Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കബറിടസന്ദര്‍ശനങ്ങള്‍ നിത്യജീവനിലുള്ള പ്രത്യാശ വര്‍ധിപ്പിക്കും: മാര്‍ കല്ലറങ്ങാട്ട്

Picture

പാലാ: പുണ്യാത്മാക്കളുടെ കബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതു നിത്യജീവനിലുള്ള പ്രത്യാശ വര്‍ധിപ്പിക്കുമെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ നടന്ന പുണ്യാത്മാക്കളുടെ കബറിടതീര്‍ഥാടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.   

ദൈവം ചിലരിലൂടെ തന്റെ മുഖം കൂടുതല്‍ മിഴിവോടെ വരയ്ക്കുന്നു. അവരാണു പുണ്യാത്മാക്കള്‍. മോശയില്‍ ദൈവം മറഞ്ഞിരുന്നതുപോലെ പുണ്യചരിതരായ മനുഷ്യരില്‍ ദൈവം മറഞ്ഞിരിക്കുന്നു. ഈശോയുടെ കല്ലറ തേടി പത്രോസ് ഓടിയപ്പോള്‍ പത്രോസിന്റെ കബറിടത്തിങ്കലേക്ക് അനേകര്‍ ഓടിക്കൊണ്ടിരിക്കുന്നു. പാലാ രൂപതയിലെ 13 തീര്‍ഥാടന കബറിടങ്ങളും ഈശോയുടെ കബറിടം പോലെയാണ്. മഹത്വീകൃതമായ കല്ലറയാണ് ഈശോയുടേത്. എല്ലാ കല്ലറകളും കര്‍ത്താവിന്റെ കല്ലറയുടെ പ്രതിഛായ ആകണം. വിശ്വാസത്തിന്റെ വലിയ സാക്ഷികളായ പുണ്യാത്മാക്കളുടെ ശവകുടീരമുകളിലാണു പള്ളികള്‍ പണിതിരുന്നത്. ഇവയാണു വലിയ തീര്‍ഥാടനകേന്ദ്രങ്ങളായത്. വിശ്വാസം സംരക്ഷിക്കപ്പെടേണ്ടത് അവിടെയാണ് -മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

സമാധാനത്തിന്റെ പ്രതീകമായ പ്രാവിനെ പറത്തിയാണു മാര്‍ ജോസഫ് കല്ലറങ്ങാട്ട് തീര്‍ഥാടനയാത്ര ഉദ്ഘാടനം ചെയ്തത്. സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്നിഹിതനായിരുന്നു. പാലാ കത്തീഡ്രലില്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ കബറിടത്തിങ്കലില്‍നിന്ന് ആരംഭിച്ച തീര്‍ഥാടനയാത്ര ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍, കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്‍, മയിലപ്പറമ്പില്‍ കുര്യാക്കോസച്ചന്‍ എന്നിവരുടെ കബറിടങ്ങള്‍ സന്ദര്‍ശിച്ച് ഉച്ചയോടെ പകലോമറ്റത്തെത്തി. അര്‍ക്കദിയാക്കോന്മാരുടെയും കുറവിലങ്ങാട്ട് നിധീരിക്കല്‍ മാണിക്കത്തനാരുടെയും പറമ്പില്‍ ചാണ്ടി മെത്രാന്റെയും പനങ്കുഴയ്ക്കല്‍ വല്യച്ചന്റെയും കബറിടങ്ങളില്‍ പ്രാര്‍ഥിച്ചതിനുശേഷം തീര്‍ഥാടനയാത്ര രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും പാറേമ്മാക്കല്‍ ഗോവര്‍ണദോരുടെയും കബറിടങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്നു തുടങ്ങനാട്ട് യാക്കോബ് മണക്കാട്ടച്ചന്റെയും മണിയംകുന്നില്‍ സിസ്റ്റര്‍ കൊളേത്താമ്മയുടെയും കബറിടങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ സന്ദേശത്തോടെ ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ തീര്‍ഥാടനയാത്ര സമാപിച്ചു.

നൂറുകണക്കിനു യുവജനങ്ങള്‍ തീര്‍ഥയാത്രയില്‍ പങ്കുചേര്‍ന്നു. വെള്ള ജഴ്‌സിയും കെസിവൈഎം പതാകയുടെ നിറത്തിലുള്ള തൊപ്പിയും യാത്രയ്ക്കു മിഴിവേകി. യാത്രയിലുടനീളം മുഴങ്ങിനിന്ന സുറിയാനിസംഗീതത്തിന്റെ പശ്ചാത്തലം വേറിട്ടൊരനുഭവമായിരുന്നു. കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, സിസ്റ്റര്‍ ഷൈനി, ഷിജോ ചെന്നേലില്‍, മെബിന്‍ കുഴിവേലില്‍, ബ്രദര്‍ ജോയല്‍ ഇഞ്ചക്കുഴിയില്‍, റിബിന്‍ അരഞ്ഞാണിയില്‍ എന്നിവര്‍ തീര്‍ഥാടനയാത്രയ്ക്കു നേതൃത്വം നല്‍കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code