Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


റിങ്കു സ്‌കറിയ ആതുര സേവനത്തിന്റെ പാതയില്‍ ഒരു പുതിയ പ്രതീക്ഷ
  റിങ്കു സ്‌കറിയ ആതുര സേവനത്തിന്റെ പാതയില്‍ ഒരു പുതിയ പ്രതീക്ഷ

Picture Picture

മദര്‍ തെരേസ' എന്ന പേര് കേള്‍ക്കുന്‌പോള്‍ തന്നെ നമുക്കൊരു വിശുദ്ധത മനസ്സിലേക്ക് കടന്നു വരും,കല്‍ക്കട്ട എന്ന പട്ടണത്തിലെ തെരുവിലും അഴുക്കു ചാലുകളിലും കിടന്നിരുന്ന ആളുകളുടെ മുന്നില്‍ ഒരു മാലാഖയായി പ്രത്യക്ഷപ്പെട്ട ആ അമ്മയെ ഓര്‍ക്കുന്‌പോള്‍ തന്നെ ഒരു ശാന്തത മനസ്സിന് ലഭിക്കുന്നു,അതുപോലെ തന്നെ ഇന്ന് നമ്മുടെ ഇടയില്‍ മധുരയിലെ വഴിയോരത്തെ അന്തേവാസികള്‍ക്കെന്നും അന്നവുമായി മുന്നില്‍ പ്രത്യക്ഷപ്പെടുന്ന അവരുടെ കാണപ്പെടുന്ന ദൈവമായ അക്ഷയ ട്രെസ്റ്റിന്റെ 'കൃഷ്ണന്‍' തുടങ്ങി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരെയും നാം സ്മരിക്കുന്‌പോള്‍, അവരുടെ കഥകള്‍ കേള്‍ക്കുന്‌പോള്‍ നമ്മളിളിലും ആരെങ്കിലും അതുപോലെയുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകും. എല്ലാവര്‍ക്കും മദര്‍ തെരേസയുടെയും അക്ഷയ കൃഷ്ണന്റെയും വരദാനങ്ങള്‍ കാണണമെന്നില്ല എന്നാല്‍ തങ്ങളുടെ കഴിവിലും ചുറ്റുപാടിലും എളിയവരെ താങ്ങുവാന്‍, കരുതുവാന്‍ അവസരങ്ങള്‍ വളരെയേറെയുണ്ട്. ഇത്തരം ആളുകളെ പരിചയപ്പെടുന്‌പോള്‍, അവരുമായി സംസാരിക്കുന്‌പോള്‍, അതല്ലെങ്കില്‍ അവരെപ്പറ്റി മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുന്‌പോള്‍ ഒക്കെ മനസ്സിന് കുളിര്‍മയും ശാന്തതയും അനുരോധ ഊര്‍ജ്ജവും ഒക്കെ വരുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക അവരാരും നിസ്സാരരല്ല, തങ്ങളുടെ പോസിറ്റീവ് എനെര്‍ജി മറ്റുള്ളവരിലേക്കും പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ദൈവത്തിന്റെ വരദാനം ധാരാളമായുള്ള ആളുകളാവാം ഇവര്‍.
അങ്ങനെ ദൈവത്തിന്റെ വരദാനമുള്ള ഒരു മിടുക്കിയാണ് യുണിവേര്‍സിറ്റി ഓഫ് അരിസോണയില്‍ നിന്ന് ഒരേ സമയം ഫിസിയോളജിയിലും അതോടൊപ്പം ബിസിനസ് മാനേജ്‌മെന്റിലും തിളക്കമാര്‍ന്ന വിജയവുമായി പാസായ 'റിങ്കു സ്‌കറിയ'
റിങ്കു സ്‌കറിയാ തന്റെ ജീവിതത്തില്‍ ഏറ്റവും ആഗ്രഹിക്കുന്നതും പ്രയത്‌നിക്കുന്നതും എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷയും മെച്ചപ്പെട്ട വിദ്യാഭ്യാസവും ലഭ്യമാക്കുക എന്ന ജീവിത ലക്ഷ്യത്തിലേക്കാണ്.അമേരിക്കയിലാണ് ലോകത്തെ ഒന്നാംതരം ചികിത്സ കിട്ടുന്നത് എന്നത് ആരും സമ്മതിക്കും, പക്ഷെ നല്ലൊരു ഇന്‍ഷുറന്‍സ് കൂടെ ഇല്ലെങ്കില്‍ ചികിത്സ കഴിഞ്ഞ് വരുന്‌പോള്‍ എത്തുന്ന ബില്ല് കാണുന്‌പോള്‍ തന്നെ അസുഖം കൂടുകയല്ലാതെ കുറയാന്‍ സാദ്ധ്യതയില്ല. അമേരിക്കയിലെ പുതിയ തലമുറ അനുഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നം ആരോഗ്യ സുരക്ഷ തന്നെ.......

