Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗോഡി മീഡിയ: അമേരിക്കയിലെ ഇന്ത്യന്‍ പത്രക്കാര്‍ സ്തുതിപാഠകരാകുന്നുവോ? (ജോര്‍ജ് എബ്രഹാം)

Picture

പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തപ്പോൾ, ഇന്ത്യൻ- അമേരിക്കക്കാർ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച സംഭവം എന്തുകൊണ്ടാണ് വാർത്തയായി നൽകാതിരുന്നതെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമത്തിന്റെ പ്രസാധകനുമായി അടുത്തിടെ സംസാരിക്കുന്നതിനിടയിൽ ഞാൻ അന്വേഷിച്ചിരുന്നു.'ആ പ്രകടനം ദേശ വിരുദ്ധമായിരുന്നില്ലേ' എന്ന ചോദ്യമാണ് മറുപടിയായി വന്നത് ! മോഡിയുടെ നയങ്ങളോട് പ്രതിഷേധിക്കുന്നത് ഒരിക്കലും 'ഇന്ത്യാ വിരുദ്ധ നിലപാട്' ആകുന്നില്ലെന്ന് ഞാൻ പ്രതികരിച്ചു. ഇന്ത്യൻ മാധ്യമങ്ങളെല്ലാം മിഥ്യാധാരണയുടെ അത്തരമൊരു ലോകത്ത് അകപ്പെട്ടിരിക്കുന്നു എന്നതാണ് ദുഃഖകരമായ യാഥാർഥ്യം.

2019ലെ ഇലക്ഷന് മുന്നോടിയായി ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പ് സംവാദത്തിന് OFBJP നേതാക്കൾ മുന്നോട്ട് വച്ച കുപ്രചരണങ്ങൾക്ക് വിരുദ്ധമായ കാഴ്ചപ്പാട് അവതരിപ്പിക്കാൻ എന്നെ ക്ഷണിച്ചതിന് മാനേജ്മെന്റ് അദ്ദേഹത്തെ ശാസിച്ചതായി ദൃശ്യമാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വം എന്നോട് പറഞ്ഞു. പണക്കൊഴുപ്പുകൊണ്ട് ഇന്ത്യൻ മാധ്യമ വ്യവസായത്തിന്റെ നിയന്ത്രണം കയ്യാളിയ ശക്തികൾ, ഏത് വിഷയത്തിലും അവരുടെ താല്പര്യങ്ങൾക്ക് വിധേയപ്പെട്ടുള്ള വാർത്ത നല്കുന്നതല്ലാതെ വസ്തുനിഷ്ഠമായ റിപ്പോർട്ട് അവതരിപ്പിക്കാൻ അനുവദിക്കുന്നില്ല. മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് കൃത്യമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ശക്തികളുടെ നീക്കം. യുഎസിലെ പ്രവാസികളെ സ്വാധീനിക്കുന്നതിനുള്ള പ്രത്യേക അജണ്ടയും അവർക്കുണ്ടെന്ന് തോന്നുന്നു.

ഇന്ത്യയെ സംബന്ധിച്ച അവരുടെ അജണ്ട അമേരിക്കയുടെ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും എതിരാണ്. മാത്രമല്ല, തങ്ങളുടെ ഇന്ത്യൻ പൗരത്വം ത്യജിക്കുമ്പോൾ എടുത്ത പ്രതിജ്ഞകൾക്ക് വിരുദ്ധവുമാണ്. ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തിലാണ് അവയെ 'ഫോർത്ത് എസ്റ്റേറ്റ്'എന്ന് വിശേഷിപ്പിക്കുന്നതുതന്നെ. സർക്കാർ നിയന്ത്രണത്തിൽ നിന്നോ മേൽനോട്ടത്തിൽ നിന്നോ മാധ്യമങ്ങളെ 'വിമുക്തമാക്കുന്നു' എന്നതാണ് അമേരിക്കൻ ഭരണഘടനയുടെ ആദ്യ ഭേദഗതിയിൽ പറയുന്നത്. ആ മാധ്യമസ്വാതന്ത്ര്യം, ജനങ്ങളുടെ താൽപ്പര്യങ്ങളുടെ സംരക്ഷകർ എന്ന നിലയിൽ വലിയ ഉത്തരവാദിത്തം വഹിക്കുന്നുണ്ട്. യുഎസിലായാലും ഇന്ത്യയിലായാലും, ജനജീവിതത്തെ ആശങ്കയിലാക്കുന്ന വിഷയങ്ങൾ ഒരേ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് ഇന്ത്യൻ മാധ്യമങ്ങളുടെ കടമയാണ്.

