വാഷിംഗ്ടണ്‍: മാനവരാശിയുടെ അനശ്വരപൈതൃകമെന്ന് യുനസ്‌കോ അംഗീകരിച്ച കലാരൂപവും നാട്യകലകളുടെയെല്ലാം മാതാവുമാണ് കൂടിയാട്ടം.സംസ്‌കൃതനാടകാഭിനയമായ കൂടിയാട്ടവും ചാക്യാര്‍കൂത്തും നങ്ങ്യാര്‍കൂത്തും അടുത്ത ഒരു മാസം അമേരിക്കയിലെ നിറഞ്ഞ സദസ്സുകള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കും. വാഷിങ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരികസംഘടനയായ സ്വസ്തി ഫൗണ്ടേഷനാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ക്ഷേത്ര പാരമ്പര്യകലാരൂപങ്ങളെയും വൈജ്ഞാനികമേഖല കളെയും സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കയില്‍ രൂപംകൊണ്ട സംഘടനയാണ് സ്വസ്തി ഫൗണ്ടേഷന്‍.മെയ് 27, 28 തീയതികളില്‍ വാഷിംഗ്ടണിലെ ചിന്മയ സോമനാഥ് ആഡിറ്റോറിയത്തിലാണ് 'സ്വസ്തി ഫെസ്റ്റ് 2023' നടത്തക്കുന്നത്.
കലാമണ്ഡലം ജിഷ്ണുപ്രതാപിന്റെ നേതൃത്വത്തിലാണ് അമേരിക്കയില്‍ കൂടിയാട്ടമവതരിപ്പിക്കുന്നത്. ജിഷ്ണുവിനെക്കൂടാതെ കലാമണ്ഡലം സംഗീത, നേപത്ഥ്യ സനീഷ്, കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം വിജയ്, കലാനിലയം രാജന്‍, കലാനിലയം ശ്രീജിത് എന്നിവരാണ് സംഘത്തിലുള്ളത്.
വാഷിംഗ്ടണിലെ പരിപാടിക്കുശേഷം ന്യൂയോര്‍ക്ക്, ഷാര്‍ലറ്റ്, ഫിലാഡെല്‍ഫിയ, വിര്‍ജിനിയ, ഡിട്രോയിറ്റ് തുടങ്ങി നിരവധി നഗരങ്ങളില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കും. ഒരു മാസത്തിലധികം അമേരിക്കയില്‍ ചെലവഴിക്കുന്ന ഈ സംഘം കൂടിയാട്ടം ശില്‍പ്പശാലകളും അഭിനയപഠനക്കളരികളും സംഘടിപ്പിക്കുന്നുണ്ട്. മലയാളികളുടെ നേതൃത്വത്തില്‍ ഇത്രയും വിപുലമായ കൂടിയാട്ടരംഗാവതരണം അമേരിക്കയില്‍ ആദ്യമായാണ്.
ക്ഷേത്രമതില്‍ക്കെട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപങ്ങളെ ഗുരു പൈങ്കുളം രാമച്ചാക്യാരാണ് 1949 ല്‍ ആദ്യമായി പുറത്തവതരിപ്പിച്ചത്.1980 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ത്തന്നെയാണ് കൂടിയാട്ടം ആദ്യമായി കടല്‍കടന്നുപോയതും.പിന്നീട് കൂടിയാട്ടത്തിനുലഭിച്ച രാജ്യാന്തരശ്രദ്ധയും അംഗീകാരങ്ങളും വളരെ വലുതാണ്. ശുദ്ധമായ മലയാളഭാഷയെയും നര്‍മ്മബോധത്തെയും സംരക്ഷിക്കുന്ന ചാക്യാര്‍കൂത്തും സൂക്ഷ്മാഭിനയകലയായ കൂടിയാട്ടവും ആഴത്തില്‍ മനസ്സിലാക്കാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് അമേരിക്കയിലെ സഹൃദയര്‍ക്കുവേണ്ടി സ്വസ്തി ഒരുക്കുന്നത്. ഒപ്പം ഭാരതത്തിന്റെ പാരമ്പര്യഗരിമയെ വിദേശമണ്ണില്‍ അഭിമാനപൂര്‍വ്വം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
അമേരിക്കയില്‍ സജീവമായി, പ്രവര്‍ത്തിക്കുന്ന സാംസ്‌കാരികസംഘടനയാണ് സ്വസ്തി.പ്രൊഫഷണല്‍ രംഗത്തു ജോലി ചെയ്യുന്ന രതീഷ് നായര്‍, ആശാപോറ്റി, ശ്രീജിത് നായര്‍, അരുണ്‍ രഘു എന്നീ കലാസ്‌നേഹികളാരംഭിച്ച സ്വസ്തിക്ക് ഇന്ന് നിരവധി പ്രമുഖരുടെ പിന്തുണയാണ് ലഭിക്കുന്നത്. കൊറോണ ആരംഭിച്ചതുമുതല്‍ വല്ലാതെ വിഷമത്തിലായ കേരളത്തിലെ കലാകാരന്മാരെ സഹായിക്കാന്‍ ഓണ്‍ലൈന്‍ പ്രതിമാസപരിപാടികള്‍ സംഘടന നടത്തിവരുന്നു. ഇതുവരെ ഇരുപത്തിയഞ്ച് പ്രതിമാസപരിപാടികളാണ് സ്വസ്തി സംഘടിപ്പിച്ചത്.കലാസാംസ്‌കാരിക മേഖലയില്‍ ബൃഹത്തായ സംഭാവനകള്‍ നല്‍കാനുള്ള ഉദ്ദേശ്യലക്ഷ്യങ്ങളാണ് സ്വസ്തിഫൗണ്ടേഷനുള്ളത്.
Comments