ഒരേ സമയം ഫിസിയോളജിയിലും അതോടൊപ്പം ബിസിനസ് മാനേജ്‌മെന്റെിലും റിങ്കു വിജയം കരസ്ഥമാക്കിയപ്പോള്‍ തന്നെ അതിന് ആ കുട്ടിയെ പ്രചോദിപ്പിച്ച ഘടകം ഒന്നറിയണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം നേരില്‍ കാണാന്‍ സാധിച്ചപ്പോള്‍ റിങ്കുവിനോട് നേരിട്ട് ചോദിച്ചപ്പോളാണ്, നമ്മുടെ പുതിയ തലമുറയിലെ കുട്ടികള്‍ ലോകത്തിന്റെ അഭിവൃദ്ധിക്കായി ചെയ്തു കൂട്ടുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കുവാന്‍ എങ്കിലും സാധിച്ചത്. തന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമൂഹത്തിലെ താഴേക്കിടയിലെ കുട്ടികള്‍ക്ക് കണക്കിലും സയന്‍സിലും പുതിയ മാര്‍ഗ്ഗ ദര്‍ശനം കൊടുക്കുന്ന ഒരു കൂട്ടായ്മ ഉണ്ടാക്കിയതും അതില്‍ കൂടി ആ കുട്ടികളുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പറ്റിയ വ്യത്യാസങ്ങളുമായിരുന്നു റിങ്കുവിനു പറയാനുണ്ടായിരുന്നത്.
അരിസോണയിലെ രണ്ടാമത്തെ വലിയ നഗരമായ ടുസാനില്‍, സ്പാനിഷ് ഭാഷ സംസാരിക്കുന്ന ആളുകളാണ് കൂടുതലും. അവരുടെ ജീവിത സാഹചര്യങ്ങളും സാമ്പത്തിക ചുറ്റുപാടും പലരെയും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാറില്ല. സമൂഹത്തില്‍ ഒരു തരത്തില്‍ ഒറ്റപ്പെട്ട ഈ പ്രത്യക സമൂഹത്തിലെ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ റിങ്കു എടുത്ത തീരുമാനം ഇന്ന് അനേകം കുടുംബങ്ങള്‍ക്ക് പ്രതീക്ഷയുടെ തിരി നാളമായി മാറിയിരിക്കുന്നു. കൊടും ചൂടും മണലാരണ്യസമാനമായ കാലാവസ്ഥയിലും ഒരിക്കല്‍ പോലും താന്‍ വഴി കാണിച്ച് കൊടുക്കുന്നവരെ നിരാശപ്പെടുത്താന്‍ റിങ്കു തയ്യാറായില്ല. അവക്ക് വേണ്ടി താന്‍ അധിക സമയം കണ്ടെത്തിയപ്പോള്‍ മറുവശത്ത് റിങ്കുവിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാവി നല്ല രീതിയില്‍ പുരോഗമിക്കുന്നത് കണ്ടറിഞ്ഞ സഹപാഠികളും അധ്യാപകരും ആ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ അഭിനന്ദിക്കുകയും ചെയ്തു. അതിന് നല്ല ഉദാഹരണങ്ങളാണ് റിങ്കുവിനു കിട്ടിയ പ്രശംസകളും അംഗീകാരങ്ങളും.

