Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രശസ്ത ചലച്ചിത്രഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

Picture

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ബിച്ചു തിരുമല (ബി.ശിവശങ്കരന്‍ നായര്‍, 80) അന്തരിച്ചു. തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ കഥാസന്ദര്‍ഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകള്‍ നടത്തുന്നതില്‍ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകന്‍ സുമന്‍ ശങ്കര്‍ ബിച്ചു(സംഗീത സംവിധായകന്‍).

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു 1981 ലും (തൃഷ്ണ, 'ശ്രുതിയില്‍നിന്നുയരും...', തേനും വയമ്പും 'ഒറ്റക്കമ്പി നാദം മാത്രം മൂളും...' ), 1991 ലും (കടിഞ്ഞൂല്‍ കല്യാണം- 'പുലരി വിരിയും മുമ്പേ...', 'മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...'). സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതിപി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.

1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതന്‍ കൂടിയായിരുന്ന മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി.

ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ.ചന്ദ്ര, ശ്യാമ, ദര്‍ശന്‍രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍.

1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. 'ശബരിമല ശ്രീധര്‍മശാസ്താവ്' എന്ന ചിത്രത്തില്‍ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയില്‍ എഴുതിയ കവിത 'ഭജഗോവിന്ദം' എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും 'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടന്‍ മധു സംവിധാനം ചെയ്ത 'അക്കല്‍ദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ശ്യാം സംഗീതം നല്‍കി ബ്രഹ്മാനന്ദന്‍ പാടിയ 'നീലാകാശവും മേഘങ്ങളും...' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകന്‍ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ ചെയ്തു. എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ 'യോദ്ധ'യിലെ വരികളെഴുതിയതും ബിച്ചുവാണ്. 'പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി...', 'കുനുകുനെ ചെറു കുറുനിരകള്‍...', 'മാമ്പൂവേ മഞ്ഞുതിരുന്നോ...' എന്നിങ്ങനെ 'യോദ്ധ'യിലെ മൂന്നു പാട്ടുകളും സൂപ്പര്‍ഹിറ്റായി.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code