Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നന്ദിയും നമസ്കാരവും (തൊടുപുഴ കെ ശങ്കർ മുംബൈ)

Picture

എനിയ്ക്കു ജന്മം നൽകി എന്നെയീ മഹിയിലേ-
യ്ക്കാനയിച്ചവളാമെൻ അമ്മയ്ക്കു നമസ്കാരം!
ദുരിത ഭരിതമാം പത്തു മാസങ്ങളെന്നെ പരിപാലിച്ചോൾ തന്റെ വയറ്റിൽ ചുമന്നവൾ!

കണ്ണനെ വർണ്ണിച്ചിട്ടും അമ്മയെ വന്ദിച്ചിട്ടും
മന്നിതിലാരെങ്കിലും സംതൃപ്തരായോരുണ്ടോ?
അമ്മതൻ വാത്സല്യത്തിൻ സേവനത്തിനു മുന്നിൽ
നമ്മൾ തൻ വചസ്സുകൾ നിസ്സാരമല്ലോ നൂനം!

കഷ്ടങ്ങൾ, സാമ്പത്തിക ക്ലേശങ്ങൾ ഗണിക്കാതെ ശിക്ഷണം തന്നോരെന്റെ അച്ഛനു നമസ്കാരം! മനസ്സിലോരായിരം മധുര പ്രതീക്ഷകൾ മോഹന സ്വപ്നങ്ങളും നിശ്ശബ്ദം വളർത്തവൻ!

ബാല്യത്തിൽ കൗമാരത്തിൽ യൗവ്വന പ്രായത്തിലും
തുല്യ സാന്ദ്രതയോടെ സ്നേഹിച്ചു വളർന്നൂ നാം,
എനിക്ക് കൂട്ടായ് വന്ന മൽസഹോദരങ്ങളെ,
ധന്യരാം നിങ്ങൾക്കെന്റെ ഓർമ്മ തൻ പുഷ്പാഞ്ജലി!

കൂട്ടത്തിലെന്നേം കൂട്ടി സുഹൃത്വം വാരിത്തന്ന കൂട്ടുകാർക്കെല്ലാമെന്റെ നന്ദി ചൊല്ലട്ടേ,
നിങ്ങൾ ഏവരുമില്ലാതിരുന്നെങ്കിലെൻ കലാലയ-
ജീവിതം വിരസമായ്, ശൂന്യമായിരുന്നേനെ!

ആദ്യാക്ഷരങ്ങൾ തെല്ലും അക്ഷമരാകാ തെന്നെ ആദ്യമായ് പഠിപ്പിച്ച സൽഗുരുനാഥന്മാരെ,
അർപ്പിച്ചിടട്ടെ, മമ ഭക്തിതൻ ചിഹ്നങ്ങളാം
കൂപ്പു കൈകളുമൊപ്പം സാദര പുഷ്പങ്ങളും!

സകല സൗഭാഗ്യവും സുഖവും വാരിത്തന്ന ലോകമേ, നിനക്കെൻറെ സാഷ്ടാംഗ നമസ്കാരം!
പഞ്ച ഭൂതങ്ങൾ തന്ന ദേഹത്തിൻ പ്രവർത്തികൾ
പഞ്ചേന്ദ്രിയങ്ങൾ സർവ്വം ഭദ്രമായിരിക്കട്ടെ!

സന്തത മെന്നോടൊത്തു സഹചാരിണിയായി സുഹൃത്തായ്, സോദരിയായ്, മാതാവായ് യഥോചിതം,
സേവന സന്നദ്ധയായ് വസിക്കും പ്രിയ പത്നീ സ്വീകരിക്ക നീയെന്റെ നന്ദിയും, കടപ്പാടും!

സുകൃതത്താലോ, പൂർവ്വ ജന്മ പുണ്യത്തിനാലോ
മക്കളേ, ജന്മം നേടീ നിങ്ങളീ കുടുംബത്തിൽ!
ജന്മാന്തരങ്ങളിലും ഒന്നിച്ചു ചേർക്കും നമ്മെ ജഗത് പിതാവാമീശൻ സന്ദേഹമെന്യേ ചെമ്മേ!

നിങ്ങൾ തൻ സമാഗമ ശേഷം താൻ കുടുംബത്തി-
ലിത്രയുമൈശ്വര്യവും വൃദ്ധിയും ഭവിച്ചതും! ധർമ്മ പത്നിതൻ പൂർണ്ണ ചാതുരി അതി മുഖ്യം
മർമ്മ പ്രധാനമല്ലോ നേട്ടങ്ങൾക്കെല്ലാം പിന്നിൽ!

ജഗമേയൊരു വഴിയമ്പലം മാത്രമിതിൽ
ജന്മാന്തരങ്ങൾ തോറും വന്നു പോകുന്നു നമ്മൾ!
പിരിഞ്ഞു പോയാൽ പിന്നെ കണ്ടു മുട്ടുകയില്ലെ-
ന്നറിയാം നമുക്കെല്ലാം പിന്നൊരു ജന്മത്തിലും!

വർത്തിയ്ക്കാം നമുക്കെല്ലാ മീ ഹ്രസ്വ ജീവിതത്തിൽ
മർത്ത്യരായ് മറ്റുള്ളോർക്കു മാതൃകയാവും വിധം!
ധർമ്മത്തിൽ മനസ്സൂന്നി ജീവിക്കാൻ നിരന്തരം
കർമ്മത്തിൻ, ആത്മീയത്തിൻ പാതയിൽ ചരിക്കാം നാം!

നമസ്തേ, അഖിലർക്കും സകലാദരങ്ങൾക്കും
നമസ്‍തേ, നിസ്സീമമാം നന്ദിയും കടപ്പാടും!
കാലത്തിൻ പ്രവാഹത്തിൽ കണ്ടു മുട്ടീ നാം വെറും
കാഷ്‌ഠങ്ങൾ പിരിയും പോൽ, പിരിയുമെന്നെങ്കിലും!

----------------------- (ലോകത്തിൽ നാം ജനനം മുതൽ മരണം വരെ എത്രയോ പേരോട് ഒന്നല്ലേൽ മറ്റൊരു വിധത്തിൽ കടപ്പെട്ടവരാണ്. അവരോടെല്ലാം നന്ദി പറയുക മാത്രമാണ് ഈ കവിതയുടെ ലക്ഷ്യം).Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code