്രമാണു യഥാര്‍ത്ഥമായ കളിപ്പാട്ടമെന്നു ഭാവിച്ചും സമയം പോക്കുമ്പോള്‍ വാത്സല്യം നിറഞ്ഞ മന്ദഹാസത്തോടെ അവരെ നോക്കിയിരിയ്ക്കുന്ന മുത്തച്ഛനാണു ദൈവം എന്ന്. സത്യത്തിന്റെ കുത്തക അവകാശപ്പെടാതെ സ്വര്‍ഗരാജ്യത്തിന്റെ സദ്ഗുണങ്ങള്‍ പ്രയോഗപഥത്തിലെത്തിയ്ക്കാന്‍ കഴിയുമ്പോഴാണ് ഒരു ക്രിസ്ത്യാനി യഥാര്‍ത്ഥക്രിസ്ത്വനുയായിയും ക്രിസ്തുവാഹകനായ ക്രിസ്റ്റഫറും ആകുന്നത് എന്നതാണ് ഈ കൃതിയുടെ സന്ദേശം എന്ന ബോദ്ധ്യത്തോടെ ഇതു സഹൃദയസമക്ഷം അവതരിപ്പിയ്ക്കുന്നു.

ഡി ബാബുപോള്‍ ഐ.എ.എസ്‌

Picture2



Comments


Counselor, MRE, MSW, LCDC, LCSW.
by Peter Thomas, Houston, Texas, USA on 2016-12-27 17:06:12 pm
I believe I understand the views of Dr. John Kunnath and Dr. Babu Paul IAS. Since I have some familiarity with both these persons ( Dr. John Kunnath has been a personal friend of mine both in USA and in India for several years. Dr. Babu Paul IAS is a Facebook friend of mine for some years. I also know about Dr. Babu Paul since he became Collector ), I know their faith back-grounds. I respect their right for their current views I have few questions : Faith of a person like me, who holds Pre-denominational Orthodox Faith and tradition as defined by St. Athanasius " taught by Christ, preached by Apostles and practiced by Holy Fathers" , has, any relevance in your views ? What about the sacrificial Crucifixion of Jesus Christ on the cross ? Is it important ? What about participating in Holy Qurbana understanding what you are doing ? What about confessing Nicene Creed thinking what you are confessing?


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code