Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


വീട്‌ മനസിനും പോക്കറ്റിനും ഇണങ്ങണം; പ്ലാന്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  വീട്‌ മനസിനും പോക്കറ്റിനും ഇണങ്ങണം; പ്ലാന്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Picture

സിക്‌സ്റ്റസ്‌ പി.

അമേരിക്കന്‍ മലയാളി മാധ്യമ ലോകത്തിലേക്ക്‌ സ്വാഗതം

അമേരിക്കന്‍ മലയാളി മാധ്യമ ലോകത്തിലേക്ക്‌ ഒരു അതിഥിയെക്കൂടി സ്വാഗതം ചെയ്യുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്‌. തിരുവനന്തപുരം ജില്ലയില്‍ വെട്ടുകാട്‌ സ്വദേശിയായ സിക്‌സ്റ്റസ്‌ പി എന്ന എഞ്ചിനീയറിങ്‌ കണ്‍സള്‍ട്ടിനെയാണ്‌ ഇന്നു ഞാന്‍ നിങ്ങള്‍ക്കായി സ്വാഗതം ചെയ്യുന്നത്‌. ടൈറ്റാനിയം ഫാക്ടറിയിലെ ഒരു ഉദ്യോഗസ്ഥനും, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മാധ്യമ പ്രവര്‍ത്തകനും കൂടിയായ ഇദ്ദേഹം തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ്‌. അധികം താമസിയാതെ വിപുലമായ രീതിയില്‍ ഒരു പരിചയപ്പെടുത്തല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതിനാല്‍ അധികം ഇപ്പോള്‍ പറയുന്നില്ല. ഇന്ന്‌ അദ്ദേഹം നമ്മുക്കായ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌ വീട്‌ മനസ്സിനും പോക്കറ്റിനും ഇണങ്ങണം എന്ന ലേഖനമാണ്‌. -ജോസ്‌ പിന്റോ സ്റ്റീഫന്‍

വീടിനെക്കുറിച്ച്‌ ഓരോരുത്തര്‍ക്കും സ്വപ്‌നമുണ്ടാവും. സാധാരണക്കാരന്റെ ജീവിതസാഫല്യമാണ്‌ ഒരു വീട്‌. കുറഞ്ഞ ചെലവില്‍ പരമാവധി സൗകര്യങ്ങളുള്ള വീടാവണം ലക്ഷ്യം. വീടു പണിയാന്‍ തയ്യാറെടുക്കുമ്പോള്‍ നമ്മുടെ അഭിരുചിക്കും സാമ്പത്തികത്തിനുമിണങ്ങുന്ന തരത്തില്‍ വീടിന്റെ പ്‌ളാന്‍ തയ്യാറാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. വീടു പണിയുന്ന സ്ഥലത്തിന്റെ പ്രത്യേകതയും ദിശയും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെയും അനുസരിച്ചാണ്‌ വീടു നിര്‍മ്മാണത്തിനാവശ്യമായ പ്‌ളാന്‍ ഡിസൈന്‍ ചെയ്യേണ്ടത്‌.

