Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏ .ആർ . ആർട്സ് ആനന്ദപ്പള്ളിയുടെ ഏ രാമചന്ദ്രൻ എന്ന അപൂർവ്വതകളുടെ രാജശില്പിയെ സാംബവമഹാസഭ സംസ്ഥാന കമ്മിറ്റി ആദരിച്ചു   - ജോസഫ് ജോൺ കാൽഗറി

Picture

" എന്റെ ഉള്ളിൽ ഒരു വലിയ അഗ്നി ജ്വലിക്കുന്നു, പക്ഷേ ആരും അതിന്റെ ചൂടുപിടിക്കാൻ നിൽക്കുന്നില്ല, വഴിയാത്രക്കാർ ഒരു പുകമഞ്ഞ് മാത്രം കാണുന്നു "

വിൻസന്റ് വാൻഗോഗ്

അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി എന്ന അനൗൺസ്മെന്റ് വരുമ്പോൾ എല്ലാവരും സ്റ്റേജിലേക്ക് ആകാംഷയോട് കർട്ടൺ ഉയരുന്നത് നോക്കിയിരിക്കും . കർട്ടൻ ഉയർന്നു മുകളിൽ ചെല്ലുമ്പോൾ അവിടെ കാണുന്ന വാക്കുകൾ: ' ഏ . ആർ ആർട്സ് ആനന്ദപ്പള്ളി ' . അതെ ആനന്ദപ്പള്ളിയുടെ പേര് പതിറ്റാണ്ടുകൾക്ക് മുൻപ് ആനന്ദപ്പള്ളി ഗ്രാമത്തിന് വെളിയിലേക്ക് അറിയപ്പെട്ടത് ഏ. ആർ ആർട്സ് എന്ന കലാ പ്രസ്ഥാനത്തിൽ കൂടിയായിരുന്നു.

ഏതാണ്ട് എൺപതുകളുടെ തുടക്കം മുതൽ , മധ്യതിരുവിതാകൂറിലെ ഒരുമാതിരി എല്ലാ പ്രദേശങ്ങളിലുമുള്ള സ്‌കൂളുകൾ , കോളേജുകൾ ( പ്രതേകിച്ചു ഇന്നത്തെ സ്വാശ്രയ കോളേജുകൾ വരുന്നതിനു മുൻപുള്ള പാരലൽ കോളേജുകൾ), പള്ളികൾ, അമ്പലങ്ങൾ, നാട്ടിൻപുറത്തെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ എന്നിവടങ്ങളിൽ നടത്തിവരാറുള്ള എല്ലാ കലാമേളകൾക്കും "ആനന്ദപ്പള്ളി എ ആർ ആർട്സിന്റെ" , രംഗപടവും-ചമയവും (Curtain and makeup ) ഒരു അഭിഭാജ്യ ഘടകമായിരുന്നു . ആ കലാപ്രസ്ഥാനത്തിൻറെ അമരക്കാരനാകട്ടെ രാമചന്ദ്രൻ എന്ന കലാകാരനും . വിൻസന്റ് വാൻഗോഗിനെ പോലെ ഉള്ളിൽ കലയുടെ അഗ്നി പേറികൊണ്ടുനടന്ന ഒരു വ്യക്തിയായിരുന്നു ശ്രീ ഏ . രാമചന്ദ്രൻ.

തൻറെ ചെറുപ്രായത്തിൽ പിതാവിൻറെ തോളിലിരുന്നു ക്ഷേത്ര ഉത്സവങ്ങൾക്ക് പങ്കെടുക്കുമ്പോൾ മുതൽ തുടങ്ങിയതാണ് അദ്ദേഹത്തിൽ കലയുടെ ആവേശം . വളരുന്തോറും ആവേശത്തിന്റെ അഗ്നി കൂടുതൽ ജ്വലിക്കാൻ തുടങ്ങി . വീട്ടിലുള്ളവർക്ക് ഈ അഗ്നി കാണാൻ സാധിച്ചില്ല . അതു കൊണ്ട് വീട്ടിലുള്ളവർ തന്റെ കലയോടുള്ള ആവേശത്തിന് എതിരായിരുന്നു .

