Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കനിവിന്‍ കരങ്ങളുമായി കുട്ടനാട് ലയണ്‍സ് ക്ലബ്

Picture

മങ്കൊമ്പ്: കാന്‍സര്‍ രോഗികള്‍ക്കായി കുട്ടനാട് ലയണ്‍സ് ക്ലബ് കനിവിന്‍ കരങ്ങള്‍ നീട്ടുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ട നിര്‍ധനരായവര്‍ക്കു ചികിത്സാസഹായം ലഭ്യമാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററും ലയണ്‍സ് ക്ലബ് ഓഫ് കുട്ടനാടും കൈകോര്‍ക്കുകയാണ്.

ആരോഗ്യവകുപ്പിന്റെ സമീപകാലത്തെ ചില പഠനങ്ങളില്‍ കുട്ടനാട്ടില്‍ കാന്‍സര്‍ വ്യാപിക്കുന്നതായി കണെ്ടത്തിയിരുന്നു. ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്ന രോഗിക്ക് ആജീവനാന്തം ഒരുലക്ഷം രൂപവരെ ചികിത്സലഭ്യമാക്കുന്നതാണ് പദ്ധതി.

ആദ്യഘട്ടത്തില്‍ കൈനകരി, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അറുപതോളം വാര്‍ഡുകളിലെ 500 പേരെയാണ് പദ്ധതിയിയില്‍ ഉള്‍പ്പെടുത്തുക.

അടുത്ത റിപ്പബ്ലിക്ദിനത്തില്‍ പദ്ധതി നടപ്പില്‍വരുത്താനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. 12നും 60നും മധ്യേ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗമാകുന്നതിന് പ്രഥമ പരിഗണന നല്കുക. നിലവില്‍ രോഗം സ്ഥിരീകരിച്ചവരെയോ രോഗം ചികിത്സിച്ചു ഭേദമായവരെയോ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. ഒരു കുടുംബത്തില്‍ ഒരാളെ മാത്രമേ ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കു പരിഗണിക്കൂ. രോഗം നിര്‍ണയിക്കപ്പെട്ടശേഷം സാമ്പത്തിക സാഹചര്യങ്ങളുടെ കുറവുമൂലം മികച്ച ചികിത്സ ലഭിക്കാതെ നിരവധി ജീവനുകളെയാണ് രോഗം കവര്‍ന്നെടുക്കുന്നത്. ഈ സാഹചര്യമാണ് ലയണ്‍സ് ക്ലബ് പ്രവര്‍ത്തകരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

മുപ്പതോളം സജീവ അംഗങ്ങളാകും പദ്ധതിക്കാവശ്യമായ തുക സമാഹരിക്കുക. ഒരാള്‍ക്ക് 1,000 രൂപ ഒറ്റത്തവണ പ്രീമിയമാണ് അടയ്‌ക്കേണ്ടത്. പദ്ധതിക്കാവശ്യമായ അഞ്ചുലക്ഷം രൂപ അംഗങ്ങള്‍ സ്വന്തം നിലയില്‍ കണെ്ടത്തും. സുമനസുകള്‍ മുന്നോട്ടുവന്നാല്‍ പദ്ധതി കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം.

കുട്ടനാടന്‍ പാടശേഖരങ്ങളിലെ അപകടകാരികളായ കീടനാശിനികളുടെ ഉപയോഗമാണ് ഇവിടെ കാന്‍സര്‍ രോഗികളുടെ എണ്ണം മറ്റുസ്ഥലങ്ങളിലേക്കാള്‍ വര്‍ധിക്കുന്നതിനു കാരണം.

ശുദ്ധജലക്ഷാമം അതിരൂക്ഷമായ കുട്ടനാട്ടിലെ ജനങ്ങള്‍ ഭൂരിഭാഗവും പൊതുജലാശയങ്ങളെയാണ് ആശ്രയിക്കുന്നത്. ഏറെ ഗുരുതരമായ ഈ പ്രശ്‌നങ്ങളില്‍ സര്‍ക്കാരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് ഭാരവാഹികളുടെ അഭിപ്രായം. കാന്‍സര്‍രോഗനിര്‍ണയം സൗജന്യമായി നടക്കുന്ന സംവിധാനങ്ങള്‍ കുട്ടനാട്ടിലുണ്ടാകണമെന്ന് പ്രസിഡന്റ് അഡ്വ. ഷിബു മണല, സെക്രട്ടറി എം.സി. കുഞ്ചപ്പന്‍ മുണ്ടയ്ക്കല്‍, ട്രഷറര്‍ ജോസഫ് മാത്യു തുറവശേരില്‍, കെ.സി. മാത്യു കൂട്ടുമ്മേല്‍, ജേക്കബ് സാണ്ടര്‍ എന്നിവര്‍ ആവശ്യപ്പെടുന്നു. കനിവ്- 2014 എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code