Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുറേ സുന്ദരികളും ഞാനും (ജോണ്‍ ഇളമത)

Picture

(കളിയും കാര്യവും കലര്‍ന്ന ഭാവനയാണ്,നമ്മര്‍ത്തിന് പ്രധാന്യം കൊടുക്കാനപേക്ഷ)

വളരെക്കാലം കൂടിയാണ് ഞാനൊരു പൊതുപരിപാടിക്കുപോയത്.തലമുറ മാറിപോയിരിക്കുന്നു.എന്റെ ഏജുഗ്രൂപ്പുതന്നെ കാണാനില്ല.പലരും പലതട്ടിലാണ്.പഴേതലമുറ 'കോഞ്ഞാട്ടപരുവ''മായികൊണ്ടിരിക്കുന്നു.' ചക്കെന്നുപറഞ്ഞാ കൊക്കെന്നുതിരിയുന്ന പരുവം. അല്പ്പം ശുഷ്‌കാന്തി ഒള്ളോരുതന്നെ ഓര്‍മപിശകുകാരാണ്. ങാ,അര്‍ക്കറിയാം എന്താ കാരണോന്ന്!ചിലവരടെ കാരണം മാത്രമറിയാം.ഇടക്കിടെ വരാല് വെള്ളമെടുക്കും പോലെ കാറിനടുത്തേക്ക് ഓടുന്ന കാണാം.അവര്‍ 'വെള്ളമടിവീര'ന്മാരാണ്.അവര്‍ക്ക് ഒര്‍മ്മത്തപ്പ് വന്നാലതിശയിക്കാനുമില്ല.

പൊറകീന്നൊരു ചോദ്യം- പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം! തിരിഞ്ഞുനോക്കി.പഴേ ഒരുകുറ്റി.ഏതാണ്ടെന്റെ പ്രായം. തൊമ്മിക്കുഞ്ഞേ,ഇതൊന്തോന്നു കാണാനാ,താനിവിടെ വന്നേ'ബ്യൂട്ടി പാജന്റ്'', യുവാള്‍ക്കും, ടീജേനുമൊള്ളതാ. തനിക്കെന്താ ഇവിടെ കാര്യം,തന്റെ പ്രായത്തിലൊ ള്ളോര് ഇതൊക്കെ ആസ്വദിക്കുവോ അപ്പൊ താനോ? എന്റെ കൊച്ചുമോളിവിടെ മത്സരാര്‍ത്ഥിയാ!

അതുപറ,എന്നാ ഞാനിതൊരു കള്‍ച്വറല്‍ പ്രോഗ്രാമായിട്ടാ ഇതിനെ കാണുന്നെ. അല്ലാതെ തന്നെപോലെ ശുഷ്‌ക്കാന്തി കൊറഞ്ഞകൂട്ടത്തിലല്ല ഞാന്‍.

സൗന്ദര്യധാമങ്ങളൊഴുകി. പുതിയ തലമുറയിലെ സൗധര്യധാമങ്ങള്,ഹണി മുതല്‍ ആനകള്‍ വരെയുണ്ട്.ഇടക്കിടെ മാന്‍കുട്ടികളെപോലെ നീണ്ടുമെലിഞ്ഞ മാന്‍കണ്ണികള്‍വരെ.

പലതരക്കാരാണ് കാണാനെത്തിയിരിക്കുന്നത്.ഏറെ യുവവിവാഹിതമിഥുനങ്ങള്‍, അവരുടെ ഭാര്യമാര്‍ പല ഹാരവണ്ടികള്‍പോലെ നടന്നുനീങ്ങുന്നു.അവരെ അനുധാവനം ചെയ്യുന്ന ഐഡിയല്‍ ഭര്‍ത്താക്കന്മാര്‍, അവരാണ് ബേബീവണ്ടി ഉന്തുന്നവരും,അല്ലെങ്കില്‍ ബേബികളെ ഒക്കത്തുവെച്ചു നടക്കുന്നവരും.തലമുറക്കാകെ സമൂലമാറ്റമുണ്ടന്നുതോന്നി.അവര്‍ പരസ്പരം 'എടാ,പോടാ,വാടാ'എന്നൊക്കെയാണ് വിളി.അതില്‍ ചക്കപൊണ്ണികള്‍ മുതല്‍ ഞാഞ്ഞൂലുകള്‍വരെയുണ്ട്.

