Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാനഡയില്‍ പുതുചരിത്രമെഴുതി മെഗാതിരുവാതിര

Picture

ഷിബു കിഴക്കേകുറ്റ്, കാനഡ കാനഡയെ കുറച്ചുസമയത്തേക്ക് കേരളമാക്കി മാറ്റി ഇന്ത്യന്‍-കനേഡിയന്‍ യുവതികളുടെ മെഗാതിരുവാതിര. നൂറ്റിപ്പത്ത് യുവതികള്‍ ചുവടുവച്ച മെഗാ തിരുവാതിര വാന്‍കൂവര്‍ ഐലന്‍ഡില്‍ പുതുചരിത്രമായി. വിക്ടോറിയ ഹിന്ദു പരിഷത് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ എന്ന പരിപാടിയുടെ ഭാഗമായാണ് മെഗാ തിരുവാതിര അരങ്ങേറിയത്. കേരളത്തിന്റെ പ്രാദേശിക കലാരൂപത്തില്‍ നിന്നും ഉപരിയായി കനേഡിയന്‍ വംശജരും, ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇത്രയുമധികം ആളുകള്‍ പങ്കെടുക്കുന്ന തിരുവാതിര വാന്‍കൂവറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

നര്‍ത്തകിയായ ജ്യോതി വേണു ആണ് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. ഒരു മാസത്തിലേറെ നീണ്ടു നിന്ന പരിശീലനവും ഏകോപനവുമാണ് ജ്യോതിയുടെ നേതൃത്വത്തില്‍ നടന്നത്. ഐലന്റിലെ വിവിധ സ്ഥലങ്ങളിലായി ടീമുകളായി തിരിഞ്ഞ് ടീം ലീഡുകളുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശീലനം. നനൈമോ, ഡന്‍കന്‍, വാന്‍കൂവര്‍ എന്നിങ്ങനെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു പങ്കെടുത്തവര്‍. എട്ട് വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നു. മത, ഭാഷാ, പ്രാദേശിക അതിരുകള്‍ക്കെല്ലാം അപ്പുറം ഒത്തുചേരലിന്റെ ആഘോഷമായി മാറിയ തിരുവാതിരയ്ക്ക് മികച്ച കരഘോഷമാണ് ലഭിച്ചത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ശിവപാര്‍വതി പ്രധാനമായ ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ഉത്സവം. ശൈവരുടെ പ്രധാന ആഘോഷങ്ങളിലും വ്രതങ്ങളിലും ഉള്‍പ്പെട്ട ഒന്നാണ് ധനുമാസത്തിലെ തിരുവാതിര. ശിവ ക്ഷേത്രങ്ങളില്‍ അന്നേദിവസം അതി പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. പാര്‍വതി സങ്കല്‍പ്പമുള്ള ഭഗവതി ക്ഷേത്രങ്ങളിലും ഇത് പ്രധാനമാണ്. വ്രതങ്ങളില്‍ വച്ചു അതീവ പ്രാധാന്യം ഉള്ള ഒന്നാണ് തിരുവാതിര വ്രതം എന്ന് വിശ്വസിക്കപ്പെടുന്നു. ധാരാളം ആളുകള്‍ തിരുവാതിര വ്രതം എടുക്കാറുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസം പരമശിവന്റെ പിറന്നാളായതു കൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. കൂടാതെ ശിവപാര്‍വതി വിവാഹം നടന്ന ദിവസമാണ് ധനുമാസത്തിലെ തിരുവാതിര ദിവസം എന്നാണ് വിശ്വാസം. ശിവപ്രധാനമാണെങ്കിലും ആദിപരാശക്തിയായ പാര്‍വതി ദേവിക്ക് സവിശേഷ പ്രാധാന്യം കൊടുത്തുകൊണ്ടാണ് തിരുവാതിര ആഘോഷവും വ്രതവും നടക്കാറുള്ളത്. ഡിസംബര്‍ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാണ് തിരുവാതിര വരുന്നത്.

മംഗല്യവതികളായ സ്ത്രീകള്‍ നെടുമാംഗല്യത്തിനും, മക്കളുടെ ഐശ്വര്യത്തിന് വേണ്ടിയും, അവിവാഹിതരായ യുവതികള്‍ ഉത്തമ വിവാഹം നടക്കാന്‍ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. പാര്‍വതി ദേവിയെ സ്തുതിച്ചു കൊണ്ടു സൂര്യോദയത്തിനുമുന്‍പ് കുളത്തില്‍ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കല്‍, നോയമ്പ് നോല്‍ക്കല്‍, നാമജപം, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കല്‍, പാതിരാപ്പൂ ചൂടല്‍, ശിവക്ഷേത്ര ദര്‍ശനം എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകള്‍. ശിവപാര്‍വതി പ്രധാനമായ ക്ഷേത്രങ്ങളില്‍ ഉത്സവം, തിരുവാതിരക്കളി, ഉമാമഹേശ്വര പൂജ, മറ്റു വിശേഷാല്‍ പൂജകള്‍, പൊങ്കാല എന്നിവയൊക്കെ ഈ അവസരത്തില്‍ നടക്കാറുണ്ട്. ക്ഷേത്ര ദര്‍ശനത്തിന് അതീവ പ്രാധാന്യം ഉള്ള ദിവസം കൂടിയാണിത്. മകയിരം ദിവസത്തിലെ വ്രതം മക്കള്‍ക്ക് വേണ്ടിയും, തിരുവാതിര വ്രതം ഭര്‍ത്താവിന് അല്ലെങ്കില്‍ പങ്കാളിക്ക് വേണ്ടിയും എന്ന് വിശ്വസിക്കപ്പെടുന്നു. ഇഷ്ട വിവാഹം, ഉത്തമ ദാമ്പത്യം, കുടുംബ ഐശ്വര്യം, മക്കളുടെ അഭിവൃദ്ധി, അപകടമുക്തി, ദുഖവിമോചനം, രോഗമുക്തി, ദീര്‍ഘായുസ് തുടങ്ങിയ അനേകം ഫലങ്ങള്‍ തിരുവാതിര വ്രതത്തിന് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രേവതി നാളിലാണ് തിരുവാതിര ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code