പക്ഷേ ഒരെതിർപ്പിനും അദ്ദേഹത്തിന്റെ മനസ്സിൽ പതിച്ച കലയുടെ തീജ്വാല കെടുത്തിക്കളയുവാൻ കഴിയു മായിരുന്നില്ല . അങ്ങനെ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആനന്ദപ്പള്ളി എന്ന ചെറിയ ഗ്രാമത്തിൽ 50 വർഷം മുൻപ് ആരംഭിച്ച പ്രസ്ഥാനമാണ് ഏ ആർ 'ആർട്സ് ആനന്ദപ്പള്ളി എന്ന കലാസ്ഥാപനം

ആയിരക്കണക്കിന് യുവാക്കൾ മെയ്ക്കപ്പിന്റെ ബാലപാഠങ്ങൾ മുതൽ എല്ലാപഠിച്ച് ഇന്ന് പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്നു . അൻപതോളം കലാകാരൻമാർ ഈ പ്രസ്ഥാനത്തിൽ ഇന്നു ജോലിചെയ്യുന്നുണ്ട് . ഒരുപ്രദേശത്തു പരിശീലനം ലഭിച്ച ഏറ്റവും കൂടുതൽ ചമയക്കാർ ഉള്ള സ്ഥലം ഒരുപക്ഷേ ആനന്ദപ്പള്ളിയും പരിസര പ്രദേശവും ആയിരിക്കും. ശരിക്കും ഒരുകണക്കെടുപ്പു നടത്തിയാൽ അത് ഒരു ലോക റെക്കോർഡ് ആയിരിക്കും. അതിന് കാരണം രാമചന്ദ്രൻ സാറും,എ.ആർ ആർട്സും മാത്രമാണ് !

കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു വ്യക്തിയാണ് രാമചന്ദ്രൻ സാർ . ഏകദേശം 50 വർഷം മുൻപ് കർട്ടൻ സാമഗ്രഹികൾ വാടകയ്ക്ക് കൊടുക്കുന്നതിനും , മേയ്ക്കപ്പിനും ആരും ഇല്ലാതിരുന്ന കാലത്ത് അമ്പലങ്ങളിൽ ഉത്സവങ്ങൾക്കും , പള്ളി പെരുന്നാളുകൾക്കും ഘോഷയാത്രകൾക്കും , സ്കൂൾ കലോത്സവങ്ങൾക്കും ഓടിനടന്ന് ഒരുക്കങ്ങൾ നടത്തിയ വ്യക്തിയായിരുന്നു ഇദ്ദേഹം .

മേയ്ക്കപ്പ്മാൻ എന്ന നിലയിൽ പ്രശസ്തനായി കഴിഞ്ഞശേഷം ജീവിക്കാൻ ഒരു സ്ഥിരവരുമാനം വേണമെന്ന തന്റെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി കൊല്ലം ജില്ലയിലെ കാപ്പിൽ ഗവ. ഹൈസ്ക്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിച്ചു . 1981 മുതൽ 2002 വരെ 21 വർഷം ഈ സ്കൂളിൽ ജോലി ചെയ്തു . ആയിരക്കണക്കിന് ശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ട് .

