Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

53 കുഞ്ഞുങ്ങള്‍ ഒരുമിച്ച് ആദ്യകുര്‍ബാന സ്വീകരിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ച് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക

Picture

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍തോമ്മാ ദേവാലയത്തില്‍ നവംബര്‍ 21 ന് ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ മദ്ധ്യേ ഇടവകാംഗങ്ങളായ 53 കുഞ്ഞുങ്ങള്‍ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പയില്‍ നിന്നും സഭയുടെ പൂര്‍ണ അംഗത്വത്തിലേക്കു പ്രവേശിയ്ക്കുന്നതിന്റെ ഭാഗമായി ആദ്യ കുര്‍ബാന സ്വീകരിച്ചു. ആദിയോടന്തം ഭക്തിനിര്‍ഭരമായി നടന്ന ശുശ്രൂഷയില്‍ ഇടവക വികാര്‍ ഇന്‍ ചാര്‍ജ് റവ. റോഷന്‍.വി.മാത്യൂസ്, റവ.ഉമ്മന്‍ ശാമുവേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

രാവിലെ 8.30 നു ആരംഭിച്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും മറ്റു ഇടവക ജനങ്ങളും ഉള്‍പ്പെടെ 600 ലധികം പേര് പങ്കെടുത്തു.

വി.ലൂക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായം 30, 31 വാക്യങ്ങളെ അധികരിച്ചു തിരുമേനി ധ്യാനപ്രസംഗം നടത്തി. ഗബ്രിയേല്‍ ദൂതന്റെ പ്രഖ്യാപനം ' മറിയയെ ഭയപ്പടേണ്ട, നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും , അവനു യേശു എന്ന് പേര്‍ വിളിക്കേണം' ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച ദൂതന്റെ അരുളപ്പാട് നിവൃത്തിയായി.

ലോക രക്ഷകന്റെ മാതാവാകാവാന്‍ ഭാഗ്യം ലഭിച്ച ഒരു സാധാരണ സ്ത്രീയായ മറിയ, എളിമയുടെ പ്രതീകമായ മറിയ നമുക്ക് ഒരു മാതൃകയാകാന്‍ കഴിയണം. യേശുവിന്റെ ജനനത്തില്‍ കൂടി ലോകത്തിന്റെ വീണ്ടെടുപ്പു സാധ്യമായി തീര്‍ന്നു. ലോകത്തിന്റെ വെളിച്ചമായി പിറന്ന യേശുക്രിസ്തുവിനെ ലോകത്തിനു ജീവന്‍ നല്‍കുന്ന അനുഭവമായി മാറ്റേണ്ടത് നമ്മിലൂടെയായിരിക്കണം എന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു.

ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തന പദ്ധതികളെ പറ്റി ശുശ്രൂഷാനന്തരം നടത്തിയ പ്രത്യേക യോഗത്തില്‍ വിവരിച്ചു. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്വാന്തനമേകുന്ന ലൈറ്റ് ടു ലൈഫ് പദ്ധതിക്കു വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് തിരുമേനി പറഞ്ഞു. ഈ വര്‍ഷം 3500 ല്‍ പരം കുട്ടികള്‍ക്ക് സ്വാന്തനമേകാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് 240 ഡോളര്‍ ചെലവ് വരുന്ന ഈ പ്രോഗ്രാമില്‍ ഏകദേശം 850,000 ഡോളര്‍ വര്ഷം തോറും ഉപയോഗിക്കുന്നു. അറ്റലാന്റയില്‍ ഭദ്രാസനം 5.9 മില്യണ്‍ മുടക്കി സ്വന്തമാക്കിയ 42 ഏക്കറിലുള്ള അറ്റ്‌ലാന്റ കാര്‍മേല്‍ മാത്തോമാ സെന്ററില്‍ ദൈവശാസ്ത്ര പഠന കോഴ്‌സുകള്‍ ഉടനെ ആരംഭിക്കുമെന്നും തിരുമേനി പറഞ്ഞു.,

ദേവാലയത്തോടു ചേര്‍ന്ന് ആരംഭിക്കുന്ന ട്രിനിറ്റി ക്യാമ്പസ് (സണ്‍ഡേ സ്‌കൂള്‍) പ്രോജെക്ടിനെ പറ്റി കണ്‍വീനര്‍ ആല്‍വിന്‍ മാത്യു പ്രസ്താവന നടത്തി. തുടര്‍ന്ന് 3.5 മില്യണ്‍ ചിലവു വരുന്ന ട്രിനിറ്റി ക്യാമ്പസ് പ്രോജെക്ടിന്റെ ഫണ്ട് റേസിംഗിന്റെ ഭാഗമായി ഒരു സണ്‍ഡേസ്‌കൂള്‍ റൂം സ്‌പോണ്‍സര്‍ ചെയ്ത മഗേഷ് മാത്യുവിന് വേണ്ടി പിതാവ് മത്തായി ചാക്കോയും മകള്‍ മില്‍ക്ക മാത്യുവും നല്‍കിയ ആദ്യ സംഭാവന തിരുമേനി ഏറ്റു വാങ്ങി ധനസമാഹരണ ഉത്ഘാടനം നടത്തി.