'ഗോഡി മീഡിയ' എന്നത് എൻഡിടിവിയിലെ മാധ്യമപ്രവർത്തകനായ രവീഷ് കുമാർ ആവിഷ്കരിച്ച പദമാണ്. "ലാപ്‌ഡോഗുകൾ" എന്നാണ് അദ്ദേഹം ഈ വാക്കിന് നൽകിയ അർഥം- "യജമാനന്റെ മടിയിൽ ഇരുന്ന് ഉറക്കെ കുരയ്ക്കുന്നതല്ലാതെ കടിക്കില്ല"!

രാഷ്ട്രത്തിന്റെ നിസ്വാർത്ഥ രക്ഷകനായി മോഡിയെ ചിത്രീകരിക്കുകയും അദ്ദേഹത്തിന് ആരാധനാപരിവേഷം ചാർത്തിക്കൊടുക്കാൻ മാധ്യമങ്ങളെ കൗശലപൂർവ്വം വളർത്തിയെടുക്കുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമ വിവരണത്തെ നിയന്ത്രിക്കുന്നതിലും, സർക്കാർ പരസ്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിലും, അതിരുകടക്കാത്ത ഔട്ട്‌ലെറ്റുകൾക്കുപോലും അകാരണമായി നികുതി അന്വേഷണത്തിന് ഉത്തരവിടുന്നതിലും തുടങ്ങി എല്ലാ കാര്യത്തിലും സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി തോന്നുന്നു. മാധ്യമങ്ങളുടെ ഉടമസ്ഥത കോർപ്പറേറ്റുകളുടെ കയ്യിലായതിനാൽ, ഈ അധികാര കേന്ദ്രങ്ങൾക്ക് അവർ വിയോജിക്കുന്ന എഡിറ്റർമാരെയും പത്രപ്രവർത്തകരെയും നീക്കം ചെയ്യാൻ അനായാസം സാധിക്കുന്നു. സെൻസർഷിപ്പുകളും തെറ്റായ വിവരങ്ങളും സംബന്ധിച്ചുള്ള ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ, ഇന്ത്യ ഇപ്പോൾ 142-ാം സ്ഥാനത്താണ്; വാർത്തകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ നിലവിലെ ഭരണകൂടം വിജയിച്ചു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ലഭ്യമായ പല സ്രോതസ്സുകളും ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് അവസരമുണ്ടെങ്കില്‍ കൂടി, സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ തന്നെയാണ്.

സമുദായ നേതാക്കള്‍ അവര്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രചാരണത്തിനും വിവിധ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനും എല്ലാം ഇവയെ ആശ്രയിക്കുന്നു. ഏറ്റവും പുതിയ യുഎസ് സെന്‍സസ് അനുസരിച്ച്, 5 പതിറ്റാണ്ടെന്ന ചുരുങ്ങിയ കാലയളവില്‍ അമേരിക്കന്‍ തീരത്ത് എത്തിച്ചേര്‍ന്നവരില്‍ 5 മില്യണ്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു.

മതത്തെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍, യുഎസില്‍ സ്ഥിരതാമസമാക്കിയ ഈ ഇന്ത്യക്കാരില്‍ 50 ശതമാനം ഹിന്ദുക്കളും 50 ശതമാനം മറ്റുമതസ്ഥരുമാണ് (അഹിന്ദുക്കള്‍).യു എസിലെ ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും ജനാധിപത്യത്തെയും വിവിധ മതവിശ്വാസത്തെയും അംഗീകരിക്കുന്നവരും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനോട് എതിര്‍പ്പുള്ളവരുമാണ്. അങ്ങനെയെങ്കില്‍, ഹിന്ദുത്വ അനുകൂല മാധ്യമത്തിലൂടെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആശയങ്ങളേക്കാള്‍ വി.ഡി. സവര്‍ക്കറിന്റേത് പ്രചരിപ്പിക്കുന്ന അവസ്ഥയിലേക്ക് നമ്മളെങ്ങനെ എത്തി?

