Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നന്ദി ചൊല്ലിത്തീര്‍ക്കുവാന്‍....(ചരിത്രകഥ: രാജു മൈലപ്രാ)

Picture

വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കക്കാരുടെ ഓണമാണ് 'താങ്ക്‌സ് ഗിവിംഗഗ്. മലയാളിയുടെ മഹാബലിയാണ് സായിപ്പിന്റെ സാന്റാക്ലോസ്.

കുറച്ചു ബ്രിട്ടീഷുകാര്‍ 'മേഫ്‌ളവര്‍' എന്ന പാക്കപ്പലില്‍ കയറി അമേരിക്കയുടെ ഒരു തീരത്ത് ലാന്‍ഡ് ചെയ്തു. പട്ടിണി പാവങ്ങളായ അവരെ ഇവിടെ നേരത്തെ തന്നെ തമ്പടിച്ചിരുന്ന ഇന്ത്യക്കാര്‍, കൃഷി ചെയ്യുവാനും, കന്നുകാലികളെ വളര്‍ത്താനും പരിശീലിപ്പിച്ചു. ചോളം, മധുരക്കിഴങ്ങ് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കൂട്ടത്തില്‍ ടര്‍ക്കി കോഴികളേയും- സമൃദ്ധമായ വിളവ് ലഭിച്ച ബ്രിട്ടീഷ് അഭയാര്‍ത്ഥികള്‍, നന്ദി സൂചകമായി തങ്ങളുടെ കൃഷി ആശാന്മാരായ ഇന്ത്യക്കാരായ ഇന്ത്യക്കാര്‍ക്ക് ഒരു വിരുന്ന് നല്‍കി- പുഴുങ്ങിയ ടര്‍ക്കി (അന്ന് ഓവന്‍ കണ്ടുപിടിച്ചിരുന്നില്ല), മധുരക്കിഴങ്ങ്, ബീന്‍സ് പുഴുങ്ങിയത്- തുടങ്ങിയ വിഭവങ്ങള്‍- ഇത് ശരിയായി ദഹിക്കുവാന്‍ വേണ്ടി, ഡിന്നറിനു മുമ്പും പിന്‍പും 'വൈല്‍ഡി ടര്‍ക്കി' എന്ന മദ്യവും വിളമ്പുന്ന പതിവുണ്ടായിരുന്നു.

കാലം കുറച്ചു കഴിഞ്ഞതോടുകൂടി ടര്‍ക്കി കോഴികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. 'ഡിമാന്റിനേക്കാള്‍ കൂടുതല്‍ പ്രൊഡക്ഷന്‍' ഇതെങ്ങനെ വിറ്റഴിക്കാമെന്നു കാപ്പിലിസ്റ്റുകളായ സായിപ്പന്മാര്‍ തലപുകഞ്ഞ് ആലോചിച്ചു. അവരുടെ മണ്ടയില്‍ ഉദിച്ച ബുദ്ധിയാണ് താങ്ക്‌സ് ഗിവിംഗും, ടര്‍ക്കി ഡിന്നറും.

ആദ്യകാലങ്ങളില്‍ അമേരിക്കയിലെത്തിയ മലയാളികള്‍, ഇവിടുത്തെ പല ആചാരങ്ങളും വികലമായി അനുകരിച്ചു. തുടക്കത്തില്‍ മലയാളി പുരുഷന്മാര്‍ പലരും തുക്കടാ കമ്പനികളിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്ത് മുതലാളിമാര്‍, തൊഴിലാളികളായ പൂവര്‍ മലയാളികളെ സന്തോഷിപ്പിക്കാന്‍ ഫ്രോസന്‍ ടര്‍ക്കി സമ്മാനമായി കൊടുത്തിരുന്നു.

ഇതിനെ വെട്ടിയും, അറുത്തും, മുറിച്ചും ഇറച്ചിമസാലയിട്ട് കറിവെച്ചു നോക്കിയെങ്കിലും അത്ര ശരിയായില്ല. കൂടെ ജോലി ചെയ്യുന്നവരോട് ചോദിച്ച് മനസിലാക്കി, മലയാളി സ്ത്രീകള്‍ ടര്‍ക്കി ബേക്ക് ചെയ്യുന്ന വിധം ഒരുവിധം പഠിച്ചെടുത്തു. പക്ഷെ പലരും ടര്‍ക്കിയുടെ കുടലും പണ്ടവുമെല്ലാം അതിനകത്ത് വെച്ചുതന്നെയാണ് ബേക്ക് ചെയ്തത്. കുറെ പരീക്ഷണ പരാജയങ്ങള്‍ക്ക് ശേഷമാണ് ടര്‍ക്കിയുടെ പിന്‍വാതിലില്‍ കൂടി സ്റ്റഫിംഗ് നിറച്ചു ബേക്ക് ചെയ്യുവാന്‍ തുടങ്ങിയത്.