പണ്ടെന്റെ ഒക്കെ ചെറുപ്പത്തി ഭാര്യ ഭര്‍ത്താവിനെ വിളിച്ചോണ്ടിരന്നത്, ദേ, ഒന്നിങ്ങുവന്നേ, അല്ലേല്‍ അല്ലെങ്കി ഇവിടുത്തെ ആള്!, എന്നൊക്കെ ആയിരുന്നു. അവരൊക്കെ അന്ന് ഭര്‍ത്താക്കന്മാര്‍ക്ക് ബെഡ്കാഫി ഒണ്ടാക്കികൊടുക്കേം, കാലുതിരുമ്മി കൊടുക്കേം ഒക്കെചെയ്യുമാരുന്നു.

ഇന്നുകണ്ടടത്തോളം നേരെമറിച്ചാ.മലയാളി റെസ്‌ടൊറന്റ് ഇവിടപ്പം കൂണുകിളിര്‍ത്തപോലാ, എന്തോന്നാ കാര്യം! .ഇപ്പൊഴത്തെ കപ്പിള് വീട്ടി കഞ്ഞിവക്കത്തില്ല,രണ്ടുപേരും മിക്കവാറും ഐടികളാ,തുല്യശമ്പളം, തുല്യ സ്റ്റാറ്റസ്. വൈകിട്ടാകുമ്പം ശ്രീമതി പറേം- വാടാ, ഇന്നു നമ്മുക്കാ റെസ്‌ടൊറന്റി പോകാം.ബീഫും പോറോട്ടേം കഴിക്കാം,കൂടെ രണ്ടു ബിയറുമടിക്കാം. അതിനതിന് ശ്രീമതിമാരെല്ലാം സീരിയലുനടിമാരടെ മാതിരി വീര്‍ത്തുവീര്‍ത്തുവരിക. ങാ,കാലംപോയി. കോലംമാറി.സര്‍വ്വ അലകുംപിടീം മാറി! സംഗതി പിടിവിട്ടു പോയിരിക്കുന്നു.ആര്‍ക്കെന്തു ചേതം! ,പരിഷ്‌ക്കാരംകൂടീന്നു സമാധാനിക്കാം.

ഹാളില്‍ തിക്കും തിരിക്കും.യുവപുരഷകേസരികളും കൂടീട്ടൊണ്ട്.അവരാണ് ഷൂളമടിച്ച് സുന്ദരികള്‍ക്ക് പ്രചോദനം കൊടുക്കുന്നത്.കെട്ടാതെ നടക്കുന്ന കെട്ടുപ്രായംകഴിഞ്ഞ വെള്ളം വിഴുങ്ങികളായ യുവാക്കളുമുണ്ട്. അവരൊക്കെ പലവിചാരക്കാരാണ്. സൗന്ദര്യം ആകാരത്തിലെന്ന് അക്കൂട്ടര്‍ ,അവര്‍ക്ക് സങ്കല്പ്പങ്ങളുണ്ട്. അതു കാണാനാണ് അവരെത്തിയിരിക്കുന്നത്. പഴയന്യായപ്രമാണങ്ങള് മാറിപോയിരിക്കുന്നു. പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പം താമരമൊട്ടായിരുന്നു നീ, ഡാവണി പ്രയത്തി പാതിവടര്‍ന്നൊരു.......

അത്തരം വയലാറുയുഗത്തിന്റെയോ അല്ലെങ്കില്‍ കാല്‍നഖം കൊണ്ടു വരച്ചു നാണം കുണുങ്ങിനില്‍ക്കുന്ന പ്രണയമോ, ദര്‍ഭമുനകൊണ്ടു തിരിഞ്ഞുനോക്കുന്ന കാളിദാസന്റെ,ശാകുന്തളത്തിലെ ശകുന്തളയോ കേട്ടുവശമില്ലാത്ത യുവാക്കള്‍,അവര്‍ക്ക് പ്രണയം മറ്റെന്തൊക്കയോആണ്.ഒരു മംഗ്ലീഷ് സംസ്‌ക്കാരത്തിന്റെ ബാക്കിപത്രങ്ങള്‍.അടക്കമൊതുക്കമൊള്ള പെമ്പിള്ളേരെപോലുമിന്നുകാണാനില്ല. അവര് കളംവരക്കും, കെട്ടാമ്പോണ ചെറുക്കനു ചുറ്റിലും.അവര് നഖം കടിക്കാറില്ല.,നാണമഭിനയിക്കാറില്ല, അല്ല നാണമുണ്ടായിട്ടുവേണ്ടെ! നാക്കിന് എല്ലില്ലാത്തവര്‍,നാക്കുകൊണ്ടു പോക്കറ്റടിക്കുന്ന കൂട്ടര്‍!