ന്യായവും നീതിയും തുല്യമായ അവസരവും തേടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരുടെ ഏറ്റവും വലിയ കൂട്ടമായിരുന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യന്‍ പ്രവാസിസമൂഹം, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സാഹോദര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തി സംരക്ഷക കവചം അണിയാത്തത് എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. നമ്മള്‍ താമസിക്കുന്നത് എവിടെയായാലും മതസ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കുന്നവരും, നമ്മുടെ സംസ്‌കാരവും ഭക്ഷണരീതിയുമെല്ലാം പ്രചരിപ്പിക്കാന്‍ അവസരം കിട്ടുമ്പോള്‍ അത് പ്രയോജനപ്പെടുത്തുന്നവരുമാണ്.

അടുത്തിടെ, ജനപ്രതിനിധിസഭയിലെ (ഹൗസിലെ) ഏതാനും പ്രമുഖ കോണ്‍ഗ്രസ് അംഗങ്ങള്‍, ദീപാവലി ഫെഡറല്‍ അവധി ദിനമാക്കാനുള്ള പ്രമേയം സമര്‍പ്പിച്ചത് ഇന്ത്യക്കാരായ നമുക്ക് സന്തോഷം തരുന്നു. മറുവശത്ത്, നമ്മുടെ മാതൃരാജ്യത്തെ അവസ്ഥ എന്താണ്? ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ ക്രൈസ്തവ ചരിത്രമുള്ള ഇന്ത്യയില്‍, പ്രധാനമന്ത്രി മോഡി 'ദുഃഖ വെള്ളി 'യെ ഡിജിറ്റല്‍ ദിനമാക്കി മാറ്റിയിട്ടും 'ക്രിസ്മസ് ' പ്രവൃത്തിദിനമാക്കിയിട്ടും, ഇന്ത്യന്‍ പ്രാവാസിസമൂഹവും മാധ്യമങ്ങളും കാതടപ്പിക്കുന്ന നിശബ്ദത പാലിക്കുകയായിരുന്നു.

ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ചുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ചിലരുടെ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി, ധീരരായ പത്രാധിപന്മാരുള്ള ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമേ കണ്ടുള്ളു എന്നതും ഒരു ഉദാഹരണമാണ്. ഇന്ത്യക്കാര്‍ക്കെതിരെ മതചിഹ്നത്തോടുള്ള അനാദരവ് പ്രകടിപ്പിച്ചാലോ വാക്കാല്‍ ആക്രമിച്ചാലോ, ചെറിയൊരു പ്രകോപനത്തിനു പോലും മുദ്രാവാക്യം മുഴക്കുന്ന ചില മാധ്യമങ്ങള്‍, ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും നേരെ കണ്ണടയ്ക്കും.

ഈ ഇരട്ടത്താപ്പ്, യഥാര്‍ത്ഥ കുറ്റക്കാരെ സംരക്ഷിക്കുക മാത്രമല്ല, ഇന്ത്യ-അമേരിക്ക എന്നീ രണ്ട് ജനാധിപത്യ രാജ്യങ്ങളും പങ്കിടുന്ന മൂല്യ സങ്കല്‍പ്പത്തെ തകര്‍ക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ സര്‍ക്കാര്‍ നയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ നീണ്ട ചരിത്രമുണ്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക്. അത്, തങ്ങളുടെ നാടിനോടും നാട്ടുകാരോടുമുള്ള പ്രതിബദ്ധതയായാണ് അവര്‍ കാണുന്നത്.

