Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിനിമാ സംവിധായകന്‍ വിനയന് സാൻഫ്രാൻസിസ്ക്കോ സർഗ്ഗവേദിയുടെ സ്വീകരണം  

Picture

സാൻ ഫ്രാൻസിസ്കോ: ഹ്രസ്വസന്ദർശനത്തിനായി കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ എത്തിയ  സിനിമ ഡയറക്ടർ വിനയന്  സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ   സ്വീകരണം നൽകി. മലയാള സിനിമയ്ക്ക് വിനയൻ നൽകിയ മഹത്തായ സംഭാവനകളെയാണ്  ഇതു വഴി അമേരിക്കൻ മലയാളികൾ ആദരിച്ചത്. വിനയൻ എന്ന ഡയറക്ടറേയും മലയാളസിനിമയ്ക്ക് അദ്ദേഹം നൽകിയ 40  ൽ പരം ചിത്രങ്ങളെയും തങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്ന് കാണിക്കുന്നതായിരുന്നു അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിനെത്തിയ മലയാളിസമൂഹത്തിന്റെ സാന്നിദ്ധ്യം.

നവംബർ 27 നു മിൽപിറ്റാസിലെ റെഡ് ചില്ലീസ് റെസ്റ്റോറന്റിൽ വച്ചായിരുന്നു  സ്വീകരണച്ചടങ്ങുകൾ. ബേ ഏരിയയിലെ ധാരാളം മലയാളികളും കലാകാരന്മാരും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ഈ ചടങ്ങിൽ പങ്കെടുത്തു. 

സർഗ്ഗവേദി പ്രസിഡന്റ് ജോൺ കൊടിയൻ സ്വാഗതം ആശംസിച്ചു. അമേരിക്കയിൽ എത്തുന്ന മലയാളി സാഹിത്യകാരന്മാരേയും കലാകാരന്മാരേയും ആദരിക്കുക, ഇവിടെയുള്ള മലയാളി സമൂഹത്തിന് അവരെ ശ്രവിക്കുവാനും അവരുമായി പരിചയപ്പെടുവാനും ആശയവിനിമയത്തിനും വേദിയൊരുക്കുക എന്നിവ സർഗ്ഗവേദിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണെന്നും 40 ൽ പരം മലയാള ചലച്ചിത്രങ്ങളുടെ ശില്പിയായ വിനയനെ ആദരിക്കുവാൻ അവസരം ലഭിച്ചത് ഇവിടെയുള്ള മലയാളികളുടെ ഭാഗ്യമാണെന്നും അദ്ദേഹം സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

സർഗ്ഗവേദി എക്സിക്യൂട്ടീവ് അംഗമായ   രാജിമേനോൻ എം. സി. ആയി യോഗത്തെ നിയന്ത്രിച്ചു.  വിനയൻ തന്റെ നാടകമേഖലയിലെയും സിനിമാജീവിതത്തിലെയും രസകരവും തീഷ്ണവുമായ അനുഭവങ്ങൾ യോഗത്തിൽ പങ്കുവച്ചു. അദ്ദേഹം തന്റെ ഓരോ സിനിമയും എങ്ങിനെയാണ്  പിറവിയെടുത്തതെന്നും അതിന്റെ പിന്നിലെ കാരണങ്ങളും സിനിമാജീവിതത്തിലെ പ്രതിസന്ധികളും അപ്രതീക്ഷിതമായ വിജയങ്ങളും സിനിമയ്ക്ക് വേണ്ടി താൻ തിരഞ്ഞെടുത്ത അസ്വാഭാവികമായ ആശയങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിച്ചു. 

പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിട്ടതാണ് തന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്നും ഓരോരുത്തരുടേയും ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതേ രീതിയിൽ നേരിട്ടാൽ എല്ലാവർക്കും വിജയിക്കുവാനാകുമെന്നും ഓർമ്മിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത മലയാളികളുടെ ചോദ്യങ്ങൾക്കും വിനയന്റെ സിനിമയെപ്പറ്റിയുള്ള സംശയങ്ങൾക്കും അദ്ദേഹം നൽകിയ ഉത്തരങ്ങളും വിശദീകരണങ്ങളും മലയാളസിനിമയേയും കലയേയും സ്നേഹിക്കുന്ന എല്ലാവരിലും മതിപ്പുളവാക്കി.

തുടർന്ന്, സർഗ്ഗവേദി വിനയനെ മലയാളസിനിമയ്ക്ക് നൽകിയ സംഭാവനകളുടെ പേരിൽ അവാർഡ് നൽകി ആദരിച്ചു. പ്രസിഡന്റ് ജോൺ കൊടിയൻ, സെക്രട്ടറി ടോം ആന്റണി, ട്രഷറർ വിനോദ് മേനോൻ, എക്സിക്യൂട്ടീവ് അംഗം രാജി മേനോൻ എന്നിവർ ഒരുമിച്ചാണ്  വിനയന്  അവാർഡ് നൽകിയത്.   

ഏവരുടെയും  ആദരങ്ങൾ ഏറ്റു വാങ്ങിയശേഷം സർഗ്ഗവേദി അംഗവും നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ "ഏകാന്തതയുടെ നിമിഷങ്ങൾ" എന്ന ഏറ്റവും പുതിയ നോവൽ ഡയറക്ടർ വിനയൻ പ്രകാശനം ചെയ്തു.   രാജി മേനോന്  പുസ്തകം കൈമാറിക്കൊണ്ടാണ്    നോവൽ വിനയൻ  പ്രകാശനം ചെയ്തത്. മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ ഈ പുതിയ നോവൽ പതിവ് നായികാസങ്കല്പങ്ങളിൽ നിന്ന് വ്യത്യസ്തയായ ഒരു പെൺകുട്ടിയുടെ കഥയാണു പറയുന്നത്.

യോഗത്തിനെത്തിയ മറ്റ് മലയാളി സംഘടനകളും അദ്ദേഹത്തിന്റെ സംഭാവനകളെ പ്രശംസിക്കുകയും അവരുടേതായ രീതിയിൽ ആദരിക്കുകയും ചെയ്തു. മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ   കാലിഫോർണിയ (MANCA) യ്ക്ക് വേണ്ടി പ്രസിഡന്റ് റെനി പൗലോസും ബോർഡ് അംഗങ്ങളും, ബേ മലയാളിയ്ക്ക് വേണ്ടി വൈസ് പ്രസിഡന്റ് ജോൺ കൊടിയനും സജൻ മൂലെപ്ലാക്കലും, ലയൺസ് ക്ലബിനു വേണ്ടി ജയിംസ് വർഗ്ഗീസും, മ്യൂസിക് ഇന്ത്യ ഫൗണ്ടേഷനു വേണ്ടി (MIF) രവിശങ്കറും, മലയാളി അസ്സോസിയേഷൻ ഓഫ് മൗണ്ടൻ ഹൗസ് (MOHAM) നു വേണ്ടി പ്രസിഡന്റ് ഗോപകുമാർ പിള്ളയും  വിജി ഗോപനും ഡയറക്ടർ വിനയനെ ആദരിച്ചു.

സർഗ്ഗവേദി സെക്രട്ടറി ടോം ആന്റണി ഡയറക്ടർ വിനയനും യോഗത്തിൽ പങ്കെടുത്തവർക്കും നന്ദി പ്രകാശിപ്പിച്ചു. ബേ ഏരിയയിലെ മലയാളിസമൂഹത്തിന് വിനയനെ അടുത്ത് പരിചയപ്പെടുവാനും മനസ്സ് തുറന്ന് സംസാരിക്കുവാനും ഒരുമിച്ച് ഫോട്ടോ എടുക്കുവാനും അവസരമൊരുക്കിയതിൽ സർഗ്ഗവേദിക്ക്  അഭിമാനിക്കാം.

Picture2

Picture3Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code