Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടി.പത്മനാഭൻ കണ്ട ക്രിസ്തു നിത്യതയിലേക്ക് പറന്നു പോയി (ടോണി ചിറ്റിലപ്പിള്ളി)

Picture

വിശുദ്ധനാകാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ജീവിതമുണ്ടായിരുന്നു നമുക്ക് മുന്‍പില്‍.ഭരണങ്ങാനം അസ്സീസി കപ്പൂച്ചിൻ ആശ്രമത്തിലെ ഫാ.ജോർജ് ഉപ്പുപുറം.നിത്യതയെ പറ്റി എപ്പോഴും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന ആ കപ്പൂച്ചിൻ സന്യാസി ഒക്ടോബർ 14 ന് രാവിലെ നിത്യതയിലേക്ക് പറന്നകന്നു.ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് ക്രിസ്തുവിനെ സ്വജീവിതത്തിലൂടെ അനുഭവവേദ്യമാക്കിയും,ഭരണങ്ങാനത്തിന്റെ പുണ്യപെരുമയെ വീണ്ടും സാർത്ഥകമാക്കുന്ന വിധത്തിൽ ജീവിച്ചുകൊണ്ടുമാണ് അദ്ദേഹം വിടവാങ്ങുന്നത്.

ഫാ.ജോർജിനെക്കുറിച്ച് ഒരു ചെറുകഥ പോലും രചിച്ചിട്ടുണ്ട് പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭൻ. ടി.പത്മനാഭന്റെ ഒരു കഥയാണ് "അതു ക്രിസ്തുവായിരുന്നു". ആ കഥ യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. കഥാസാരമിങ്ങനെ: യാത്രക്കിടയിൽ കോട്ടയത്ത് വച്ച് പത്മനാഭനെ ഒരു കപ്പൂച്ചിനച്ചൻ തിരിച്ചറിയുന്നു.പിന്നെ അവർ തമ്മിൽ കൂട്ടുകാരായി സംസാരമായി.ലോകസാഹിത്യവും സാഹിത്യകാരന്മാരും ഒക്കെ ചർച്ചാവിഷയമായി.വായനയുടെയും അറിവിന്റെയും കാര്യത്തിൽ ടി.പത്മനാഭനെ വിസ്മയിപ്പിച്ചു കളഞ്ഞു ഈ സന്യാസി.

സംഘടിത മതത്തിൽ വിശ്വസിക്കുന്നില്ല എന്ന് പത്മനാഭൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൈ പിടിച്ചമർത്തി സ്നേഹാർദ്രമായ സ്വരത്തിൽ ഫാ.ജോർജ് പറഞ്ഞു:"അത് സാരമില്ല.നിങ്ങളുടെ കഥകൾ തന്നെ ഏറ്റവും വിശുദ്ധവും മനോഹരവുമായ പ്രാർത്ഥനകളാണല്ലോ".

ട്രെയിൻ വരാറായപ്പോൾ പത്മനാഭന്റെ പെട്ടിയുമെടുത്ത് അച്ചൻ സ്റ്റേഷനിലേക്കു അദ്ദേഹത്തോടൊപ്പം നടന്നു. പത്മനാഭനെ കഥയുടെ അവസാനവരികൾ ഇങ്ങനെ: "സ്റ്റേഷനെത്താറായപ്പോൾ എനിക്കു തോന്നി "ഞങ്ങളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ട്, ഞങ്ങൾക്കു തൊട്ടുപിറകിലായി,ഞങ്ങളുടെ എല്ലാ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട്; ഒരു സ്നേഹിതനെപ്പോലെ,രക്ഷിതാവിനെപ്പോലെ, ഗുരുനാഥനെപ്പോലെ, വഴികാട്ടിയെപ്പോലെ.അത്,ക്രിസ്തുവായിരുന്നു'.ഈ സംഭവകഥയിലെ കപ്പൂച്ചിൻ സന്യാസി ഫാ.ജോർജ് ഉപ്പുപുറത്തിലൂടെ അന്ന് പത്മനാഭൻ ക്രിസ്തുവിനെ കണ്ടു.

വി.ഫ്രാൻസിസ് അസ്സീസിയെപ്പോലെ തീർത്ഥാടകനായി ലോകത്തിൽ ജീവിച്ച ഈ സന്യാസ സഹോദരൻ,താൻ മരിച്ചു കഴിഞ്ഞാൽ ഏതെങ്കിലും വൃക്ഷത്തിനടിയിൽ സംസ്കരിക്കപ്പെടാൻ ആഗ്രഹിച്ചു .നടന്നുപോകുന്ന വഴിയിലെ പുല്ലിനോ എറുമ്പിനോ പോലും നോവുണ്ടാകരുതെന്ന ബദ്ധശ്രദ്ധയില്‍ നടന്ന താപസനായിരുന്നു ഫാ.ജോർജ്.അനുസരണത്തിലും അച്ചടക്കത്തിലും ആശ്രമവാസികളെയും സഭാധികാരികളെയും എന്തിനു പറയുന്നു പൊതുജനത്തെപ്പോലും വിസ്മയിപ്പിക്കുന്നു അദ്ദേഹം.