മൂലധനത്തിന്റെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍ പിന്നിലായിരുന്ന രാജ്യത്തേക്ക് വിദ്യാഭ്യാസ പ്രബുദ്ധതയും ശാസ്ത്ര പുരോഗതിയും കൊണ്ടുവന്നത് പ്രവാസികളുടെ പങ്കാളിത്തമാണ്. പ്രവാസികള്‍ ഗവണ്‍മെന്റിനോട് ശക്തമായി വിയോജിച്ചിരുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഉദാഹരണത്തിന്, അടിയന്തരാവസ്ഥക്കാലത്ത് ശ്രീമതി ഇന്ദിരാഗാന്ധിയോട് ഇവിടുള്ള ഇന്ത്യക്കാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രകീര്‍ത്തിക്കാനും പ്രശംസിക്കാനും മാത്രം വാതുറക്കുകയും വിമര്‍ശിക്കേണ്ട സാഹചര്യങ്ങളില്‍ വായടക്കുകയും ചെയ്യുന്നതാണ് ഡയസ്പോറയുടെ നിലപാടെങ്കില്‍, ആ കൂട്ടായ്മ ഈ കാലഘട്ടത്തില്‍ അപ്രസക്തമായി തീരും.

ഈയിടെ ഷിക്കാഗോയില്‍ നടന്ന മാധ്യമപ്രവര്‍ത്തക കോണ്‍ഫറന്‍സില്‍, ഇന്ത്യയില്‍ നിന്നെത്തിയ പത്രപ്രവര്‍ത്തകരില്‍ ഏറെയും മോഡി സര്‍ക്കാരിന്റെ വിവിധ നയങ്ങളുടെ വിവരണം പൊതുജനങ്ങളിലേക്ക് എത്താതിരിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് തങ്ങള്‍ക്കുള്ള അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തോട് സഹിഷ്ണുതയില്ലാത്ത ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ അന്ധമായി പിന്തുടര്‍ന്നുകൊണ്ട് യുഎസിലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ വസ്തുനിഷ്ഠമായി വാര്‍ത്ത അവതരിപ്പിക്കുന്നതിലും അടിസ്ഥാന പത്രപ്രവര്‍ത്തന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന വിഷയത്തിലാണ് സത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

പ്രധാനമന്ത്രി മോഡിയുടെ സമീപകാല യുഎസ് സന്ദര്‍ശനത്തിന്റെ കാര്യം പരിശോധിച്ചാല്‍, യുഎസ്-ഇന്ത്യ ബന്ധത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും യാഥാര്‍ത്ഥചിത്രം വ്യക്തമാകും. വാഷിംഗ്ടണില്‍ മോഡിക്ക് ഊഷ്മളമായ സ്വീകരണം നല്‍കിയില്ലെന്ന് മാത്രമല്ല , അദ്ദേഹത്തെ സ്വീകരിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റിലെ മുതിര്‍ന്ന അംഗങ്ങള്‍ ആരും തന്നെ എത്തിയിരുന്നുമില്ല.

അമേരിക്കയില്‍ കാലുകുത്തുമ്പോള്‍ മോഡിയെ വരവേല്‍ക്കാന്‍ ആചാരപരമായ പരവതാനി വിരിച്ചതുമില്ല. സ്‌കൂളിലെ വഴക്കാളിക്കുട്ടിയെ ശകാരിക്കുന്ന അധ്യാപികയുടെ മട്ടിലാണ് ആദ്യ ഏഷ്യന്‍ - ഇന്ത്യന്‍ വൈസ് പ്രസിഡന്റായ കമല ഹാരിസ്, ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തിനുമുന്നില്‍ പ്രഭാഷണം നടത്തിയത്. തുടര്‍ന്ന്, പ്രസിഡന്റ് ജോ ബൈഡനെ കാണുമ്പോഴും ഓവല്‍ ഓഫീസിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴും സ്വീകരിക്കുന്നതിനോ അകമ്പടി നല്‍കുന്നതിനോ യു എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല.