ഡോക്ടര്‍ മെറില്‍ ഫ്രീമാന്‍ അവാര്‍ഡ് : സര്‍വകലാശാലയില്‍ ഏറ്റവും അംഗീകാരമുള്ള രണ്ട് പേര്‍ക്ക് മാത്രം ലഭിക്കുന്ന ഈ അവാര്‍ഡിന് 2014 ല്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ റിങ്കു സ്‌കറിയായാണ്
എല്ലെര്‍ കോളേജ് ഓഫ് മാനേജ്‌മെന്റിന്റെ പ്രഗത്ഭയായ വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.

http://deanofstudents.arizona.edu/awards/merrill-p-freeman-medals എല്ലെര്‍ കോളേജ് ഓഫ് മാനേജ്‌മെന്റിന്റെ അന്‍പത് പ്രധാന വനിതകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.
പഠന വിഷയങ്ങളിലും പാട്യേതര വിഷയങ്ങളിലും നേതൃ പാടവത്തിലും മുന്നിട്ടു നില്‍ക്കുന്ന വളരെ കുറച്ചു പേര്‍ക്ക് മാത്രം ലഭിക്കുന്ന എല്ലെര്‍ സെന്‍ടൂറിയന്‍ എന്ന ബഹുമതിയും റിങ്കുവിനു ലഭിച്ചു.
അധികം ആരവവും ആര്‍ഭാടവും ഇല്ലാതെ ലോകത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് തന്നാലാവുന്നതു ചെയ്ത് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു പുതിയ സംസ്‌കാരം ഇന്നത്തെ തലമുറയുടെ ആവശ്യമാണ്. റിങ്കുവിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഈ പുതിയ സംസ്‌കാരത്തിന്റെ പ്രതീകങ്ങള്‍ തന്നെ. പുതിയ തലമുറയുടെ നന്മകള്‍ കാണുവാനും പഴയ സംസ്‌കാരത്തിലെ നന്മകള്‍ അവരെ കാട്ടിക്കൊടുക്കുവാനും സാധിച്ചാല്‍, ലോകത്തിന് നാം കൊടുക്കുന്ന വലിയ സംഭാവനയായിരിക്കും അത്.
യുണിവേര്‍സിറ്റി ഓഫ് അരിസോണയുടെ കോളേജ് ഓഫ് മെഡിസിനില്‍, ഡോക്ടര്‍ ഓഫ് മെഡിസിന്‍ പ്രോഗ്രാമിന് തിരഞ്ഞെടുക്കപ്പെട്ട റിങ്കു, ആതുര സേവന രംഗത്ത് തന്റെ സേവനം കൊടുക്കുന്നതോടൊപ്പം, ഹോസ്പിറ്റല്‍ മാനേജ്മന്റ് തലങ്ങളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള തന്റെ ഉള്‍ക്കാഴ്ച്ച പ്രാവര്‍ത്തികമാക്കുവാനുമുള്ള പ്രതീക്ഷയിലാണ്. വിവര സാങ്കേതിക വിദ്യയിലെ കുതിപ്പും, മാനേജ്‌മെന്റ്‌റ് രംഗത്തെ പുതിയ കാഴ്ചപ്പാടുകളും നല്ല കസ്റ്റമര്‍ റിലേഷന്‍ഷിപ്പും കൂടെയാകുന്‌പോള്‍ കൂടുതല്‍ സവനം കുറഞ്ഞ സമയത്തും കുറഞ്ഞ ചിലവിലും സാധാരണക്കാര്‍ക്ക് എത്തിക്കുവാന്‍ സാധിക്കുമെന്ന ഉത്തമ വിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ആതുര സേവന രംഗം തിരഞ്ഞെടുക്കാന്‍ റിങ്കുവിനെ പ്രേരിപ്പിച്ചത്. കച്ചവട മനസ്ഥിതി മാറ്റി ആതുര സേവന രംഗം പുനര്ജീവിച്ചില്ലെങ്കില്‍ അടുത്ത