പ്രശസ്ത ഗായകൻ ജോളി എബ്രാഹത്തിന്റെ സഹപാഠിയായിരുന്നു.പഠനകാലത്ത്‌ ജോളി എബ്രാഹത്തെപ്പോലും വെല്ലുന്ന സ്വരമാധുരി.എന്നാൽ സന്യാസ ജീവിതത്തിന് വേണ്ടി പാട്ടിന്റെ വഴി വേണ്ടെന്ന് വച്ചു.1985 കളിൽ ജോർജച്ചന്റെ പാട്ടുകുർബാനയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം അസ്സീസി ആശ്രമത്തിൽ വന്നിരുന്നു നിരവധി യുവജനങ്ങൾ.ദൈവസ്നേഹത്തെക്കുറിച്ചുള്ള തീപ്പൊരി പ്രസംഗങ്ങൾ.വ്യക്‌തി ജീവിതമോ പതിമ്മൂന്നാം നൂറ്റാണ്ടിലെ വി.ഫ്രാൻസിസ് അസ്സീസിയെപ്പോലെ.ബസ്സ് യാത്രക്കുള്ള പണം പോലും കയ്യിൽ വയ്ക്കാതെ പാലായിൽ നിന്നും ഭരണങ്ങാനത്തേക്കുള്ള നടന്നുള്ള യാത്രകൾ.ഈ സന്യാസി ആധുനികലോകത്തെ അത്ഭുതപ്പെടുത്തുന്നു

ഒരു ഫോട്ടോ എടുക്കാന്‍ പോലും നിന്നുതരാത്ത ഒരാളായിരുന്നു അദ്ദേഹം.അപൂർവ്വമായി പുസ്തകങ്ങൾ വാങ്ങിക്കാൻ മാത്രം പുറത്തേക്കിറങ്ങും.മണിക്കൂറുകൾ ധ്യാനവും പ്രാർത്ഥനയും വായനയും മാത്രം.ഈ ലോകത്തിലെ ചെറുപ്പക്കാർക്ക് വേണ്ടിയുള്ള തീക്ഷ്ണമായ പ്രാർത്ഥന.കഠിനമായ തപഃശ്ചര്യകൾ ആരോഗ്യത്തെ പതിയെ തകർത്തു.അവസാന നാളുകളിൽ ദൈവമഹത്വത്തെക്കുറിച്ച് മാത്രമായിരുന്നു സംസാരം.വി.അൽഫോൻസാമ്മയെപ്പോലെ അവസാനകാലത്ത് രോഗാതുരനായി,സഹനദാസനായി ജീവിച്ച്‌ ഭരണങ്ങാനത്തെ വീണ്ടും പുണ്യവഴിയിലേക്കു നയിക്കുന്നു ഫാ.ജോർജ്.ഈ പ്രപഞ്ചത്തിലെ ഒരു ചെറു പുൽക്കൊടിയാണ് താനെന്ന് നിരന്തരം സഹസന്യാസിമാരോട് അദ്ദേഹം പറയുമായിരുന്നു.

അദ്ദേഹം വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾക്ക് കണക്കില്ല.സമകാലിക ലോകസാഹിത്യത്തെക്കുറിച്ച് അനർഗളമായി സംസാരിക്കുകയും,വിസ്മയിപ്പിക്കുന്ന നേരം കൊണ്ട് പതിമൂന്നാം നൂറ്റാണ്ടിലെ ഫ്രാൻസിസ് അസ്സീസിയിലേക്ക് നമ്മെ കൊണ്ടുവരികയും ചെയ്യുന്ന പ്രകൃതം.സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശമായിരുന്നു ഈ സന്യാസി.പ്രാദേശികവാസികളായ മുതിർന്നവരും ചെറുപ്പക്കാരും വൈദികരും കന്യാസ്ത്രീകളും അനുഗ്രഹത്തിനും പ്രാർത്ഥനക്കുമായി നിരന്തരം അദ്ദേഹത്തെ സന്ദർശിച്ചു.അവരിൽ പലരും ഫ്രാൻസിസ് പുണ്യവാനെ നേരിൽ കണ്ടത് അച്ചനിലൂടെയാണെന്ന് സാക്ഷ്യപ്പെടുത്തി.

ക്രൈസ്തവികത ജീവിതശൈലിയാണെന്ന് ജോർജച്ചന്റെ ജീവിതം തെളിയിച്ചു.ആത്മസ്ഥൈര്യവും ജ്ഞാനവും സഹാനുഭൂതിയുമെന്ന വിശുദ്ധിയുടെ പാരമ്പര്യഗുണങ്ങൾ അദ്ദേഹത്തിലൂടെ പ്രഘോഷിക്കപ്പെട്ടു. ജീവജാലങ്ങളെയും മനുഷ്യരെയും ഒരു മിസ്റ്റിക് രീതിയില്‍ വീക്ഷിക്കയും അതിൽ എന്നും ആനന്ദിക്കുകയും ചെയ്ത ഈ സന്യാസിയുടെ ഭൗതികദേഹസംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് ഭരണങ്ങാനം അസ്സീസി ആശ്രമത്തിൽ നടക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code