Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് കര്‍ഷകന് നേട്ടമില്ല: വി.സി.സെബാസ്റ്റ്യന്‍

Picture

കോട്ടയം: വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് ചെറുകിട കര്‍ഷകന് യാതൊരു നേട്ടവുമില്ലെന്നും തുടര്‍ച്ചയായ മഴയും പ്രകൃതിക്ഷോഭങ്ങളും ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ റബര്‍ ടാപ്പിംഗ് പ്രതിസന്ധിയിലാക്കിയെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനവും, ഇലക്കേടും, പട്ടമരപ്പും, റബര്‍മരങ്ങളില്‍ വ്യാപകമായിരിക്കുന്ന മറ്റുരോഗങ്ങളും ഉത്പാദനം പുറകോട്ടടിച്ചു. മുന്‍കാലങ്ങളിലെ വിലത്തകര്‍ച്ചയില്‍ റബര്‍സംരക്ഷണം സാധാരണ കര്‍ഷകന് താങ്ങാനാവാതെ വന്നതും റബര്‍ കൃഷിയില്‍ നിന്ന് കര്‍ഷകര്‍ മറ്റുവിളകളിലേയ്ക്ക് മാറിയതും ഉത്പാദനം കുറയുവാന്‍ കാരണമായിട്ടുണ്ട്.

ആഗോളതലത്തില്‍ പ്രകൃതിദത്ത റബറിന്റെ ലഭ്യത കുറഞ്ഞതുമൂലം രാജ്യാന്തരവിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍ വ്യവസായികള്‍ക്ക് ഇറക്കുമതി ലാഭകരമല്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലൂണ്ടായ ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ ക്ഷാമവും ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന റബറുല്പാദക രാജ്യങ്ങള്‍ വിളമാറ്റകൃഷിയെ പ്രോത്സാഹിപ്പിച്ച് പ്രകൃതിദത്ത റബറുല്പാദനം കുറച്ചുകൊണ്ടുവന്നിരിക്കുന്നതും രാജ്യാന്തര ഉല്പാദന ഇടിവിന്റെ കാരണമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും ശേഷം വ്യവസായിക മേഖലയും ടയര്‍ വിപണിയും കൂടുതല്‍ സജീവമായിരിക്കുമ്പോള്‍ പ്രകൃതിദത്തറബറിന്റെ ഉപഭോഗവും ഇറക്കുമതിയും സ്വാഭാവികമായി കൂടും. അതേസമയം വന്‍കിട വ്യാപാരികളും സ്റ്റോക്കിസ്റ്റുകളും കൈവശംവച്ചിരിക്കുന്ന റബര്‍ശേഖരം വിപണിയിലിറക്കാത്തതും വില ഉയരുവാന്‍ ഇടയായിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായി ടാപ്പിംഗ് പുനരാരംഭിക്കുന്ന മുറയ്ക്ക് ഈ ശേഖരം വിറ്റഴിക്കപ്പെടുമ്പോള്‍ വിലയിടിവും സൃഷ്ടിക്കപ്പെടാം.

റബര്‍ബോര്‍ഡും കേന്ദ്രസര്‍ക്കാരും കേരളത്തെ അവഗണിച്ച് കോടികള്‍ ചെലവഴിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് റബര്‍കൃഷി വ്യാപിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങളും ഉല്പാദനവര്‍ദ്ധനവിന് നിലവില്‍ ഗുണം ചെയ്തിട്ടില്ല. പക്ഷെ ഈ പ്രദേശങ്ങളിലെ വന്‍തോതിലുള്ള റബര്‍കൃഷി വ്യാപനം ഭാവിയില്‍ ഉല്പാദനനേട്ടമാകാനിടയുണ്ട്. റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിപണിവിലയ്ക്ക് യാതൊരു അടിസ്ഥാനവും മാനദണ്ഡവുമില്ല. വിവിധ വിപണികളിലെ വിലകള്‍ ക്രോഡീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് റബര്‍ബോര്‍ഡ് മുന്‍കാലങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍തന്നെ വ്യവസായികളുടെ താല്പര്യസംരക്ഷണം മാത്രമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. റബര്‍ബോര്‍ഡ് വിലയ്ക്കല്ല മറിച്ച് വ്യാപാരിവിലയ്ക്കാണ് ചെറുകിട കര്‍ഷകര്‍ക്ക് റബര്‍ വില്ക്കാനാവുന്നത്. ഇത് റബര്‍ബോര്‍ഡ് വിലയേക്കാള്‍ ഏകദേശം 4-5 രൂപവരെ കുറവാണ്.

റബര്‍ബോര്‍ഡിന്റെ ഉല്പാദന, ഉപഭോഗ, ഇറക്കുമതി കണക്കുകളും പലപ്പോഴും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതും കൃത്യതയില്ലാത്തതുമാണെന്ന് കര്‍ഷകര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുത്തലുകള്‍ക്ക് ബോര്‍ഡ് ശ്രമിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുന്നു. ബോര്‍ഡും വ്യവസായികളും കാലങ്ങളായി പുറത്തുവിടുന്ന ഉല്പാദന, ഉപഭോഗ, ഇറക്കുമതി കണക്കുകളിലും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു.

ഏറ്റവും റബര്‍ ഉല്പാദനമുള്ള മാസങ്ങളിലെ ഉല്പാദനക്കുറവും വിദേശവിപണിയിലെ മാറ്റങ്ങളും ഇറക്കുമതിയിലെ പ്രതിസന്ധികളും മൂലം ഇപ്പോഴത്തെ റബര്‍ വിലവര്‍ദ്ധനവ് താല്ക്കാലിക ആശ്വാസം മാത്രമാണെന്നും വരും മാസങ്ങളില്‍ ഉല്പാദനക്കുറവ് ഉയര്‍ത്തിക്കാട്ടി ബ്ലോക്ക് റബറിന്റെയും ചണ്ടിപ്പാലിന്റെയും അനിയന്ത്രിത ഇറക്കുമതിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഈ നീക്കം വിപണിയില്‍ ഉയര്‍ത്താവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ഷകര്‍ ജാഗരൂഗരായിരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ദേശീയ സെക്രട്ടറി ജനറല്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code