അത്തരമൊരു സദസില്‍ സ്‌റ്റേജ് പ്രകാശപൂരിതമായി.മേഡേണ്‍ ടെക്‌നോളജി,പലവിധ നക്ഷത്രങ്ങള്‍ വിരിഞ്ഞുടഞ്ഞ് പലവിധ സ്വപ്നങ്ങള്‍ വിരിയുന്ന മാജിക്‌പോലെ സ്‌റ്റേജ്.മിന്നിത്തിളങ്ങി. അല്പ്പ വസ്ത്രധാരിയായ അവതാരിക, അവളെ സഹായിക്കാന്‍ മിന്നുന്ന സൂട്ടിട്ട പഞ്ചാരപുഞ്ചിരി തൂകിയ ഒരു പുന്നാരകോമള യുവാവ്. സുന്ദരി അവതാരക നിന്നൊന്ന് കുണുങ്ങി, മംഗ്ലീഷില്‍ അവതാരം തുടങ്ങി. പുഞ്ചിരിതൂകിയ സഹപുന്നാര കോമളന്‍, സുന്ദരി പറഞ്ഞതിനൊക്കെ മസാലചേര്‍ത്തു.

അതാ തുടങ്ങി സുന്ദരിമാരുടെ വരവ്. ആദ്യത്തെ സുന്ദരി ഇറങ്ങിവന്നു, ഒരുമദയാനപോലെ. സ്‌ക്രീനിലാ സുന്ദരിയുടെ മാദകരൂപം തെളിഞ്ഞുവന്നു. കൂഴച്ചക്കയുടെ കൂഞ്ഞിവലിച്ചപോലെ ഇളകിയാടുന്ന മേദസ്സുമേനി.അതൊന്നും പോരാഞ്ഞൊരു കടാക്ഷം!

സ്‌റ്റേജിലെ സ്‌ക്രീനില്‍ ആ നോട്ടം കണ്ട് ഞെട്ടിപ്പോയി, ക്രൂരമായ കടാക്ഷം! അപ്പഴേ എന്റെ സൗന്ദര്യഭ്രമം ഉരുകിയൊലിച്ചു, മൂശയിലുരുക്കി ഒഴിക്കുന്ന പൊന്‍ദ്രാവകം പോലെ. മുമ്പിലിരുന്ന വിധി കര്‍ത്താവ് ഒരു പുരഷന്‍, പൂച്ചയുടെ ശബ്ദമാധുര്യത്തിലൊരു ചോദ്യമെറിഞ്ഞു,ഒരു സൈക്കോസോഷ്യല്‍ ക്വസ്റ്റിയന്‍- നിങ്ങളെ വരാനിരിക്കുന്ന ലോകത്തില്‍ ഭയപ്പെടുത്തുന്നതെന്താണ്? കാലാവ്യസ്ഥാ വ്യതിയാനം,ദാരിദ്ര്യം,അണുയുദ്ധം!

ഗുഡ് ക്വസ്റ്റിയന്‍! സുന്ദരി നിന്നു വളറി.എന്നിട്ട് രക്ഷപ്പെടാന്‍ വേണ്ടി അവളൊരു മറുചോദ്യം- ഇതെന്തെരു ചോദ്യമാ സാറെ,ഇതാണോ സൗന്ദര്യമത്സരം? അയാള് ഉത്തരമരുളി- സൗന്ദര്യം ബുദ്ധിയിലാണ്,അതില്ലാതെ എന്തോന്നാ സൗന്ദര്യം! ആ സുന്ദരി ആനചന്തി കുലക്കി സ്‌റ്റേജ് ചവിട്ടിപൊളിച്ച് ദേഷ്യത്തില്‍ ഇറങ്ങി ഒരുപോക്ക്!

അടുത്ത സുന്ദരിയെത്തി.മെലിഞ്ഞു കൃശഗാത്രിയായ ഒരു ആക്ഷാരവക്ത്ര! ഓ,ഞാനോര്‍ത്തു- പഴയ സൗന്ദര്യമാനദണ്ഡങ്ങള്‍ അടിപടലെ മാറിയിരിക്കുന്നു.സൗന്ദര്യം മനസ്സിലാണ്.പണ്ട് സനിമാ നടനാകണോങ്കി സത്യനെപോലോ,പ്രേനസീറനെ പോലോ ഇരിക്കണം.നടിയാണെ പറകേം വേണ്ട ,സ്വര്‍ണ്ണനക്ഷത്രമുദദിച്ചമാതിരി ഇരിക്കണം.ഇപ്പോ അതാണോ മാനദണ്ഡം,ബാഹ്യസൗന്ദര്യത്തിന്റെ മാര്‍ക്കറ്റിടിഞ്ഞു.സൗന്ദര്യത്തിന്റെ നിര്‍വചനം തന്നെ മാറി.