ഇടവകയില്‍ ഈ വര്‍ഷം 70 വയസ്സ് (സപ്തതി) പൂര്‍ത്തിയാക്കിയ എബ്രഹാം തോമസ്, റേച്ചല്‍ എബ്രഹാം എന്നിവരെ പൊന്നാട നല്‍കി ആദരിച്ചു. ഇടവകാംഗങ്ങളില്‍ നിന്നും വാലിഡേക്ടറിയന്‍ ആയ റോണ്‍.കെ.വര്‍ഗീസ്, ഡോക്ടര്‍ ഓഫ് നഴ്‌സിംഗ് ബിരുദം ലഭിച്ച റേച്ചല്‍ ബെഞ്ചമിന്‍ (റീന) എന്നിവര്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു. സണ്‍ഡേ സ്‌കൂള്‍ ഭദ്രാസന മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികള്‍ക്കു സെര്‍ട്ടിഫിക്കറ്റുയകള്‍ നല്‍കി. 70 വയസ്സിലേക്കു പ്രവേശിക്കുന്ന തിരുമേനിയ്ക്ക് ഇടവക ജനങ്ങള്‍ ജന്മദിനാശംസകള്‍ നേര്‍ന്നു.

ഇടവകയുടെ റീ ഡിസൈന്ഡ് വെബ്‌സൈറ്റ്, പുതിയ അക്കൗണ്ടിങ്ങ് സോഫ്റ്റ്വെയര്‍ എന്നിവയെ പറ്റി ഇടവക വൈസ് പ്രസിഡന്റും കണ്‍വീനറുമായ ഷാജന്‍ ജോര്‍ജ്, ട്രസ്റ്റി - ഫിനാന്‍സ് എബ്രഹാം ജോസഫ് (ജോസ്) ട്രസ്റ്റി - അക്കൗണ്ട്‌സ് പുളിന്തിട്ട സി. ജോര്‍ജ് എന്നിവര്‍ പ്രസ്താവന നടത്തി. വെബ്‌സൈറ്റ് തിരുമേനി ഉത്ഘാടനം ചെയ്തു.

ഇടവകയുടെ ഹീലിംഗ് ഹാര്‍ട്‌സ് മിനിസ്ട്രി പ്രസിദ്ധീകരിക്കുന്ന ഇ- ബുക്കിനെ (ഓണ്‍ലൈന്‍ ബുക്ക്) കണ്‍വീനര്‍ ജോജി ജേക്കബ് സദസ്സിനു പരിചയപ്പെടുത്തി. അത്ഭുതകരമായ സൗഖ്യത്തിലേക്കു ദൈവം നയിച്ച അനുഭവങ്ങളെക്കുറിച്ച് നിരവധി ഇടവക അംഗങ്ങളുടെ അനുഭവ സാക്ഷ്യങ്ങളുടെ നേര്‍രേഖയാണ് ഇ- ബുക്ക് (ലയീീസ) എന്ന് പ്രകാശനം നിര്‍വഹിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി പ്രസ്താവിച്ചു.

തുടര്‍ന്ന് അറ്റ്‌ലാന്റ കാര്‍മേല്‍ പ്രോജെക്ടിന്റെ രണ്ടാം ഘട്ടധനസമാഹരണത്തിന്റെ ഭാഗമായി നിരവധി അംഗങ്ങള്‍ സംഭാവനകള്‍ തിരുമേനിയെ ഏല്പിച്ചു.ജോണ്‍ ചാക്കോ (ജോസ്), റെജി ജോര്‍ജ്, തോമസ് ചെറിയാന്‍ എന്നിവര്‍ ഇടവക ചുമതലകാര്‍ക്കൊപ്പം ധനസമാഹരണ സബ് കമ്മിറ്റിക്കു നേതൃത്വം നല്‍കുന്നു.

ഇടവക സെക്രട്ടറി റെജി ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

ചടങ്ങുകള്‍ക്ക് ശേഷം ആദ്യ കുര്‍ബാന സ്വീകര്‍ത്താക്കളുടെ മാതാപിതാക്കള്‍ ഒരുക്കിയ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സ്‌നേഹവിരുന്നിനു ശേഷം ട്രിനിറ്റി സെന്ററിന് സമീപം ഒരുക്കിയ 'ക്രിക്കറ്റ് പ്രാക്റ്റീസ് നെറ്റിന്റെ' ഉത്ഘാടനവും എപ്പിസ്‌കോപ്പ നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

Picture2

Picture3

Picture

Picture

Picture

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code