അന്നു താങ്ക്‌സ് ഗിവിംഗിനു കൂട്ടുകാര്‍ അപ്പാര്‍ട്ടുമെന്റുകളില്‍ ഒരുമിച്ച് കൂടുമായിരുന്നു. ഡിന്നറിനു മുമ്പ് ഡ്രിംഗ്‌സ് ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അന്നു മലയാളികളുടെ പ്രീമിയം ബ്രാന്‍ഡ് 'ജോണിവാക്കര്‍ റെഡ് ലേബലാ'യിരുന്നു. ഒരു പൈന്റുണ്ടെങ്കില്‍ നാലഞ്ചു പേര്‍ക്ക് പൂസാകുവാന്‍ അത് ധാരാളം.

കുപ്പി പൊട്ടിക്കുന്നതിനു മുമ്പുതന്നെ അന്നും 'മതി കുടിച്ചത്, ഡ്രൈവ് ചെയ്യാനുള്ളതാ' എന്നു പറഞ്ഞ് ഭാര്യമാര്‍, ഭര്‍ത്താക്കന്മാരെ കണ്ണുരുട്ടി കാണിക്കുമായിരുന്നു. ഇക്കാര്യത്തില്‍ നമ്മുടെ സ്ത്രീകള്‍ കുറച്ചുകൂടി ലിബറല്‍ ആകേണ്ടതുണ്ട്. നവംബറിന്റെ നാലാമത്തെ വ്യാഴാഴ്ചയാണല്ലോ താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കുന്നത്. അതിന്റെ അടുത്ത ദിവസമാണ്, അമേരിക്കയില്‍ ഏറ്റവും അധികം വില്പന നടക്കുന്ന 'ബ്ലാക്ക് ഫ്രൈഡേ'.

അമേരിക്കയില്‍ എത്തിയകാലത്ത് ഈ ദിവസം 'കറുന്മാര്‍ക്ക്' മാത്രമുള്ള ഒരു ഷോപ്പിംഗ് ഡേയാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്- പിന്നീടാണ് ഏറ്റവും വലിയ ആദായവില്പന നടക്കുന്ന ദിവസമാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്നു ഞാന്‍ മനസിലാക്കിയത്. അതായത് നൂറു ഡോളറിന്റെ സാധനത്തിന് ഇരുനൂറ് ഡോളര്‍ വിലയിട്ടിട്ട്, നൂറ്റിയമ്പത് ഡോളറിന്റെ ടെക്‌നിക്ക്- കടകള്‍ തുറക്കുന്നതിനു മുമ്പുതന്നെ വലിയ ക്യൂ ആണ്. കടയുടെ ഷട്ടറു തുറന്നാലുടന്‍ അകത്തേക്കൊരു പാച്ചിലാണ് -കൈയില്‍ കിട്ടുന്നതെല്ലാം വലിച്ചുവാരിയെടുക്കും.

അടുത്ത ദിവസം അതിലും വലിയ ക്യൂ- ഈ വാങ്ങിവച്ചതെല്ലാം, തിരിച്ചുകൊടുക്കാനുള്ള തിരക്ക്. 'മേസിസ് താങ്ക്‌സ് ഗിവിംഗ് ഡേ പേരേഡ്' വലിയൊരു സംഭവമാണ്- പരേഡിന് അവസാനമാണ് സാന്റാക്ലോസിന്റെ എഴുന്നള്ളത്ത്.

സമാധാനത്തിന്റേയും സന്തോഷത്തിന്റേയും മണികിലുക്കവുമായി ക്രിസ്മസ് പടിവാതില്‍ക്കലെത്തിയിരിക്കുന്നു എന്ന വിളംബരവുമായി -

ചരിത്രം എന്തായാലും നമ്മള്‍ക്ക് കിട്ടിയ സൗഭാഗ്യങ്ങള്‍ക്ക് നന്ദി പറയുവാന്‍ വേണ്ടി ഒരു ദിവസം മാറ്റിവച്ചിരിക്കുന്നത് നല്ല കാര്യം. എല്ലാവര്‍ക്കും താങ്ക്‌സ് ഗിവിംഗ് മംഗളങ്ങള്‍...!Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code