ചെലവു കുറഞ്ഞ വീടുകള്‍ ഒരു കാലത്ത്‌ കേരളത്തില്‍ വളരെയധികം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വീടുകള്‍ ഫാഷനായി ചെയ്യുന്നവരും ഇല്ലാതില്ല. എന്നാല്‍ , സാധാരണ നാം കാണുന്ന `കണ്‍വെന്‍ഷണല്‍' ടൈപ്പ്‌ വീടുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അല്‌പം ശ്രദ്ധിച്ചാല്‍ ലക്ഷക്കണക്കിന്‌ രൂപ ലാഭിക്കുവാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉദാഹരണമായി, നൂറു സ്‌ക്വയര്‍ഫീറ്റുള്ള ഒരു മുറി നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന ഒരാളുടെ വീട്‌ പലതരത്തില്‍ ഡിസൈന്‍ ചെയ്യാം. അതായത്‌ 50 അടി നീളവും 2 അടി വീതിയും ഉള്ള മുറിയാണെങ്കില്‍ 100 സ്‌ക്വയര്‍ഫീറ്റ്‌ പ്‌ളിന്ത്‌ ഏറിയ ലഭിക്കും. പക്ഷേ, 104 അടി നീളത്തില്‍ ഭിത്തി കെട്ടേണ്ടിവരും. (ചുറ്റളവിലാണ്‌ ഭിത്തി കെട്ടുന്നത്‌) 25 അടി നീളവും 4 അടി വീതിയുമുള്ള മുറിയാണെങ്കിലും 100 സ്‌ക്വയര്‍ഫീറ്റ്‌ കിട്ടും. പക്ഷേ, 58 അടി നീളത്തില്‍ ഭിത്തിവേണം. 20 അടി നീളവും 5 അടി വീതിയുമുള്ള 100 സ്‌ക്വയര്‍ ഫീറ്റ്‌ മുറിക്ക്‌ 50 അടി നീളത്തില്‍ ഭിത്തിവേണ്ടിവരും. എന്നാല്‍, 10 അടിനീളവും 10 അടി വീതിയുമുള്ള മുറിക്ക്‌, 100 സ്‌ക്വയര്‍ ഫീറ്റാണെങ്കിലും 40 അടി നീളത്തില്‍ ഭിത്തി നിര്‍മ്മിച്ചാല്‍ മതിയാകും. ഇതില്‍ നിന്ന്‌ നാം എന്താണ്‌ മനസ്സിലാക്കേണ്ടത്‌?

ഒരേ വിസ്‌തീര്‍ണ്ണമുള്ള മുറിയ്‌ക്ക്‌ പ്‌ളാനിലെ ഡിസൈനിംഗിന്റെ തകരാറുമൂലം എന്തുമാത്രം നഷ്ടം സംഭവിക്കുന്നു എന്നു മാത്രം. സാങ്കേതികമായി വേണ്ടത്ര പരിജ്ഞാനമില്ലാത്തവര്‍ തയ്യാറാക്കുന്ന മോശം ഡിസൈന്‍ പണം മാത്രമല്ല, സ്ഥലസൗകര്യങ്ങളും നഷ്ടപ്പെടുത്തും. ചുരുക്കിപ്പറഞ്ഞാല്‍ സമചതുരത്തോടുക്കുന്ന പ്‌ളാനുകളാണ്‌ ഏറ്റവും ചെലവു കുറഞ്ഞിരിക്കുന്നത്‌. പക്ഷേ, മുറികളുടെ ഉപയോഗം കണക്കിലെടുക്കുമ്പോള്‍ അല്‌പം ദീര്‍ഘ ചതുരാകൃതിയില്‍ നിര്‍മ്മിക്കുന്നതാണ്‌ സൗകര്യപ്രദം.