ചോദ്യകര്‍ത്താവ് ഒരുനാരിയായിരുന്നു. പുരുഷന്റെ പരുപരുത്ത ശബ്ദത്തില്‍ ആ സ്ത്രീ ഒരു ഗംഭീര ചോദ്യമെറിഞ്ഞു- സ്വാതന്ത്ര്യത്തിന്റെ നിര്‍വചനമെന്താണ്? കൃശഗാത്രി ആക്ഷാരവക്ത്ര കുണുങ്ങിയില്ല.അവള്‍ മണികിലുക്കം ശബ്ദത്തില്‍ വാചാലയായി.എലിപ്പെട്ടിയില്‍ അകപ്പെട്ട ചുണ്ടെലിയെപ്പോലെ.

ഞാന്‍ ഇപ്പോഴനുഭവിക്കുന്നതുതന്നെ സ്വാതന്ത്ര്യം! ഇവിടെ ഈ അമേരിക്കയിലെത്തിയതിനുശേഷമാണ് എനിക്കതിന്റെ വില മനസ്സിലായെ.ഇപ്പോള്‍ എന്റെ ഭര്‍ത്താവ് ഇവിടെ കുക്കുചെയ്യുന്നു,തുണിയലക്കുന്നു,നിലം തുടക്കുന്നു. ഞാന്‍ മാന്യമായി രണ്ടു ജോലിക്കുപോകുന്നു,ശേഷം സമയം സ്വസ്ഥമായിരുന്നു സീരിയലുകാണുന്നു. നാട്ടിലാണേ നടക്വൊ, അമ്മായിഅപ്പന്റെം, അമ്മായിഅമ്മേടേം തുണിവരെ അലക്കണം.മിഷ്യനിലല്ല, കല്ലേലടിച്ചലക്കണം.

ചോദ്യകര്‍ത്താവ് നാരിക്ക് ഉത്തരം ഇഷ്ടപ്പെട്ടന്ന് തോന്നി. അവര്‍ പാറപുറത്ത് ചിരട്ടയിട്ടുരക്കുന്ന ശബ്ത്തില്‍ മൊഴിഞ്ഞു- കറക്ട്,തികച്ചും നല്ല ഉത്തരം!

അടുത്ത സുന്ദരി എത്തി. ആകാരത്തില്‍ കാളിദാസന്‍ൈറ ശകുന്തളപേലെ,അല്ലെങ്കില്‍ നളചരിതത്തിലെ ദമയന്തിപോലെ.എന്തൊരു ആകാരവടിവ്. ഒരു താമരവിരിഞ്ഞു നില്‍ക്കും പോലെ. പക്ഷേ,ഒരു കുഴപ്പംമാത്രം, മാര്‍ജ്ജാരനേത്രയാണ്.പക്ഷേ ഇവിടെ സായിപ്പിന്റെ നാട്ടില്‍ അത്തരം കണ്ണിനാണ് ് ഡിമാന്റ്!

ആ സുന്ദരിയെ വിധികര്‍ത്താവായ മറ്റാരു കെളവി സുന്ദരിയാണ് ഇന്റര്‍ ചെയ്തത്? ചോദ്യം വന്നു- സൗന്ദര്യത്തിന്റെ തരംതിരുവുകള്‍ എന്തൊക്കെയാണ്? മാര്‍ജാരനേത്രക്ക് ദേഷ്യംവന്നു.അവള്‍ ഒരു ചക്കിപൂച്ചനയെപോലെ പുലമ്പി! ആകാരവടിവ്,അല്ലാണ്ടെന്നാ!

വിധികര്‍ത്താവായ വൃദ്ധ സുന്ദരമായ വെപ്പുപല്ലുകള്‍ കാട്ടി ഒരു വിഢി ചിരിചിരിച്ച് മാര്‍ജ്ജാര സുന്ദരിയോടോതി- കുട്ടിക്ക് ബുദ്ധി കുവാണ്, ആന്തരിക സൗന്ദര്യം!, അതാണ് സാക്ഷാല്‍ സൗന്ദര്യം, ബാഹ്യസൗന്ദര്യം വെപ്പുപല്ലിനു സമാനമാണ്! ഞാന്‍ എല്ലാംതെളിഞ്ഞ സ്‌ക്രീനില്‍ അടുത്തെന്നപോലെ കണ്ടു. എനിക്കാകെ ഒരു കണ്‍ഫ്യൂഷന്‍! വാസ്തവത്തില്‍ എന്താണ് സൗന്ദര്യം!

അതു ഗ്രഹിക്കാനാകാതെ ഞാന്‍ ഹോളിനു പുറത്തിറങ്ങി,അമ്പതുഡോളറും,ആത്മാവും പോയവനെപോലെ!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code