രണ്ടു ദശബ്ദങ്ങളില്‍ അമേരിക്കന്‍ ജനത തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും ആരോഗ്യ രക്ഷക്കായി നീക്കി വെക്കേണ്ടി വരും എന്ന യാഥാര്‍ത്ഥ്യം ഈ മേഘലയിലെ പുതിയ ഉണര്‍വിനായി എല്ലാ തലത്തിലുമുള്ള ആളുകളുടെ കൂട്ടായ്മ ഉണ്ടാക്കേണ്ടിയ പരിശ്രമത്തിനായി റിങ്കുവിനെ പ്രജോദിപ്പിക്കുന്നു.
റിങ്കുവിന്റെ നേട്ടങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രചോദനം കൊടുക്കുന്നവരില്‍ പ്രധാനികള്‍ തീര്‍ച്ചയായും റിങ്കുവിന്റെ മാതാപിതാക്കള്‍ തന്നെ. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പലര്‍ക്കും സുപരിചിതനായ 'സാജു സ്‌കറിയായുടെയും' 'ഷൈനി സ്‌കറിയായുടെയും' മകളാണ് റിങ്കു. അമേരിക്കയിലെ ടാറ്റാ കണ്‍സല്‍റ്റി സര്‍വീസസിലെ ഉന്നത ഉദ്യോഗസ്ഥനായ സാജുവും അമേരിക്കന്‍ എക്‌സ്പ്രസിലെ മാനേജരായ ഷൈനിയും കാട്ടിക്കൊടുത്ത ജീവിതരീതികളാണ് തനിക്ക് മിക്കപ്പോഴും മാര്‍ഗ്ഗദര്‍ശനമായതെന്ന് റിങ്കു പറയുകയുണ്ടായി. ഏക സഹോദരന്‍ റോബിന്‍ സ്‌കറിയാ ഫീനിക്‌സ് നോര്‍ത്ത് കാന്യന്‍ ഹൈ സ്‌കൂളില്‍ നിന്ന് ജയിച്ച് അരിസോണാ സ്‌റ്റേറ്റ് യുണിവേര്‍സിറ്റിയില്‍ കോളേജ് പഠനത്തിനായി തയ്യാറെടുക്കുന്നു.
'മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ അതിഭാദ്രസന കൌണ്‍സില്‍ മെംബറും കൂടിയായ സാജു, കുടുംബമായി അരിസോണയിലെ ഫീനിക്‌സില്‍ താമസിക്കുന്നു. ഫീനിക്‌സ് സെന്റ് പീറ്റെര്‍സ് യാക്കോബായ പള്ളിയുടെ ഇടവകാംഗങ്ങളും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവരുമാണ് ഈ കുടുംബം . നാട്ടില്‍ ആരക്കുന്നം സെന്റെ് ജോര്‍ജ് വലിയ പള്ളി ഇടവകയിലെ വെട്ടിക്കാട്ടില്‍ (കൊടിമറ്റത്തില്‍) കുടുംബാംഗമാണ് സാജു.ഷൈനി എരുമേലി ഈശ്വരിടത്ത് കുടുംബാംഗവും.
അമേരിക്കയിലെ പ്രവാസി സമൂഹത്തിന് അഭിമാനമാകുന്ന നേട്ടങ്ങള്‍ സമ്മാനിക്കുന്ന പുതിയ തലമുറയിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുവാന്‍ സമൂഹത്തിന് സാധിക്കണം. പുതിയ തലമുറയുടെ ചിന്തകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന സമൂഹത്തിനേ സമൂഹത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂ.സമൂഹത്തിന്റെ ഉന്നമനത്തിന് റിങ്കുവിന്റെയും കൂട്ടുകാരുടെയും ശ്രമങ്ങള്‍ കൈത്താങ്ങാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്


സ്‌നേഹപൂര്‍വം
ചെറിയാന്‍ ജേക്കബ്‌