വീട്‌ മൊത്തത്തില്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അതിനനുസരിച്ച്‌ വേണ്ട വ്യത്യാസങ്ങളും, മോടിക്കുവേണ്ടി മാത്രമുള്ള മിനുക്കുപണികളും നടത്തണമെന്നു മാത്രം. സാധാരണക്കാരുടെ വീട്‌ ഡിസൈന്‍ ചെയ്യുമ്പോള്‍ മുന്‍ഭാഗത്ത്‌ ഒരു കാര്‍പോര്‍ച്ച്‌ (അത്യാവശ്യമെങ്കില്‍ മാത്രം), ചെറിയ ഒരു സിറ്റ്‌ ഔട്ട്‌, ഒന്നിച്ചോ, ഒറ്റയ്‌ക്കൊറ്റയ്‌ക്കായോ, ഡ്രോയിംഗ്‌ ഡൈനിംഗ്‌ റൂമുകള്‍ , ആവശ്യത്തിനുമാത്രമുള്ള ബാത്ത്‌ അറ്റാച്ച്‌ഡ്‌ ബെഡ്‌റൂമുകള്‍ , പിന്നെ അടുക്കള, പിന്‍ഭാഗത്ത്‌ ആവശ്യമെങ്കില്‍ വര്‍ക്ക്‌ ഏരിയ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്‌. ഇത്രയും സൗകര്യങ്ങള്‍ വിഭാവന ചെയ്യുമ്പോള്‍ ഡിസൈനിംഗില്‍ ഒരിഞ്ചു സ്ഥലംപോലും അനാവശ്യമായി നഷ്ടപ്പെട്ടിട്ടില്ല എന്ന്‌ പ്രത്യേകം ഉറപ്പുവരുത്തണം. പക്ഷേ, ഇങ്ങനയൊക്കെയാണെങ്കിലും, ഓരോരുത്തരുടേയും പ്‌ളോട്ടുകളുടെ കിടപ്പും, വലിപ്പവും, റോഡിന്റെയും മറ്റു വികസന പ്രവര്‍ത്തനങ്ങളുടേയും ഒക്കെ പരിഗണനയും, പിന്നെ ദിശയുമൊക്കെ അനുസരിച്ചേ വീടിന്റെ ഡിസൈന്‍ ചെയ്യാന്‍ പറ്റുകയുള്ളു.

സാങ്കേതിക വിദ്യ വളരെയധികം മുന്നേറിയ ഈ കാലഘട്ടത്തില്‍ കെട്ടിട നിര്‍മ്മാണ മേഖലയിലും വളരെപ്പെട്ടെന്ന്‌, പ്‌ളാനുകള്‍ , യുക്തിക്കനുസരിച്ച്‌ തയ്യാറാക്കുന്നതിന്‌ വേണ്ട വളരെയധികം സംവിധാനങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌. പ്‌ളാന്‍ തയ്യാറാക്കുന്നതിനോടൊപ്പം തന്നെ, അത്‌ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വീട്‌ എങ്ങനെയിരിക്കും? എന്തു നിറമാണ്‌ വീടിന്‌ അനുയോജ്യം? തുടങ്ങി നിരവധി ഘടകങ്ങള്‍ മുന്‍കൂട്ടി കമ്പ്യൂട്ടറില്‍ തയ്യാറാക്കാവുന്ന സംവിധാനങ്ങളും ഇന്ന്‌ വ്യാപകമായി നിലിവിലുണ്ട്‌.

നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാധന സാമഗ്രികള്‍ തെരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്‌. അല്ലെങ്കില്‍ കീശ കാലിയാകും. വാര്‍ക്കപ്പണി കഴിഞ്ഞാല്‍ പിന്നെ, വീട്‌ മോടി പിടിപ്പിക്കുന്നതിനാണ്‌ ഏറെ പണം ചെലവാകുന്നത്‌.

മുറിവൈദ്യനേയും വ്യാജഡോക്ടറെയുമെന്ന പോലെ കെട്ടിട നിര്‍മ്മാണരംഗത്തെ വ്യാജാരെയും തിരിച്ചറിയുക. വളരെ പരിചയ സമ്പന്നരും, സാങ്കേതികമായി യോഗ്യരുമായ വ്യക്തികളെക്കൊണ്ടു മാത്രം ഡിസൈനിംഗിന്റെയും നിര്‍മ്മാണത്തിന്റെയും ചുമതല ഏല്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, കീശകീറുമെന്നുമാത്രമല്ല, വിപരീതഫലവും പ്രതീക്ഷിക്കാം.

റിപ്പോര്‍ട്ട്‌: സിക്‌സ്റ്റസ്‌ പി.

Civil Engineering Consultant,
Thiruvananthapuram
PH: 9847355979,
Email-sixpauls33@gmail.com