ആനന്ദപ്പള്ളി എന്ന ഗ്രാമത്തെ കലാകാരന്മാരുടെഗ്രാമം എന്ന മാറ്റിയെടുക്കുന്നതിന് രാമചന്ദ്രൻ സാറിനും അദ്ദേഹത്തിൻറെ സഹപ്രവർത്തകർക്കും സാധിച്ചു . ആയിരക്കണക്കിന് വിദ്യാർത്ഥി - വിദ്യാർഥിനികൾക്കും അഭിനേതാക്കൾക്കും മുഖത്ത് മേക്കപ്പിട്ട് അണിയിക്കാനും, വസ്ത്രാലങ്കാരം നടത്താനും ഇവർക്ക് ഭാഗ്യം ഉണ്ടായി . ഇന്നത്തെ ബഹു. കേരള ആരോഗ്യമന്ത്രിയായിരിക്കുന്ന ശ്രീമതി വീണ ജോർജിന്റെ മുഖത്തും സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് മേക്കപ്പ് ഇടുവാനുള്ള ഭാഗ്യം രാമചന്ദ്രൻ സാറിനു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറയാറുണ്ട് .

കലാപ്രവർത്തനത്തോടൊപ്പം നാണയ ശേഖരണത്തിനും സ്റ്റാമ്പ് ശേഖരണത്തിനും രാമചന്ദ്രൻ സാർ സമയം കണ്ടെത്തുന്നു . ഇതുമായി ബന്ധപ്പെട്ട് അനേക എക്സിബിഷനും പല സ്ഥലത്ത് നടത്തിയിട്ടുണ്ട് . അപൂർവ്വമായ ചില സ്റ്റാമ്പുകൾ കൂടി ലഭിച്ചാൽ ഗിന്നസ് ബുക്കിലും സാറിന് ഇടം ലഭിക്കും . കോവിഡ് മൂലം തന്റെ കലാ പ്രസ്ഥാനം ഒന്നര വർഷമായി അടഞ്ഞുകിടക്കുന്നതിനാൽ താനും സഹപ്രവർത്തകരും വലിയ സാമ്പത്തിക ഞെരുക്കത്തിലാണ് . അലങ്കാര വസ്ത്രങ്ങൾ ഏറെയും നശിച്ചു .

ലോകത്തിലെ ആദ്യത്തേതെന്ന് കാട്ടിതരുവാൻ നൂറുകണക്കിന് വസ്തുക്കൾ അദ്ദേഹം ശേഖരിച്ചു വച്ചിട്ടുണ്ട് . ആനന്ദപ്പള്ളി കർഷക സമിതിയുടെ സ്ഥാപക അംഗമായ സാർ 23 കൊല്ലം മരമടി മഹോത്സവത്തിന്റെ മത്സര കൺവീനറായിരുന്നു .

ഇപ്പോൾ സാംബവ മഹാസഭയുടെ സംസ്ഥാന രജിസ്ട്രാർ ആയി പ്രവർത്തിക്കുന്ന രാമചന്ദ്രൻ സാർ പന്നിവിഴ സന്തോഷ് വായനശലയുടെ പ്രവർത്തനങ്ങളിലും , ആനന്ദപ്പള്ളി റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തനങ്ങളിലും സജീവമാണ് .

അൻപതു വര്ഷം കാലാരംഗത്തു പൂർത്തിയാക്കുന്ന എ. രാമചന്ദ്രൻ സാറിനെ സാംബവമഹാസഭ സംസ്ഥാന കമ്മിറ്റി ആദരിച്ചു. ആനന്ദപ്പള്ളിക്കാരുടെ ആദരവ് നൽകാനായിട്ടുള്ള വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.

വരുംതലമുറ നാടിന്റെ കാർഷീക പാരമ്പര്യം മറക്കാതിരിപ്പാൻ ആനന്ദപ്പള്ളി കേന്ദ്രമാക്കി കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത കാർഷീക ഉപകരണങ്ങളും , വിത്തുകളും , കൃഷി രീതികളും ഉൾക്കൊള്ളിച്ച് ഒരു കാർഷിക മ്യൂസിയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായി വിശ്രമമില്ലാതെ പരിശ്രമിക്കുന്നു ..... പ്രകൃതിയെ ദൈവമായി കണ്ട് ആരാധിക്കുന്ന സാറിന്റെ ആഗ്രഹം സഫലമാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം ...

വാർത്ത അയച്ചത് ജോസഫ് ജോൺ കാൽഗറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code