ഈ വൈരുദ്ധ്യം പൂര്‍ണമായി മനസ്സിലാകണമെങ്കില്‍ മുന്‍കാലങ്ങളിലെ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച സ്വീകരണം എപ്രകാരമായിരുന്നു എന്ന് ചരിത്രത്തിന്റെ താളുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കേണ്ടതുണ്ട്. നിജസ്ഥിതി ഇങ്ങനൊക്കെയാണെങ്കിലും, ഇന്ത്യന്‍ മാധ്യമങ്ങള്‍ വായിക്കുന്ന വ്യക്തിക്കുമുന്നില്‍ തെളിയുന്ന ദൃശ്യം മറ്റൊന്നാണ്. യു എസ് സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാത്തുനിന്ന ജനസാഗരത്തെ സാക്ഷിയാക്കി അദ്ദേഹത്തിന് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒരുക്കിയ ഉജ്ജ്വലമായ സ്വീകരണത്തെക്കുറിച്ചുള്ള വര്‍ണ്ണനകളാണ് പത്രത്താളുകളില്‍ നിറഞ്ഞത്.

വാര്‍ത്തകള്‍ക്കും വിശകലനത്തിനുമായി കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള ചാനലാണ് ഏഷ്യാനെറ്റ്. എങ്കിലും, അമേരിക്കയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അവര്‍ സ്വീകരിക്കുന്ന ശൈലി ഏതോ ചില ശക്തികളോട് വിധേയപ്പെട്ട നിലയ്ക്കാണ്. ബഹുസ്വരതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന യുഎസിലെ ഒട്ടുമിക്ക കേരളീയരുടെയും വികാരം, അവരുടെ വാര്‍ത്താ അവതരണത്തില്‍ അപൂര്‍വ്വമായേ പ്രതിഫലിക്കുന്നുള്ളു. മോഡി ഭരണകൂടത്തിന്റെ പിന്തിരിപ്പന്‍ നയങ്ങളെക്കുറിച്ചും അത് ഇന്ത്യന്‍ ജനതയുടെ ജീവിതത്തിലുണ്ടാക്കുന്ന യഥാര്‍ത്ഥ ആഘാതങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും മറച്ചുപിടിക്കാനുള്ള മനഃപൂര്‍വമായ ശ്രമവും പ്രകടമാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ന്യായമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ അണിനിരന്ന നൂറുകണക്കിന് പ്രവാസികളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിനേക്കാള്‍ 'ഫീല്‍ ഗുഡ്' സംഭവങ്ങള്‍ നിറഞ്ഞ വീഡിയോ ക്ലിപ്പുകള്‍ സംപ്രേഷണം ചെയ്യാനാണ് അവര്‍ക്ക് ഉത്സാഹം!

അധികാരവര്‍ഗ്ഗത്തിനുമുന്‍പില്‍ മുട്ടുമടക്കാതെ ഇന്ത്യയിലെയും പ്രവാസസമൂഹത്തിലെയും സത്യാവസ്ഥ തുറന്നുകാണിക്കാന്‍ സത്യസന്ധമായ പത്രപ്രവര്‍ത്തനം അടിയന്തിരമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്. പൊതുജനങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും അവരിലേക്ക് അറിവ് എത്തിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് പത്രപ്രവര്‍ത്തനനത്തിന്റെ പ്രാഥമിക ധര്‍മ്മം.

ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കാതെ മാധ്യമങ്ങള്‍ ഉറച്ചു നിന്നില്ലെങ്കില്‍ , സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കാനും അധികാരകേന്ദ്രങ്ങളോട് അവകാശവാദങ്ങള്‍ ഉന്നയിക്കാനും സാധിക്കാതെ വരും. ജനവികാരങ്ങള്‍ തുറന്നുപറയാന്‍ തുറസ്സായ ഇടം സൃഷ്ടിക്കുന്നതിലും കമ്മ്യൂണിറ്റിക്കുള്ളിലെ തന്നെ വിഭജനവും വിദ്വേഷവും തടയാന്‍ സഹായിക്കുന്നതിലും , യുഎസിലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. അതില്‍ നിന്ന് ഒഴിവാക്കുന്നത്, പൊതുജനത്തോടുള്ള ധാര്‍മികമായ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുന്നതിന് തുല്യമായിരിക്കും.

(ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയറും യു.എന്‍. മുന്‍ ചീഫ് ടെക്നോളജി ഓഫീസറുമാണ് ജോര്‍ജ് എബ്രഹാം)Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code