Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുതിയ നിയമനിര്‍മ്മാണങ്ങള്‍ക്കു പിന്നില്‍ അണിയറയിലൊരുങ്ങുന്ന സ്വതന്ത്ര വ്യാപാരക്കരാറുകള്‍: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Picture

കൊച്ചി: മൂന്നു കര്‍ഷകവിരുദ്ധ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്നും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് വിവിധ നിയമനിര്‍മ്മാണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന്റെ പിന്നില്‍ അണിയറയിലൊരുങ്ങുന്ന സ്വതന്ത്രവ്യാപാരക്കരാറുകളാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

രാജ്യാന്തര സ്വതന്ത്ര വ്യാപാരവിപണിയായി ഇന്ത്യയെ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണ് റബര്‍, തേയില, കാപ്പി തുടങ്ങി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ റദ്ദ്‌ചെയ്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ബില്ല് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. പുതിയ നിയമങ്ങളിലും ഭേദഗതികളിലും കര്‍ഷകസംരക്ഷണം ഉറപ്പാക്കുന്നില്ലെന്നു മാത്രമല്ല നിയന്ത്രണമില്ലാതെ നികുതിരഹിത കാര്‍ഷികോല്പന്നങ്ങളും പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കളും, ക്ഷീരോല്പന്നങ്ങളും ഇന്ത്യയിലേയ്ക്ക് എത്തിച്ചേരും. ഇത് വ്യവസായ വാണിജ്യമേഖലയ്ക്ക് ഉണര്‍വ്വേകുമെങ്കിലും തകര്‍ന്നടിയുന്നത് ഇന്ത്യയിലെ ചെറുകിട ഗ്രാമീണ കര്‍ഷകരും കാര്‍ഷിക സമ്പദ്ഘടനയുമായിരിക്കും.

2019 നവംബറില്‍ ഇന്ത്യ ആര്‍സിഇപി സ്വതന്ത്രവ്യാപാരക്കരാറില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും പിന്നീട് തുടര്‍ന്ന അമേരിക്ക, റഷ്യ, യു.കെ., ആസ്‌ത്രേലിയ, യു.എ.ഇ. എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര ചര്‍ച്ചകളുടെ അവസാനഘട്ടത്തിലാണിപ്പോള്‍. ലോകസാമ്പത്തിക ഫോറത്തിലും ഇതിന്റെ സൂചനകള്‍ കേന്ദ്രസര്‍ക്കാര്‍ പങ്കുവെയ്ക്കുകയുണ്ടായി.

നിയന്ത്രണങ്ങളും ഇറക്കുമതിച്ചുങ്കവുമില്ലാത്ത സ്വതന്ത്രവ്യാപാര വിപണി ഇന്ത്യയുടെ ഗ്രാമീണ കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നുറപ്പാണ്. ഇന്ത്യ ഏര്‍പ്പെട്ട ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അനിയന്ത്രിത നികുതിരഹിത ഇറക്കുമതിയും ആഭ്യന്തര കാര്‍ഷികോല്പന്ന വിലത്തകര്‍ച്ചയുടെ പ്രതിസന്ധികളും രാജ്യത്തെ കര്‍ഷകരിന്ന് നേരിട്ട് അനുഭവിക്കുന്നു. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനതയും ആശ്രയിക്കുന്ന കാര്‍ഷികമേഖലയെ അവഗണിച്ച് സ്വതന്ത്രവ്യാപാരത്തിലൂടെ ആഗോളകുത്തകകള്‍ രാജ്യത്ത് വിപണികള്‍ രൂപപ്പെടുത്തുന്നത് വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും കര്‍ഷകസംഘടനകളും ഇതിനെതിരെ രംഗത്തുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ദേശീയ സെക്രട്ടറി ജനറല്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code